മഞ്ഞുപെയ്യുന്ന ഡിസംബര്‍മാസത്തെ തണുപ്പുള്ള പ്രഭാതം. വീടുകള്‍ക്കുമുന്നില്‍ നക്ഷത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്. ക്രിസ്മസ് അവധിയാണ്. ക്രിസ്മസ് കഥ കേള്‍ക്കാന്‍ മൂവര്‍സംഘം ഉണ്ണീരിയമ്മയ്ക്കു ചുറ്റും കൂടി.
''ഇന്ന് ഏതു കഥയാണു പറയ്ക?''
ഉണ്ണീരിയമ്മ ആലോചിച്ചു.
''ഉണ്ണീശോയുടെ കഥതന്നെയാവട്ടെ ഉണ്ണിയമ്മേ'' - കുഞ്ഞുണ്ണിയാണു പറഞ്ഞത്.
ഉണ്ണീരിയമ്മ കഥ പറഞ്ഞുതുടങ്ങി.
മരം കോച്ചുന്ന തണുപ്പില്‍ കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍ ഉറങ്ങുന്ന ഉണ്ണിയെ കാണാന്‍ രാജാക്കന്മാര്‍ സമ്മാനങ്ങളുമായി എത്തി. കൊട്ടാരത്തിന്റെ പ്രൗഢിയില്‍നിന്നു കാലിത്തൊഴുത്തിന്റെ ലാളിത്യത്തിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു. എന്നാല്‍, ഉണ്ണീശോയുടെ ജനനത്തില്‍ തീരെ അസ്വസ്ഥനായ ഒരാള്‍ ഉണ്ടായിരുന്നു - ഹെറോദേസ് രാജാവ്. ഒരു കുഞ്ഞ് ഭൂമിയില്‍ പിറവിയെടുക്കുമെന്നും ആ കുഞ്ഞ് മറ്റൊരു സാമ്രാജ്യം തീര്‍ക്കുമെന്നും ഹെറോദേസിന്റെ രാജസദസ്സിലെ പുരോഹിതന്മാര്‍ പ്രവചിച്ചിരുന്നു. അധികാരമോഹം ഹെറോദേസിന്റെ ഉറക്കം കെടുത്തി. എല്ലാ നവജാതശിശുക്കളെയും കൊന്നുകളയാന്‍ ഹെറോദേസ് ഉത്തരവിട്ടു.
പടയാളികള്‍ രാജ്യത്തെ ഓരോ വീടും കയറിയിറങ്ങി കുഞ്ഞുങ്ങളെ നിര്‍ദയം വധിച്ചു. അവര്‍ കാലിത്തൊഴുത്തിലും എത്തുമെന്ന് ജോസഫിന് അറിയാമായിരുന്നു. ഉണ്ണീശോയോടും മാതാവിനോടുമൊപ്പം ആ പിതാവ് ഈജിപ്തിലേക്കു പലായനം ചെയ്യാന്‍ തീരുമാനിച്ചു. പ്രസവാനന്തരം അവശയായ ആ മാതാവിനെയും കുഞ്ഞിനെയും കൊണ്ട് മലകളും താഴ്‌വാരങ്ങളും താണ്ടി ജോസഫ് യാത്ര തുടര്‍ന്നു. പടയാളികളുടെ കുതിരക്കുളമ്പടിശബ്ദം അവരെ പിന്തുടര്‍ന്നു.
''ഇനി ഒരടി നടക്കാന്‍ വയ്യ.''
മാതാവ് തളര്‍ന്നു. ജോസഫ് ചുറ്റുപാടും നോക്കി. അപ്പോഴാണ് ഒരു ഗുഹ കണ്ടത്. ഇന്നു രാത്രി അവിടെ തങ്ങാം എന്നു കരുതി അവര്‍ ഗുഹയ്ക്കുള്ളില്‍ കടന്നു.
ഗുഹാമുഖത്തിന്റെ നല്ലൊരു ഭാഗം മറച്ചുകൊണ്ട് ഒരു ചിലന്തിവല അവിടെയുണ്ടായിരുന്നു. ഒരു ചിലന്തി ആഹാരത്തിനായി വിശന്നു കാത്തുകിടക്കുകയാണ്.
ചിലന്തിവല നശിപ്പിക്കാന്‍ ജോസഫിനു തോന്നിയില്ല. ചിലന്തിവലയ്ക്കു കേടുണ്ടാക്കാതെ ശ്രദ്ധാപൂര്‍വം അവര്‍ ഗുഹയിലേക്കു കയറി.
തൊട്ടുപിന്നാലെ പടയാളികള്‍ അവിടെ എത്തി.
''ഗുഹയ്ക്കകത്തു കയറി നോക്കാം.''
ഒരു പടയാളി പറഞ്ഞു.
''അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കണ്ടില്ലേ ഒരു ചിലന്തിവല. ആരെങ്കിലും ഇതിലേക്കു കയറിയിട്ടുണ്ടെങ്കില്‍ ആ വലക്കണ്ണികള്‍ ഉറപ്പായും പൊട്ടിയേനെ.'' മറ്റൊരു പടയാളി പറഞ്ഞു.
''എങ്കില്‍ സമയം കളയേണ്ട, നമുക്കു പോകാം.''
അവര്‍ തിരികെപ്പോയി.
''നോക്കൂ, ഒരു ചിലന്തിയോടു തോന്നിയ ദയയാണ് ആ കുടുംബത്തെ രക്ഷിച്ചത്.''
''മനുഷ്യനെ മാത്രമല്ല സര്‍വ ജീവജാലങ്ങളെയും സ്വീകരിക്കാനും കരുതാനും ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. കാലിത്തൊഴുത്തിന്റെ ലാളിത്യത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ജീവിതം സാര്‍ത്ഥകമാകുന്നത്. ഒരു ചെറുജീവിയെപ്പോലും കരുതി ജീവിക്കുമ്പോഴാണ് ജീവിതം അനുഗൃഹീതമാവുന്നത്''
ഉണ്ണീരിയമ്മ പറഞ്ഞു.
''നല്ല ഉഗ്രന്‍ ക്രിസ്മസ് കഥ.'' ജോണിക്കുട്ടി പറഞ്ഞു.
കുഞ്ഞുണ്ണിയും അമ്മാളുവും ജോണിക്കുട്ടി പറഞ്ഞതു ശരിവച്ചു.
''അതേ, ഒന്നാന്തരം ക്രിസ്മസ്‌കഥ.''