•  21 Nov 2024
  •  ദീപം 57
  •  നാളം 37
ഉണ്ണീരിയമ്മ പറഞ്ഞ കഥ

മരണത്തെ തോല്പിച്ച മഹാപ്രതിഭ

''ഇന്ന് ഏതു കഥയാണ് ഉണ്ണിയമ്മേ പറയ്ക?''- കുഞ്ഞുണ്ണിയാണു ചോദിച്ചത്.
കേട്ടപാടേ അമ്മാളുവും ജോണിക്കുട്ടിയും അടുത്തുകൂടി. ഇട്ടിണ്ടാന്‍ പിന്നാമ്പുറത്ത് എന്തോ തിരക്കിട്ട പണിയിലായിരുന്നു.
''എങ്കില്‍ ഇന്ന് സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പറ്റി പറയാം'' ഉണ്ണീരിയമ്മ കഥ പറയാന്‍ തുടങ്ങി. മൂവര്‍സംഘം ശ്രദ്ധയോടെ കേട്ടിരുന്നു.
ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് മികച്ച വിദ്യാഭ്യാസം നല്‍കി. പക്ഷേ, പഠനത്തിന് അവന്‍ വലിയ പ്രാധാന്യം നല്‍കിയില്ല. അവന്റെ ചിന്തയും നോട്ടവും ക്ലാസ് മുറിക്കു പുറത്തേക്കായിരുന്നു. ഹോക്കിങ്ങിന്റെ നിരീക്ഷണപാടവം അധ്യാപകരെ അദ്ഭുതപ്പെടുത്തി. അവനില്‍ ഒരു പ്രതിഭ ഒളിച്ചിരിപ്പുണ്ട് എന്നവര്‍ മനസ്സിലാക്കി.
അങ്ങനെ പതിനേഴാം വയസ്സില്‍ ഹോക്കിങ്, ഇഷ്ടവിഷയമായ ഫിസിക്‌സ് തിരഞ്ഞെടുത്ത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പക്ഷേ, സ്വതഃസിദ്ധമായ മടിയും ഉഴപ്പും തുടര്‍ന്നു. കഷ്ടി അവിടെനിന്നു ജയിച്ചുകയറി. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ കോസ്‌മോളജി പഠിക്കാന്‍ ചേര്‍ന്നു.
''ഉണ്ണിയമ്മേ, എന്താ ഈ കോസ്‌മോളജി?''- ജോണിക്കുട്ടിയാണു ചോദിച്ചത്.
''പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനമാണ് കോസ്‌മോളജി.''
ഉണ്ണീരിയമ്മ തുടര്‍ന്നു:
കേംബ്രിഡ്ജില്‍ പഠിക്കുമ്പോഴാണ് ചില രോഗലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ കണ്ടുതുടങ്ങിയത്. സംസാരിക്കുമ്പോള്‍ നാവുകുഴയുന്നു, നടക്കുമ്പോള്‍ വേച്ചുപോവുന്നു, എന്തിന്, ശ്വസിക്കാന്‍പോലും പ്രയാസം അനുഭവിച്ചു. നാഡികളെ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന അതിഗുരുതരരോഗത്തിന്റെ തുടക്കമായിരുന്നു അത്. മരണം പടിവാതില്‍ക്കലാണെന്നും ജീവിതം കഷ്ടിച്ച് രണ്ടു വര്‍ഷംകൂടി മാത്രമാണുള്ളതെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹോക്കിങ് അവിടെവച്ച് കാന്‍സര്‍ബാധിതനായ ഒരു കുട്ടിയെ പരിചയപ്പെടുന്നു. അവനു ഭൂമിയില്‍ അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. പക്ഷേ, എത്ര ആനന്ദത്തോടെയാണ് ആ കുട്ടി തന്റെ ചുരുങ്ങിയ ദിവസങ്ങള്‍ ജീവിച്ചുതീര്‍ക്കുന്നത് എന്ന് ഹോക്കിങ് അദ്ഭുതപ്പെട്ടു. അത് ഹോക്കിങ്ങിനു വലിയ പ്രചോദനമായി. രണ്ടു വര്‍ഷമാണു തനിക്കു മുന്നിലുള്ളത്. ഇച്ഛാശക്തിയോടെ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റു. സഹപ്രവര്‍ത്തകയായ ജെയിന്‍ ഹോക്കിങ്ങിന്റെ ജീവിതസഖിയായി. അവര്‍ക്ക് മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടായി. ഓരോ ദിവസവും ശരീരം തളര്‍ന്നുകൊണ്ടിരുന്നു. പക്ഷേ, സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ കരുത്തുള്ളതായി മാറി. പ്രപഞ്ചത്തെപ്പറ്റിയുള്ള തന്റെ പഠനം തുടര്‍ന്നുകൊണ്ടിരുന്നു. സൗരയൂഥത്തിനപ്പുറത്ത്, നക്ഷത്രങ്ങള്‍ക്കും അപ്പുറത്ത് തമോഗര്‍ത്തങ്ങളെപ്പറ്റി ആധികാരികമായി കണ്ടെത്തലുകള്‍ നടത്തി. ക്രമേണ തൊണ്ണൂറു ശതമാനം ചലനശേഷിയും അദ്ദേഹത്തിനു നഷ്ടപ്പെട്ടു. സംസാരിക്കാന്‍ വയ്യാതായി. യന്ത്രങ്ങളുടെ സഹായത്തോടെ മാത്രം ലോകത്തോട് ഹോക്കിങ് സംവദിച്ചു. 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന അദ്ദേഹത്തിന്റെ പുസ്തകം കോടിക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞു. ലോകം കണ്ട മഹാപ്രതിഭയായ ആ ശാസ്ത്രജ്ഞന്‍ ഒരു മഹാരോഗത്തെ തോല്പിച്ചുകൊണ്ട് എഴുപത്തിയാറു വയസ്സുവരെ ജീവിച്ചു. മരണം ആ മനുഷ്യന്റെ മനോധൈര്യത്തിനു മുന്നില്‍ എത്രയോ വട്ടം പരാജയപ്പെട്ടു.
മനുഷ്യന് ഒരുപാട് പരിമിതികള്‍ ഉണ്ടാവാം. ഈ പരിമിതികളെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജീവിതത്തില്‍ വിജയം നേടാന്‍ കഴിയുന്നത്.
''ഇന്നത്തെ കഥ ഉഷാറായി.'' - അമ്മാളു പറഞ്ഞു.
കുഞ്ഞുണ്ണിയും ജോണിക്കുട്ടിയും അമ്മാളു പറഞ്ഞത് ശരിവച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)