''ഗാസയിലെ യുദ്ധം അവസാനിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ് സന്തോഷംകൊണ്ടു ശ്വാസംമുട്ടുകയാണ്. എന്റെ മകന്‍ ഉടനെ മടങ്ങിവരും, അവനുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.''
2023 ഒക്‌ടോബര്‍ 7 മുതല്‍ ഹമാസ് ഭീകരരുടെ തടവില്‍ക്കഴിയുന്ന മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അമ്മ ഐയ്‌നാവിനെ ടെല്‍ അവീവ് നഗരത്തിലെ ''ഹോസ്റ്റേജ് ചത്വര''ത്തില്‍ കണ്ടുമുട്ടിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ വാക്കുകളാണു മേലുദ്ധരിച്ചത്.
''വെടിനിര്‍ത്തലിനും രക്തച്ചൊരിച്ചിലിനും അന്ത്യംകുറിച്ച ദൈവത്തോടു നന്ദിയുണ്ട്'', ഖാന്‍ യൂനിസിലെ അബ്ദുള്‍ മജിദിന് സന്തോഷം അടക്കാനാവുന്നില്ല. രണ്ടു വര്‍ഷത്തെ രൂക്ഷമായ പോരാട്ടങ്ങള്‍ക്കുശേഷം ഗാസയിലെ തീമഴ നിലയ്ക്കുമെന്ന വാര്‍ത്ത കേട്ടപ്പോള്‍ നമ്മുടെ മനസ്സുകളിലും ആശ്വാസകിരണങ്ങള്‍ തെളിയുന്നു.
സെപ്റ്റംബര്‍ 29 ലെ ട്രംപിന്റെ ഇരുപതിന സമാധാനപദ്ധതിയുടെ ആദ്യഘട്ടമാണ് പ്രാബല്യത്തിലാകുന്നത്. മൂന്നാം ലോകയുദ്ധത്തിലേക്കു വഴിമാറിയേക്കുമോയെന്നു ഭയപ്പെട്ട വലിയൊരു സംഘര്‍ഷത്തിനാണ് അയവുവന്നത്. എട്ടു മാസത്തെ നിരന്തരമായ നയതന്ത്രനീക്കങ്ങള്‍ക്കൊടുവില്‍ പശ്ചിമേഷ്യയിലെ സമാധാനശില്പിയെന്നു ട്രംപിനു പേരുകിട്ടി. അറബ്‌രാജ്യങ്ങള്‍ക്കുകൂടി താത്പര്യവും പങ്കാളിത്തവുമുള്ള ഒരു സമാധാനപദ്ധതിയായിരുന്നു ട്രംപ് മുന്നോട്ടുവച്ചത്. അമേരിക്കന്‍മേധാവിത്വം ഉറപ്പിക്കുക മാത്രമല്ല, ഇസ്രയേലിന്റെ താത്പര്യങ്ങള്‍കൂടി സംരക്ഷിക്കാനും ട്രംപിനു കഴിഞ്ഞു.
ഇസ്രയേലും ഹമാസ്‌നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലംകണ്ടത് ലോകത്തോട് ആദ്യം വെളിപ്പെടുത്തിയ ട്രംപിന്റെ പ്രഖ്യാപനം ഇപ്രകാരമായിരുന്നു: ''ഇസ്രയേലും ഹമാസും സമാധാനപദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. ബന്ദികള്‍ ഉടന്‍ മോചിതരാകും. ഇസ്രയേല്‍ സൈന്യം കരാര്‍പ്രകാരമുള്ള മേഖലയിലേക്കു പിന്‍വാങ്ങും. ഇസ്രയേലിനും അറബ് സമൂഹത്തിനും യു എസിനും ഇതു മഹത്തായ ദിനമാണ്. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നും എത്തിയ മധ്യസ്ഥര്‍ക്കു നന്ദി പറയുന്നു.''
