•  Published From Palai
  •  Contact Us
  •  Previous Issues
  •  16 Oct 2025
  •  ദീപം 58
  •  നാളം 32
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • കാഴ്ചയ്ക്കപ്പുറം
    • നേര്‍മൊഴി
    • കളിക്കളം
    • ബാലനോവല്‍
    • കരുതാം ആരോഗ്യം
    • കടലറിവുകള്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഭീകരവാദികള്‍ ഒഴുക്കുന്ന രക്തപ്പുഴകള്‍ക്ക് നിറവ്യത്യാസമുണ്ടോ?

  • ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍
  • 16 October , 2025

    ഭീകരാക്രമണങ്ങളും യുദ്ധങ്ങളും ലോകത്ത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഇന്നു കൂടുതല്‍ ശക്തമാകുന്നു. ഭീകരവാദത്തിന്റെ താണ്ഡവങ്ങളില്‍ മരിച്ചുവീഴുന്ന നിരപരാധികളായ മനുഷ്യരെക്കുറിച്ച് വിലപിക്കാന്‍പോലും ശ്രമിക്കാതെ വിറങ്ങലിച്ചുനില്‍ക്കുന്ന വിചിത്രമനഃസാക്ഷിയുള്ളവരായി പൊതുസമൂഹം അധഃപതിക്കുമ്പോഴും പലസ്തീന്‍ ജനതയ്ക്കുമാത്രം ഐക്യദാര്‍ഢ്യവുമായി ചില സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നതിന്റെ പിന്നിലെന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഇസ്രയേലിന്റെ അക്രമത്തില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുംവേണ്ടി കേരളത്തിലെ ചില മതസംഘടനകളും ഇവരുടെ അരികുപറ്റി മുഖ്യരാഷ്ട്രീയപാര്‍ട്ടികളും ചില അവസരവാദികളും രംഗത്തെത്തിയിരിക്കുന്നത് ചിന്താശക്തയുള്ള പൊതുസമൂഹത്തില്‍ ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളുമുയര്‍ത്തുന്നു.
    പച്ചയായ മനുഷ്യനെ പിച്ചിച്ചീന്തി ജീവനെടുക്കുന്ന അതിക്രൂരത ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. എതിര്‍പ്പിന്റെ പിന്നില്‍ ജാതിയും മതവും രാഷ്ട്രീയവും ദേശവും നോക്കാതെ അന്തരാത്മാവിന്റെ ഉള്ളറകളില്‍നിന്നുയരുന്ന ആത്മാര്‍ത്ഥതയുണ്ടാകണമെന്നുമാത്രം. ഇസ്രയേല്‍ എന്ന രാജ്യം ഹമാസ് എന്ന മതഭീകരവാദപ്രസ്ഥാനത്തിനുനേരെ തുടരുന്ന അക്രമം മാത്രമേ എതിര്‍ക്കപ്പെടേണ്ടതുള്ളോ എന്ന ചോദ്യം പല കോണുകളില്‍ നിന്നുയരാന്‍ തുടങ്ങിയിരിക്കുന്നതു ചിന്തിക്കുന്ന ഒരു തലമുറ ഈ മണ്ണില്‍ ഇന്നും ജീവിക്കുന്നുവെന്നതിന്റെ സാക്ഷ്യവും തെളിവുമാണ്. സാംസ്‌കാരികനായകന്മാരെന്നു സ്വയം വീരവാദം മുഴക്കുന്നവര്‍പോലും മതഭീകരവാദത്തിനു കുടപിടിക്കുന്നവര്‍ക്കുമുന്നില്‍ അന്തസ്സും ആത്മാഭിമാനവും പണയംവെച്ചു മുട്ടുമടക്കുന്നതു നിര്‍ഭാഗ്യകരവും ദയനീയവുമാണ്. ഇതിന്റെ ബാക്കി പത്രമാണ് കേരളത്തില്‍ ചിലയിടങ്ങളിലും കൂടാതെ, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യം.
   ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ മരിച്ചുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യം മാത്രമായി ഇത്തരം ഒത്തുചേരലിനെ കാണാനാവുമോ? ഒരിക്കലുമില്ല. മറിച്ച്, ഭീകരവാദത്തെ വെള്ളപൂശി വെളുപ്പിക്കാനുള്ള അജണ്ടകള്‍ മാത്രമാണ് ഈ ഐക്യദാര്‍ഢ്യങ്ങള്‍ക്കു പിന്നിലുള്ളത്. ഭീകരവാദത്തിനെതിരെയുള്ള ജനകീയമുന്നേറ്റമെന്ന് അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും വിലപ്പോവില്ല. കാരണം, ഇസ്ലാം മതഭീകരവാദം അഴിഞ്ഞാടുന്നത് ഗാസയില്‍ മാത്രമല്ല. വിവിധ രാജ്യങ്ങളില്‍ മുസ്ലീം ഭീകരവാദ ക്രൂരതയില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ജീവന്‍ നഷ്ടപ്പെടുന്ന മനുഷ്യരുടെ രോദനങ്ങള്‍ മുഴങ്ങുകയും ഇതെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പങ്കുവയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ പലസ്തീനു മാത്രമായി ഐക്യദാര്‍ഢ്യം മുഴക്കുന്നതിനു പിന്നില്‍  ഹമാസ് എന്ന ഭീകരവാദസംഘത്തെ പലസ്തീന്‍ ജനതയുടെ മറവില്‍ സംരക്ഷിക്കുന്നതിന് തുല്യമാണ്.
ജനങ്ങള്‍ വിഡ്ഢികളല്ല
   2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിലേക്കു കടന്നുകയറി ആഘോഷങ്ങളില്‍ മുഴുകിയിരുന്ന ഒരു സമൂഹത്തെ ഒന്നടങ്കം ആക്രമിച്ച് 1200 ല്‍പ്പരം പേരെ ക്രൂരമായി പീഡിപ്പിച്ച് നിറതോക്കിനിരയാക്കി ക്രൂരമായി കൊല്ലുകയും 250 ല്‍ പ്പരംപേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തിന്റെ ഭീകരതാണ്ഡവം ആര്‍ക്കും മറക്കാനായിട്ടില്ല. തങ്ങളുടെ രാജ്യത്തുനിന്ന് ബന്ദികളാക്കി പിടിച്ചെടുത്തവരെ തിരികെ ലഭിക്കണമെന്ന ഇസ്രയേല്‍ ആവശ്യത്തിനുനേരെ ഹമാസ് മുഖംതിരിച്ചു നില്‍ക്കുമ്പോള്‍ സ്വന്തം പൗരന്മാരെ സംരക്ഷിക്കേണ്ട ഇസ്രയേല്‍ രാജ്യത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ് ഉറച്ച തീരുമാനങ്ങളില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലാതെ ആ രാജ്യം നിര്‍വ്വഹിക്കുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം പലസ്തീനികള്‍ക്കെതിരെയല്ല. മറിച്ച്, ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തിനെതിരെയാണ്. പലസ്തീന്റെ ഭരണം നിയന്ത്രിക്കുന്നത് ഹമാസാണെന്ന പരമാര്‍ഥം പലരും വിസ്മരിക്കുന്നു.
