ദക്ഷിണാഫ്രിക്കയുടെ ആതിഥേയ ത്വത്തില്‍ ജി20 ഉച്ചകോടി ജോഹന്നാസ്ബര്‍ഗില്‍ സമ്മേളിക്കുന്നതിന്റെ തലേന്നാണ് മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ നിന്ന് ഭീകരര്‍ അധ്യാപകരും കുട്ടികളുമുള്‍പ്പെടെ 315 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്.
50 വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ട് വീടുകളിലെത്തിയെങ്കിലും 253 വിദ്യാര്‍ഥികളും12 അധ്യാപകരും ഭീകരരുടെ തടങ്കലിലായി. നൈജര്‍ സംസ്ഥാനത്തെ പാപിരിയില്‍ 629 കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ബോര്‍ഡിങ് സ്‌കൂളിലാണ് 2025 നവംബര്‍ 21 വെള്ളിയാഴ്ച ഈ ക്രൂരത നടന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീകരസംഘടനകള്‍ നടത്തുന്ന ഇത്തരം കിരാതപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കൂട്ടക്കൊലപാതകങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ ഇടയാക്കിയിട്ടുണ്ട്. മനുഷ്യജീവനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന ആഭ്യന്തരസംഘര്‍ഷങ്ങളും ഭീകരവാദതാണ്ഡവങ്ങളും അടുത്തനാളുകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നത് ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഭീകരവാദപ്രസ്ഥാനങ്ങളുടെ താവളമായി മധ്യപൂര്‍വദേശങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡവും മാറിയിരിക്കുമ്പോള്‍ ഏറെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമായിരിക്കുന്നത് ഇവിടങ്ങളിലെ ക്രൈസ്തവവിശ്വാസികളാണ്.
നൈജീരിയ, സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മൊസാംബിക്, ബര്‍ക്കിന ഫാസ്സോ, സൊമാലിയ, എരിത്രിയ, കാമറൂണ്‍, മാലി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ ആഫ്രിക്കന്‍രാജ്യങ്ങളില്‍ സമാനതകളില്ലാത്ത പീഡനവും വിവേചനവുമാണ് ക്രിസ്ത്യാനികള്‍ നേരിടുന്നത്. നൈജീരിയയില്‍ ക്രൈസ്തവരുടെ നിലനില്പ് ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രൈസ്തവരെയാണ് ഇസ്ലാംമത ഭീകരസംഘടനകള്‍ കൊന്നൊടുക്കുന്നത്. ബൊക്കോ ഹറാം, ഫുലാനി മിലിഷ്യകള്‍ തുടങ്ങിയ ജിഹാദി ഗ്രൂപ്പുകള്‍ അനുദിനം നടത്തുന്ന അതിക്രൂരമായ ക്രൈസ്തവ വംശഹത്യയ്ക്ക് നൈജീരിയന്‍ സര്‍ക്കാരും പിന്തുണ നല്‍കുന്നത് വന്‍വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തുന്നു.
ലക്ഷ്യം ക്രൈസ്തവ ഉന്മൂലനം
നൈജീരിയയിലെ ബെന്യു സംസ്ഥാനത്തുമാത്രം ഒറ്റദിവസം മുസ്ലീം ഭീകരസംഘം കൊലചെയ്തത് 200 ല്‍ പരം ക്രൈസ്തവരെയാണ്. ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ മൃഗീയമായി കൊലചെയ്യപ്പെട്ടവര്‍ പതിനായിരങ്ങള്‍. ക്രൈസ്തവവിശ്വാസികളാണ് എന്ന ഒറ്റക്കാരണത്താല്‍ മുസ്ലീം ഭീകരസംഘങ്ങളുടെ കിരാതമായ കൂട്ടക്കൊലകള്‍ക്ക് ഇരകളാകുന്നവര്‍.
