•  Published From Palai
  •  Contact Us
  •  Previous Issues
  •  14 Aug 2025
  •  ദീപം 58
  •  നാളം 23
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • സാഹിത്യവിചാരം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
    • ആരോഗ്യവീഥി
    • കടലറിവുകള്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ന്യൂനപക്ഷപ്രേമത്തിന്റെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍

  • പി.സി. സിറിയക്
  • 14 August , 2025
    നമ്മുടെ ഭരണഘടനയുടെ  മനോഹരമായ ആമുഖത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്, നമ്മുടെ രാഷ്ട്രം മതേതരവും, ചിന്തിക്കാനും സംസാരിക്കാനും ആരാധന നടത്താനും സ്വാതന്ത്ര്യമുള്ളതുമായ ജനാധിപത്യരാഷ്ട്രമായിരിക്കുമെന്ന്. ഭരണഘടനയുടെ 25-ാം വകുപ്പില്‍ പ്രത്യേകം പറഞ്ഞിരിക്കുന്നു, ഒരു പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, മതാനുഷ്ഠാനങ്ങള്‍ പാലിച്ചു ജീവിക്കാനും, തന്റെ മതം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന്.
   ഈ മതേതരഭരണഘടനയോടുള്ള കൂറ്, ദൈവനാമത്തില്‍ത്തന്നെ പ്രഖ്യാപിച്ച്, സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയവരാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങള്‍. പക്ഷേ, കഴിഞ്ഞയാഴ്ചയില്‍ ഛത്തീസ്ഗഡ് സംസ്ഥാനത്തെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ ഈ വന്‍നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ അവര്‍ക്കു തീരെ വിശ്വാസമില്ലെന്നു തെളിയിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയില്‍ സേവനം ചെയ്യുന്ന മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ക്കും, അവരോടൊപ്പം യാത്രയ്‌ക്കെത്തിച്ചേര്‍ന്ന മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ക്കും, വഴികാട്ടിയായിച്ചെന്ന ചെറുപ്പക്കാരനും നേരിടേണ്ടിവന്ന പീഡനങ്ങളെപ്പറ്റി നാം വായിച്ചറിഞ്ഞു. ഒരു കുറ്റവും ചെയ്യാത്ത, നിരപരാധികളായ അവരെല്ലാം, ഹിന്ദു തീവ്രവാദനസംഘടനയായ ബജരങ്ദളിന്റെ നേതാവായ ഒരു സ്ത്രീയും അവരുടെ അനുചരന്മാരും അടങ്ങുന്ന സംഘം നടത്തിയ കരാളനൃത്തത്തിന്റെ ഇരകളായിത്തീര്‍ന്നു.
    ആദ്യം ഉന്നയിക്കപ്പെട്ട ആരോപണം, അവര്‍ പെണ്‍കുട്ടികളെ വശീകരിച്ച്, പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനായി കൊണ്ടുചെല്ലുകയാണെന്നാണ്. പെണ്‍കുട്ടികള്‍ മൂവരും പതിനെട്ടു വയസ്സ് പൂര്‍ത്തിയായവരെന്നറിഞ്ഞപ്പോള്‍, കുറ്റം, അതിനെക്കാള്‍ ഗുരുതരമായ 'മനുഷ്യക്കടത്ത്' ആയിത്തീര്‍ന്നു. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ആ തീവ്രവാദികള്‍ നടത്തിയ കൈയാങ്കളിയെപ്പറ്റിയും നാം വായിച്ചു ദുഃഖിച്ചു. അവസാനം, ഭഗീരഥപ്രയത്‌നം നടത്തി ഒമ്പതുദിവസത്തെ ജയില്‍പീഡനത്തിനുശേഷം, കന്യാസ്ത്രീകളെ ജാമ്യത്തില്‍ മോചിപ്പിച്ചു. അവര്‍ക്കു പല നിബന്ധനകള്‍ക്കും വിധേയമായി ജാമ്യം നല്‍കിയത്, തങ്ങള്‍ അനുഭാവപൂര്‍വം പ്രവര്‍ത്തിച്ചതിനു തെളിവാണെന്ന് അവകാശപ്പെടാനും ബി.ജെ.പി. നേതാക്കള്‍ മടിച്ചില്ല. 
