സംഘര്‍ഷഭരിതമായ ലോകത്തിന്റെ ആകാശങ്ങളില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചിറകടിക്കുമോ? പശ്ചിമേഷ്യയെ ദുരിതക്കയത്തിലാഴ്ത്തിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ രണ്ടാം വാര്‍ഷികമായ ഒക്‌ടോബര്‍ ഏഴിന്, ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ ആരംഭിച്ച സമാധാനചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം കാത്തിരിക്കുന്നു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാനപദ്ധതിയില്‍ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചര്‍ച്ച. ബന്ദികളുടെ മോചനവും പലസ്തീന്‍ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യുക.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണം യുദ്ധമര്യാദയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. ഇസ്രയേലിന്റെ സുരക്ഷാസംവിധാനങ്ങള്‍ക്കേറ്റ കനത്ത പ്രഹരവും. ആയിരിത്തിഇരുന്നൂറിലേറെ ഇസ്രയേല്‍പൗരന്മാരാണ് അന്നു കൊല ചെയ്യപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അതേനാണയത്തില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടി സമാനതകളില്ലാത്ത ഒരു യുദ്ധത്തിന്റെ ആരംഭമായിരുന്നു. 67,000 ല്‍ ഏറെ പലസ്തീന്‍കാരുടെ കൂട്ടക്കുരുതിയിലേക്കും എണ്ണിയാലൊടുങ്ങാത്ത മനുഷ്യദുരന്തത്തിലേക്കുമാണ് അതു നയിച്ചത്. സമാധാനശ്രമങ്ങളുമായി വിവിധ രാജ്യങ്ങളും സംഘടനകളും ഈ രണ്ടു വര്‍ഷത്തിനിടെ രംഗത്തുവന്നെങ്കിലും ഫലം നാസ്തിയായിരുന്നു. ഇതിനിടെ ബന്ദിവിമോചനത്തിനായി താത്കാലികവെടിനിര്‍ത്തലുകള്‍ ഉണ്ടായെങ്കിലും അതിനും ആയുസ്സു കുറവായിരുന്നു.
ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലായി ആരംഭിച്ച സംഘര്‍ഷം ഒരു കൊടിയ യുദ്ധമായി പരിണമിക്കുന്ന കാഴ്ചയാണു ലോകം പിന്നീടു കണ്ടത്. യുദ്ധത്തിലേക്കു കൂടുതല്‍ കക്ഷികള്‍ പങ്കുചേര്‍ന്നതോടെ പശ്ചിമേഷ്യയാകെ പടര്‍ന്ന സംഘര്‍ഷമായി അതു മാറി. ഒരു ഘട്ടത്തില്‍, ഒരേസമയം പലസ്തീന്‍കാര്‍ക്കെതിരേ ഗാസയിലും, ഹിസ്ബുള്ളയ്‌ക്കെതിരേ ലബനനിലും ഹൂതികള്‍ക്കെതിരേ യമനിലും, അധിനിവേശവെസ്റ്റ്ബാങ്കിലും സിറിയയിലും ഇറാക്കിലും ഇറാനിലും പോര്‍മുഖം തുറന്ന് ഇസ്രയേല്‍ അതിന്റെ കരുത്തുകാട്ടുന്ന കാഴ്ചയും ലോകം കണ്ടു. ജൂലൈയില്‍ 12 ദിവസം നീണ്ട ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ യുഎസും പങ്കുചേര്‍ന്നതോടെ സംഘര്‍ഷം ആഗോളതലത്തിലേക്കു വ്യാപിച്ചു.