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയ്ക്കു സമീപമുള്ള ഷാം എല്‍ ഷെയ്ക്കില്‍ കഴിഞ്ഞ തിങ്കളാഴ്ചമുതല്‍ നടക്കുന്ന ചര്‍ച്ചകളാണ് വിജയംകണ്ടത്. അടിയന്തരമായി വിളിച്ചുചേര്‍ത്ത ഇസ്രയേല്‍ ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ 24 മണിക്കൂറിനകം വെടി നിര്‍ത്തുമെന്നും, അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍സൈന്യം ഗാസയില്‍നിന്നു പിന്മാറുമെന്നും, സേനാപിന്മാറ്റം പൂര്‍ത്തിയായി 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ മോചിപ്പിക്കുമെന്നുമാണ് ധാരണ. കരാര്‍പ്രകാരം ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ബന്ദികളെയും മരിച്ചുപോയി എന്നു വിശ്വസിക്കപ്പെടുന്ന 28 പേരുടെ മൃതദേഹങ്ങളും വിട്ടുനല്‍കണം. ഒരു ബന്ദിയുടെ മൃതദേഹാവശിഷ്ടത്തിനു പകരമായി 15 എന്ന കണക്കില്‍ ഗാസക്കാരുടെ മൃതദേഹങ്ങളും വിട്ടുനല്കും. ബന്ദികള്‍ക്കുപകരം 250 ജീവപര്യന്തം തടവുകാരെയും, 2023 ഒക്‌ടോബര്‍ ഏഴിനുശേഷം ജയിലിലടച്ച സ്ത്രീകളും കുട്ടികളുമടങ്ങിയ 1,700 ഓളം ഗാസക്കാരെയും ഇസ്രയേല്‍ വിട്ടയയ്ക്കും. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നുകഴിയുമ്പോള്‍ പ്രതിദിനം 400 ട്രക്കു സഹായവസ്തുക്കളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 600 ട്രക്കുകളും ഗാസയിലേക്കു കടത്തിവിടും. യുദ്ധാനന്തരഗാസയുടെ ഭരണച്ചുമതല രാഷ്ട്രീയചായ്‌വില്ലാത്ത ഒരു സര്‍ക്കാരിനു കൈമാറാനും ധാരണയായിട്ടുണ്ട്. 'ബോര്‍ഡ് ഓഫ് പീസ്' എന്നു പേരിട്ട അന്താരാഷ്ട്രസമിതിയുടെ അധ്യക്ഷസ്ഥാനം യു എസ് പ്രസിഡന്റു വഹിക്കും. മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, പ്രമുഖരാഷ്ട്രത്തലവന്മാര്‍ എന്നിവര്‍ രാജ്യാന്തരകൗണ്‍സിലിലെ അംഗങ്ങളുമായിരിക്കും. ഗാസയുടെ പുനര്‍നിര്‍മാണത്തിനു രൂപരേഖ തയ്യാറാക്കുന്നതും, ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും ഈ സമിതിയായിരിക്കും. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ഒരു പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്കും തുടക്കംകുറിക്കും. അമേരിക്കയും അറബ് രാജ്യങ്ങളുമായി ചേര്‍ന്നു രൂപംകൊടുക്കുന്ന 'ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ്' ഗാസയിലെ ആഭ്യന്തരസുരക്ഷയും ക്രമസമാധാനപാലനവും നിര്‍വഹിക്കും. ഗാസയെ സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കുന്നതിന് 'എ ട്രംപ് ഇക്കണോമിക് ഡവലപ്‌മെന്റ് പ്ലാന്‍' എന്ന പദ്ധതിക്കു രൂപംകൊടുക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
അതേസമയം, ഗാസയെ പൂര്‍ണമായും നിരായുധീകരിക്കണമെന്ന നിബന്ധനയോടും പുതുതായി രൂപംകൊടുക്കുന്ന സര്‍ക്കാരില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഹമാസിനു പങ്കാളിത്തമുണ്ടാകില്ലെന്ന വ്യവസ്ഥയോടും ചര്‍ച്ചയില്‍ പങ്കെടുത്ത ഹമാസ് നേതൃത്വത്തിനു വിയോജിപ്പുള്ളത് കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതിനു വിഘാതമാകും. ഇക്കാര്യത്തില്‍ ഹമാസിന്റെ പ്രാദേശികനേതൃത്വത്തിന്റെ എതിര്‍പ്പുകളാണ് മറികടക്കേണ്ടത്. ആയുധം താഴെ വയ്ക്കില്ലെന്ന അവരുടെ ദുശ്ശാഠ്യം ഇസ്രയേല്‍ അംഗീകരിക്കുകയുമില്ല.