   ഛത്തീസ്ഗഡ് ഒരു  ഒറ്റപ്പെട്ട സംഭവമല്ല. ഉത്തരേന്ത്യയിലെ ഹിന്ദു ഹൃദയഭൂമിയില്‍,  പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍, പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് അക്ഷരാഭ്യാസം നല്‍കി അവരെ മനുഷ്യരാക്കി മാറ്റാനും അന്ധവിശ്വാസങ്ങള്‍, ദുരാചാരങ്ങള്‍ എന്നിവയില്‍നിന്നു വിമുക്തമാക്കാനും നിസ്വാര്‍ത്ഥമായി പരിശ്രമിച്ചവരാണ് നമ്മുടെ മിഷനറിവൈദികരും കന്യാസ്ത്രീകളും. അവരുടെ മറ്റൊരു പ്രവര്‍ത്തനമേഖലയായിരുന്നു, അവശരും അശരണരുമായ രോഗികളെ പരിചരിക്കല്‍.
സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതും, പക്ഷേ, ശ്രദ്ധിക്കാന്‍ കൂട്ടാക്കാതിരുന്നതുമായ ഈ മേഖലകള്‍ രണ്ടിലും ആത്മാര്‍ത്ഥസേവനം നടത്തിയ അവരെ ആദിവാസികള്‍ സ്‌നേഹിച്ചു, വിശ്വസിച്ചു. അവരുടെ വചനങ്ങള്‍കേട്ടും പ്രവൃത്തികള്‍ കണ്ടും ആകര്‍ഷിക്കപ്പെട്ട ചിലരെല്ലാം ക്രൈസ്തവമതം സ്വീകരിച്ചിരിക്കാം. പക്ഷേ, അവര്‍, ഇതുവരെ ആദിവാസികളെ ചൂഷണം ചെയ്തിരുന്നവരുടെ നോട്ടപ്പുള്ളികളായത് അദ്ഭുതമല്ലല്ലോ. 2014 ല്‍ ബി.ജെ.പി. സര്‍ക്കാര്‍ ഭരണം തുടങ്ങിയതോടെ ഈ സ്ഥാപിതതാത്പര്യക്കാര്‍ തങ്ങളുടെ ഇരകളെ സ്വതന്ത്രരാക്കിയ ഈ വൈദികരുടെയും കന്യാസ്ത്രീകളുടെയും നേര്‍ക്കു തിരിയുകയായിരുന്നു. ഇന്ന് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒറീസ്സ തുടങ്ങി മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും മതപീഡനത്തിന്റെ വാര്‍ത്തകള്‍ വരുന്നു. ഛത്തീസ്ഗഡില്‍ കണ്ടതുപോലുള്ള ഭരണഘടനാലംഘനങ്ങള്‍ക്കും അന്യായമായ തടങ്കല്‍ശിക്ഷകള്‍ക്കും അവിടെയെല്ലാം അരങ്ങേറുന്ന മര്‍ദനമുറകള്‍ക്കുമെതിരേ ശബ്ദമുയര്‍ത്താന്‍ കേരളത്തില്‍ ജീവിക്കുന്ന നമ്മളെങ്കിലും മുന്നിട്ടിറങ്ങിപ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഇതാണ്, ഛത്തീസ്ഗഡില്‍നിന്നു നമുക്കു പഠിക്കാനുള്ള പാഠം.
   *   *   *    *     *
   ഛത്തീസ്ഗഡിലെയും മറ്റു സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സര്‍ക്കാരുകളുടെ പിന്തുണയോടെ അവരുടെ സഹോദരസംഘനകളായ ബജ്‌രങ്ദളും ഹിന്ദുമഹാസഭയുമെല്ലാം നടത്തുന്ന പീഡനങ്ങള്‍, കേരളസമൂഹത്തിലും കേരള രാഷ്ട്രീയത്തിലും അടിയൊഴുക്കുകള്‍ സൃഷ്ടിക്കുമോ? 
   അക്രമികള്‍ക്കു സ്വന്തം ചിറകിനടിയില്‍ സംരക്ഷണം നല്‍കി അക്രമപ്രവൃത്തികള്‍ക്കെല്ലാം ധാര്‍മികവും ഭരണപരവുമായ പിന്തുണ നല്‍കുന്ന ബി.ജെ.പി.യുടെ നിലപാട് കേരളസമൂഹം കാണാതെ പോകുന്നുണ്ടോ? കന്യാസ്ത്രീകള്‍ക്കു ജാമ്യം നേടിക്കൊടുത്തതു തങ്ങളാണ് എന്ന് അവകാശവാദം ഉന്നയിക്കുന്ന ബി.ജെ.പി. നേതാക്കളെപ്പറ്റി കേരളക്രിസ്ത്യന്‍സമൂഹം എന്തുപറയുന്നു? ഈ സംഭവം കേരളരാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമോ?
മറ്റൊരു കാര്യം ഓര്‍മയിലെത്തുന്നു. 
