•  Published From Palai
  •  Contact Us
  •  Previous Issues
  •  14 Aug 2025
  •  ദീപം 58
  •  നാളം 23
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • സാഹിത്യവിചാരം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
    • ആരോഗ്യവീഥി
    • കടലറിവുകള്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

നാക്കുപിഴയിലെ നവപാഠങ്ങള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 14 August , 2025

   നാലുപേരറിയുന്ന ആളായാല്‍ നാവിനു വിലയേറും. പക്ഷേ, അതില്‍ വിളയുന്നത് എപ്പോഴും നന്നാവണമെന്നില്ല. ലോകമറിയുന്ന ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഈയിടെ നടത്തിയ ഒരു വിവാദപരാമര്‍ശം ദളിത്-വനിതാചലച്ചിത്രപ്രവര്‍ത്തകരുടെയും അവരുടെ മികവ് അംഗീകരിക്കുന്നവരുടെയും വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ വെറുതെ പണം കൊടുക്കരുതെന്നും ഈ വിഭാഗങ്ങളില്‍നിന്നു പടമെടുക്കാന്‍ വരുന്നവര്‍ക്ക് സിനിമ എങ്ങനെ ഉണ്ടാക്കണമെന്നതു സംബന്ധിച്ച് മൂന്നു മാസത്തെ തീവ്രപരിശീലനം നല്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവം.
  സിനിമാനയം രൂപീകരിക്കാന്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച 'കേരളഫിലിം പോളിസി കോണ്‍ക്ലേവി'ന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിത്തിനിടെ അദ്ദേഹം നടത്തിയ ഈ പരാമര്‍ശം എന്തുദ്ദേശ്യത്തിലാണെങ്കിലും, അതില്‍ ഒരു വരേണ്യമനോഭാവം ആരെങ്കിലും ദര്‍ശിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. കലാമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സിനിമകളെ കള്ളിതിരിക്കാന്‍ ആര്‍ക്കുമവകാശമുണ്ടെങ്കിലും സിനിമ നിര്‍മിക്കുന്നവരെ വേലികെട്ടിത്തിരിക്കുന്നതുപോലായി അടൂരിന്റെ പരാമര്‍ശം. ഒരുപക്ഷേ, സാംസ്‌കാരികമന്ത്രിയിരിക്കുന്ന വേദിയില്‍ സര്‍ക്കാര്‍നയത്തിലെ  ന്യൂനത ചൂണ്ടിക്കാണിക്കുകയായിരുന്നു തന്റെ ലക്ഷ്യമെങ്കില്‍പ്പോലും, ജാതിപരാമര്‍ശമൊഴിവാക്കി, പണം ആര്‍ക്കുകൊടുത്താലും അത് അര്‍ഹിക്കുന്നവരുടെ കൈകളിലെത്തണം എന്ന നീതിപൂര്‍വകമായ ഒരു പ്രസ്താവം നടത്താന്‍ എന്തുകൊണ്ട് അടൂരിനു കഴിയാതെ പോയി എന്നതു പ്രസക്തമായ ചോദ്യമാണ്. പകരം വനിതകളുടെയും പിന്നാക്കജനതയുടെയും പേരെടുത്തുപറഞ്ഞതുവഴി അവരില്‍ തനിക്കുള്ള അവിശ്വാസമോ അതൃപ്തിയോ ആണു പുറത്തുവന്നത്.
പൊതുപ്പണം പാഴാക്കണമെന്ന് ആരും പറയില്ല. ഒന്നരക്കോടിയുടെ സഹായം തീര്‍ച്ചയായും അര്‍ഹിക്കുന്ന കൈകളില്‍ത്തന്നെ എത്തണം. ചലച്ചിത്രവികസനകോര്‍പറേഷന്റെ ധനവിനിയോഗത്തില്‍ പാകപ്പിഴയുണ്ടെങ്കില്‍ അതായിരുന്നു ചൂണ്ടിക്കാണിക്കേണ്ടിയിരുന്നത്; പക്ഷേ, പറഞ്ഞ വാക്കുകള്‍, വനിതകളും പട്ടികജാതി പട്ടികവര്‍ഗക്കാരും കഴിവുകെട്ടവരാണെന്ന പ്രതീതി സൃഷ്ടിക്കുന്നതായി. ഏതായാലും, അടൂര്‍ പങ്കുവച്ചത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നു സജി ചെറിയാന്‍ അതേ വേദിയില്‍ത്തന്നെ പ്രതികരിച്ചു. സദസ്സില്‍നിന്നുതന്നെയും അടൂരിന്റെ പ്രസംഗത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. സംവിധായകന്‍ ഡോ. ബിജുവിനെ സദസ്യര്‍ ചൂണ്ടിക്കാട്ടി. സിനിമയെടുത്താണു പഠിക്കുന്നതെന്ന് ഗായിക പുഷ്പവതി സദസ്സില്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്നു പറയാന്‍ ശ്രീകുമാരന്‍തമ്പിയും മടിച്ചില്ല. അടൂരിന്റെ ചലച്ചിത്രസങ്കല്പങ്ങള്‍ എത്ര ഉന്നതമാണെങ്കിലും സാമൂഹികകാഴ്ചപ്പാടിന്റെ ഉയരവും ആഴവും അത്രത്തോളം വരില്ലെന്ന് ആളുകളെക്കൊണ്ടു പറയിപ്പിക്കാനേ ആ പ്രസംഗം ഉതകിയുള്ളൂ എന്നതു ഖേദകരമാണ്.