   2023 ഒക്ടോബര്‍ 7 ന് ഹമാസ് നല്‍കിയ അടിക്ക് തിരിച്ചടികള്‍ രണ്ടുവര്‍ഷമായിട്ടും നിലയ്ക്കാതെ തുടരുന്നു. പലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും മനുഷ്യകവചങ്ങളാക്കി ഹമാസ് നടത്തുന്ന ഒളിപ്പോരിനെ അപലപിക്കാതെയും എതിര്‍ക്കാതെയും ഇസ്രയേലിനെതിരെ മാത്രം വിരല്‍ ചൂണ്ടുന്നത്  ശരിയല്ല. ജൂതന്റെ കുഞ്ഞ് ഭീകരാക്രമണത്തില്‍ പിടഞ്ഞുമരിക്കുമ്പോള്‍ ആഹ്ലാദിക്കുക. ഗാസയിലെ കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെട്ട് മരണം വരിക്കുമ്പോള്‍ കരയുക; എന്തൊരു വിരോധാഭാസമാണ് ഈ വിചിത്രഭാവങ്ങള്‍? പലസ്തീനു വേണ്ടിയല്ല; മറിച്ച്, ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരന്തരം അഴിഞ്ഞാടുന്ന മതഭീകരവാദ സംഘങ്ങള്‍ക്ക് എതിരെയാണ് മനുഷ്യമനഃസാക്ഷി ഉണരേണ്ടത്. യൂറോപ്പിലെ സമാധാനരാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി കടന്നുചെന്നിട്ട് ആശ്രയം നല്‍കിയവരെ ആക്രമിച്ചു കീഴടക്കുന്ന മതഭീകരത എന്തേ നാം കാണാതെ പോകുന്നു? റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടരവേ ഈ യുദ്ധത്തില്‍ മരിച്ചുവീഴുന്നവരെയോര്‍ത്തു വിലപിക്കാനോ യുദ്ധം അവസാനിപ്പിക്കുവാനോ സമാധാനം നിലനിര്‍ത്തുവാനോ ശ്രമങ്ങള്‍ നടത്താന്‍ മടിക്കുന്നവര്‍ ഹമാസ് ഭീകരരെ വെള്ളപൂശുവാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ദുരുദ്ദേശം വളരെ വ്യക്തമാണ്. 
   ഭീകരവാദത്തെ നിക്ഷ്പക്ഷമായും സമതുലിതമായും നേരിടാനുള്ള ആര്‍ജവമാണ് വേണ്ടത്. ചിലതു കേള്‍ക്കുമ്പോള്‍ മാത്രം തിളയ്ക്കുകയും മറ്റു ചിലതു കേള്‍ക്കുമ്പോള്‍ തണുത്തുറയുകയും ചെയ്യുന്ന മതഭീകരാന്ധത സംശയാസ്പദമാണ്. പലസ്തീനികളുടെ മാത്രമല്ല, ഏതു രാജ്യത്തുള്ളവരുടെയും ജീവനും വിലയുണ്ടെന്നുള്ളത് ബോധപൂര്‍വം തമസ്‌കരിക്കുന്നവരെ ചോദ്യം ചെയ്യാന്‍ സാക്ഷരസമൂഹം മടിക്കുന്നതെന്ത്?
ഭീകരാക്രമണത്തിന്റെ ഇരകള്‍
   നൈജീരിയയില്‍ മുസ്ലീം ഭീകരര്‍ കൊന്നൊടുക്കിയ ക്രൈസ്തവരുടെ രക്തത്തിന്റെ നിറവും ചുവപ്പുതന്നെയാണ്. നൈജീരിയയിലെ ബെന്യു സംസ്ഥാനത്തുമാത്രം ഒറ്റദിവസം മുസ്ലീം ഭീകരസംഘം കൊലചെയ്തത് 200 ല്‍ പരം ക്രൈസ്തവരെയാണ്. ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ മൃഗീയമായി കൊലചെയ്യപ്പെട്ടവര്‍ പതിനായിരങ്ങള്‍. ക്രൈസ്തവവിശ്വാസികളാണ് എന്ന ഒറ്റക്കാരണത്താല്‍ മുസ്ലീം ഭീകരസംഘങ്ങളുടെ കിരാതമായ കൂട്ടക്കൊലകള്‍ക്ക് ഇരകളാകുന്നവരെ സ്മരിക്കാനും അവര്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ബോധപൂര്‍വം മറക്കുന്നവരുടെ പലസ്തീനിയന്‍ ഐക്യദാര്‍ഢ്യത്തിനുപിന്നില്‍ വന്‍ ആസൂത്രിതലക്ഷ്യങ്ങളുണ്ട്.
