•  5 Dec 2024
  •  ദീപം 57
  •  നാളം 39
ഉണ്ണീരിയമ്മ പറഞ്ഞ കഥ

തെറ്റായ ചോദ്യവും ശരിയായ ഉത്തരവും

ന്ന് അമ്മാളുവാണ് ഉണ്ണീരിയമ്മയുടെ അടുത്ത് ആദ്യം എത്തുന്നത്. അവള്‍ക്ക് ഒരു കുട്ടിക്കഥ കേള്‍ക്കണം. കഥ പറയാന്‍ തുടങ്ങുമ്പോള്‍ ഇട്ടിണ്ടാനും ജോണിക്കുട്ടിയും കുഞ്ഞുണ്ണിയും ഓടിയെത്തി. കുഞ്ഞുണ്ണിക്ക് ഒരു ശാസ്ത്രകഥ കേള്‍ക്കണം. ജോണിക്കുട്ടിക്കാവട്ടെ പണ്ടുപണ്ട് എന്നു തുടങ്ങുന്ന ഒരു കഥ കേള്‍ക്കണം. പാവം ഇട്ടിണ്ടാന് ഏതായാലും കുഴപ്പമില്ല, ഒരു കഥ കേട്ടാല്‍ മാത്രം മതി.
 കുറച്ചുനേരം ആലോചിച്ച ശേഷം ഉണ്ണീരിയമ്മ കഥ പറഞ്ഞുതുടങ്ങി:
പണ്ടു പണ്ട് ഒരു രാജാവ് ഉണ്ടായിരുന്നു. കലാകാരന്മാര്‍ക്കും പണ്ഡിതര്‍ക്കും സവിശേഷമായ സ്ഥാനമാണ് കൊട്ടാരത്തില്‍ ഉണ്ടായിരുന്നത്. കൊട്ടാരത്തില്‍ സുഖിമാന്മാരായി അവര്‍ ജീവിച്ചു. അതുകൊണ്ടുതന്നെ പുതിയ അറിവുകള്‍ നേടാനോ പുതിയ കണ്ടെത്തലുകള്‍ നടത്താനോ അവര്‍ ശ്രമിച്ചില്ല. അറിവിനോടുള്ള തന്റെ ആദരവ് പണ്ഡിതര്‍ ദുരുപയോഗം ചെയ്യുകയാണ് എന്നു മനസ്സിലാക്കിയ രാജാവ് ചില തീരുമാനങ്ങളെടുത്തു.
 ഉടന്‍തന്നെ രാജസദസ്സ് വിളിച്ചു ചേര്‍ക്കപ്പെട്ടു. പണ്ഡിതരും നാട്ടുപ്രമാണികളും മന്ത്രിമാരും സേനാനായകരുമെല്ലാം അടങ്ങുന്ന രാജസദസ്സില്‍ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു:
 ഒരേ രൂപവും ഒരേ വലിപ്പവുമുള്ള രണ്ടു പാത്രങ്ങളില്‍ വക്കൊപ്പം വെള്ളമുണ്ട്. രണ്ടു പാത്രങ്ങളിലേക്കും ഒരേ വലിപ്പമുള്ള രണ്ടു മത്സ്യങ്ങളെ നിക്ഷേപിക്കുന്നു. പക്ഷേ, ഒരു കാര്യമുണ്ട്. ഒന്നില്‍  ജീവനില്ലാത്ത മത്സ്യത്തെയാണ് ഇടുന്നത്. രണ്ടാമത്തെ പാത്രത്തില്‍ ജീവനുള്ള മത്സ്യത്തെയും. ജീവനില്ലാത്ത മത്സ്യത്തെ ഇട്ട പാത്രത്തില്‍നിന്നു വെള്ളം തുളുമ്പിപ്പോകുന്നു. ജീവനുള്ള മത്സ്യത്തെ ഇട്ട പാത്രത്തില്‍നിന്നു വെള്ളം തുളുമ്പിപ്പോകുന്നില്ല. ഇതിനു കാരണമെന്താണ്?
പണ്ഡിതന്മാര്‍ തലപുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങി. ജീവനുള്ള മത്സ്യം കുറച്ചു വെള്ളം കുടിച്ചുതീര്‍ത്തതാവും, ചത്ത മത്സ്യത്തിന്റെ ശരീരം വീര്‍ത്ത് ഭാരംകൂടിയതാവാം, രണ്ടു കിണറ്റിലെ വെള്ളമായതുകൊണ്ട് സാന്ദ്രതയില്‍ മാറ്റം ഉണ്ടാവാം... തുടങ്ങി നിരവധി ഉത്തരങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു. ഈ ഉത്തരങ്ങളിലൊന്നും രാജാവ് സംതൃപ്തനായില്ല.
ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഒരാഴ്ച സമയം രാജാവ് നല്‍കി. പണ്ഡിതന്മാര്‍ക്കു മാത്രമല്ല ആര്‍ക്കുവേണമെങ്കിലും ഉത്തരം പറയാം. കൃത്യമായ ഉത്തരമെങ്കില്‍ അവര്‍ക്കു കൈ നിറയെ സമ്മാനവും കൊട്ടാരത്തില്‍ പ്രത്യേക സ്ഥാനവും നല്‍കും.
