മൃതനായ മകനു കിടക്കാന്‍ മലമുകളില്‍ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തില്‍ ചോരക്കുഞ്ഞായി പിറന്നവനുവേണ്ടി താന്‍ ആദ്യമായി വാത്സല്യത്തോടെ വിടര്‍ത്തിയ മടിത്തട്ട് കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ അവസാനമായി അവള്‍ വിരിച്ചിട്ടു. മൂന്നാണികളില്‍നിന്ന് എടുക്കപ്പെട്ടവന് അമ്മമടിയില്‍ അല്പനേരം അന്ത്യശയനം. മക്കളെത്ര വളര്‍ന്നാലും മാതാപിതാക്കളുടെ മടിത്തട്ടിനെക്കാള്‍ വലുതാവില്ലല്ലോ. കാലിത്തൊഴുത്തിലെന്നപോലെ കാല്‍വരിയിലും ഈ തുണിത്തൊട്ടിലില്‍ അവനൊരു ചോരക്കുഞ്ഞുതന്നെ. ഉദരത്തില്‍ ഉയിരോടെ വഹിച്ചവനെ നിര്‍ജീവമായി തന്റെ ഉത്സംഗത്തില്‍ അവള്‍ വഹിച്ചു. മക്കളുടെ മരണമാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ വേദന. തനിക്കു തല ചായ്ക്കാന്‍ മണ്ണില്‍ ഇടമില്ലെന്നു വിളിച്ചുപറഞ്ഞവന്‍ ഈ ഇത്തിരി മടിയിടത്തെ വിസ്മരിച്ചിരുന്നോ? അതുകൊണ്ടാവാം അവനുമാത്രമായി ആ കുന്നിന്‍മീതെയും അവള്‍ തന്റെ മൃദുമടിശയ്യ മറക്കാതെ ഒരുക്കിവച്ചിരുന്നത്. ജീവിതത്തില്‍ ദൈവത്തെ മുറുകെപ്പിടിക്കുന്നവര്‍ക്കു മനോദുഃഖങ്ങളുടെ മലമുകളില്‍പോലും ശാന്തമായി കഴിയാന്‍ ഒരു മടിയോളമെങ്കിലും ഇടം അവിടുന്ന് മാറ്റിവയ്ക്കുമെന്നുള്ള ഉറപ്പ്.
മാതാപിതാക്കളാകാനുള്ള വിളി മഹനീയമായ ഒന്നാണ്. ഉത്തരവാദിത്വമുള്ള രക്ഷാകര്‍ത്താക്കളായി ജീവിക്കാനാണ് സഭ ദമ്പതിമാരെ ആഹ്വാനം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി വിശ്വാസത്തിലും വിജ്ഞാനത്തിലും അവരെ വളര്‍ത്തി സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്ന ഉത്തമവ്യക്തിത്വങ്ങളാക്കി മാറ്റാനുള്ള ദൗത്യമാണ് അവര്‍ക്കുള്ളത്. മാതൃപിതൃത്വങ്ങള്‍ക്കു മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, ഗര്‍ഭപാത്രങ്ങളെ കൊലക്കളങ്ങളായി മാറ്റുന്ന, കാമവെറിപൂണ്ടു കുരുന്നുകളെ കഴുത്തുഞെരിച്ചും ചുവരിലടിച്ചുമൊക്കെ കരുതിക്കൊടുക്കുന്ന അപ്പനമ്മാരുള്ള ലോകത്തില്‍ മാതൃകാമാതാപിതാക്കളാവുകയെന്നത് ഗൗരവമേറിയ ഒരു ഉത്തരവാദിത്വമാണ്. മാതൃപിതൃത്വങ്ങളുടെ മഹനീയത കാത്തുസൂക്ഷിക്കാം. അപ്പനമ്മമാരായിരിക്കുന്നതില്‍ അഭിമാനിക്കാം. കുടുംബാംഗങ്ങള്‍ക്ക് എപ്പോഴും അഭയമേകുന്ന മടിയിണകളായിരിക്കട്ടെ മാതാപിതാക്കളുടേത്. ആരുടെയെങ്കിലുമൊക്കെ മടിയിലിരുന്നു വളര്‍ന്നവരല്ലേ നാമും? ആരുടെയെങ്കിലുമൊക്കെ മടിയില്‍ക്കിടന്നായിരിക്കും ചിലപ്പോള്‍ മരിക്കുന്നതും. നല്ല പാഠങ്ങളൊന്നും മറക്കാതിരിക്കാം. മടിത്തട്ട് കനിവിന്റെയും കരുതലിന്റെയും ഇടമാണ്. മാതാപിതാക്കളോ സഹോദരങ്ങളോ ഒക്കെ മടിയിലിരുത്തി നമ്മെ പഠിപ്പിച്ച നല്ല മടിത്തട്ട് കനിവിന്റെയും കരുതലിന്റെയും ഇടമാണ്. മറ്റുള്ളവരെപ്പറ്റി ചിന്തയും ശ്രദ്ധയും ഉള്ളവര്‍ക്കുമാത്രമേ മടിയുടെ ആവശ്യമുള്ളൂ. മറുള്ളവരുടെ നിസ്സഹായതകളില്‍ അവര്‍ക്കായി മടിയൊരുക്കാന്‍ മടിക്കരുത്. ഒപ്പം, മാതാവിന്റെ മടിയിലൂടെ നാം യഥാര്‍ഥത്തില്‍ ആയിരിക്കേണ്ട പരലോകത്തെ പിതൃമടിയിലേക്കു പോകാനുള്ള വിളിയാണ് നമ്മുടേത് എന്നുകൂടി ഓര്‍ക്കാം. മറിയത്തിന്റെ മടിയായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും മൃതിമഞ്ചം. അതിന്, 'അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍' എന്നുള്ള ആ അമ്മമൊഴികള്‍ അനുസരിക്കാം.