ആഫ്രിക്കന്‍രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അല്‍ക്വയിദയെന്ന മുസ്ലീം ഭീകരസംഘടന ദിവസംതോറും ക്രൈസ്തവരെ കൊന്നൊടുക്കുന്നു. കോംഗോയില്‍ ഇസ്ലാമികസ്റ്റേറ്റിന്റെ ഘടകമായ ഭീകരവാദപ്രസ്ഥാനം കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു. അതിക്രൂരമായി ആവര്‍ത്തിച്ച് പീഡിപ്പിക്കുന്നു. സൊമാലിയയില്‍ അല്‍ ഷബാബ് എന്ന ഭീകരസംഘടനയുടെ നിഷ്ഠുര ആക്രമത്തില്‍ ഒറ്റദിവസം ജീവന്‍ നഷ്ടപ്പെട്ടത് 100ല്‍ പരം മനുഷ്യരുടേതാണ്. ഭീകരസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ വേറെയുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ പതിനായിരക്കണക്കിന് മനുഷ്യര്‍ മുസ്ലീം ഭീകരവാദികളാല്‍ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുന്നു. ജനലക്ഷങ്ങള്‍ ജീവനും ജീവിതവും നിലനിര്‍ത്താനായി പലായനം ചെയ്യുന്നു. അതിലേറെപ്പേര്‍ മരണം മുന്നില്‍കണ്ട് ജീവിക്കേണ്ട നിസ്സഹായാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്നിട്ടും അവര്‍ക്കായി ഒരു നിമിഷം പോലും മാറ്റിവയ്ക്കാന്‍ സാധിക്കാത്തവരുടെ പാലസ്തീന്‍സ്നേഹത്തിനു പിന്നില്‍ ഈ നാടിനെ ലക്ഷ്യം വയ്ക്കുന്ന ഭീകരസംഘങ്ങളുടെ രാഷ്ട്രീയ ഭരണ അജണ്ടകളുണ്ടെന്നുള്ളത് തിരിച്ചറിയാന്‍ വൈകരുത്. നാം വരുംനാളുകളില്‍ നേരിടാനിരിക്കുന്ന വലിയ അപകടങ്ങളിലേക്കുള്ള ചൂണ്ടുപലകകളാണ് ആഫ്രിക്കയില്‍ നടമാടുന്നത്.
2025 ജൂണില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരാധനമധ്യേ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ നടത്തിയ നരനായാട്ടില്‍ മരിച്ചുവീണവരെ നാം മറന്നുവോ? അയല്‍രാജ്യമായ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ കത്തീദ്രലില്‍ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ഭീകരതാണ്ഡവം നൂറില്‍ പരം ക്രൈസ്തവവിശ്വാസികളുടെ ജീവനെടുത്തിട്ടും പ്രതികരിക്കാത്തവര്‍ പാലസ്തീനുവേണ്ടി മാത്രമായി കണ്ണീരൊഴുക്കുമ്പോള്‍ അപാകതയില്ലേ?
ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനില്‍, ക്രിസ്ത്യാനികള്‍ കടുത്ത പീഡനത്തിനും കൂട്ട നരഹത്യയ്ക്കും വിധേയരാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എരിത്രിയപോലുളള രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ ആരാധനയെ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികളെ ജയിലിലടയ്ക്കുകയും അവര്‍ക്കു സഹായം ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ആഫ്രിക്കന്‍ ഉപദ്വീപിലെ ഇസ്ലാം ഭൂരിപക്ഷരാജ്യങ്ങളില്‍ ക്രിസ്ത്യാനികളും ഇസ്ലാംമതം സ്വീകരിക്കാത്ത ഗോത്രവിഭാഗങ്ങളും ക്രൂരമായ പീ ഡനങ്ങള്‍ക്കും വിവേചനത്തിനും വംശ ഹത്യയ്ക്കും വിധേയരാകുന്നു. അന്താരാഷ്ട്രസമൂഹവും ലോകസമാധാനസംവിധാനങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും ഇതിനെ കണ്ടില്ലെന്നു നടിക്കുകയാണ്.
