''ഉണ്ണിയമ്മ ഒരുപാടു പേരുടെ കഥകള്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നു. പ്രതിസന്ധികളെ പരാജയപ്പെടുത്തി വിജയം നേടിയവരാണ് അവരെല്ലാം. സത്യത്തില്‍ എന്താണു വിജയത്തിന്റെ രഹസ്യം?'' - ജോണിക്കുട്ടിയാണു ചോദിച്ചത്.
''ശരിയാണ്, വിജയത്തിലേക്ക് എത്താന്‍ എന്താണ് ഉണ്ണിയമ്മേ ചെയ്യേണ്ടത്?'' കുഞ്ഞുണ്ണിയും ജോണിക്കുട്ടിയോടൊപ്പം ചേര്‍ന്നു.
കുറുക്കുവഴിയാണെങ്കിലും പറഞ്ഞാല്‍ മതി എന്നായി അമ്മാളു. ഉണ്ണീരിയമ്മയ്ക്കു ചിരിവന്നു.
''നിങ്ങള്‍ സോക്രട്ടീസിനെപ്പറ്റി കേട്ടിട്ടുണ്ടോ?'' ഉണ്ണീരിയമ്മ അവരോടു ചോദിച്ചു.
കുഞ്ഞുണ്ണി - ''ഒരു ഗ്രീക്ക് ചിന്തകനല്ലേ?''
''അതേ, ലോകം കണ്ട ഏറ്റവും വലിയ തത്ത്വചിന്തകനാണ്. യുവാക്കളെ വഴിതെറ്റിക്കുന്നു എന്നു പറഞ്ഞ് ഭരണാധികാരികള്‍ അദ്ദേഹത്തെ ജയിലിലാക്കുകയും ഹെംലോക്ക് എന്ന വിഷം നല്‍കി കൊല്ലുകയുമാണു ചെയ്തത്.''
''കഷ്ടമായിപ്പോയി.'' അമ്മാളു പറഞ്ഞു.
ഉണ്ണീരിയമ്മ തുടര്‍ന്നു:
നിങ്ങള്‍ ചോദിച്ച അതേ ചോദ്യം മഹാനായ സോക്രട്ടീസിനോട് ഒരു യുവാവ് ഒരിക്കല്‍ ചോദിച്ചു:
വിജയത്തിന്റെ രഹസ്യം എന്താണ്?
സോക്രട്ടീസ് ഒന്നു പുഞ്ചിരിച്ചു. ഇതിനുള്ള ഉത്തരം താന്‍ നാളെ പറയാമെന്നും നദിക്കരയില്‍ വന്നാല്‍ മതിയെന്നും പറഞ്ഞ് സോക്രട്ടീസ് യുവാവിനെ തിരിച്ചയച്ചു. വലിയ സന്തോഷത്തോടെ യുവാവ് തിരികെ നടന്നു.
അടുത്തദിവസം രാവിലെതന്നെ യുവാവ് നദിക്കരയിലുള്ള ഒരു മരത്തിന്റെ ചുവട്ടില്‍ സോക്രട്ടീസിനെ കാത്തുനിന്നു. ലോകം ആദരിക്കുന്ന ദാര്‍ശനികനായ സോക്രട്ടീസ് തന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോവുകയാണ്. വിജയത്തിന്റെ രഹസ്യം അറിഞ്ഞുകഴിഞ്ഞാല്‍ ജീവിതം എത്ര സുന്ദരമാക്കിത്തീര്‍ക്കാം. ധാരാളം പണവും പ്രശസ്തിയും ഉണ്ടാക്കാം. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ അവന്‍ ചിന്തിച്ചുകൂട്ടി.
പെട്ടെന്നാണ് അകലെനിന്ന് സോക്രട്ടീസ് വരുന്നത് അവന്‍ ശ്രദ്ധിച്ചത്. ഒരു സന്തോഷം അവന്റെ മുഖത്തുവിടര്‍ന്നു.
''വരൂ നമുക്കു നടക്കാം'' - സോക്രട്ടീസ് പറഞ്ഞു.