    പുതിയ പാര്‍ലമെന്റുമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ 'പശുവിന്റെ പ്രതിമ ഉള്ളിലേക്കു പ്രവേശിപ്പിച്ചവര്‍ യഥാര്‍ഥ പശുവിനെക്കൂടി അകത്തേക്കു കടത്താന്‍' തയ്യാറാകണമെന്നും, അതിനു വൈകിയാല്‍ പശുക്കളുമായി തങ്ങള്‍ പാര്‍ലമെന്റിലെത്തുമെന്നും വന്ദ്യനായ ശങ്കരാചാര്യസ്വാമി, അവിമുക്തേശ്വരാനന്ദസരസ്വതി പറഞ്ഞിരിക്കുന്നതായി ഒരു വാര്‍ത്ത കണ്ടു. പാര്‍ലമെന്റില്‍ സ്ഥാപിച്ചിരിക്കുന്ന ചെങ്കോലിനുമുകളില്‍ കൊത്തിവച്ച പശുവിന്റെ പ്രതിമ ചൂണ്ടിക്കാട്ടിയാണ്, രാജ്യത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നൂറു പശുക്കളെയെങ്കിലും പരിപാലിക്കാന്‍ ശേഷിയുള്ള പ്രത്യേക സംരക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് സ്വാമിജി ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ നീറുന്ന നൂറുകൂട്ടം പ്രശ്‌നങ്ങളുള്ള നാട്ടില്‍ ഇത്തരം വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നവരില്‍നിന്നു പ്രചോദനമുള്‍ക്കൊള്ളുന്ന ഭരണകക്ഷിക്കു കഴിയുമോ, തെരുവുനായ്ക്കളില്‍നിന്നും ആരുണ്ട് തങ്ങളെ രക്ഷിക്കാന്‍, എന്നു കേഴുന്ന കേരളീയര്‍ക്ക് ആശ്വാസമരുളാന്‍? ഇനി പശുക്കളെക്കൂടി പേടിച്ചുകഴിയാനാണോ നമ്മുടെ വിധി?
   കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ നയിക്കുന്ന പ്രത്യയശാസ്ത്രം ഇതെല്ലാമാണെങ്കില്‍, വിദ്യാസമ്പന്നരും, പുരോഗമനചിന്തകള്‍ താലോലിക്കുന്നവരുമായ കേരളീയരുടെ മനസ്സില്‍ സ്ഥായിയായ ഇടംപിടിച്ചെടുക്കാന്‍ ബിജെപിക്കു കഴിയുമോ?
   1980 ല്‍ ബിജെപി സ്ഥാപിതമായതു മുതല്‍ കേരളത്തില്‍ ശക്തിനേടാന്‍ അവര്‍ കഠിനപ്രയത്‌നം നടത്തുന്നു. 2016ല്‍ നേമം നിയോജമകമണ്ഡലത്തില്‍ ഒ രാജഗോപാല്‍ വിജയിച്ചത് ഒരു നിര്‍ണായകമുഹൂര്‍ത്തമായിരുന്നു. അവരുടെ പ്രയാണത്തില്‍ അതുകഴിഞ്ഞ് 2021 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ആ സീറ്റ് നഷ്ടപ്പെട്ടെങ്കിലും 2024 ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തൃശൂര്‍മണ്ഡലത്തില്‍നിന്നു സുരേഷ്‌ഗോപിയെ വന്‍ഭൂരിപക്ഷത്തോടെ (74,680 വോട്ട്) വിജയിപ്പിച്ചത് പാര്‍ട്ടിയുടെ പുതിയ മുന്നേറ്റത്തിനു തുടക്കംകുറിച്ചു.
   കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍, ഒരു 'ഹൈപ്രൊഫൈല്‍' ബിസിനസുകാരനും, വ്യവസായിയും വിദ്യാസമ്പന്നനുമായ രാജീവ് ചന്ദ്രശേഖറെ തിരുവനന്തപുരത്തു ശശി തരൂരിനെതിരായി മത്സരിക്കാനിറക്കി, ബിജെപി. ശക്തമായ മത്സരം കാഴ്ചവച്ചു പേരെടുത്ത രാജീവ് ചന്ദ്രശേഖറെയാണ്, ഇപ്പോള്‍ ബിജെപിയുടെ പത്തുവര്‍ഷത്തെ കഠിനപരിശ്രമങ്ങള്‍ക്കൊന്നും കാതുകൊടുക്കാതെ, പിടികൊടുക്കാതെ മാറിനില്‍ക്കുന്ന കേരളത്തെ ആകര്‍ഷിക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായി, സംസ്ഥാന ബിജെപി നേതാവായി  അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മുഖ്യഎതിരാളി അഭിപ്രായഭിന്നതകള്‍കൊണ്ടു വിഷമിക്കുന്ന കോണ്‍ഗ്രസല്ല, പുതിയ വികസനനായകനായി പ്രത്യക്ഷപ്പെട്ട് മൂന്നാം തവണയും മുഖ്യമന്ത്രിപദം കാംക്ഷിക്കുന്ന പിണറായി വിജയനാണ് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
തൃശൂരില്‍ വിജയം നേടി കേന്ദ്രമന്ത്രിപദം അലങ്കരിക്കുന്ന സുരേഷ്‌ഗോപിയും, ചന്ദ്രശേഖരറും, കേരളത്തിലെ പ്രമുഖ മുന്നാക്കസമുദായമായ നായര്‍സമൂഹത്തിന്റെ ഭൂരിപക്ഷം വോട്ടുകളും ബിജെപിക്കു ശേഖരിച്ചുനല്‍കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
പക്ഷേ, ഇവരെല്ലാമുണ്ടെങ്കിലും ഭൂരിപക്ഷം നേടണമെങ്കില്‍ കേരളത്തിലെ ഏറ്റവുമധികം വിദ്യാസമ്പന്നരും സംരംഭകത്വസ്വഭാവമുള്ളവരുമായ ക്രിസ്ത്യന്‍സമൂഹത്തിന്റെ വോട്ടുകൂടി ലഭിക്കേണ്ടത് അത്യാവശ്യമാണെന്നു ബിജെപി നേതൃത്വം കരുതുന്നുണ്ട്.
ക്രിസ്ത്യാനികളെക്കൂടി ലഭിച്ചാല്‍ മുന്നണിഭരണം കണ്ടുമടുത്തവര്‍ ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനപാലനം, സാമ്പത്തികമാനേജുമെന്റ് തുടങ്ങി എല്ലാ മേഖലകളിലും പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്ന എല്‍ഡിഎഫിനെ ഉപേക്ഷിച്ച് പുതിയ മുഖവുമായെത്തുന്ന ബിജെപി മുന്നണിയെ ആദരിക്കാതിരിക്കുമോ?
   ക്രിസ്ത്യന്‍സമൂഹത്തിന്റെ പിന്തുണയ്ക്കായി അവര്‍ അടുത്തകാലത്തായി നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലമിതാണ്. ക്രിസ്ത്യന്‍സമൂഹത്തിനാണെങ്കില്‍ ഈയിടെയായി മറ്റൊരു പ്രബലന്യൂനപക്ഷമായ മുസ്ലീംസമൂഹവുമായി അല്പം അകല്ച്ച ഉണ്ടായിട്ടില്ലേ? കേരളത്തില്‍ ന്യൂനപക്ഷവിഭാഗക്ഷേമവകുപ്പിന്റെ ചുമതല വഹിച്ചുപോന്ന മുസ്ലീം മതസ്ഥരായ മന്ത്രിമാരെല്ലാം ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹത്തെ അവഗണിച്ച്, സഹായം മുഴുവന്‍ സ്വന്തസമുദായത്തിനു മാത്രം നല്‍കുന്നതിനെപ്പറ്റി പരാതിയുള്ളവരാണ് ക്രിസ്ത്യാനികള്‍. അതോടൊപ്പമാണ് 'ലവ് ജിഹാദ്' പോലുള്ള പ്രശ്‌നങ്ങളും അവരെ അലോസരപ്പെടുത്തുന്നത്. പക്ഷേ, ഉത്തരേന്ത്യയിലെ ബിജെപിയുടെ മതതീവ്ര-ഹിന്ദുത്വനിലപാടുകള്‍ തങ്ങള്‍ക്കു വിനയായിത്തീരില്ലേ എന്ന ആശങ്കയും അവര്‍ക്കുണ്ട്.
ഈ ആശങ്കയ്ക്കുകാരണം ഛത്തീസ്ഗഡ് സംഭവം മാത്രമല്ല; മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്ന സമാനരീതിയിലുള്ള സംഭവങ്ങളും, മണിപ്പുര്‍ സംസ്ഥാനത്തു കഴിഞ്ഞ രണ്ടു കൊല്ലമായി നടക്കുന്ന വംശീയഹത്യയും പ്രധാനപ്പെട്ട ഒരു ഘടകമാണ്. മണിപ്പുരില്‍ 2022 ലെ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിക്കഴിഞ്ഞയുടന്‍ ബിജെപി തങ്ങളുടെ പ്രധാന അജണ്ട-വര്‍ഗീയസംഘട്ടനവും ന്യൂനപക്ഷക്രിസ്ത്യന്‍കുക്കികളെ ഉന്മൂലനം ചെയ്യലും - പുറത്തെടുക്കുകയായിരുന്നില്ല?
