''ഒരു കഥ പറയാമോ ഉണ്ണീരിയമ്മേ?''
അമ്മാളു കുണുങ്ങിക്കുണുങ്ങി വന്ന് ഉണ്ണീരിയമ്മയോടു ചോദിച്ചു.
''എവിടെ നിന്റെ കൂട്ടുകാര്‍?''
''അവരെല്ലാം കളിക്കാന്‍ പോയിരിക്കുകയാണ്. വെയിലായതുകൊണ്ട് അമ്മ എന്നെ വിട്ടില്ല.''
''ആഹാ... എന്തു കഥയാണ് അമ്മാളുവിനു വേണ്ടത്.''
''നല്ല രസികന്‍ കഥ, ഒരുപാട് ചിരിക്കാനുള്ള കഥ.''
''എങ്കില്‍ ക്രൂഷ്‌ചേവിന്റെ കഥ പറയാം. ആരാണ് ക്രൂഷ്‌ചേവ് എന്ന് അമ്മാളുവിന് അറിയാമോ?''
അമ്മാളു ആദ്യമായി കേള്‍ക്കുന്ന പേരായിരുന്നു അത്.
''സോവിയറ്റ് യൂണിയന്റെ പഴയ ഒരു ഭരണാധികാരിയാണ് ക്രൂഷ്‌ചേവ്, എങ്കില്‍ കഥ തുടങ്ങട്ടെ.''
അമ്മാളൂ തലയാട്ടി.
ഒരിക്കല്‍ മോസ്‌കോ നഗരത്തിലൂടെ തന്റെ സുഹൃത്തിനോടൊപ്പം ക്രൂഷ്‌ചേവ് നടക്കാനിറങ്ങി. ഭരണാധികാരിയുടെ പ്രൗഢിയൊന്നുമില്ലാതെ ഒരു സാധാരണക്കാരനെപ്പോലെയാണു നടത്തം. അതുകൊണ്ടുതന്നെ ക്രൂഷ്‌ചേവിനെ ആരും തിരിച്ചറിഞ്ഞില്ല. പൗരന്മാരുടെ അഭിപ്രായങ്ങളും വിശേഷങ്ങളും അറിയാനും തന്നെപ്പറ്റിയുള്ള പൗരന്മാരുടെ മതിപ്പ് കൂട്ടുകാരനെ അറിയിക്കാനുമുള്ള ഉദ്ദേശ്യം നടത്തത്തിനുണ്ടായിരുന്നു.
താന്‍ നടത്തിയ ഭരണപരിഷ്‌കാരങ്ങളെപ്പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ക്രൂഷ്‌ചേവ് അപ്പോഴാണ് ഒരു കാഴ്ച കണ്ടത്.
സോവിയറ്റ് യൂണിയന്‍ നേതാക്കന്മാരുടെ ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു കട. കടയുടെ മുന്‍വശത്ത് തന്റെ ചിത്രങ്ങള്‍ നിരത്തി വച്ചിരിക്കുന്നു. ക്രൂഷ്‌ചേവിനു വലിയ സന്തോഷമായി.
''എന്റെ നാട്ടുകാര്‍ക്ക് എന്നോട് വലിയ സ്‌നേഹവും ബഹുമാനവുമാണ്. നോക്കൂ, എന്റെ ചിത്രങ്ങള്‍പോലും വിറ്റു ജീവിക്കുന്നവരുണ്ട്.'' ക്രൂഷ്‌ചേവ് അഭിമാനത്തോടെ പറഞ്ഞു.
''വരൂ, നമുക്ക് അവിടം വരെ പോകാം.''
രണ്ടു സുഹൃത്തുക്കളുംകൂടി ചിത്രം വില്‍ക്കുന്ന കടയിലേക്കു കയറിച്ചെന്നു. കച്ചവടക്കാരന്‍ രണ്ടുപേരെയും ഹാര്‍ദവമായി സ്വാഗതം ചെയ്തു. തന്റെ മുന്നില്‍ നില്‍ക്കുന്നത് സോവിയറ്റ് യൂണിയന്റെ പ്രഥമപൗരന്‍ ആണെന്നു പാവം കച്ചവടക്കാരന്‍ തിരിച്ചറിഞ്ഞില്ല.
''ഇത് ക്രൂഷ്‌ചേവിന്റെ ചിത്രങ്ങളല്ലേ? ഇപ്പോള്‍ ഇദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ട്, അല്ലേ?'' ക്രൂഷ്‌ചേവ് കച്ചവടക്കാരനോടു ചോദിച്ചു.
കച്ചവടക്കാരന്‍ സൗമ്യമായി ചിരിച്ചു. സുഹൃത്തിന്റെ മുന്നില്‍ ഒന്നുകൂടി ഞെളിഞ്ഞുനിന്നുകൊണ്ട് ക്രൂഷ്‌ചേവ് വീണ്ടും പറഞ്ഞു:
''രാജ്യത്തലവന്റെ ചിത്രം വിറ്റുതന്നെ എത്ര പേരാണ് രാജ്യത്ത് ജീവിക്കുന്നത്. ഈ ക്രൂഷ്‌ചേവ് ഒരു ജനകീയന്‍തന്നെ.''
കച്ചവടക്കാരന്‍ വീണ്ടും പുഞ്ചിരിച്ചു.
കച്ചവടക്കാരന്റെ ചിരിയില്‍ സംതൃപ്തനാകാതെ ക്രൂഷ്‌ചേവ് വീണ്ടും ചോദിച്ചു:
''മറ്റു നേതാക്കളുടെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവായിരിക്കും അല്ലേ?''
കച്ചവടക്കാരന്‍ അവരുടെ അടുത്തേക്കു വന്ന് രഹസ്യമായി പറഞ്ഞു:
''സാര്‍, അതുകൊണ്ടല്ല. ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ ചൂടപ്പംപോലെ വിറ്റുപോകും. ക്രൂഷ്‌ചേവ് ചിത്രങ്ങള്‍ മാത്രമാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. അങ്ങയുടെ സംസാരം കേട്ടിട്ട് ക്രൂഷ്‌ചേവ് ആരാധകനാണെന്നു തോന്നുന്നു. ഒരു ചിത്രം എടുക്കൂ സാര്‍. ഒരെണ്ണമെങ്കിലും വിറ്റുപോവട്ടെ.''
കച്ചവടക്കാരന്റെ വാക്കുകള്‍ കേട്ട് ക്രൂഷ്‌ചേവ് അവിടെനിന്നു സ്ഥലംവിട്ടു. നടത്തം തീരുന്നതുവരെ സുഹൃത്തിന്റെ മുഖത്തേക്കു ക്രൂഷ്‌ചേവ് നോക്കിയില്ല.
''എങ്ങനെയുണ്ട് കഥ?''
ഉണ്ണീരിയമ്മ ചോദിക്കുമ്പോള്‍ തലകുമ്പിട്ടു ചിരിക്കുകയായിരുന്നു അമ്മാളു.