ഏതായാലും, വലിയ പ്രതീക്ഷ പകരുന്നതാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സമാധാനചര്‍ച്ചകള്‍. ട്രംപ് മുന്നോട്ടുവച്ച ഗാസസമാധാനപദ്ധതിയോട് ഇരുകൂട്ടരും തത്ത്വത്തില്‍ യോജിപ്പു പ്രകടിപ്പിച്ചതുതന്നെ ആശ്വാസകരമാണ്. ചില വ്യവസ്ഥകള്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച ഹമാസ്, എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം പലസ്തീന്‍വിദഗ്ധര്‍ക്കു കൈമാറാമെന്നുമാണ് സമ്മതിച്ചത്. എന്നാല്‍, ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോട് അവര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം സമാധാനപദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഒരുക്കം തുടങ്ങിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിക്കുകയുണ്ടായി. ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനുപിന്നാലെ ഗാസയില്‍നിന്നു ഘട്ടംഘട്ടമായി ഇസ്രയേല്‍സൈന്യം പിന്മാറണമെന്നാണ് ട്രംപ് മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥ. എന്നാല്‍, ബന്ദികളെ കൈമാറുന്നതിനൊപ്പം ഇസ്രയേല്‍സൈന്യം പൂര്‍ണമായും ഗാസയില്‍നിന്നു പിന്‍വാങ്ങണമെന്ന മുന്‍നിലപാട് ഹമാസ് ആവര്‍ത്തിക്കുന്നു. തങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള, പലസ്തീന്റെ പരമാധികാരത്തിലൂന്നിയുള്ള രാഷ്ട്രീയപരിഹാരമാണ് ഹമാസ് ലക്ഷ്യമിടുന്നത്. എന്തായാലും, ഗാസയുടെ ഭാവിയില്‍ തുടര്‍ന്നും പങ്കുണ്ടാകുമെന്ന് അവര്‍ സൂചിപ്പിച്ചുകഴിഞ്ഞു. പലസ്തീന്‍-അറബ് വിശാലചര്‍ച്ചയിലൂടെയാവണം യുഎസ് പദ്ധതിയിലെ മറ്റു നിര്‍ദേശങ്ങള്‍ തീരുമാനിക്കേണ്ടതെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.
സങ്കടകരമെന്നു പറയട്ടെ, ഇതെഴുതുമ്പോള്‍ ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത, ഗാസയുദ്ധത്തിന്റെ രണ്ടാം വാര്‍ഷികദിനത്തിലും ഇസ്രയേല്‍ കര, കടല്‍, വ്യോമാക്രമണം തുടരുന്നുവെന്നാണ്. സൈനികനടപടി നിര്‍ത്തണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം കാറ്റില്‍പറത്തിയുള്ള ഈ ആക്രമണം സമാധാനശ്രമങ്ങള്‍ക്കു മങ്ങലേല്പിക്കുന്നതായി. ബന്ദികളെ കൈമാറുന്നതിനുള്ള ചര്‍ച്ചകള്‍ക്കു തടസ്സമാണ് ആക്രമണമെന്നു ഹമാസും, ട്രംപിന്റെ പദ്ധതിയനുസരിച്ച് ഇസ്രയേല്‍ ഗാസയിലെ ആക്രമണം നിര്‍ത്തിവയ്‌ക്കേണ്ടതായിരുന്നുവെന്നു ഖത്തറും പ്രതികരിക്കുകയുണ്ടായി.
യുദ്ധങ്ങള്‍ എന്നും എവിടെയും ദുഃഖങ്ങള്‍ മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളൂ എന്നതു ചരിത്രപാഠമാണ്. ഇന്നോളമുള്ള യുദ്ധങ്ങളിലൂടെ സംഭവിച്ച തീരാനഷ്ടങ്ങളുടെ കണക്കെടുത്താല്‍ അതു ഭയാനകമാണ്, ഹൃദയഭേദകമാണ്. എങ്കിലും, അനിവാര്യമായ ചില സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും യുദ്ധങ്ങളെ ജനിപ്പിക്കുന്നു. പക്ഷേ, അതു ലോകാവസാനത്തോളം നീളാന്‍ അനുവദിക്കരുത്. ചോര കണ്ട് അറപ്പുതീര്‍ന്ന നേതാക്കളുടെ യുദ്ധക്കൊതി സമാധാനശ്രമങ്ങള്‍ക്കു വിലങ്ങുതടിയാകരുത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂന്നരവര്‍ഷത്തിലേറെയായി തുടരുന്നു. ആരൊക്കെ എന്തൊക്കെ പ്രകോപനം സൃഷ്ടിച്ചാലും, ഗാസയില്‍ ശാശ്വതസമാധാനം കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ഫലമണിയണമേ എന്ന ഒറ്റപ്രാര്‍ഥനയേ ഇപ്പോള്‍ ലോകത്തിനുള്ളൂ. അതു സഫലമാകട്ടെ.