    മണിപ്പുരിലും ബിജെപി കേരളത്തിലേതുപോലെ ഒരു ചെറിയ ന്യൂനപക്ഷമായിരുന്നു. അവിടെ 2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 60 ല്‍ 42 സീറ്റും നേടി, കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇബോബിസിങ് ഭരണത്തുടര്‍ച്ച നേടി. അന്ന്, 19 സീറ്റില്‍ മത്സരിച്ച ബിജെപിക്കു വട്ടപ്പൂജ്യമായിരുന്നു ലഭിച്ചത്. 2017ല്‍ നടന്ന അടുത്ത തിരഞ്ഞടുപ്പായപ്പോഴേക്കും ബിജെപി കുക്കിന്യൂനപക്ഷത്തിന്റെയും അവരുടെ മതാധ്യക്ഷന്മാരുടെയും പിന്തുണ നേടിയെടുത്തു. അത്തവണ, 60 സീറ്റില്‍ കോണ്‍ഗ്രസിന് കിട്ടിയത് 28 സീറ്റ്, ബിജെപിക്ക് 21 മാത്രം. പക്ഷേ, തിരഞ്ഞെടുപ്പുഫലം വന്ന്, രണ്ടു ദിവസം കഴിഞ്ഞ് 21 സീറ്റു മാത്രം നേടിയ ബിജെപി നേതാവ് ബിരെന്‍സിങ്ങിനെ വിളിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു.
കുതിരക്കച്ചവടം നടന്നു.
ബിരേന്‍സിങ് വിശ്വാസപ്രമേയം പാസാക്കിയെടുത്തു.
ഹിന്ദുഭൂരിപക്ഷസമുദായമായ മെയ്‌തെയ്കളുടെ പിന്തുണ നേടാനുള്ള കരുനീക്കങ്ങളും നടത്തി. 2022 ലെ തിരഞ്ഞെടുപ്പില്‍, ബിജെപിക്ക് 32 സീറ്റ്. കോണ്‍ഗ്രസിന് 5 സീറ്റു മാത്രം!
ഭരണം സുസ്ഥിരമായതോടെ പ്രധാന അജണ്ട പുറത്തെടുത്തു. 2022 മേയില്‍ത്തന്നെ, കലഹങ്ങള്‍ അഴിച്ചുവിട്ടു. 150 ല്‍പരം പള്ളികള്‍ അഗ്നിക്കിരയായി. അനേകംപേര്‍ മരണപ്പെട്ടു. പ്രധാനമന്ത്രി ഇതുവരെ അവിടം സന്ദര്‍ശിച്ചില്ല. ഈയിടെ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചെങ്കിലും സ്ഥിതി ശാന്തമായിട്ടില്ല. 
   2017 ല്‍ ക്രിസ്ത്യന്‍ന്യൂനപക്ഷത്തിന്റെ പിന്തുണയോടെ ആദ്യം അധികാരത്തിലെത്തിയവര്‍ 2022 ല്‍ നില ഭദ്രമാക്കിയതോടെ വിശ്വരൂപം കാണിക്കാന്‍ തുടങ്ങി. കേരളത്തിലെ ക്രിസ്ത്യന്‍സമൂഹത്തിന് ഇതില്‍നിന്നും എന്തെങ്കിലും പഠിക്കാനുണ്ടോ?
ഈ സാഹചര്യത്തില്‍ കേരളത്തിലെ ബിജെപി മാത്രം വിദ്യാസമ്പന്നതയുടെയും സംരംഭകമികവിന്റെയും പരിഷ്‌കൃതമനോഭാവങ്ങളുടെയും മുഖമുള്ള നേതൃത്വം ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് പ്രചാരണം നടത്തിയാല്‍ മതിയോ? കേന്ദ്രനേതൃത്വത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും പശുവിന്റെ ആരാധനയില്‍ത്തന്നെ കുടുങ്ങിക്കിടന്നാല്‍ കേരളത്തിന്റെ സ്ഥിതിയെന്താകും? മണിപ്പുര്‍ എന്തെങ്കിലും സന്ദേശം നമുക്കു നല്‍കുന്നുണ്ടോ? ചിന്തിക്കുക, തീരുമാനങ്ങള്‍ എടുക്കുക.ജര്‍മന്‍ വൈദികന്‍ നെയ്‌മോളര്‍ പറഞ്ഞതുപോലെ അവസാനം അവര്‍ എന്നെത്തേടി വരുമോ?

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)