    ആഫ്രിക്കന്‍രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അല്‍ക്വയിദയെന്ന മുസ്ലീം ഭീകരസംഘടന ദിവസംതോറും ക്രൈസ്തവരെ കൊന്നൊടുക്കുന്നു. കോംഗോയില്‍ ഇസ്ലാമികസ്റ്റേറ്റിന്റെ ഘടകമായ ഭീകരവാദപ്രസ്ഥാനം കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു, അതിക്രൂരമായി ആവര്‍ത്തിച്ചു പീഡിപ്പിക്കുന്നു. സൊമാലിയയില്‍ അല്‍ ഷബാബ് എന്ന ഭീകരസംഘടനയുടെ നിഷ്ഠുര ആക്രമണത്തില്‍ ഒറ്റദിവസം ജീവന്‍ നഷ്ടപ്പെട്ടത് 100 ല്‍പരം മനുഷ്യര്‍ക്കാണ്. ഭീകരസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ വേറെയുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ പതിനായിരക്കണക്കിനു മനുഷ്യര്‍ മുസ്ലീം ഭീകരവാദികളാല്‍ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുന്നു. ജനലക്ഷങ്ങള്‍ ജീവനും ജീവിതവും നിലനിര്‍ത്താനായി പലായനം ചെയ്യുന്നു. അതിലേറെപ്പേര്‍ മരണം മുന്നില്‍കണ്ടു ജീവിക്കേണ്ട നിസ്സഹായാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പലസ്തീനോടുള്ള അനുഭാവം എന്തുകൊണ്ട് ഈ പാവങ്ങളോട് ഇവിടെ പലര്‍ക്കും ഉണ്ടാകുന്നില്ല?
   2025 ജൂണില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരാധനമധ്യേ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ നടത്തിയ നരനായാട്ടില്‍ മരിച്ചുവീണവരെ നാം മറന്നുവോ? നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ കത്തീദ്രലില്‍ ഈസ്റ്റര്‍ദിനത്തില്‍ അരങ്ങേറിയ ഭീകരതാണ്ഡവം നൂറില്‍പ്പരം ക്രൈസ്തവവിശ്വാസികളുടെ ജീവനെടുത്തിട്ടും പ്രതികരിക്കാത്തവര്‍ പലസ്തീനുവേണ്ടി മാത്രമായി കണ്ണീരൊഴുക്കുമ്പോള്‍ അപാകതയില്ലേ?
    അമേരിക്കയിലും ഓസ്ട്രേലിയയിലും ജര്‍മനിയിലും ഫ്രാന്‍സിലും ഇറ്റലിയിലുമായി ക്രൈസ്തവസ്‌കൂളുകളില്‍ നടന്ന വെടിവെയ്പുകള്‍, അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ വെടിവെച്ചുകൊന്ന ഭീകരത, കാര്‍ട്ടൂണിസ്റ്റ് സാമുവല്‍ പാറ്റിയെ വധിച്ചത്, തെരുവോര സംഘര്‍ഷങ്ങള്‍, ആള്‍ക്കൂട്ടത്തിലേക്കു കാറിടിപ്പിച്ചുള്ള അരുംകൊലകള്‍ തുടങ്ങി മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഭീകരവാദകൊലപാതകങ്ങള്‍ നിരന്തരം ലോകത്തുടനീളം ആവര്‍ത്തിക്കുമ്പോഴും കണ്ണടച്ച് അന്ധരായി അഭിനയിക്കുന്നവര്‍ ഗാസയുടെ പേരില്‍ മാത്രം കണ്ണീരൊഴുക്കുന്നതിന്റെ വികാരമെന്തെന്നു തിരിച്ചറിയുവാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കാകും.
