•  5 Dec 2024
  •  ദീപം 57
  •  നാളം 39
ഉണ്ണീരിയമ്മ പറഞ്ഞ കഥ

ജയ് ജവാന്‍ ജയ് കിസാന്‍

ല്ലാ ദിവസവും രാവിലെയും വൈകിട്ടും ഗംഗാനദിക്കു കുറുകെ നീന്തുന്ന ഒരു ബാലനുണ്ടായിരുന്നു. ശൈത്യകാലത്ത് ഗംഗാനദിയിലെ ജലത്തിന് ശരീരം കോച്ചിപ്പോകുന്ന  തണുപ്പാണ്. ആ തണുപ്പിനെ അവഗണിച്ച് ആ ബാലന്‍ ഗംഗാനദിയുടെ ഓളങ്ങളെ വകഞ്ഞു മാറ്റി മറുകരയിലെത്തി. ആളുകളെ മറുകരയില്‍ എത്തിച്ചിരുന്ന കടത്തുകാര്‍ അദ്ഭുതത്തോടെ ആ ബാലനെ നോക്കി.
ഒരിക്കല്‍ അവര്‍ അവനോടു ചോദിച്ചു:
''നീ എവിടേക്കാണു പോകുന്നത്?''
''ഞാന്‍ സ്‌കൂളിലേക്കു പോകുന്നു.'' അവന്‍ മറുപടി പറഞ്ഞു. കടത്തുകാര്‍ക്ക് അദ്ഭുതമായി. അവര്‍ വീണ്ടും അവനോടു ചോദിച്ചു:
''ഇത്രയേറെ വള്ളങ്ങളും കടത്തുകാരും ഉള്ളപ്പോള്‍ നീ എന്തിനാണ് നദി നീന്തിക്കടന്നു പോകുന്നത്?''
''ഞാന്‍ ഒരു ദരിദ്രകുടുംബത്തില്‍നിന്നുമാണ് വരുന്നത്. വള്ളത്തില്‍ കയറണമെങ്കില്‍ കടത്തുകാര്‍ക്കു പണം കൊടുക്കണമല്ലോ. അതിനുള്ള വരുമാനം എന്റെ മാതാപിതാക്കള്‍ക്കില്ല. അതുകൊണ്ടാണ് ഞാന്‍ ദിവസവും നദി നീന്തിക്കടക്കുന്നത്.''
അവന്‍ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
''ആ ബാലന്‍ ആരാണെന്നറിയാമോ?'' തന്റെ അടുത്തിരിക്കുന്ന മൂവര്‍ സംഘത്തോട് ഉണ്ണീരിയമ്മ ചോദിച്ചു.
മൂന്നു പേരും പരസ്പരം ഉത്തരം അറിയാതെ നോക്കി ഇരിക്കവേ ഉണ്ണീരിയമ്മതന്നെ ഉത്തരവും പറഞ്ഞു:
''അതു മറ്റാരുമല്ല, ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു മുദ്രാവാക്യവുമുണ്ട്. അതു നിങ്ങള്‍ക്കറിയാമോ?''
 'ജയ് ജവാന്‍ ജയ് കിസാന്‍.' കുഞ്ഞുണ്ണിയാണ് ഉത്തരം പറഞ്ഞത്.
ഉണ്ണീരിയമ്മ തുടര്‍ന്നു:
''ബാല്യത്തില്‍ താനനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടുകളുമാണ് പ്രധാനമന്ത്രിയായിട്ടും ലളിതമായ ജീവിതം നയിക്കുവാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു കരുത്തുനല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുമ്പോഴും അതിന്റെ പ്രൗഢികള്‍  ഒന്നുമില്ലാതെ ഒരു സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു.
''വീട്ടിലേക്ക് ഒരു കാര്‍ വാങ്ങിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു പ്രധാനമന്ത്രിക്ക് ഔദ്യോഗികവാഹനങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍, തന്റെ കുടുംബത്തിന്റെ ആവശ്യത്തിന് രാജ്യത്തിന്റെ പൊതുമുതല്‍ ഉപയോഗിക്കുന്നതിനോട് അദ്ദേഹത്തിനു താത്പര്യമില്ലായിരുന്നു. ഒരു ഫോണ്‍വിളിയില്‍ ഏറ്റവും മികച്ച കാറുകള്‍ വീട്ടുമുറ്റത്ത് എത്തിക്കുവാന്‍ കാര്‍മുതലാളിമാര്‍ തയ്യാറായിരുന്നു. പക്ഷേ, അതിനും അദ്ദേഹം തയ്യാറായില്ല.  അത്തരം സമ്മാനങ്ങള്‍ വിധേയത്വമുണ്ടാക്കുമെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. എന്നാല്‍, മുഴുവന്‍ തുകയും കൊടുത്ത് ഒരു കാര്‍ വാങ്ങാന്‍ അദ്ദേഹത്തിന്റെ കൈയില്‍ പണം ഉണ്ടായിരുന്നില്ല. അങ്ങനെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് അദ്ദേഹം ലോണ്‍ എടുത്തു. എന്നാല്‍, ലോണ്‍ അടച്ചു തീരുംമുമ്പേ അദ്ദേഹം മരണമടഞ്ഞു. തന്റെ പെന്‍ഷന്‍തുകയില്‍നിന്ന് ഒരു വിഹിതം അടച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് പിന്നീട് ആ ലോണ്‍ വീട്ടിയത്. അധികാരം തലയ്ക്കു പിടിക്കാത്ത ഒരു ഭരണാധികാരിയായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി. ദുരിതം നിറഞ്ഞ ബാല്യമാണ് ലളിതമായ ജീവിതം നയിക്കാന്‍ അദ്ദേഹത്തിനു ശക്തിപകര്‍ന്നത്.
അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് വലിയ വരള്‍ച്ചയും പട്ടിണിയും ഉണ്ടായി. ഇതിനെ മറികടക്കാന്‍ എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്നും ഓരോ വീട്ടിലും കാര്‍ഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാത്രമല്ല,  അദ്ദേഹം തന്റെ വീടിനു ചുറ്റുമുള്ള സ്ഥലത്തു കൃഷിചെയ്യാന്‍ തുടങ്ങി. ആദര്‍ശം പറയാന്‍ മാത്രമുള്ളതല്ല പ്രവൃത്തിയില്‍ വരുത്താന്‍ കൂടിയുള്ളതാണെന്ന് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു.
 ആ കൊടുംക്ഷാമം നല്‍കിയ പാഠത്തില്‍നിന്നാണ് ആ മുദ്രാവാക്യം അദ്ദേഹം മുഴക്കിയത്.
 ''ഏതാണ് ആ മുദ്രാവാക്യം?'' ഉണ്ണീരിയമ്മ ചോദിച്ചു:
 ''ജയ് ജവാന്‍ ജയ് കിസാന്‍'' മൂവരും ഒരുമിച്ച് ഉത്തരം പറഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)