മറഞ്ഞിരിക്കുന്നതോ വെളിപ്പെടാത്തതോ ആയി യാതൊന്നുമില്ലായെന്നു പറയുന്നതെത്ര ശരി! ശബരിമലയിലെ പകല്‍ക്കൊള്ളയുടെ അഥവാ സ്വര്‍ണക്കൊള്ളയുടെ വസ്തുസ്ഥിതിവിവരങ്ങള്‍ സമൂലം പുറത്തുവന്നിരിക്കുന്നു. കുഴിച്ചുകുഴിച്ചു ചെന്നാല്‍ ഒരുപക്ഷേ, ഇതിന്റെ വേരുപടലങ്ങള്‍ ഇനിയും കണ്ടേക്കാം. എങ്കിലും കൊള്ളയുടെ കാതലായ അംശക്കണക്കുകള്‍ ജനം മനഃപാഠമാക്കിക്കഴിഞ്ഞു.
2019 ല്‍ ശബരിമല ശ്രീകോവിലിലെ വിവിധഭാഗങ്ങളില്‍നിന്ന് ഇളക്കിയെടുത്ത്ഉണ്ണിക്കൃഷ്ണന്‍പോറ്റി മുഖേന കൊടുത്തുവിട്ട പാളികളില്‍ പതിച്ചിരുന്നതു നാലരക്കിലോയിലേറെ സ്വര്‍ണമാണെങ്കില്‍ തിരികെക്കൊണ്ടുവന്ന പാളികളില്‍ പൂശിയതായി ദേവസ്വം വിജിലന്‍സ് ശേഖരിച്ച രേഖകളിലുള്ളത് ഒരു കിലോയില്‍ താഴെ മാത്രം. ഒറ്റയടിക്കു തട്ടിയത് 3.5 കിലോഗ്രാം സ്വര്‍ണം! ഏതായാലും സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തതോടെ സര്‍ക്കാരും പാര്‍ട്ടിയും പരുങ്ങലിലായിരിക്കുന്നു.
ദ്വാരപാലകശില്പപാളിയിലെ സ്വര്‍ണക്കവര്‍ച്ച, കട്ടിളയിലെ സ്വര്‍ണക്കവര്‍ച്ച എന്നിങ്ങനെ രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴുവര്‍ഷംവരെ ശിക്ഷ ലഭിച്ചേക്കാവുന്ന കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നു. ദ്വാരപാലകശില്പപാളിസ്വര്‍ണക്കവര്‍ച്ചയില്‍ പത്തും, കട്ടിളഅട്ടിമറിയില്‍ എട്ടും പ്രതികളായുള്ള രണ്ട് എഫ്‌ഐആറിലും ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍പോറ്റി തന്നെ. ഇരുകേസുകളിലും അക്കാലയളവില്‍ ചുമതലയിലുണ്ടായിരുന്ന ദേവസ്വംഉദ്യോഗസ്ഥരെ കുറ്റാരോപിതരുടെ ഗണത്തിലും നിലനിര്‍ത്തിയിരിക്കുന്നു.
ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ സ്വര്‍ണംകവര്‍ന്ന കേസിലാണ് എട്ടാംപ്രതിയായി ദേവസ്വംബോര്‍ഡുള്ളത്. സിപിഎം പത്തനംതിട്ട ജില്ലാ മുന്‍ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എ യുമായ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019 കാലയളവിലെ ദേവസ്വംബോര്‍ഡില്‍ മറ്റംഗങ്ങളായ എന്‍. വിജയകുമാര്‍ സിപിഎം പ്രതിനിധിയും, കെ. പി. ശങ്കരദാസ് സിപിഐ പ്രതിനിധിയുമായിരുന്നുവെന്ന വസ്തുത കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രതികള്‍ സ്വാര്‍ഥലാഭത്തിനുവേണ്ടി അമൂല്യമായ ഉരുപ്പടികള്‍ കടത്തിയെന്നാണു കേസ്. സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ എന്നത് ഒഴിവാക്കി, രേഖകളില്‍ ചെമ്പുപാളികള്‍ എന്നുമാത്രം എഴുതിയതിനുപിന്നിലെ ഗൂഢാലോചന മറനീക്കി പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഇനി സര്‍ക്കാരിനുണ്ട്. ഇത്രനാളും മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞുകൊണ്ടിരുന്നത്, ഇതെല്ലാം വെറും രാഷ്ട്രീയമുതലെടുെപ്പന്നായിരുന്നല്ലോ.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം ഇടപാടുകള്‍ അധികാരികള്‍ അറിഞ്ഞില്ലെന്നു പറയാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമോ? ശബരിമലപോലുള്ള ഒരു മഹാക്ഷേത്രത്തിലാണ് ഇമ്മാതിരിയൊരു പകല്‍ക്കൊള്ള നടന്നതെന്നു നാമറിയണം. സംസ്ഥാനത്തെയോ ദേവസ്വത്തിലെയോ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കൊന്നും ഇതു കണ്ടെത്താനാവാഞ്ഞത് ദുരൂഹമെന്നേ പറയേണ്ടൂ. തട്ടിപ്പിന്റെ സൂത്രധാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഇത്ര 'സര്‍വതന്ത്രസ്വതന്ത്രനായി' വിരാജിക്കാന്‍ അവസരം സൃഷ്ടിച്ചതാരെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഏതായാലും ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണനില്‍നിന്ന് അന്വേഷണം തുടങ്ങാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. അത്രയും നല്ലത്. അറസ്റ്റിനുമുമ്പ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ കൃത്യത ഉറപ്പാക്കി രേഖകള്‍ ക്രോഡീകരിക്കാനത്രേ ആദ്യശ്രമം.