''എവിടേക്ക്?'' അവന്‍ ചോദിച്ചു
''നദിയിലേക്ക്...''
മറുപടിയില്‍ ആശങ്ക തോന്നിയെങ്കിലും മഹാനായ ദാര്‍ശനികന്‍ സോക്രട്ടീസിന്റെ വാക്കുകളാണ്, യുവാവ് സധൈര്യം സോക്രട്ടീസിന്റെ കൈകള്‍ പിടിച്ച് നദിയിലേക്കു നടന്നു. മുട്ടൊപ്പം വെള്ളമായി, പിന്നീട് അരയ്‌ക്കൊപ്പം വെള്ളമായി. ശേഷം കഴുത്തൊപ്പം വെള്ളമായി. ഇനിയും നടന്നാല്‍ മുങ്ങിച്ചാവും. സോക്രട്ടീസ് നിന്നു, ഒപ്പം യുവാവും.
അപ്രതീക്ഷിതമായാണ് സോക്രട്ടീസ് യുവാവിന്റെ കഴുത്തില്‍ പിടിച്ച് അവനെ വെള്ളത്തിലേക്കു മുക്കിയത്. ശ്വാസം കിട്ടാതെ അവന്‍ പിടഞ്ഞു. വെള്ളത്തില്‍ കൈകാലുകള്‍ ഇട്ടടിച്ചു. സോക്രട്ടീസിന്റെ കൈകള്‍ വിടുവിക്കാന്‍ അവന്‍ ബലം പ്രയോഗിച്ചു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍.
കുറച്ചു സമയത്തിനുശേഷം സോക്രട്ടീസ് കൈകള്‍ വിട്ടു. യുവാവ് ജലോപരിതലത്തില്‍ എത്തുകയും ആര്‍ത്തിയോടെ വായു ശ്വസിക്കുകയും ചെയ്തു.
സോക്രട്ടീസാകട്ടെ സ്വതഃസിദ്ധമായ ഒരു പുഞ്ചിരിയോടെ യുവാവിനെ നോക്കി. പിന്നീട് അവന്റെ കൈകള്‍ പിടിച്ചു കരയിലേക്കു നടന്നു. യുവാവിനു ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ചു വന്നു. ഒരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ തന്നെ കൊന്നുകളയാന്‍ മഹാനായ സോക്രട്ടീസ് തീരുമാനിച്ചല്ലോ. യുവാവിനു വലിയ നിരാശ തോന്നി.
''വെള്ളത്തില്‍ മുങ്ങിക്കിടന്ന സമയത്ത് നീ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്താണ്?'' സോക്രട്ടീസ് ചോദിച്ചു.
''വായു..!''- യുവാവ് ഉത്തരം പറഞ്ഞു.
സോക്രട്ടീസ് തുടര്‍ന്നു:
''വെള്ളത്തില്‍ മുങ്ങിക്കിടന്നപ്പോള്‍ നീ എത്ര തീവ്രമായി വായുവിനുവേണ്ടി ആഗ്രഹിച്ചുവോ അത്രമേല്‍ തീക്ഷ്ണമായി ലക്ഷ്യത്തിനുവേണ്ടി ആഗ്രഹിച്ചാല്‍ നിനക്കു വിജയിക്കാന്‍ കഴിയും. തീവ്രമായ ആഗ്രഹവും ഉത്സാഹത്തോടെയുള്ള പരിശ്രമവുമാണ് എല്ലാ വിജയങ്ങളുടെയും രഹസ്യം.''
എല്ലാവരുടെയും കണ്ണുകളിലേക്കു നോക്കി ഉണ്ണീരിയമ്മ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു:
''വിജയത്തിലേക്ക് മറ്റു കുറുക്കുവഴികള്‍ ഒന്നുംതന്നെയില്ല. തീക്ഷ്ണവിജയത്തിന്റെ ലക്ഷ്യത്തിനായി ആഗ്രഹിക്കുക അതിനുവേണ്ടി പ്രയത്‌നിക്കുക.''