കുഞ്ഞുണ്ണിയും അമ്മാളുവും ജോണിക്കുട്ടിയും വീട്ടുമുറ്റത്തെ മാവിന്‍ചുവട്ടില്‍ കണ്ണുപൊത്തിക്കളിക്കുകയായിരുന്നു. ഒരു തുണികൊണ്ട് കണ്ണു മൂടിക്കെട്ടിയാണു കളി. ജോണിക്കുട്ടിയുടെ കണ്ണായിരുന്നു ആദ്യം കെട്ടിയത്.
വണ്‍...ടു.... ത്രീ... സ്റ്റാര്‍ട്ട്...
കളി തുടങ്ങി.
നിമിഷങ്ങള്‍ക്കകം അമ്മാളു ജോണിക്കുട്ടിയുടെ പിടിയില്‍ വീണു. ഇനി അമ്മാളുവിന്റെ കണ്ണു കെട്ടണം..
വണ്‍.. ടു...ത്രീ... സ്റ്റാര്‍ട്ട്..
വിരുതന്‍മാരായ ജോണിക്കുട്ടിയും കുഞ്ഞുണ്ണിയും അമ്മാളുവിനു പിടിത്തം കൊടുക്കാതെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. പാവം അമ്മാളു... മാവിന്റെ വേരില്‍ തട്ടി അവള്‍ വീണു.
അമ്മാളുവിന്റെ കരച്ചില്‍ കേട്ടാണ് ഉണ്ണീരിയമ്മ അവിടെ എത്തുന്നത്. അവളെ ആശ്വസിപ്പിച്ച ശേഷം നാലുപേരും മാവിന്‍ചുവട്ടിലിരുന്നു.
'കാഴ്ചയില്ലെങ്കില്‍ എന്തൊരു പാടാണ് അല്ലേ?' - അമ്മാളു പറഞ്ഞു.
'കണ്ണു കാണാത്തവരുടെ ലോകം എത്ര ഇരുട്ടു നിറഞ്ഞതാവും' - ജോണിക്കുട്ടി അവളോടൊപ്പം ചേര്‍ന്നു.
'മനോഹരമായ കാഴ്ചകള്‍ കാണാന്‍ നമുക്കു കണ്ണുകളുണ്ട്. സുന്ദരശബ്ദങ്ങള്‍ കേള്‍ക്കാന്‍ കാതുകളുണ്ട്.. എന്നാല്‍, കാഴ്ചയും കേള്‍വിയുമില്ലാതെ വിജയം വരിച്ചവരുണ്ട്.'
ഉണ്ണീരിയമ്മ പറഞ്ഞതു കേട്ട് മൂവരും ഒരുമിച്ചു ചോദിച്ചു,
'അതാരാണ് ഉണ്ണിയമ്മേ?'
'നിങ്ങള്‍ ഹെലന്‍ കെല്ലറെപ്പറ്റി കേട്ടിട്ടുണ്ടോ?'
'ഇല്ല.'
'എങ്കില്‍ ഇന്നത്തെ കഥ ഹെലന്‍ കെല്ലറെക്കുറിച്ച് ആവാം. എന്തു പറയുന്നു?'
മൂവരും തലയാട്ടി സമ്മതിച്ചു.
ഒന്നര വയസ്സുവരെ നമ്മെപ്പോലെ കാണാനും കേള്‍ക്കാനും ഹെലന്‍ കെല്ലറിനു കഴിയുമായിരുന്നു. എന്നാല്‍, ഒന്നര വയസ്സുള്ളപ്പോള്‍ അവള്‍ക്ക് കലശലായ പനി ബാധിച്ചു. ആ പനി കവര്‍ന്നെടുത്തത് അവളുടെ കാഴ്ചയും കേള്‍വിയുമാണ്. അന്നുമുതല്‍ പൂക്കളും പൂമ്പാറ്റകളും അവളുടെ കാഴ്ചയുടെ ലോകത്തു നിന്ന് അപ്രത്യക്ഷമായി. അമ്മയുടെ താരാട്ടോ കിളികളുടെ പാട്ടുകളോ അവള്‍ കേട്ടതേയില്ല. കാഴ്ചകൊണ്ടും കേള്‍വികൊണ്ടും അറിയാന്‍ കഴിയുന്ന ലോകം അവള്‍ക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു. മകളുടെ അവസ്ഥ അവളുടെ അച്ഛനെയും അമ്മയെയും തീരാദുഃഖത്തിലാഴ്ത്തി. തങ്ങളുടെ കാലശേഷം ഹെലന്‍ എങ്ങനെ ജീവിക്കും എന്ന ചിന്ത അവരുടെ ഉറക്കം നഷ്ടപ്പെടുത്തി.
