സംസ്ഥാനത്തു ട്രോളിങ്‌നിരോധനത്തിന്റെ മറവില്‍ പഴകിയമത്സ്യങ്ങളുടെ വില്പന വ്യാപകമാണെന്ന പരാതി ശക്തമായി ഉയര്‍ന്നിരിക്കുന്നു. ഈ മാസം ഒമ്പതിനാണ് സംസ്ഥാനത്ത് ട്രോളിങ്‌നിരോധനം നിലവില്‍വന്നത്. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31 ന് അവസാനിക്കാനിരിക്കെ, മത്സ്യവിപണനരംഗത്തു തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഈ പകല്‍ക്കൊള്ള അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.
മത്സ്യമാംസാദികളിലെ മായം കണ്ടുപിടിക്കാനും കാലപ്പഴക്കം നിര്‍ണയിക്കുന്നതിനും സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവകുപ്പു സ്വീകരിക്കുന്ന നടപടികളുടെ വാര്‍ത്തയും ചിത്രവും ജനത്തിനു പുത്തരിയല്ല. കൊള്ളരുതായ്മ കണ്ടുപിടിക്കപ്പെടുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍പോലുള്ള ചില താത്കാലികശിക്ഷാനടപടികള്‍ സംഭവിക്കുന്നുമുണ്ട്. പക്ഷേ, ശേഷം എന്തു നടക്കുന്നുവെന്നതിനെക്കുറിച്ച് ആര്‍ക്കുമറിയില്ല. പലപ്പോഴും ഏതാനും ദിവസങ്ങളോ ആഴ്ചകളോ 'അടഞ്ഞുകിടക്കുന്ന' കട, തല്‍സ്ഥാനത്തുതന്നെ വീണ്ടും 'തുറന്നിരിക്കുന്ന' കാഴ്ചയാണു നാം കാണുന്നത്. എന്തായാലും ട്രോളിങ് നിരോധനം തുടങ്ങിയശേഷം മാര്‍ക്കറ്റിലെത്തിക്കുന്ന മീനുകളുടെ കാലപ്പഴക്കം അറിയാനോ അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളേതെന്നു കണ്ടെത്താനോ യാതൊരുവിധ പരിശോധനയും ഇപ്പോള്‍ നടക്കുന്നില്ലായെന്നാണു മാധ്യമറിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ആഴ്ചകളും മാസങ്ങളുമായ മീനുകള്‍ സംസ്ഥാനത്തെ വലുതും ചെറുതുമായ മാര്‍ക്കറ്റുകളിലൂടെ യഥേഷ്ടം വിറ്റഴിച്ചുകൊണ്ടിരിക്കുന്നു.
പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്നത്. അവര്‍ക്കു ലഭിക്കുന്നതാകട്ടെ, ചെറിയ മത്തിയും അയലയും നത്തോലിയുംപോലുള്ള മീനുകള്‍ മാത്രം. അതേസമയം മാസങ്ങള്‍ക്കു മുമ്പേ പിടിച്ച്, ഫ്രീസറില്‍ രാസവസ്തുക്കളിട്ടു സൂക്ഷിച്ച വലിയ മത്സ്യങ്ങള്‍ വന്‍കിടവ്യാപാരികള്‍ വന്‍തുകയ്ക്കു വില്പനക്കാര്‍ക്കു വിറ്റഴിക്കുന്നു. ദിവസങ്ങളോളം ഐസിലിട്ടതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ ഈ മത്സ്യങ്ങളുടെ കാലപ്പഴക്കം സാധാരണക്കാര്‍ക്കെന്നല്ല, ചെറുകിടവ്യാപാരികള്‍ക്കുപോലും കണ്ടെത്താന്‍ കഴിയില്ലെന്നതാണ് ഏറെ സങ്കടകരമായ കാര്യം! ഒറ്റനോട്ടത്തില്‍ മിന്നിത്തിളങ്ങുന്ന മീനുകള്‍!
നമ്മുടെ സംസ്ഥാനത്തു വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്ന ഈ 'മൃതദേഹ'ങ്ങളില്‍ ഏറിയ പങ്കും വരുന്നത് തമിഴ്‌നാട്ടില്‍നിന്നത്രേ. ഇത്തരം മീനുകള്‍ വീര്‍ക്കുന്നതും പാചകം ചെയ്താല്‍ നുരയും പതയുമായി വേവാതെ കിടക്കുന്നതും കറുത്ത നിറമുണ്ടാകുന്നതും പതിവാണെന്നു വീട്ടമ്മമാര്‍ സാക്ഷ്യം പറഞ്ഞിട്ടും, ഇവിടെ മത്സ്യവില്പന പൊടിപൊടിക്കുന്നു; അതും കൊള്ളവിലയ്ക്ക്! ഇതിനെ എന്തു പേരിട്ടുവിളിക്കണം? മലയാളിയുടെ പൊങ്ങച്ചസംസ്‌കാരമെന്നോ? ഇരുനൂറു രൂപയില്‍ താഴെ വിലയുള്ള ഒരു കടല്‍മത്സ്യവും ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലെന്നാണറിവ്. തീരദേശത്തോടു ചേര്‍ന്നുള്ള പ്രാദേശികമാര്‍ക്കറ്റുകളില്‍ ഒരു കിലോ മത്തിക്ക് 350 രൂപയാണു വില. കിഴക്കന്‍മേഖലയിലെത്തുമ്പോള്‍ വില 400. ഒരുമാസം മുമ്പുവരെ ഒരു കിലോ മത്തിക്ക് നൂറു രൂപ മാത്രമായിരുന്ന സ്ഥാനത്താണ് ഈ തീവിലയെന്നോര്‍ക്കണം. ഗുണമേന്മ നോക്കാതെയുള്ള മലയാളിയുടെ ഈ 'മീന്‍കൊതി' ഫലത്തില്‍ മത്സ്യവ്യാപാരരംഗത്തെ വന്മരങ്ങള്‍ക്കു വളമാകുന്നു.
സംസ്ഥാനത്തെ പൗരന്മാര്‍ക്കു സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കുകയും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വികസിപ്പിക്കുകയുമാണ് നമ്മുടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലക്ഷ്യം. വകുപ്പിന്റെ മുദ്രാവാക്യം തന്നെ 'ആരോഗ്യകരമായ ജീവിതത്തിന് സുരക്ഷിതഭക്ഷണം' എന്നതാണ്. വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷണസാധനങ്ങളുടെ സാമ്പിളുകള്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിച്ച്, അനലറ്റിക്കല്‍ ലാബുകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുകയെന്നത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രഖ്യാപിതനയമാണ്. അതു ഫലപ്രദമായി പാലിക്കുന്നുണ്ടോ? ഇല്ലായെന്നാണുത്തരം.
റോഡുമാര്‍ഗമെത്തുന്നതിനെക്കാളധികം മീനുകള്‍ ട്രെയിന്‍വഴിയാണെത്തുന്നതെന്നും റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായം. സമ്മതിക്കാം; പക്ഷേ, എന്തുകൊണ്ട് ചില്ലറവില്പനകേന്ദ്രങ്ങളില്‍ പരിശോധനകള്‍ കൃത്യമായി നടത്തുന്നില്ല?
ഓര്‍ക്കുക, ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനെക്കാള്‍ കുറ്റകരമാണ് അഴിമതി. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണം. ഏറ്റവുമധികം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വകുപ്പാണിത്. പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അതിനാല്‍ ഭക്ഷ്യസുരക്ഷാവകുപ്പില്‍ വിട്ടുവീഴ്ച പാടില്ല. മീന്‍ കഴിക്കുന്നതില്‍ രണ്ടു കപ്പലപകടങ്ങള്‍ ജനമനസ്സില്‍ സൃഷ്ടിച്ച ആശങ്കയും ഭീതിയും നിലനില്ക്കുന്നതിനിടെയാണ്, അധികാരികളുടെ മൂക്കിനുതാഴെ ഈ ചീഞ്ഞവ്യാപാരം കൊഴുക്കുന്നത്. ഉചിതമായ നടപടി സ്വീകരിക്കാന്‍ ഇനിയൊട്ടും വൈകിക്കൂടാ.