മകനൊരുവന്റെ മാതൃദാനം. പ്രാണന്‍ പിരിയുന്നതിനുമുമ്പ് പരിത്യാഗത്തിന്റെ പാരമ്യമെന്നവണ്ണം മനുഷ്യനെന്ന നിലയില്‍ മണ്ണുമായി തന്നെ ചേര്‍ത്തിണക്കിയ പെറ്റമ്മയെന്ന പൊക്കിള്‍ക്കൊടിബന്ധത്തെ അവന്‍ ശിഷ്യനൊരുവനു മുറിച്ചുകൊടുത്തു. വളര്‍ത്തുപിതാവിന്റെ വേര്‍പാടിനുശേഷം സ്വന്തമെന്നു പറയാന്‍ തനിക്കുണ്ടായിരുന്ന അമ്മയെ അവന്‍ അനാഥനാക്കിയില്ല. സ്വജീവന്‍ മഹാദാനമായി നല്കുന്നതിനുമുമ്പ് സ്വന്തം മാതാവിനെ അവന്‍ മണ്ണിനും മനുഷ്യനും ദാനമായി നല്കി. മരിക്കുന്നതിനുമുമ്പ് തന്റെ മാതാവിനെ സുരക്ഷിതമായ കരങ്ങളില്‍ ഏല്പിച്ചു. ഒരു ഭാരമേല്പിക്കലല്ല മറിച്ച്, ഭരമേല്പിക്കലായിരുന്നു. ഇഷ്ടമില്ലാത്തവയൊക്കെയാണു ഭാരമായി തോന്നുക. എന്നാല്‍, ഏറ്റം ഇഷ്ടമുള്ളവയെയാണു മറ്റുള്ളവര്‍ക്കു ഭരമേല്പിക്കുക. അവളെ ഒഴിവാക്കുകയല്ലായിരുന്നു പിന്നെയോ, തന്നിലേക്കുള്ള ഒരു വഴിയാക്കുകയായിരുന്നു. ലാഘവത്തോടെ ജീവിതബന്ധങ്ങളെ ഉപേക്ഷിക്കുന്ന മനുഷ്യര്‍ കണ്ടു ലജ്ജിക്കേണ്ട ഒരു കാഴ്ച. അതെ, പെറ്റമ്മയെ ദാനമായി നല്കാന്‍ തക്കവിധം പുത്രനായ ദൈവം പാരിനെ അത്രയധികം സ്‌നേഹിച്ചു. അവനില്‍ അഭയം കാണുന്നവരാരും അനാഥരല്ല എന്നതിന്റെ അടയാളമാണ് കാല്‍വരിയിലെ കന്യാമറിയം. ഭൂമിയില്‍ മാതാപിതാക്കള്‍ അഗതികളാക്കപ്പെടരുത് എന്നുള്ള കാല്‍വരിയുടെ കുറിപ്പ്.
അപ്പനമ്മമാരെ ശുശ്രൂഷിക്കാനും സുരക്ഷിതരായി കാക്കാനും മക്കള്‍ക്കു പകരമായി മറ്റാരും മതിയാകില്ല. ശിശുക്കളായിരുന്നപ്പോള്‍ മാതാപിതാക്കളുടെ ഓമനശല്യങ്ങളായി പറ്റിച്ചേര്‍ന്നുനിന്ന നമുക്കു വളര്‍ന്നുകഴിയുമ്പോള്‍ അവര്‍ ഒഴിയാശല്യങ്ങളായി മാറരുത്. അപ്പനമ്മമാര്‍ അമൂല്യരാണ്. അനാഥരാക്കപ്പെട്ടവര്‍ക്കുമാത്രമേ അവരുടെ വിലയറിയൂ. വാതിലാണു പിതാവ്; മാതാവ് വിളക്കും. ഇരുവരും ഭവനത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. വാതിലില്ലായ്മ അരക്ഷിതാവസ്ഥയ്ക്കും വിളക്കില്ലായ്മ അന്ധകാരത്തിനും ഇടയാക്കും. ജന്മമേകിയവരെ വാത്സല്യപൂര്‍വ്വം ശുശ്രൂഷിക്കുന്ന മക്കള്‍ മണ്ണിലെ മാലാഖമാരാണ്. അവഗണിക്കപ്പെട്ടുകഴിയുന്ന മാതാപിതാക്കളുടെ മിഴിനീര് ഒരു കുടുംബത്തിലും വീഴാതിരിക്കട്ടെ. അവര്‍ മുറിയുടെ മൂലയില്‍ കുത്തിച്ചാരിവച്ചിരിക്കുന്ന കുറ്റിച്ചൂലുകളാകാതിരിക്കട്ടെ. ഉദരത്തില്‍തന്നെ വഹിച്ചിരുന്നപ്പോള്‍ തന്റെ ചങ്കിടുപ്പുകള്‍ അറിഞ്ഞവന്റെ കരങ്ങളിലാണ് അവന്‍ സമ്മാനമേകുന്നത്. കര്‍ത്താവിന്റെ ഹൃദയത്തുടിപ്പുകള്‍ സ്വന്തമാക്കുന്നവര്‍ക്കേ മറിയത്തെ സ്വന്തമായി ലഭിക്കൂ. കന്യാമറിയം ക്രൈസ്തവകുടുംബത്തിന്റെ സ്വന്തമായിരിക്കണം. 'യേശു സ്‌നേഹിച്ചവന്‍' എന്നു സ്വാഭിമാനം അവകാശപ്പെട്ടവനായിരുന്നു ആ ശിഷ്യന്‍. അപ്രകാരം അവകാശപ്പെടാന്‍ സാധിക്കുന്നവര്‍ക്കേ മറിയത്തെ അവകാശമാക്കാന്‍ കഴിയൂ. സ്ലീവയുടെ ചുവട്ടില്‍നിന്ന ആ ശ്ലീഹായെപ്പോലെ ക്രൂശിതന്റെ കാല്‍ക്കല്‍ നില്ക്കുന്നവര്‍ക്കാണ് അവള്‍ അമ്മയാകുക. അല്ലാത്തവര്‍ക്ക് വെറും മറിയം മാത്രം. ക്രിസ്ത്യാനികള്‍ക്കു കൂട്ടായി ക്രൂശിതന്‍ ദാനമേകിയ മറിയത്തെ മാതാവായി സ്വീകരിച്ചുകൊണ്ട് നമ്മുടെയും കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കാം.