പിന്നീടുള്ള രാത്രികളില്‍ പണ്ഡിതന്മാര്‍ ഉറങ്ങിയില്ല. കൈയിലുള്ള പുസ്തകങ്ങളിലെല്ലാം ഉത്തരത്തിനായി പരതി. പണ്ഡിതന്മാര്‍ക്കു ലഭിക്കാത്ത ഉത്തരം തങ്ങള്‍ക്കു ലഭിക്കുമോ എന്നു ചിന്തിച്ച് പ്രജകളില്‍ നല്ലൊരു ശതമാനവും ഉത്തരത്തിനായി തലപുകച്ചില്ല.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും സദസ്സ് വിളിച്ചുചേര്‍ക്കപ്പെട്ടു. രാജാവ് ചുറ്റും നോക്കി. പണ്ഡിതന്മാരുടെയെല്ലാം ശിരസ്സ്  താണിരിക്കുന്നു. ചിലരെ അവരുടെ ഇരിപ്പിടത്തില്‍ കാണുന്നില്ല.
''ആര്‍ക്കെങ്കിലും ഉത്തരം കിട്ടിയോ?''  രാജാവ് ചോദിച്ചു.
സദസ്സ് വീണ്ടും നിശ്ശബ്ദമായി.
അപ്പോഴാണ് വിറയലോടെ ഒരു കുട്ടി രാജസദസ്സിലേക്കു കടന്നുവരുന്നത്. എല്ലാവരും അവനെ ഉറ്റുനോക്കി. പണ്ഡിതര്‍ക്കു ചിരിവന്നു. ഈ ചെറിയ പയ്യന്‍ എന്തു മണ്ടത്തരം പറയാനാണു പോകുന്നത്? അവര്‍ അടക്കം പറഞ്ഞു. സദസ്സിന്റെ സമയം വെറുതെ കളയരുതെന്ന് ഒരു പണ്ഡിതന്‍ കുട്ടിയോടു പറഞ്ഞു. ഇതു കുട്ടിക്കളിയല്ല.
 പക്ഷേ, രാജാവ് അവനെ അടുത്തേക്കു വിളിച്ചു.
''നിന്റെ ഉത്തരം ധൈര്യമായി പറഞ്ഞുകൊള്ളൂ.''
''അങ്ങയുടെ ചോദ്യംതന്നെ തെറ്റാണ് മഹാരാജന്‍.''  അവന്‍ പറഞ്ഞു.
സദസ്സ് സ്തംഭിച്ചുപോയി. മഹാരാജാവിന്റെ ചോദ്യം തെറ്റാണെന്ന് തിരുമുഖത്തുനോക്കി ഒരു പയ്യന്‍ പറയുന്നു. ഇനി എന്താണു സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ എല്ലാവരും രാജാവിനെ നോക്കി.
രാജാവ് പുഞ്ചിരിച്ചുകൊണ്ട് കുട്ടിയോടു ചോദിച്ചു:
''ചോദ്യം എങ്ങനെ തെറ്റാവും, നീ വിശദീകരിക്കൂ?''
''മഹാരാജന്‍, തുല്യവലിപ്പമുള്ള രണ്ടു പാത്രങ്ങളെടുത്ത് ഒന്നില്‍ ജീവനുള്ളതും മറ്റേതില്‍ ജീവനില്ലാത്തതുമായ മത്സ്യങ്ങളെ ഇട്ട് പരീക്ഷണം പലതവണ ഞാന്‍ ആവര്‍ത്തിച്ചു. അപ്പോഴെല്ലാം രണ്ടു പാത്രങ്ങളും തുളുമ്പി വെള്ളം പോകുന്നുണ്ട്. അങ്ങനെയെങ്കില്‍ ചോദ്യത്തിലല്ലേ തെറ്റ്.''
രാജാവിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
''ശരിയാണ്, നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എന്റെ ചോദ്യത്തെ നീ കൃത്യമായി വിശകലനം ചെയ്തു, പരീക്ഷണം പലയാവൃത്തി ചെയ്തു നോക്കി. അതുകൊണ്ടാണ് നിനക്കു കൃത്യമായി ഉത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പണ്ഡിതര്‍ എന്നു നടിക്കുന്ന ഇവര്‍ ചോദ്യം വിശകലനം ചെയ്യാതെ ഉത്തരത്തിനായി പുസ്തകങ്ങള്‍ പരതി. ഞാന്‍ പറഞ്ഞതു ശരിയാണോ എന്നു ചെയ്തു നോക്കുവാനുള്ള ശ്രമം അവര്‍ നടത്തിയില്ല.''
 കുട്ടിയെ ചേര്‍ത്തുപിടിച്ച് രാജാവ് തന്റെ സിംഹാസനത്തിന്റെ അടുത്തേക്കു ചെന്നു. സിംഹാസനത്തിനടുത്തുള്ള ഒരു ഇരിപ്പിടത്തില്‍ അവനെ ഇരുത്തി. കൈകള്‍ നിറയെ സമ്മാനങ്ങള്‍ കൊടുത്തു. പണ്ഡിതര്‍ നാണിച്ചു തല താഴ്ത്തി.
''കഥ ഇഷ്ടായോ?'' ഉണ്ണീരിയമ്മ ചോദിച്ചു.
'ഉഷാര്‍.. കഥ ഉഷാര്‍..!' ഇട്ടിണ്ടാന്‍ പറഞ്ഞു.
''നമ്മുടെ മുന്നിലെത്തുന്ന ഒരു വിഷയം കൃത്യമായി വിശകലനം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. എല്ലാവര്‍ക്കും മനസ്സിലായല്ലോ അല്ലേ?''
ഉണ്ണീരിയമ്മയുടെ ചോദ്യത്തിന് നാലുപേരും ഒരുപോലെ തലയാട്ടി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)