തനിക്കു ചുറ്റുമുള്ള ലോകവുമായി ബന്ധപ്പെടാന്‍ അവളെ എങ്ങനെ പഠിപ്പിക്കും? അവളെ പഠിപ്പിക്കാന്‍ പറ്റുന്ന അധ്യാപകരെ അവര്‍ അന്വേഷിച്ചു. പല അധ്യാപകരും വന്നെങ്കിലും കുഞ്ഞുഹെലന്റെ ഉള്ളിലേക്കു കയറിച്ചെല്ലാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മഹാനായ അലക്‌സാണ്ടര്‍ ഗ്രഹാംബല്‍ വഴിയാണ് ഒരു അധ്യാപികയെ അവര്‍ കണ്ടെത്തുന്നത്.
'ഗ്രഹാംബെല്ലോ, അതാരാണ് ഉണ്ണിയമ്മേ?'- കഥ പറച്ചിലിന് ഇടയില്‍കയറി ചോദിച്ചത് അമ്മാളുവായിരുന്നു.
'ടെലിഫോണ്‍ കണ്ടുപിടിച്ചത് അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലാണ്.'
ഉണ്ണീരിയമ്മ കഥ തുടര്‍ന്നു...
ആനി സള്ളിവന്‍ എന്നായിരുന്നു ആ അധ്യാപികയുടെ പേര്. സള്ളിവന്‍ ഒരു പാവക്കുട്ടിയെ ഹെലനു സമ്മാനമായി നല്‍കി. ആദ്യമൊക്കെ സള്ളിവനോട് ഹെലന്‍ സഹകരിച്ചതേയില്ല. തന്റെ അധ്യാപികയെ ഹെലന്‍ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാം സഹിച്ചുകൊണ്ട് ആനി സള്ളിവന്‍ ശ്രമം തുടര്‍ന്നു. പതിയെപ്പതിയെ കുഞ്ഞുഹെലന്റെ ലോകത്തേക്ക് ആ അധ്യാപിക കടന്നുചെന്നു. ഓരോ വസ്തുവിനെയും അവളുടെ വിരലുകള്‍കൊണ്ടു സ്പര്‍ശിപ്പിച്ചശേഷം കൈത്തണ്ടയില്‍ അതിന്റെ പേര് സള്ളിവന്‍ എഴുതി. വെള്ളത്തില്‍ തൊട്ടശേഷം വാട്ടര്‍ എന്ന് എഴുതി. അങ്ങനെ ലോകത്തുള്ള എല്ലാത്തിനും പേരുണ്ട് എന്ന് ഹെലന്‍ മനസ്സിലാക്കി. അതിബുദ്ധിമതിയായിരുന്ന ഹെലന്‍ പുതിയ പഠനരീതിയോടു പൊരുത്തപ്പെട്ടു. തന്റെ അധ്യാപികയിലൂടെ അവള്‍ ലോകത്തെ തൊട്ടറിഞ്ഞു. അന്ധരായവര്‍ക്കുള്ള ബ്രെയിലി ലിപി പഠിച്ചെടുത്തു. സംസാരിക്കുവാനും അവള്‍ പരിശീലനം നടത്തി. അങ്ങനെ അരനൂറ്റാണ്ടോളം ആനി സള്ളിവന്‍ എന്ന അധ്യാപിക ഹെലന്റെ കാഴ്ചയും കേള്‍വിയുമായി മാറി. അന്ധയും ബധിരയുമായ ഹെലന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം നേടി. മികച്ച പ്രഭാഷികയായി മാറി. അന്ധരുടെയും ബധിരരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടി.
അന്ധരായവര്‍ക്കുവേണ്ടി ഹെലന്‍ കെല്ലര്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന രൂപീകരിച്ചു. ഇച്ഛാശക്തികൊണ്ട് തന്റെ പരിമിതികളെ അതിജീവിച്ച ഹെലന്‍ കെല്ലര്‍ മനുഷ്യാവകാശപ്രവര്‍ത്തികയും എഴുത്തുകാരിയും പ്രഭാഷികയുമൊക്കെയായി മാറി. 'ദി സ്റ്റോറി ഓഫ് മൈ ലൈഫ്' അവരുടെ ആത്മകഥയാണ്.
അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' ഹെലന്‍ കെല്ലറിനെ തേടിയെത്തി. ലോകം കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളില്‍ ഒരാളായ ഹെലന്‍ കെല്ലര്‍ 1968 ല്‍ അന്തരിച്ചു.
'അങ്ങനെയെങ്കില്‍, കാഴ്ചയും കേള്‍വിയുമുള്ള നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും അല്ലേ ഉണ്ണിയമ്മേ?' കുഞ്ഞുണ്ണി ചോദിച്ചു.
'അതേ, ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ എല്ലാ പരിമിതികളെയും അതിജീവിച്ച് നമുക്കു വിജയം നേടാന്‍ കഴിയും.' ഉണ്ണിരിയമ്മ കൂട്ടിച്ചേര്‍ത്തു.