ബന്ദികള്‍ മോചിതരായാലുടന്‍ ഗാസയിലെ ഭൂഗര്‍ഭതുരങ്കങ്ങളും ആയുധപ്പുരകളും തകര്‍ത്തുകളയാനും പദ്ധതിയുണ്ട്. ഭൂമിക്കടിയിലെ 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളിലായിരിക്കുമോ ബന്ദികളെ ഒളിപ്പിച്ചിരിക്കുന്നത്, അതോ, മറ്റെവിടെയെങ്കിലുമായിരിക്കുമോ എന്നും നിശ്ചയമില്ല. ടണലുകളിലെവിടെയോ അവര്‍ ഉണ്ടാകാമെന്ന നിഗമനത്തില്‍ അവയില്‍ പലതും തകര്‍ക്കാതെ ബാക്കിയിട്ടിരുന്നു. ചിലയിടങ്ങളില്‍ 50 അടി ആഴത്തില്‍വരെ തുരങ്കങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അധികാരത്തിലേറിയ 2007 മുതലുള്ള 17 വര്‍ഷങ്ങളിലെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ഒക്‌ടോബര്‍ ഏഴിലെ ആക്രമണമെന്നത് ശ്രദ്ധേയമാണ്. 2008, 2012, 2014, 2021 വര്‍ഷങ്ങളില്‍ ഇസ്രയേലുമായി ഏറ്റുമുട്ടുമ്പോഴും വലിയൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ അതീവരഹസ്യമായി ഹമാസ് നേതൃത്വം നടത്തിയിരുന്നുവെന്നതിനു തെളിവാണ് ഭൂമിക്കടിയില്‍ കണ്ടെത്തിയിട്ടുള്ള തുരങ്കശൃംഖല. ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയായ മൊസാദിനുപോലും സംശയംകൊടുക്കാത്തവിധം ഭൂമിക്കടിയിലേക്കു പല തട്ടുകളായി നിര്‍മിച്ചിട്ടുള്ള തുരങ്കങ്ങളിലേക്കിറങ്ങാനും മുകളിലേക്കു കയറാനും ലിഫ്റ്റുകള്‍പോലും ഘടിപ്പിച്ചിട്ടുണ്ടെന്നു തടവില്‍നിന്നു മുമ്പു മോചിതരായ ബന്ദികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഹമാസിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഖലില്‍ അല്‍ ഹയ്യയും ഔദ്യോഗികവക്താവ് താഹെര്‍ അല്‍ നുനുവുമാണ് ഷാം എല്‍ ഷെയ്ക്കിലെ ചര്‍ച്ചകളില്‍ ഹമാസിനെ പ്രതിനിധീകരിച്ചത്. പശ്ചിമേഷ്യന്‍കാര്യങ്ങള്‍ക്കുള്ള ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും പ്രസിഡന്റിന്റെ മുഖ്യോപദേശകനുമായ ജാറദ് കുഷ്‌നര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, ഈജിപ്തിന്റെ രഹസ്യാന്വേഷണവിഭാഗം തലവന്‍ ഹസ്സന്‍ റഷദ്, തുര്‍ക്കിയുടെ ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലില്‍ എന്നിവര്‍ മധ്യസ്ഥരായിരുന്നു. നെതന്യാഹുവിന്റെ വിശ്വസ്തനും നയതന്ത്രജ്ഞനുമായ റോം ഡെര്‍മെര്‍ ഇസ്രയേലിനെ പ്രതിനിധീകരിച്ചു. ബന്ദികളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഇസ്രയേല്‍സൈന്യം വധിച്ച യാഹ്യ സിന്‍വാറിന്റെയും അയാളുടെ സഹോദരന്‍ മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെന്ന ഹമാസ് പ്രതിനിധികളുടെ ആവശ്യം മധ്യസ്ഥരെ വല്ലാതെ കുഴപ്പിച്ച സംഗതിയാണ്. 