''ഇന്നത്തെ കഥ ബര്‍ണാര്‍ഡ് ഷായെപ്പറ്റിയാണ്.''
''അതാരാണ് ഉണ്ണിയമ്മേ?'' അമ്മാളു കൗതുകത്തോടെ ചോദിച്ചു.
''ഇംഗ്ലീഷ്‌സാഹിത്യത്തിലെ അതുല്യനായ ഒരു നാടകകൃത്താണ് ബര്‍ണാര്‍ഡ്ഷാ. ഹാസ്യത്തില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികള്‍ സാമൂഹികവിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നവയായിരുന്നു. നോബല്‍സമ്മാനവും ഓസ്‌കാര്‍ അവാര്‍ഡും നേടിയ ബര്‍ണാര്‍ഡ്ഷാ മികച്ച ഒരു വാഗ്മികൂടിയായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് നര്‍മകഥകള്‍ ഉണ്ട്. ഇന്ന് അദ്ദേഹത്തെപ്പറ്റി ആവാം.''
''ആവട്ടെ, ആവട്ടെ'' കുഞ്ഞുണ്ണിയും ജോണിക്കുട്ടിയും ആവേശത്തോടെ പറഞ്ഞു.
ഉണ്ണീരിയമ്മ പറഞ്ഞുതുടങ്ങി:
ബര്‍ണാര്‍ഡ്ഷായുടെ നാടകം കാണാന്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരുന്ന കാലം. ഒരുപാട് ആരാധകര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ബര്‍ണാര്‍ഡ്ഷായുടെ ബുദ്ധിവൈഭവവും സര്‍ഗാത്മകതയും വീണ്ടും വീണ്ടും ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ ബര്‍ണാര്‍ഡ്ഷായെ കാണാന്‍ ഒരു ആരാധിക അദ്ദേഹത്തിന്റെ വീട്ടിലെത്തി. അതീവസുന്ദരിയായിരുന്നു അവര്‍. അക്കാലത്തെ പ്രശസ്തയായ നടിയും മോഡലുമൊക്കെയായിരുന്നു ആരാധിക. ആതിഥ്യമര്യാദകളോടെ ബര്‍ണാര്‍ഡ്ഷാ അവരെ സ്വീകരിച്ചിരുത്തി. പരസ്പരം സംസാരിച്ചിരിക്കെ ആരാധിക തന്റെ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. വൃദ്ധനായ ബര്‍ണാര്‍ഡ്ഷായെ അവര്‍ക്കു വിവാഹം കഴിക്കണംപോലും. ബര്‍ണാര്‍ഡ്ഷാ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും വളരെ വിനയത്തോടെ അവരോടു ചോദിച്ചു:
''ഒരുപാട് സുന്ദരന്മാരായ യുവാക്കള്‍ ഉള്ളപ്പോള്‍ വൃദ്ധനും വിരൂപനുമായ എന്നെ എന്തുകൊണ്ടാണ് ഭവതി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്.''
ഒരു പുഞ്ചിരിയോടെ നമ്മുടെ കഥാനായിക ഇപ്രകാരം മറുപടി പറഞ്ഞു:
''ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ബുദ്ധിമാന്‍മാരില്‍ ഒരാളാണ് അങ്ങ് സൗന്ദര്യമുള്ളവരില്‍ ഒരാളാണ് ഞാനും. നമുക്കുണ്ടാകുന്ന കുഞ്ഞിന് എന്റെ സൗന്ദര്യവും അങ്ങയുടെ ബുദ്ധിയും ലഭിച്ചാല്‍ മനുഷ്യകുലത്തിന് ഒരു പ്രതിഭയെ നമുക്കു സമ്മാനിക്കാന്‍ കഴിയും.''
ബര്‍ണാര്‍ഡ്ഷാ കുറച്ചുനേരം ആലോചിച്ചതിനുശേഷം മറുപടി പറഞ്ഞു: ''കാര്യമൊക്കെ ശരി തന്നെ. പക്ഷേ, തിരിച്ചാണു സംഭവിക്കുന്നതെങ്കിലോ? എന്റെ സൗന്ദര്യവും ഭവതിയുടെ ബുദ്ധിയുമുള്ള കുട്ടിയാണ് ഉണ്ടാകുന്നതെങ്കില്‍ അത് മനുഷ്യകുലത്തോടു ചെയ്യുന്ന ഒരു ദ്രോഹമാവില്ലേ...''
പാവം ആരാധിക! പിന്നീട് ഒരു നിമിഷം അവിടെ നിന്നില്ല.
''ഉണ്ണീരിയമ്മ പറഞ്ഞതു കേട്ട് മൂവര്‍ സംഘം പൊട്ടിച്ചിരിച്ചു.
''ഉണ്ണിയമ്മേ, ഒരു കഥ കൂടി''- അമ്മാളുവാണ് പറഞ്ഞത്.
''ഉണ്ണീരിയമ്മ ഒരു കഥയ്ക്കു കൂടി തിരികൊളുത്തി.
തിരക്കുള്ള നഗരത്തില്‍ ഒരാള്‍ ഒരു ഓഡിറ്റോറിയം തേടി നടക്കുകയാണ്. എന്തോ പരിപാടി അവിടെ നടക്കുന്നുണ്ട്. സമയം വൈകി. അപ്പോഴാണ് സുമുഖനായ ഒരു മധ്യവയസ്‌കന്‍ തന്റെ എതിരേ വരുന്നത് അയാള്‍ കണ്ടത്.
''ഓഡിറ്റോറിയം എവിടെയെന്ന് അറിയാമോ?'' അയാള്‍ ചോദിച്ചു.
''അവിടെ ഇന്ന് എന്താണു പരിപാടി?''
''ഇന്ന് അവിടെ ഒരു പ്രഭാഷണം ഉണ്ട്.''
''പ്രഭാഷണമോ? ആരുടെ?''
''ബര്‍ണാര്‍ഡ്ഷായുടെ.''
ഉത്തരം കേട്ടപാടെ മധ്യവയസ്‌കന്റെ മുഖത്തു പരിഹാസം.
''പ്രിയ സുഹൃത്തേ, ആ ബര്‍ണാര്‍ഡ് ഷായുടെ പ്രസംഗം എത്ര വിരസമാണ് എന്നറിയാമോ? അതിനുപകരം നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകു''- മധ്യവയസ്‌കന്‍ പറഞ്ഞു.
''സമയം ഏറെ വൈകിയിരിക്കുന്നു. ദയവായി ഓഡിറ്റോറിയം എവിടെയാണെന്നു പറയൂ''- അയാള്‍ വീണ്ടും ചോദിച്ചു.
''ഞാന്‍ ഇത്ര പറഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് ആ അരസികന്‍ ബര്‍ണാര്‍ഡ്ഷായുടെ പ്രസംഗം കേള്‍ക്കാന്‍ പോകുന്നത്.''
''സുഹൃത്തേ, ഞാനാണ് ആ അരസികന്‍ ബര്‍ണാഡ്ഷാ. ഇനിയെങ്കിലും പറയൂ ഓഡിറ്റോറിയം എവിടെയാണ്?''
മധ്യവയസ്‌കന്‍ ഇളിഭ്യനായി ഓഡിറ്റോറിയം ചൂണ്ടിക്കാണിച്ചശേഷം സ്ഥലം വിട്ടു.
മൂവര്‍സംഘം പൊട്ടിച്ചിരിച്ചു. അവര്‍ക്കൊപ്പം ഉണ്ണീരിയമ്മയും ചേര്‍ന്നു.