ഒട്ടേറെ ഇസ്ലാമികഭീകരസംഘങ്ങളുടെ ഒത്താശയോടെ ലോകത്തുടനീളം അനുദിനം നടന്നുകൊണ്ടിരിക്കുന്ന ഭീകരവാദികളുടെ സംഹാരതാണ്ഡവത്തെ തമസ്‌കരിക്കാനുള്ള ഒരു അടവുതന്ത്രമായി മാത്രമേ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ കാണാനാവൂ. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള കുതന്ത്രമെന്നും ഇതിനെ പറയാം. ഇത്തരം ഭീകരവാദ അജണ്ടകളുടെ കുഴലൂത്തുകാരായി മാധ്യമങ്ങളും ഒരു പരിധിവരെ അധഃപതിച്ചിരിക്കുന്നു. ചില പ്രമുഖ മാധ്യമങ്ങള്‍ ഭീകവാദസംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നുള്ളത് സാധാരണ ജനസമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വിലയ്ക്കുവാങ്ങിയ മാധ്യമങ്ങളുടെ വായ്മൊഴികളും വരമൊഴികളും മാത്രം കേട്ട് ആഗോളതലത്തില്‍ ആസൂത്രിതമായി അരങ്ങേറുന്ന ഭീകരവാദത്തെ വിലയിരുത്തരുത്. ഇന്നിന്റെ ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദ കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ചത് ഇറാക്കില്‍ നടന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സംഹാരതാണ്ഡവമാണ്. നാലുലക്ഷത്തോളം യസീദി ക്രൈസ്തവരെ അതിക്രൂരമായി കൊന്നൊടുക്കിയും, പീഡിപ്പിച്ചും, അരങ്ങേറിയ ഐഎസ് ഭീകരതയ്ക്കെതിരേ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ മനഃസാക്ഷി മരവിച്ചവരുടെ പുത്തന്‍ കുതന്ത്രങ്ങള്‍ തിരിച്ചറിയണം.
കേരളം മാറുന്നു
    പതിറ്റാണ്ടുകളായി കേരളസമൂഹം നെഞ്ചിലേറ്റുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍പോലും ഭീകരവാദികള്‍ക്കുമുമ്പില്‍ വോട്ടുരാഷ്ട്രീയത്തിന്റെ പേരില്‍ മുട്ടുമടക്കുന്ന ദയനീയ കാഴ്ച കണ്‍മമ്പിലുള്ളപ്പോള്‍ ഈ മണ്ണിലും ഭീകരര്‍ വരുംനാളുകളില്‍ അഴിഞ്ഞാടുമെന്നുറപ്പാണ്. അരിയും മലരും കുന്തിരിക്കവും കരുതിക്കൊള്ളാന്‍ വിളിച്ചുപറയുന്ന ബാലന്റെ ചിത്രം സാക്ഷരസമൂഹത്തിനു നല്‍കന്നത് വരാനിരിക്കുന്ന ഭീകരവാദ മുന്നറിയിപ്പാണ്. ഭീകരവാദത്തിന്റെ സ്ലീപ്പിങ് സെല്ലുകള്‍ കേരളത്തിലുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും യുണൈറ്റഡ് നേഷന്‍സുമാണ്. വഖഫ് നിയമഭേദഗതിക്കെതിരേ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗമായ എസ്ഐഒയും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള ഉപരോധത്തില്‍ തീവ്രവാദപ്രസ്ഥാനങ്ങളായ മുസ്ലീംബ്രദര്‍ഹുഡ്, ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തപ്പെട്ടത് നല്‍കുന്ന സൂചനകളും കാണാതെ പോകരുത്. ആഗോളഭീകരതയുടെ വിത്തുല്‍പാദനകേന്ദ്രമെന്നറിയപ്പെടുന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ ഉല്‍പന്നമാണ് ഹമാസ്. ഇവര്‍ നിയന്ത്രിക്കുന്ന ഭരണമാണ് പലസ്തീനിലുള്ളത്. കുട്ടികളെയും സ്ത്രീകളെയും കവചങ്ങളാക്കിയുള്ള ഇവരുടെ ഭീകരതയാണ് ചോദ്യം ചെയ്യപ്പെടേണ്ടതും. ഈ ആഗോള മതഭീകരതയ്ക്കെതിരെ കൈകോര്‍ക്കാന്‍ ഇന്നിന്റെ മനുഷ്യമനഃസാക്ഷി ഉണരട്ടെ.