ഇത്തരം കടുത്ത യാഥാര്‍ത്ഥ്യങ്ങളെ പാലസ്തീന്‍, ഗാസാവിഷയങ്ങള്‍കൊണ്ടു മറച്ചുപിടിക്കാനും മൂടിവയ്ക്കാനും ആഗോള ജിഹാദിപ്രസ്ഥാനങ്ങള്‍ക്കും അതിനെ പിന്തുണയ്ക്കുന്ന മധ്യേഷ്യന്‍ എണ്ണപ്പണശക്തികള്‍ക്കും കഴിയുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. മാലിയിലേതുപോലുള്ള ഇസ്ലാമിസ്റ്റു ഭരണകൂടങ്ങള്‍ക്കു കീഴില്‍ തീവ്രവാദഗ്രൂപ്പുകളാല്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നു മാത്രമല്ല, ചില കേസുകളില്‍ മുഴുവന്‍ ഗ്രാമങ്ങളും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്യുന്നു. ഭീകരപ്രത്യയശാസ്ത്രത്താല്‍ പ്രചോദിപ്പിക്കപ്പെടുന്ന ക്രൈസ്തവപീഡനം, സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമോ പങ്കാളിത്തമോ മൂലം കൂടുതല്‍ വഷളാകുന്നതും സാധാരണമായിരിക്കുന്നു.
നൈജീരിയയിലെ ക്രൈസ്തവര്‍
നൈജീരിയയിലെ ക്രിസ്തുമതചരിത്രത്തിന് 15-ാം നൂറ്റാണ്ടില്‍ തുടക്കമാകുന്നു. കപ്പൂച്ചിന്‍ സന്ന്യാസിമാര്‍ വഴിയാണ് ക്രിസ്തുസന്ദേശം ഇവിടെയെത്തിയത്. 2020ല്‍ നൈജീരിയയിലെ ജനസംഖ്യയുടെ 45ശതമാനം ക്രിസ്ത്യാനികളായിരുന്നു. പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കനുസരിച്ച് 2011ല്‍ ആഫ്രിക്കന്‍രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവവിശ്വാസികളുള്ളത് നൈജീരിയയിലാണ്. അതാണിപ്പോള്‍ ഇസ്ലാം ഭീകരാക്രമണത്തിന്റെ കേന്ദ്രമായി നൈജീരിയ മാറുവാനുള്ള പ്രധാന കാരണം.
1963ലെ സെന്‍സസ്പ്രകാരം ജനസംഖ്യയുടെ 47.2 ശതമാനം മുസ്ലീം, 34.3 ശതമാനം ക്രിസ്ത്യനും കൂടാതെ 18.5 ശതമാനം മറ്റുള്ളവര്‍ എന്ന നിലയിലായിരുന്നു. കാത്തലിക്, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കല്‍ അപ്പസ്തോലിക് തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലായി ഒരു കോടിയിലേറെ ക്രൈസ്തവര്‍ നൈജീരിയയിലുണ്ട്, 2020 ലെ കണക്കനുസരിച്ച് ഇവരില്‍ ഏകദേശം 32 ലക്ഷം പേര്‍ കത്തോലിക്കരാണ്.
ക്രൈസ്തവഹത്യകളും ഖിലാഫത്തും
2009ല്‍ തുടങ്ങി കാലക്രമേണ ശക്തിപ്രാപിച്ചുവരുന്ന ആസൂത്രിത ക്രിസ്ത്യന്‍ വംശഹത്യയാണ് നൈജീരിയയില്‍ അനുദിനം അരങ്ങേറുന്നത്. രാജ്യത്തെ ക്രൈസ്തവരഹിതമാക്കുകയാണ് ഇവരുടെ ഉന്നം. വൈദികരെയും അല്മായവിശ്വാസികളെയും തട്ടിക്കൊണ്ടുപോകല്‍, മോചനദ്രവ്യം ആവശ്യപ്പെടല്‍, ആരാധനാകേന്ദ്രങ്ങള്‍ തകര്‍ക്കല്‍, ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കല്‍, കൊലപാതകങ്ങള്‍ എന്നിവയിലൂടെ വിശ്വാസിസമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിച്ച് ക്രൈസ്തവരുടെ സംഘടിതശക്തി തകര്‍ക്കുകയെന്നതാണ് ഭീകരരുടെ പ്രവര്‍ത്തനശൈലി.
ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ക്കു പിന്നില്‍ വ്യക്തമായ ലക്ഷ്യവും പദ്ധതികളുമുണ്ട്. ദീര്‍ഘകാലപദ്ധതികള്‍ക്ക് ഭീകരവാദബുദ്ധിജീവികളുടെ ഉള്ളറകള്‍ ഏറെ ശക്തമാണ്. ആഫ്രിക്കന്‍രാജ്യങ്ങളിലെ ക്രൈസ്തവവേട്ടയുടെ ദീര്‍ഘകാലലക്ഷ്യം സഗേല്‍ ഖിലാഫത്ത് സ്ഥാപിക്കുകയാണ്. അറ്റ്ലാന്റിക് തീരംമുതല്‍ ചെങ്കടല്‍ തീരംവരെയുള്ളതും സഹാറ മരുഭൂമിയുടെയും സുഡാനിയന്‍ സവേന്നയുടെയും മധ്യത്തിലുള്ളതുമായ നൈജീരിയ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളെ കോര്‍ത്തിണക്കി സഹേല്‍ ഖിലാഫത്ത് സ്ഥാപിക്കുകയെന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ അപ്രഖ്യാപിത അജണ്ടയാണ് ബൊക്കോ ഹറാം ഉള്‍പ്പെടെയുള്ള വിവിധ ഭീകരസംഘടനയിലൂടെയും ഇവരുടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോഷക ഭീകരപ്രസ്ഥാനങ്ങളിലൂടെയും ലക്ഷ്യം വയ്ക്കുന്നതെന്ന് ഇനിയും പലര്‍ക്കും ബോധ്യം വന്നിട്ടില്ല. നൈജീരിയ, കോംഗോ, സൊമാലിയ, സുഡാന്‍, എരിത്രിയ, ലിബിയ, ബുര്‍ക്കിന ഫാസോ, മാലി, മൊസാംബിക്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കാമറൂണ്‍, നൈജീരിയ എന്നിവയാണീ 12 രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലാണ് ക്രൈസ്തവവംശഹത്യ ഇന്ന് ആവര്‍ത്തിക്കുന്നത്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് റൂള്‍ ഓഫ് ലോ 2025 ഓഗസ്റ്റില്‍ പുറത്തുവിട്ട കണക്കുപ്രകാരം നൈജീരിയയില്‍ മാത്രം 2009 മുതല്‍ 2025 വരെ 1,25,000ല്‍ പരം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ആകെ ക്രൈസ്തവ ജനസംഖ്യ 10.6 കോടിയാണ്. അതായത്, 46.5 ശതമാനം. ഭീകരവാദത്തെ അടിച്ചമര്‍ത്താനും ഇവര്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാനും ഭരണസംവിധാനങ്ങള്‍ പരാജയപ്പെടുന്നു. ഈ നിഷ്‌ക്രിയത്വത്തിന്റെയും നിസ്സംഗതയുടെയും പിന്നില്‍ ക്രൈസ്തവവിരുദ്ധ അജണ്ടയുമുണ്ടാകാം. വംശീയവും മതപരവുമായ ലക്ഷ്യങ്ങളുള്ള മാനുഷികദുരന്തങ്ങളാണ് നൈജീരിയയില്‍ അനുദിനം അരങ്ങേറുന്നത്. ട്രൂത്ത് നൈജീരിയ പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം ഒട്ടനവധി ക്രൈസ്തവര്‍ ആഫ്രിക്കന്‍വനത്തിനുള്ളില്‍ ബന്ദികളായി കഴിയുന്നുണ്ട്. 2024 ഡിസംബര്‍ രണ്ടിനും 2025 സെപ്റ്റംബര്‍ 28നു മിടയില്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരുടെ എണ്ണം 1100ല്‍ പരം. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ആഫ്രിക്കന്‍രാജ്യങ്ങളില്‍ ജീവന്‍ ഹോമിക്കേണ്ടിവരുന്ന മനുഷ്യര്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സാക്ഷരസമൂഹം മടിക്കുന്നതെന്ത്? 2025ലെ ആഗോള ഭീകരതാസൂചികയില്‍ നൈജീരിയ ആറാം സ്ഥാനത്താണ്.