2007 മുതല്‍ 7വര്‍ഷം ഗാസയുടെ പ്രധാനമന്ത്രിയായിരുന്ന യാഹ്യ സിന്‍വാറിനെ 2024 ഒക്‌ടോബര്‍ 31 നും, അയാളുടെ പിന്‍ഗാമിയായിരുന്ന മുഹമ്മദ് സിന്‍വാറിനെ ഈ വര്‍ഷം മേയ് 13 നുമാണ് മിസൈലാക്രമണങ്ങളില്‍ ഇസ്രയേല്‍സൈന്യം കാലപുരിക്കയച്ചത്. കഴിഞ്ഞമാസം 9-ാം തീയതി ദോഹയിലെ ഹമാസ്‌കേന്ദ്രത്തിനുനേരേ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍നിന്നു രക്ഷപ്പെട്ട ഹമാസ്‌നേതാക്കളില്‍ പ്രധാനിയാണ് ഖലില്‍ അല്‍ ഹയ്യ. ഹമാസ് സംഘത്തെ നയിച്ച ഹയ്യ, ഖുറാന്‍ ഇസ്ലാമിക് സര്‍വകലാശാലയില്‍നിന്നു തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയ ബിരുദാനന്തര ബിരുദധാരികൂടിയാണ്. 2006 ലെ തിരഞ്ഞെടുപ്പില്‍ പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു ഗാസയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. സിന്‍വാര്‍ സഹോദരന്മാര്‍ കൊല്ലപ്പെട്ടശേഷം ഗാസയുടെ ഭരണം നിയന്ത്രിക്കുന്ന അഞ്ചംഗസംഘത്തിനു നേതൃത്വം നല്‍കുന്നതും ഹയ്യയാണ്. ഖാലിദ് മഷാല്‍, സാഹെര്‍ ജബാറിന്‍, മുഹമ്മദ് ദാര്‍വിഷ്, നിസാര്‍ ഔദുള്ള എന്നിവരാണ് മറ്റു നാലുപേര്‍. 48 ബന്ദികള്‍ക്കു പകരമായി ഇസ്രയേല്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്കിയ നീണ്ട പട്ടികയില്‍ ഹമാസ്‌നേതാക്കളായ ഹസ്സന്‍ സാല്‍മെ, അബ്ബാസ് അല്‍ സയ്യദ്, ഇബ്രാഹിം ഹമദ്, മുഹമ്മദ് ഇസ്സ, അഹമ്മദ് സാദത്ത്, മര്‍വാന്‍ ബര്‍ഹൂതി തുടങ്ങിയ കൊടുംഭീകരരുമുണ്ട്. പലസ്തീന്‍ വിമോചന പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവായിരുന്ന സാദത്ത് 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുകയാണ്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയ ബര്‍ഹൂതി ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നു. വെസ്റ്റ് ബാങ്കു ഭരിക്കുന്ന പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റായ മഹ്‌മൂദ് അബ്ബാസിന്റെ പിന്‍ഗാമിയാകുമെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന വ്യക്തിയാണ് ബര്‍ഹൂതി. ഇവരെപ്പോലെയുള്ള കൊടുംകുറ്റവാളികളെ വിട്ടയയ്ക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമോയെന്നു സംശയിക്കുന്നവരുണ്ട്. ജയില്‍മോചിതരായി തിരികെച്ചെല്ലുന്ന ഇവര്‍ക്കു ലഭിച്ചേക്കാവുന്ന വീരപരിവേഷം കൂടുതല്‍ അക്രമങ്ങളിലേക്കു നയിക്കുമെന്നാണു പൊതുവെ കരുതപ്പെടുന്നത്. ഹമാസ് പോരാളികളെ നിരായുധീകരിക്കാന്‍ കഴിയാതെപോയാലുള്ള അനന്തരഫലം ആദ്യത്തേതിനേക്കാള്‍ ഭയാനകമായേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അമേരിക്കയെയും ഇസ്രയേലിനെയും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന ഹമാസ്‌നേതൃത്വം ട്രംപിനെയും നെതന്യാഹുവിനെയും എത്രകണ്ടു വിശ്വസിക്കുമെന്നു പറഞ്ഞുകൂടാ. പ്രത്യേകിച്ചും, ഗാസയിലെ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാനെന്ന പേരില്‍ 200 യു എസ് സൈനികരെ ഇസ്രയേലില്‍ വിന്യസിക്കുന്ന പശ്ചാത്തലത്തില്‍. 'സിവില്‍/മിലിട്ടറി കോ-ഓര്‍ഡിനേഷന്‍ സെന്റര്‍' എന്നു നാമകരണം ചെയ്ത ഒരു ദൗത്യസേനയ്ക്കും രൂപംകൊടുക്കും. മധ്യസ്ഥരാജ്യങ്ങളായ ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കുംപുറമേ യു എ ഇ യിലെയും സൈനികരെ ദൗത്യസേനയില്‍ ഉള്‍പ്പെടുത്തും. അമേരിക്കന്‍സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ദൗത്യസേനയുടെ ചുമതലകള്‍ വഹിക്കും. ഈജിപ്തില്‍ ചേര്‍ന്ന സമാധാനചര്‍ച്ചയിലും അദ്ദേഹം പങ്കാളിയായിരുന്നു.
ബന്ദിമോചനം സാധ്യമായി
അതിനിടെ, ലോകനേതാക്കളുടെ ഉച്ചകോടി വിളിച്ചുചേര്‍ത്ത ഷാം എല്‍ ഷെയ്ക്കിലേക്കുള്ള യാത്രയ്ക്കിടെ ഡൊണാള്‍ഡ് ട്രംപ് ജറുസലെമിലെത്തി. ഇസ്രയേല്‍ പാര്‍ലമെന്റായ നെസ്സെറ്റില്‍ ട്രംപിന്റെ പ്രസംഗവും നെതന്യാഹുവിന്റെ മറുപടി പ്രസംഗവും പുരോഗമിക്കവെ ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിച്ചുപോന്ന 20 ബന്ദികളെ ടെല്‍അവീവിലെ ഹോസ്റ്റേജ് ചത്വരത്തില്‍ റെഡ്‌ക്രോസ് വാഹനങ്ങളിലെത്തിച്ചു. ബന്ധുജനങ്ങളുടെ നിറകണ്ണുകളോടെയുള്ള രണ്ടു വര്‍ഷത്തെ പ്രാര്‍ഥനകള്‍ സഫലമായതിനു ലോകം സാക്ഷിയായി. മക്കളെയും സഹോദരങ്ങളെയും മാതാപിതാക്കളെയും കാത്തിരുന്ന പ്രിയപ്പെട്ടവര്‍ ചുംബനം നല്‍കിയും ആലിംഗനം ചെയ്തും അവരെ സ്വീകരിച്ചു.