അതെന്തായാലും, തങ്ങള്‍ വിശ്വസിച്ചാരാധിച്ചുപോരുന്ന ഈ മഹാക്ഷേത്രത്തില്‍ നടന്ന തട്ടിപ്പിലും വെട്ടിപ്പിലും കോടിക്കണക്കിനു വരുന്ന ഭക്തജനങ്ങള്‍ ഖിന്നരാണ്. ഭക്തജനങ്ങള്‍ മാത്രമല്ല, പൊതുസമൂഹം മുഴുവന്‍, ഈ തട്ടിപ്പിനു പിന്നിലെ അന്തര്‍നാടകങ്ങളുടെ ചുരുളഴിയാന്‍ കാത്തിരിക്കുന്നു. കേസില്‍ തൊണ്ടിമുതല്‍ നിര്‍ണായകമായതിനാല്‍ നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്തുക എന്നതാണ് അന്വേഷണസംഘത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. അതു കണ്ടെത്തിയാലും ഇല്ലെങ്കിലും കണ്ണുതുറന്നു ജീവിക്കുന്നവരുടെയെല്ലാം മനോമുകുരത്തില്‍ വാതില്‍ ചാരാനാവാതെ ശബരിമലയിലെ കൊള്ളമുതല്‍ തെളിവാര്‍ന്നു നില്ക്കുന്നു. ഇതെഴുതുമ്പോഴും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചുറ്റിപ്പറ്റി പുതിയ പുതിയ വിവരങ്ങളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ ഒട്ടേറെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതികളും വഴിപാടുകളും നടത്തിയിട്ടുള്ള പോറ്റിക്ക് അതിനു തക്ക വരുമാനമില്ലത്രേ. എന്നാല്‍, പോറ്റിയുടെ ആദായനികുതിരേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ കാര്യം, ഭക്തര്‍ വര്‍ഷങ്ങളോളം കാത്തിരുന്നു നടത്തുന്ന പല വഴിപാടുകളും പോറ്റി ഒരു ദിവസം തന്നെ ശബരിമലയില്‍ നടത്തിയിട്ടുള്ളതായാണ്. അങ്ങനെയെങ്കില്‍ ആരാണ് സാമ്പത്തികസ്രോതസ്സ്, ഏതു മേഖലയില്‍നിന്നാണു പണം ലഭിക്കുന്നത് എന്നിവയെല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ തത്കാലം പ്രതികരണത്തിനില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. എങ്കിലും പൊതുസമൂഹത്തിനുകൂടി താത്പര്യമുള്ള ഈ വിഷയത്തില്‍ രാഷ്ട്രീയം നോക്കാതെ ഇതിലെ യഥാര്‍ഥവസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്ന്, കുറ്റവാളികള്‍ക്കു തക്ക ശിക്ഷ ഉറപ്പുവരുത്താനുള്ള ധാര്‍മിക ഉത്തരവാദിത്വത്തില്‍നിന്നു കൈകഴുകിമാറാന്‍ സര്‍ക്കാരിനാവില്ല.
എഡിറ്റോറിയല്‍
വാതില്‍ ചാരാനാവാതെ കൊള്ളമുതല്‍
