കൈനിറയെ ചെമ്പകപ്പൂക്കളുമായി അമ്മാളു ഉണ്ണീരിയമ്മയുടെ അടുത്തെത്തി. ഒരു ചെമ്പകപ്പൂ കൈയിലെടുത്ത് അതിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ട് ഉണ്ണീരിയമ്മ ചോദിച്ചു: ''എവിടെ നിന്റെ കൂട്ടുകാര്‍?''
''കുഞ്ഞുണ്ണിയും ജോണിക്കുട്ടിയും കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോയി ഉണ്ണിയമ്മേ'' - അവള്‍ മറുപടി പറഞ്ഞു.
അപ്പോഴാണ് ഇട്ടിണ്ടാന്‍ അതുവഴി വരുന്നത്.
''ഉണ്ണിയമ്മേ എനിക്കൊരു കഥ കേള്‍ക്കണം'' അവന്‍ പറഞ്ഞു.
കഥ എന്നു കേട്ടപ്പോള്‍ അമ്മാളുവിനും ഉത്സാഹം.
''ശരി, അങ്ങനെയെങ്കില്‍ ഒരു കഥ പറയാം, ചെമ്പകമരത്തിലെ ഭൂതത്തിന്റെ കഥ'' ഉണ്ണീരിയമ്മ പറഞ്ഞു.
''ഭൂതമോ അയ്യോ, എനിക്ക് പേടിയാണ്'' ഇട്ടിണ്ടാന്‍ പറഞ്ഞു.
അങ്ങനെയങ്ങു ഭയന്നാലോ, ഏതായാലും കഥ കേട്ടു നോക്കൂ''
ഉണ്ണീരിയമ്മ കഥ പറഞ്ഞു തുടങ്ങി:
പണ്ട് ഒരു ഗ്രാമത്തില്‍ വികൃതിയായ ഒരു ബാലന്‍ ഉണ്ടായിരുന്നു. നരേന്ദ്രന്‍ എന്നായിരുന്നു അവന്റെ പേര്. ഗ്രാമത്തിലെ കുട്ടികളോടൊപ്പം ഒരു ചെമ്പകമരത്തിന്റെ ചുവട്ടിലാണ് അവര്‍ കളിച്ചിരുന്നത്. മണ്ണപ്പം ഉണ്ടാക്കിയും കണ്ണുപൊത്തി കളിച്ചും മറ്റു കുട്ടികള്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നരേന്ദ്രന്‍ ആകട്ടെ ചെമ്പകമരത്തിന്റെ ഉയരത്തിലുള്ള ഒരു ശിഖരത്തില്‍ തലകീഴായി കിടന്ന് സാഹസിക പ്രകടനം നടത്തി. നരേന്ദ്രന്റെ ധൈര്യം കണ്ട് ബാക്കിയുള്ള കുട്ടികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. നരേന്ദ്രന്‍ കൂടുതല്‍ ഉയരത്തിലുള്ള മറ്റൊരു ശിഖരത്തില്‍ കയറി തന്റെ വിനോദം തുടര്‍ന്നു. എല്ലാ ദിവസങ്ങളിലും നരേന്ദ്രന്‍ സാഹസിക വിനോദം അരങ്ങേറി.
ഒരിക്കല്‍ ഒരു വൃദ്ധന്‍ ചെമ്പകമരത്തിന്റെ ചുവട്ടിലൂടെ നടന്നുപോവുകയായിരുന്നു. പെട്ടെന്നാണ് നരേന്ദ്രനെ സാഹസികപ്രകടനം അയാള്‍ ശ്രദ്ധിച്ചത്. അപകടകരമാംവിധത്തില്‍ ഒരു കൊച്ചുബാലന്‍ നടത്തുന്ന സാഹസികവിനോദം അയാളില്‍ ഭയം ജനിപ്പിച്ചു. അയാള്‍ കുട്ടികളെല്ലാം അടുത്തേക്കു വിളിച്ചു. എന്നിട്ട് നരേന്ദ്രനോടായി പറഞ്ഞു:
''ഈ ചെമ്പകമരത്തില്‍ ഒരു ഭൂതത്താനുണ്ട്. വര്‍ഷങ്ങളായി ഭൂതത്താന്റെ വാസസ്ഥലമാണ് ഈ ചെമ്പകമരം. ഈ മരത്തില്‍ കയറുന്ന കുട്ടികളെ അവന്‍ പിടിച്ചു കൊണ്ടുപോയി കഴുത്ത് ഒടിച്ചുകളയും. അതുകൊണ്ട് ഒരു കാരണവശാലും ചെമ്പകമരത്തില്‍ കയറരുത്.'' നരേന്ദ്രന്‍ തലയാട്ടി സമ്മതിച്ചു. കുട്ടികള്‍ക്കെല്ലാം ഭയമായി. താന്‍ പറഞ്ഞത് കുട്ടികള്‍ വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ വൃദ്ധന്‍ അവിടെനിന്നു യാത്രയായി.