മുസ്ലീം ബ്രദര്‍ഹുഡ് അജണ്ടകള്‍
മുസ്ലീം ബ്രദര്‍ഹുഡിന്റെ പോഷകഘടകങ്ങളായ ഇസ്ലാം ഭീകരപ്രസ്ഥാനങ്ങള്‍ പല രൂപത്തിലും പേരിലും വിവിധ ആഫ്രിക്കന്‍രാജ്യങ്ങളില്‍ കാലങ്ങളായി തുടരുന്ന അക്രമങ്ങളിന്ന് ശക്തിപ്പെടുകയാണ്. ഗാസയിലെ ഹമാസ്, യമനിലെ ഹൂതി, സിറിയയിലെ ഹിസ്ബുള്ള തുടങ്ങിയ മതഭീകരവാദികളെ വെള്ളപൂശാന്‍ ഇറ ങ്ങിത്തിരിച്ചിരിക്കുന്നവരും പാലസ്തീന്റെ പേരില്‍ കണ്ണീരൊഴുക്കി ഹമാസിനെ സംരക്ഷണക്കുപ്പായമണിയിക്കുന്നവരും ആഫ്രിക്കന്‍രാജ്യങ്ങളില്‍ അരങ്ങേറുന്ന ഭീകരവാദ ആക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് അതിക്രൂരതയാണ്. വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകള്‍ സ്വീകരിച്ചിരിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ ഭീകരവാദികളും തീവ്രഇസ്ലാമിസ്റ്റു മിലീഷ്യകളും ക്രൈസ്തവവിശ്വാസം സ്വീകരിച്ചിട്ടുള്ള ഗോത്രങ്ങളെയും ഗോത്രവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളും ആക്രമിക്കുന്നു. പള്ളികളും വിവിധ ആരാധനാലയങ്ങളും നശിപ്പിക്കുന്നു. വൈദികരെയും പാസ്റ്റര്‍മാരെയും സന്യാസസമൂഹങ്ങളെയും വിശ്വാസികളെയും അതിക്രൂരമായി കൊല്ലുന്നു. ചിലരെ തട്ടിക്കൊണ്ടുപോകുന്നു. ചിലരെ ജീവനോടെ കുഴിച്ചുമൂടുന്നു. വീടുകളും കൃഷിയിടങ്ങളും തീയിട്ടുനശിപ്പിക്കുന്നു. പ്രദേശവാസികളായ കുഞ്ഞുങ്ങളുടെ കഴുത്തറുക്കുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുന്നു. ഭര്‍ത്താവിന്റെ കണ്‍മുമ്പില്‍വച്ച് സ്ത്രീകളുടെ മാനംകവരുക മാത്രമല്ല, സ്വന്തം മക്കളുടെ ചാരിത്ര്യം കവര്‍ന്നെടുക്കുന്ന ഭീകരര്‍ക്കുമുമ്പില്‍ ബന്ധിക്കപ്പെട്ടവരായി പിതാക്കന്മാര്‍ മാറുന്നു. ലോകമനഃസാക്ഷിയെ വെല്ലുവിളിക്കുന്ന ഈ കൊടുംക്രൂരതകള്‍ വെളിച്ചത്തു കൊണ്ടുവന്നു പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ പോലും മടികാണിച്ച് ഇസ്ലാം ഭീകരതയ്ക്കുമുമ്പില്‍ മുട്ടുമടക്കുമ്പോള്‍ വിരല്‍ചൂണ്ടി ചോദ്യം ചെയ്യാതെ നിര്‍വാഹമില്ല.
അമേരിക്കയുടെ മുന്നറിയിപ്പ്
2025 നവംബറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിച്ചു: ''നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാല്‍ ഞാന്‍ നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നു.'' ഇസ്ലാമികഭീകരരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ദ്ദിഷ്ട ഇടപെടല്‍ വേഗത്തിലും ക്രൂരവുമായിരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിരിക്കുന്നു.
