•  21 Nov 2024
  •  ദീപം 57
  •  നാളം 37
ഉണ്ണീരിയമ്മ പറഞ്ഞ കഥ

ഒരു ഡയറിയുടെ കഥ

കൈയില്‍ ഒരു ബുക്കുമായി അമ്മാളു അകലെനിന്നു നടന്നുവരുന്നത് ഉണ്ണീരിയമ്മ വരാന്തയില്‍ ഇരിക്കുമ്പോള്‍ കണ്ടു. അടുത്തെത്തിയപ്പോഴാണ് അതൊരു ഡയറിയാണെന്നു മനസ്സിലായത്.
''ഉണ്ണിയമ്മേ, എനിക്ക് അങ്കിള്‍ തന്ന ഡയറിയാണിത്.  ഇന്നുമുതല്‍ ഞാന്‍ ഡയറി എഴുതാന്‍ തുടങ്ങും. ഡയറിയില്‍ എന്തൊക്കെയാ എഴുതുക?''
''ഡയറിയില്‍ നിനക്ക് എന്തുമെഴുതാം. നിന്റെ ചിന്തകളും അനുഭവങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും...അങ്ങനെ എന്തും. ആന്‍ ഫ്രാങ്കിനെപ്പോലെ.''
 അമ്മാളുവിന്റെ ചോദ്യത്തിന് ഉണ്ണീരിയമ്മ ഉത്തരം പറഞ്ഞു തീരുംമുമ്പേ അവള്‍ രണ്ടാമത്തെ ചോദ്യം ചോദിച്ചു:
''ആന്‍ ഫ്രാങ്കോ, അതാരാണ്?''
''എങ്കില്‍ ഇന്ന് ആന്‍ ഫ്രാങ്കിന്റെ കഥയാവട്ടെ.''
ഉണ്ണീരിയമ്മ പറഞ്ഞുതുടങ്ങി...
ഒന്നാം ലോകമഹായുദ്ധത്തിലെ തോല്‍വി ജര്‍മനി എന്ന രാജ്യത്തിനു വലിയ നാണക്കേടുണ്ടാക്കി. തങ്ങളുടെ തോല്‍വിക്കു കാരണം ജൂതമതത്തില്‍പ്പെട്ട ആളുകളാണെന്നും അവര്‍ രാജ്യത്തു ജീവിക്കാന്‍ അര്‍ഹരല്ലെ ന്നും തീവ്രദേശീയവാദികള്‍ പറഞ്ഞുപരത്തി. ഈ ജൂതവിരോധം അതിന്റെ ഏറ്റവും പാരമ്യത്തില്‍ എത്തിയത് ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ചാന്‍സലര്‍ ആയപ്പോഴാണ്. ജൂതര്‍ക്കു പ്രവേശനമില്ല എന്ന ബോര്‍ഡുകള്‍ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും മുന്‍വശത്തു പ്രത്യക്ഷപ്പെട്ടു. കൊടിയ പീഡനങ്ങള്‍ നേരിടേണ്ടിവന്നപ്പോള്‍ ജൂതര്‍ ജര്‍മനിയില്‍നിന്നു പലായനം ചെയ്യാന്‍ തുടങ്ങി. അങ്ങനെ ജര്‍മനിയില്‍നിന്നു പലായനം ചെയ്ത ആയിരക്കണക്കിനു കുടുംബങ്ങളില്‍ ഒന്നായിരുന്നു ആന്‍ ഫ്രാങ്കിന്റേത്. അവളുടെ പിതാവ് ഓട്ടോ ഫ്രാങ്കിന്റെ സ്ഥാപനം നഷ്ടത്തിലായതും ഈ പലായനത്തിനു കാരണമായി. നെതര്‍ലാന്‍ഡ്‌സില്‍ എത്തിയ ആന്‍ ഫ്രാങ്കും കുടുംബവും അവിടെ സമാധാനപരമായ ജീവിതമാണു നയിച്ചത്. അന്ന് അവള്‍ക്ക് അഞ്ചു വയസ്സാണ്. അവളുടെ പിതാവ് ഒരു ജാം നിര്‍മാണക്കമ്പനി തുടങ്ങി. ജീവിതം അങ്ങനെ വലിയ പതനത്തില്‍നിന്നു കരകയറിത്തുടങ്ങി. പക്ഷേ, ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ഹിറ്റ്‌ലറുടെ സൈന്യം നെതര്‍ലാന്‍ഡ്‌സിലും എത്തി. ആയിരക്കണക്കിനു ജൂതരെ പിടിച്ചുകൊണ്ടുപോയി.