    ഹമാസിന്റെ ലക്ഷ്യം വംശഹത്യയാണ്. യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് അന്തിമലക്ഷ്യമെന്ന് ഹമാസ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. യഹൂദരെയും ക്രൈസ്തവരെയും ഭൂലോകത്തുനിന്ന് ഉന്മൂലനം ചെയ്യുകയെന്ന അന്ത്യലക്ഷ്യത്തിലെത്താനുള്ള ചുവടുവയ്പുകള്‍ മാത്രമാണ് വിവിധ രാജ്യങ്ങളിലിപ്പോള്‍ അരങ്ങേറുന്ന ഭീകരാക്രമണങ്ങള്‍. മുല്ലപ്പൂവിപ്ലവത്തിന്റെ രൂപത്തില്‍ മധ്യപൂര്‍വദേശങ്ങളില്‍ തകര്‍ത്താടുന്ന ഭീകരവാഴ്ച സൃഷ്ടിച്ച മനുഷ്യപലായനം ഇന്നു പ്രധാനമായും വിഴുങ്ങിയിരിക്കുന്നത് യൂറോപ്യന്‍രാജ്യങ്ങളെയാണ്. യൂറോപ്യന്‍ജനതയുടെ കരുണയും അനുകമ്പയും സമ്പത്തും അവസരമാക്കി അഭയാര്‍ഥികളോടൊപ്പം മുസ്ലീം ഭീകരവാദികളും ചേക്കേറി ഈ രാജ്യങ്ങളില്‍ ഇന്ന് അഴിച്ചുവിടുന്ന കൊടുംക്രൂരതകള്‍ ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നു.
    മതഭീകരതയുടെ അടുത്ത നാളുകളിലെ ഇരയാണ് അമേരിക്കയില്‍ വെടിയേറ്റു മരിച്ച ചാള്‍സ് കിര്‍ക്ക് എന്ന യുവസുവിശേഷകന്‍. അഭയാര്‍ഥിപലായനവും ഭീകരവാദഅജണ്ടകളും ശരിയത്ത് ഭരണം നടത്തുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കു നടക്കുന്നില്ലെന്നുള്ളതും പ്രത്യേകം കൂട്ടിവായിക്കേണ്ടതാണ്. യു എ ഇ, ബഹ്റൈന്‍ തുടങ്ങി ആറ് ഗള്‍ഫ് രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത് ഒരു പരിധിവരെ സമാധാനത്തിന്റെ പാതകളാണ്. പല ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലുമായി നല്ല ബന്ധത്തിലുമാണ്. യു എ ഇ യും ഇസ്രയേലുമായി ഒപ്പിട്ട് അംഗീകരിച്ച എബ്രാഹം ഉടമ്പടിയും വ്യാപാരബന്ധങ്ങളും ഇതിന് ഉദാഹരണം. കഴിഞ്ഞ മാസം ഖത്തറിലേക്ക് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം ഖത്തറിനെതിരെയായിരുന്നില്ല. ഖത്തറില്‍ തമ്പടിച്ചിരിക്കുന്ന ഹമാസ് നേതൃത്വത്തിലെ ഉന്നതരെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഹൂതികളുടെ ഭീഷണി നിരന്തരം നേരിടുന്ന സൗദി അറേബ്യയും ഹമാസിനെ അനുകൂലിക്കുന്നില്ല. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഈ 6 മുസ്ലീം രാജ്യങ്ങള്‍ക്കുമില്ലാത്ത ആകൂലതയാണ് കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും ചില മുസ്ലീം സമുദായ സംഘടനകള്‍ക്കുമെന്നത് പരാമര്‍ശിക്കാതെ തരമില്ല. മുന്‍ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ലോകത്ത് ഒരിടത്തുമാത്രമേ ദുഃഖാചരണമുണ്ടായുള്ളൂ. അത് ബന്ദിന്റെ രൂപത്തില്‍ സാക്ഷരകേരളത്തില്‍ മാത്രമാണ്. ഇതെല്ലാം നല്‍കുന്ന സൂചനകള്‍ ഭാവിയില്‍ സൃഷ്ടിക്കാവുന്ന ഭീകരവാദവെല്ലുവിളികളെ വൈകിയ വേളയിലെങ്കിലും തിരിച്ചറിയാന്‍ അറിവും വിദ്യാഭ്യാസവും വിവരവുമുള്ളവരെന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്കാകണം.