   നമുക്കറിയാം, സവര്‍ണമേധാവിത്വവും സാമൂഹികപിന്നാക്കാവസ്ഥയും സമസ്തമേഖലകളിലും ഇന്നും നിലനില്ക്കുന്നു. സിനിമാമേഖലയും അതില്‍നിന്ന് ഒട്ടും ഭിന്നമല്ല. രാഷ്ട്രീയം കഴിഞ്ഞാല്‍ പണാധിപത്യം കൊടികുത്തിവാഴുന്ന ഒരു മേഖലയാണു സിനിമ.  കഴിവുണ്ടായാല്‍ മാത്രം പോരാ, പണവും സാഹചര്യവും ഒത്തിണങ്ങണം; സാമൂഹികസുരക്ഷയുണ്ടാവണം. ഇതൊന്നുമില്ലാത്ത, അരക്ഷിതമായ സാഹചര്യങ്ങളില്‍നിന്നു പിന്നാക്കക്കാരനെ  കരകയറ്റാനാണു സംവരണം ഇന്നും തുടരുന്നത്. അതുതന്നെയാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതും: പതിറ്റാണ്ടുകളായി പട്ടികവിഭാഗങ്ങള്‍ക്കു സിനിമയുടെ മുഖ്യധാരയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
    സിനിമാരംഗത്തു പിന്നാക്കക്കാരനില്‍നിന്നു വ്യത്യസ്തമല്ല വനിതകളുടെ നിലയുമെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ആ രംഗത്തു സ്ത്രീകള്‍ നേരിടുന്ന അവഗണനയും ചൂഷണവും പീഡനങ്ങളും അന്വേഷിക്കുന്നതിനാണല്ലോ ഇവിടെ ഒരു ഹേമ കമ്മിറ്റിതന്നെ സൃഷ്ടിക്കപ്പെട്ടത്. ആ കമ്മിറ്റിറിപ്പോര്‍ട്ട് എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. മന്ത്രി പറയുന്നത് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് എവിടെയും പോയിട്ടില്ലെന്നും അതിന്റെ ഫലമായാണ് കോണ്‍ക്ലേവു നടത്തിയതെന്നുമാണ്. അതെന്തുമാകട്ടെ, ആ കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ മേല്പറഞ്ഞ വിവാദമുയര്‍ത്തിയത്. മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞു: ''അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടന്നത്. നശിച്ചുകിടന്ന സ്ഥാപനത്തെ ഇന്ത്യയിലെ ഒന്നാം നമ്പറായി മാറ്റുന്നതിനിടെയായിരുന്നു സമരം. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കി.'' ഇതൊന്നും തള്ളിക്കളയണമെന്ന് ഞങ്ങള്‍ക്കഭിപ്രായമില്ല; ചര്‍ച്ച ചെയ്യണം. അതുപോലെതന്നെ, പണം കൊടുക്കുന്നതില്‍ ഭരണകക്ഷി രാഷ്ട്രീയതാത്പര്യങ്ങള്‍ കടന്നുകൂടരുതെന്നും പണം ജനങ്ങളുടേതായതിനാല്‍ അതിന് ഓഡിറ്റിങ് ഉണ്ടാകണമെന്നും മറ്റുമുള്ള അടൂരിന്റെ ക്രിയാത്മകനിര്‍ദേശങ്ങളും തുറന്ന മനസ്സോടെ കാണാന്‍ മടിക്കേണ്ടതില്ല.
പ    ട്ടികവിഭാഗങ്ങളും സ്ത്രീകളും ഒരു സിനിമയെടുത്ത് അപ്രത്യക്ഷരാകേണ്ടവരല്ലെന്നും അവര്‍ സിനിമയില്‍ ഉയര്‍ന്നുവരാന്‍വേണ്ടിയാണ് തീവ്രപരിശീലനം വേണമെന്നു പറഞ്ഞതെന്നുമാണ് അടൂരിന്റെ പുതിയ ഭാഷ്യം. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ആരായാലും നാലാള്‍കൂടുന്നിടത്തു നാവു വളയ്ക്കുമ്പോള്‍, സ്വയം പര്യാപ്തത സ്വപ്നം കണ്ടും അംഗീകാരങ്ങള്‍ ആശിച്ചും അടിച്ചമര്‍ത്തപ്പെട്ട സര്‍ഗവാസനകളുമായി, സിനിമയുടെ ആകാശങ്ങളില്‍ പാറിപ്പറക്കാന്‍ കൊതിക്കുന്ന, അവഗണിക്കപ്പെട്ട ഒരു  ന്യൂനപക്ഷം  സമൂഹത്തിന്റെ പരിസരങ്ങളിലുണ്ടെന്നു നാം മറന്നുപോകരുത്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)