അങ്ങനെ പതിമ്മൂന്നാമത്തെ വയസ്സില്‍ ആന്‍ ഫ്രാങ്ക് തന്റെ കുടുംബത്തോടൊപ്പം ഒളിസങ്കേതത്തില്‍ താമസമാക്കി. ഓട്ടോ ഫ്രാങ്കിന്റെ കമ്പനിയോടു ചേര്‍ന്ന ഒരു രഹസ്യ അറയിലായിരുന്നു ആന്‍ ഫ്രാങ്കിന്റെ കുടുംബത്തിലെ നാലുപേരടക്കം എട്ടു ജൂതവംശജര്‍ ഒളിവില്‍ പാര്‍ത്തത്. സീക്രട്ട് അനക്‌സ് എന്നായിരുന്നു അവള്‍ അതിനു പേരിട്ടത്. ആ ഇടുങ്ങിയ മുറിയില്‍ ഉച്ചത്തില്‍ വര്‍ത്തമാനം പറയാനോ ഒന്നു ചുമയ്ക്കാനോപോലും കഴിയാതെ രണ്ടു വര്‍ഷമാണ്  കഴിയേണ്ടിവന്നത്. വിരസമായ ആ ജീവിതത്തെ ആന്‍ ഫ്രാങ്ക് മറികടന്നത് ഡയറി എഴുതിക്കൊണ്ടാണ്. തന്റെ പതിമ്മൂന്നാമത്തെ പിറന്നാളിനു പിതാവു നല്‍കിയ സമ്മാനമായിരുന്നു ആ ഡയറി. ആ ഡയറി അവളുടെ ആത്മസുഹൃത്തായി മാറി. സ്‌നേഹപൂര്‍വം അവള്‍ ഡയറിക്ക് കിറ്റി എന്നു പേരിട്ടു. അവളുടെ ജീവിതവും പ്രതീക്ഷയും സ്വപ്നങ്ങളും ആ ഡയറിയില്‍ കുറിച്ചിട്ടു. ഹിറ്റ്‌ലറുടെ നാസിപ്പടയില്‍നിന്ന് ഒരു സമൂഹം ഏറ്റുവാങ്ങിയ ക്രൂരതകള്‍ ലോകം വൈകാരികമായി മനസ്സിലാക്കുന്നത് ആ ഡയറിക്കുറിപ്പുകളിലൂടെയാണ്. ദശലക്ഷക്കണക്കിനു ജൂതരെയാണു കൊന്നൊടുക്കിയത്. പട്ടിണി കിടന്നും മഹാരോഗങ്ങള്‍ ബാധിച്ചും ഗ്യാസ് ചേമ്പറില്‍ വിഷവായു ശ്വസിച്ചും പതിനായിരങ്ങള്‍ മരിച്ചുവീണു. കുഞ്ഞുങ്ങളെ അതിക്രൂരമായി വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള ഇരയാക്കി മാറ്റി. കുട്ടികളില്‍ ശസ്ത്രക്രിയാപരീക്ഷണങ്ങള്‍ പലതവണ നടത്തി. പരീക്ഷണശാലകളില്‍ കുഞ്ഞുങ്ങള്‍ നിര്‍ദയം കൊല്ലപ്പെട്ടു.
ജൂതവംശജര്‍ അനുഭവിച്ച കൊടുംപീഡനങ്ങള്‍ ഒരു കൗമാരക്കാരിയുടെ വികാരവിചാരങ്ങളാല്‍ ആ ഡയറിയില്‍ കുറിക്കപ്പെട്ടു.
 നിരത്തിലൂടെ സൈക്കിള്‍ ഓടിക്കാനും ഉച്ചത്തില്‍ പാട്ടുപാടാനും നൃത്തം ചവിട്ടാനും അവള്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കിറ്റിയോടു പങ്കുവച്ചു. ക്രൂരതകള്‍ മുന്നില്‍ നടമാടുമ്പോഴും അവള്‍ ഇങ്ങനെ ഡയറിയില്‍ എഴുതി:
''ആത്യന്തികമായി  എല്ലാ മനുഷ്യരുടെയും ഹൃദയത്തില്‍ നന്മയുണ്ട്.''
 നോക്കൂ, എത്ര പ്രസന്നതയോടെയാണ് അവള്‍ ലോകത്തെ നോക്കിക്കണ്ടത്.
 അവസാനം നാസികള്‍ അവരെയും തേടിയെത്തി. അങ്ങനെ ആ കുടുംബം നാസികളുടെ ക്യാമ്പില്‍ എത്തപ്പെട്ടു. അവിടെ ക്രൂരമായ പീഡനങ്ങളാണ് അവര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്. പട്ടിണിയും മഹാവ്യാധികളും പിടിപെട്ട് ഓരോരുത്തരായി മരിച്ചുവീണു. ടൈഫസ് രോഗം വന്നാണ് ആന്‍ഫ്രാങ്ക് മരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ ആ കുടുംബത്തില്‍ ജീവനോടെ അവശേഷിച്ചത് ആന്‍ ഫ്രാങ്കിന്റെ പിതാവ് ഓട്ടോഫ്രാങ്ക് മാത്രമാണ്. അദ്ദേഹമാണ് ഡയറി കണ്ടെത്തുന്നത്. ആ ഡയറി പ്രസിദ്ധീകരിക്കപ്പെട്ടു. വിവിധ ഭാഷകളില്‍ ലക്ഷക്കണക്കിനു കോപ്പികളാണു വിറ്റഴിഞ്ഞത്.
യുദ്ധത്തിന്റെയും വംശഹത്യയുടെയും ദാരുണമായ മുഖം ലോകത്തിനു കാണിച്ചുകൊടുത്തത് ഈ ഡയറിയാണ്.
 ആ ഡയറിയില്‍ അവള്‍ ആദ്യം കുറിച്ച വാചകം ഇങ്ങനെയായിരുന്നു:
''എനിക്ക് ഉള്ളുതുറന്ന് എല്ലാം പറയാന്‍ കഴിയുന്ന ഒരാളാണു നീയെന്നു ഞാന്‍ വിശ്വസിക്കുന്നു. നീയെനിക്കു സാന്ത്വനത്തിന്റെയും പിന്തുണയുടെയും ഉറവയായി മാറുമല്ലോ.''
കഥ പറഞ്ഞതിനുശേഷം ഉണ്ണീരിയമ്മ അമ്മാളുവിനെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഉണ്ണീരിയമ്മ അവളെ അടുത്തുനിര്‍ത്തി  മുടിയില്‍ തലോടുമ്പോള്‍ അമ്മാളു ആ ഡയറി അവളുടെ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)