ഭീകരത തുടച്ചുനീക്കണം
    ഭീകരവാദ അജണ്ടകളെ വെള്ളപൂശി വെളുപ്പിച്ചെടുക്കുകയല്ല; മറിച്ച് അറത്തുമാറ്റി തുടച്ചുനീക്കുകയാണു വേണ്ടത്. സംഘടിത ഭീകരതയുടെ മറവില്‍ എന്തുമാകാമെന്ന അവസ്ഥയിലേക്കു സാക്ഷരകേരളം ഓരോ ദിവസവും ക്രമേണ വഴുതിമാറുന്നത് ഭയമുളവാക്കുന്നു. സമാധാനം പ്രസംഗിക്കുന്ന മതങ്ങളില്‍ മാത്രമല്ല; രാഷ്ട്രീയസാമൂഹികഭരണസംവിധാനങ്ങളിലുടനീളം ഇത്തരം ഭീകരപ്രസ്ഥാനങ്ങള്‍ വിവിധ രീതികളില്‍ പിടിമുറുക്കിയിരിക്കുന്നതു നിസ്സാരവല്‍ക്കരിക്കരുത്. ഗാസയിലെ പലസ്തീനികള്‍ മാത്രമല്ല, അഫ്ഗാനിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, സിറിയ, യെമന്‍, സൊമാലിയ, മാലി, നൈജീരിയ, കാമറൂണ്‍, സുഡാന്‍, ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ മതഭീകരതയുടെ സംഘടിത ആക്രമങ്ങളില്‍ മരിച്ചുവീഴുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ നമ്മുടെ സഹോദരരാണെന്നുള്ളതു ബോധപൂര്‍വം വിസ്മരിക്കുന്നതു ശരിയല്ല.
     ഭീകരാക്രമണത്തിന് ഇരകളാകുന്നവരുടെ മതവിശ്വാസങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകാം. കറുപ്പും വെളുപ്പുമുള്‍പ്പെടെ ശരീരനിറങ്ങള്‍ വ്യത്യസ്തങ്ങളാകാം. ഭാഷയും സംസ്‌കാരവും രാഷ്ട്രീയവും വിഭിന്നങ്ങളുമാകാം. എന്നാല്‍, ഇവരുടെയെല്ലാം അഥവാ നമ്മുടെയെല്ലാം ശരീരത്തിലെ സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് ഒരു നിറമാണ്. മനുഷ്യരെ കൊന്നൊടുക്കി രക്തപ്പുഴയൊഴുക്കുന്ന ഭീകരവാദികള്‍ക്കെതിരെയായിരിക്കണം മതവും വര്‍ഗവും വര്‍ണവും ജാതിയും രാഷ്ട്രീയവും നോക്കാതെ പൊതുസമൂഹം ഒന്നുചേരേണ്ടത്. വര്‍ഗീയവിഷം ചീറ്റുന്ന മതഭീകരവാദത്തെ പുല്‍കുന്ന ദുഷ്ടശക്തികളെ ഒറ്റപ്പെടുത്തുവാനും അവര്‍ക്കെതിരെ വിരല്‍ ചൂണ്ടുവാനും നമുക്കു കൈകോര്‍ക്കാം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)