2023 ഒക്‌ടോബര്‍ 7 വിസ്മരിക്കാനാവാത്ത ദിവസമാണെന്നും, ജിഹാദിസത്തിനും ആന്റിസെമെറ്റിസത്തിനും അന്ത്യംകുറിക്കാന്‍ തനിക്കു കഴിഞ്ഞുവെന്നും നെസ്സെറ്റിലെ പ്രസംഗത്തില്‍ ട്രംപ് അവകാശപ്പെട്ടു. പശ്ചിമേഷ്യയില്‍ ഒരു സുവര്‍ണയുഗം പിറക്കാനിരിക്കുകയാണെന്നും ദീര്‍ഘനാള്‍നീണ്ട വേദന നിറഞ്ഞ ദുസ്സ്വപ്നമാണ് അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചുപോയി എന്നു കരുതുന്ന 28 പേരുടെ മൃതദേഹങ്ങള്‍ക്കുപകരം 4 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ വിട്ടുനല്‍കാന്‍ ഹമാസിനായുള്ളൂ. ബാക്കിയുള്ള 24 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചുനല്‍കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്‌സ് മുന്നറിയിപ്പു നല്‍കി.
ഹമാസ് വിട്ടയച്ച ബന്ദികള്‍ക്കു പകരമായി ജീവപര്യന്തം ശിക്ഷയനുഭവിച്ചുവന്നവരുള്‍പ്പെടെ 1,968 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇവര്‍ വെസ്റ്റു ബാങ്കു നഗരമായ റമെല്ലയിലും ഗാസാമുനമ്പിലുമെത്തി.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്താ അല്‍ സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടി ഷാം എല്‍ ഷെയ്ക്കില്‍ പുരോഗമിച്ചുവരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട ലോകനേതാക്കളെ സാക്ഷിനിറുത്തി ട്രംപ് ഒപ്പുവച്ചു. മധ്യസ്ഥത വഹിച്ച ഖത്തറിലെയും ഈജിപ്തിലെയും തുര്‍ക്കിയിലെയും നേതാക്കള്‍ക്കുപുറമേ സ്‌പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജോര്‍ദാന്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ഉടമ്പടിക്കു സാക്ഷികളായി. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഷാം എല്‍ ഷെയ്ക്കിലെത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഗാസയിലെ ഇസ്രയേല്‍നടപടികളെ വിമര്‍ശിച്ചിരുന്ന ഗുട്ടെറസ് സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ പോലും പരാജയപ്പെട്ടിരുന്നു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള യു എസ് പ്രസിഡന്റിന്റെ സത്യസന്ധമായ പരിശ്രമങ്ങളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു.
ഗാസ നഗരത്തില്‍നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റത്തത്തുടര്‍ന്ന് ആയുധധാരികളായ 7,000 ത്തോളം പോരാളികള്‍ നഗരത്തിലെത്തിയെന്ന വാര്‍ത്ത ആശങ്കയുണര്‍ത്തുന്നു. ഇവരുടെ കൈകളിലുള്ള ആയുധങ്ങള്‍ എവിടെ ഒളിപ്പിച്ചിരുന്നുവെന്നോ ബന്ദികളെ എവിടെനിന്നാണ് ടെല്‍ അവീവില്‍ എത്തിച്ചതെന്നോ ഉള്ളത് അജ്ഞാതമായി തുടരുന്നു. ഗാസയിലെ പ്രബലരായ ദഗ്മുഷ് ഗോത്രവുമായി ഏറ്റുമുട്ടിയ സംഭവവും ലാഘവത്തോടെ കാണാനാവില്ല. നഗരത്തിന്റെ തെക്കന്‍ പ്രാന്തത്തിലുള്ള ജോര്‍ദാനിയന്‍ ആശുപത്രി സമുച്ചയം കൈവശപ്പെടുത്താനുള്ള ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഗാസയിലെ പ്രമുഖ കുടുംബമായ ദഗ്മുഷ് ഗോത്രം ഹമാസുമായി മുമ്പും ഏറ്റുമുട്ടിയ ചരിത്രമുണ്ട്. ഇക്കഴിഞ്ഞ 11-ാം തീയതി ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ ഹമാസിലെ 8 പേരും, ദഗ്മുഷ് ഗോത്രത്തിലെ 27 പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.