മണ്ണിലെ മുപ്പത്തിമൂന്നു വര്‍ഷം നീണ്ട തന്റെ ജീവിതത്തിന്റെ പകുതിയില്‍ കൂടുതല്‍ അവന്‍ ആരാലും അറിയപ്പെടാതെ കഴിഞ്ഞു. അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനുമൊന്നും ആഗ്രഹിച്ചില്ല. ഒളിവിലല്ല, ഒരുക്കത്തിലുള്ള കാലമായിരുന്നു അത്. ഒളിവുവാസം കുറ്റവാളികള്‍ക്കുള്ളതാണ്. തെറ്റുകാരനല്ലാത്തവന്‍ എന്തിന് ഒളിവില്‍ പാര്‍ക്കണം? മൂന്നു വര്‍ഷത്തെ ഇടവേളകളില്ലാത്ത ദൗത്യജീവിതത്തിനുവേണ്ടി മുപ്പതു വത്സരങ്ങളോളം അവന്‍ ഒരുങ്ങി. പാപത്തില്‍നിന്നുള്ള മനുഷ്യരാശിയുടെ മോചനം അത്ര അനായാസമല്ലെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ കര്‍മനിരതമായ സാക്ഷ്യജീവിതത്തിനു മുന്നോടിയായി എല്ലാ അര്‍ത്ഥത്തിലും അവന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി. രഹസ്യജീവിതത്തിന്റെ അടിത്തറയിന്മേലാണ് അവന്‍ തന്റെ പരസ്യജീവിതം പടുത്തുയുയര്‍ത്തിയത്. രഹസ്യവാസം എന്നതിലുപരി ഒരു ഒരുക്കവാസമായിരുന്നു അവന്റേത്. അക്കാമലത്രയും അവന്‍ എവിടെയായിരുന്നു, എന്തു ചെയ്തു എന്നതല്ല; പിന്നെയോ, അതിനുശേഷം അവന്‍ എവിടെ, എന്തു ചെയ്തു എന്നതാണ് പ്രസക്തം.
ജീവിതത്തിനു രഹസ്യാത്മകത എന്നൊരു തലമുണ്ട് എന്ന് അവന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. പ്രപഞ്ചവും പ്രാപഞ്ചികമായവയും എല്ലാം വലിയ രഹസ്യങ്ങള്‍തന്നെയല്ലേ? ഒന്നിനും ഒന്നും തികയാത്ത ഈ ജീവിതത്തില്‍ നമ്മുടേതായ ചില ഇടങ്ങള്‍ നാം കണ്ടെത്തണം. നമുക്ക് നാം മാത്രം കൂട്ടിനുള്ള ഇടങ്ങള്‍. പ്രാര്‍ത്ഥനയുടെ, ധ്യാനത്തിന്റെ, സ്വയം വിമര്‍ശനത്തിന്റെ തുടങ്ങി നാമെന്ന ജീവികളെ മൂല്യബോധമുള്ള മനുഷ്യരാക്കി മാറ്റുന്ന ചിലയിടങ്ങള്‍. അതുകൊണ്ടൊക്കെയാവാം രഹസ്യത്തിലുള്ള പ്രാര്‍ത്ഥനയെയും ഇടതുകരം അറിയാതെയുള്ള വലതിന്റെ ചെയ്തികളെയുമൊക്കെ അവന്‍ പുകഴ്ത്തിപ്പറഞ്ഞത്. നമ്മുടേതായ ജീവിതാവസ്ഥകളില്‍, ബന്ധങ്ങളില്‍, കര്‍മമണ്ഡലങ്ങളില്‍, വിശ്വാസമേഖലകളില്‍, കടമകളില്‍ നാമും സ്ഥിരം തയ്യാറാകേണ്ടവര്‍ തന്നെ. മതിയായ ഒരുക്കങ്ങള്‍ കര്‍മങ്ങളെ കൂടുതല്‍ കമനീയമാക്കും. വേണ്ടത്ര ഒരുക്കത്തോടെ വേണം ഓരോ നിമിഷവും ജീവിക്കാന്‍. ജീവിതം അത്ര ഗൗരവമേറിയതാണ്. ദൈവദാനമായ ആയുസ്സിനെയും അത് നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങളെയും നിസ്സാരമായി കാണരുത്. ആത്മീയമായ ഒരുക്കങ്ങളാവണം നമ്മുടെ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ടത്. എങ്കിലേ, അവ ശാശ്വതങ്ങളാകൂ. ഓരോ ജീവിതാന്തസ്സിനും അതിന്റേതായ ഒരുക്കങ്ങളുണ്ടാകണം. അല്ലെങ്കില്‍, പരാജയങ്ങളും എണ്ണത്തിലധികവും. ഒരുക്കമില്ലായ്മ പല ഞെരുക്കങ്ങക്കും വഴിതെളിക്കും. ജീവിതത്തിലെ പൈശാചികശക്തികള്‍ക്കെതിരേയുള്ള പടയൊരുക്കങ്ങള്‍ നടത്താന്‍ പ്രതിദിനം പരിശ്രമിക്കാം. ഒപ്പം, മറ്റുള്ളവരുടെയും സ്വകാര്യതകളെ മാനിക്കാം. അവയിലേക്കുള്ള അനാവശ്യവും അനവസരത്തിലുള്ളതുമായ കടന്നുകയറ്റങ്ങള്‍ കഴിവതും ഒഴിവാക്കാം. ജീവിതത്തിന്റെ രഹസ്യാത്മകത എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്.