നൈജീരിയയുടെ വടക്കന്‍മേഖലകളില്‍ മുസ്ലീംകളും തെക്കന്‍ മേഖലകളില്‍ ക്രൈസ്തവരുമാണ് കൂടുതല്‍. 2012ല്‍ ഭീകരസംഘടനയായ ബൊക്കോ ഹറാം, വടക്കന്‍ മേഖലയിലെ ക്രിസ്ത്യാനികളോടു രാജ്യം വിടാന്‍ അന്ത്യശാസനം പുറപ്പെടുവിച്ച് ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഈ മേഖലയിലെ ക്രിസ്ത്യാനികളെ വ്യവസ്ഥാപിതമായി കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്ന ഭയാനകമായ സ്ഥിതിവിശേഷം തുടരുമ്പോഴും, മിക്ക ലോകരാജ്യങ്ങളും മാധ്യമങ്ങളും മൗനം പാലിക്കുമ്പോഴും ട്രംപിന്റെ പ്രഖ്യാപനം വന്‍ പ്രതികരണത്തിനിടയായിട്ടുണ്ട്. എന്നാല്‍, ഇതംഗീകരിക്കാന്‍ നൈജീരിയയുടെ പ്രസിഡന്റ് ബോല ടിനുബു തയ്യാറല്ല. വൈവിധ്യമാര്‍ന്ന വിശ്വാസിസമൂഹങ്ങള്‍ക്കിടയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പ്രസിഡന്റിന്റെ ന്യായവാദം. അതേസമയം ഭീകരവാദത്തിന്റെ വ്യാപ്തിക്കും തീവ്രതയ്ക്കും ഒരു കുറവുമില്ല. ഇതു രണ്ടാംതവണയാണ് ട്രംപ് നൈജീരിയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നത്. 2020 ഡിസംബറിലായിരുന്നു ആദ്യപ്രഖ്യാപനം. ഈ സമയത്ത് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയായിരുന്നു. ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഭീകരരെ നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണസംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെന്നും പറഞ്ഞാണ് ട്രംപ് അന്നു നിലപാട് പ്രഖ്യാപിച്ചത്.
1998ലെ യുഎസ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ടിനു കീഴിലുള്ള ഒരു ഔദ്യോഗിക വര്‍ഗീകരണമാണ് 'പ്രത്യേക ആശങ്കാജനകമായ രാജ്യം' എന്ന പദവി. ഒരു രാജ്യത്തിന്റെ സര്‍ക്കാര്‍ പ്രത്യേകിച്ച് ഗുരുതരമായ മതസ്വാതന്ത്ര്യലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയോ സഹിച്ചുനില്‍ക്കുകയോ ചെയ്യപ്പെടുന്നുണ്ടെങ്കില്‍ യുഎസ് പ്രസിഡന്റ് ഈ പദവി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. യുഎസ് സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നൈജീരിയയ്ക്ക് അമേരിക്കന്‍ പ്രഖ്യാപനം വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ഈ സഹായങ്ങളെല്ലാം ഭാവിയില്‍ പിന്‍വലിക്കപ്പെടും. നേരിട്ടുള്ള സൈനികനടപടി വന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. നൈജീരിയയിലും പശ്ചിമാഫ്രിക്കന്‍, സഹേല്‍ മേഖലകളിലും ഭീകരവാദം തടയുന്നതിന് പ്രാദേശികവും അന്തര്‍ദേശീയവുമായ സമീപനം ആവശ്യമാണ്. മള്‍ട്ടി നാഷണല്‍, ജോയിന്റ് ടാസ്‌ക് ഫോഴ്സ് പോലുള്ള സംഘടനകളെ ശക്തിപ്പെടുത്തുകയും വേണം.
കവര്‍സ്റ്റോറി
നൈജീരിയയിലെ ഈ ചോരപ്പുഴകള്‍ എന്തേ നിങ്ങള്‍ കാണുന്നില്ല?
അഡ്വ. വി. സി. സെബാസ്റ്റ്യന്‍