വൃദ്ധന്‍ പോയി അല്പസമയം കഴിഞ്ഞപ്പോള്‍ നരേന്ദ്രന്‍ തന്റെ പഴയ കുസൃതി വീണ്ടും ആരംഭിച്ചു. ഭൂതത്താന്‍ നരേന്ദ്രനെ പിടിക്കുന്നതു കാണാന്‍ കഴിയാതെ ഒന്നു രണ്ടു കുട്ടികള്‍ ഓടിപ്പോയി. മറ്റുള്ളവര്‍ ഭയത്തോടെ നരേന്ദ്രന്റെ സാഹസികത നോക്കിനിന്നു.
നേരം കുറെ കഴിഞ്ഞിട്ടും ഒരു ഭൂതത്താനും വന്നില്ല. കുറച്ചുകഴിഞ്ഞ് നരേന്ദ്രന്‍ ചെമ്പകമരത്തില്‍നിന്നും ഇറങ്ങിവന്നു.
''നരേന്ദ്രാ, നിനക്ക് ഭയം ആകുന്നില്ലേ'' മറ്റു കുട്ടികള്‍ അവനോടു ചോദിച്ചു.
ഒരു പുഞ്ചിരിയോടുകൂടെ അവന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
''ഭൂതത്താന്‍ ഈ ചെമ്പക മരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ മുന്നേ എന്നെ അവന്‍ പിടിക്കുമായിരുന്നു. എത്രവട്ടം എന്റെ കഴുത്ത് ഒടിക്കുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും വരാത്ത ഭൂതത്താന്‍ ഇന്ന് എങ്ങനെ വരാനാണ്. അയാള്‍ കള്ളം പറഞ്ഞതാണ്. കേള്‍ക്കുന്നതെല്ലാം അപ്പാടെ വിശ്വസിക്കരുത്. യുക്തിപൂര്‍വം ചിന്തിക്കണം. അല്ലെങ്കില്‍ നമ്മള്‍ കബളിപ്പിക്കപ്പെടും.''
നരേന്ദ്രന്‍ പറഞ്ഞതുകേട്ടു കുട്ടികള്‍ക്ക് ആശ്വാസമായി.
പക്ഷേ, താന്‍ ചെയ്യുന്ന അപകടകരമായ സാഹസികതയില്‍നിന്നു തന്നെ പിന്തിരിപ്പിക്കാന്‍വേണ്ടി പറഞ്ഞ കഥയാണ് ഇതെന്ന് നരേന്ദ്രനു ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ ചെമ്പകമരത്തില്‍ കയറിയില്ല.
''എങ്കില്‍ ഇനി ഒരു ചോദ്യം.'' - അമ്മാളുവിനോടും ഇട്ടിണ്ടാനോടുമായി ഉണ്ണീരിയമ്മ പറഞ്ഞു.
''ഈ കുസൃതിക്കാരനായ നരേന്ദ്രന്‍ ലോകമറിയുന്ന ഒരു ഇന്ത്യക്കാരനാണ്. നേരത്തേയും ഞാന്‍ നരേന്ദ്രന്റെ കഥ പറഞ്ഞിട്ടുണ്ട്. എങ്കില്‍ ആരാണ് നരേന്ദ്രന്‍?''
ഒന്ന് ആലോചിക്കുകകൂടി ചെയ്യാതെ അമ്മാളു ഉത്തരം പറഞ്ഞു...
''സ്വാമി വിവേകാനന്ദന്‍.''
ഉണ്ണീരിയമ്മയും ഇട്ടിണ്ടാനും കൈയടിച്ചുകൊണ്ട് അമ്മാളുവിനെ അഭിനന്ദിച്ചു.