സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയില്‍ ചില സാന്ത്വനവചസ്സുകളുടെ സ്വരം. വിങ്ങി വേദനിക്കുന്ന തന്റെ ശരീരത്തെ വിസ്മരിച്ച് തനിക്കുവേണ്ടി വിലപിച്ചവരെ അവന്‍ സമാശ്വസിപ്പിച്ചു. കരളുരുകുന്ന വേദനകള്‍ കടിച്ചുപിടിച്ച വേളയിലും മറ്റുള്ളവരുടെ കണ്ണീരകറ്റാന്‍ അവന്റെ അധരങ്ങള്‍ തുറന്നു. ഒട്ടിയ വയറുമായി പട്ടിണി കിടക്കുമ്പോഴും കുഞ്ഞിനെ പാലൂട്ടുന്ന പെറ്റമ്മയെപ്പോലെ കരുതലുള്ളവര്‍ അങ്ങനെയാണ്. ഉരുകിത്തീരുമ്പോഴും പ്രകാശിക്കുന്ന മെഴുകുതിരികള്‍. തന്റെ മിഴികളെ മൂടിയിരുന്ന ചോരപ്പാടയുടെ ഇടയിലൂടെയും അവന്റെ ദൃഷ്ടികള്‍ പോയത് അപരന്റെ കണ്ണീരിലേക്കായിരുന്നു. അവനേറ്റ അടികള്‍ക്കൊന്നിനും സ്‌നേഹിക്കുന്നവരുടെ മുറവിളി കേള്‍ക്കാതിരിക്കത്തവിധം അവന്റെ കേള്‍വിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. തന്റെ ഇല്ലായ്മകളെക്കാള്‍ മറ്റുള്ളവരുടെ വല്ലായ്മകള്‍ക്കാണ് അവന്‍ വില കല്പിച്ചത്. വാര്‍ന്നുപോകുന്ന തന്റെ ജീവരക്തത്തെക്കാള്‍ ചുറ്റുമുള്ളവരുടെ മിഴിനീരിനാണ് അവന്‍ പ്രാധാന്യം കൊടുത്തത്. സ്വന്തം സമയം തീരാറായപ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി അവന്‍ സമയം കണ്ടെത്തി. ദുസ്സഹമായ വേദനകളിലൂടെ കടന്നുപോയപ്പോഴും അവന്റെ സ്വരത്തിനു സാന്ത്വനത്തിന്റെ ആര്‍ദ്രതയായിരുന്നു.
അഴലുകളുടെ വഴിയിലും ആശ്വാസത്തിന്റെ ആള്‍രൂപമായി മാറിയവനെ അനുഗമിക്കാനുള്ള വിളിയാണ് നമ്മുടേതും. എന്നാല്‍, നമ്മുടെ ആകുലതകളിലും തിരക്കുകളിലും മറ്റുള്ളവരുടെ ആധികള്‍ നാം ഓര്‍ക്കാറുണ്ടോ? മറ്റുള്ളവരുടെ മാറാവേദനകള്‍ക്കു നമ്മുടെ ജീവിതത്തില്‍ എന്തു സ്ഥാനമാണുള്ളത്? ക്രിസ്ത്യാനികളെന്നനിലയില്‍ നമ്മില്‍നിന്നു പ്രതീക്ഷിക്കപ്പെടുന്ന ചന്തമുള്ള ചില മനോഭാവങ്ങളും കടമകളുമൊക്കെയുണ്ട്. അവയെ മറന്നു ജീവിക്കരുത്. നമ്മുടെ പ്രിയരുടെയും പരിചിതരുടെയും വെറുമൊരു വഴിപോക്കന്റെയുമൊക്കെ കദനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ അവസരങ്ങളെ ഓര്‍ത്തു ലജ്ജിക്കാം. പറയാതെപോയ ആശ്വാസവാക്ക്, തുടയ്ക്കാതെപോയ കണ്ണീര്, നീട്ടാതെ പോയ സഹായഹസ്തം, കൊടുക്കാതെപോയ സാന്നിധ്യം എന്നിങ്ങനെ നാം നഷ്ടമാക്കിയ മുത്തുകളെയും പവിഴങ്ങളെയുംപറ്റി മനസ്തപിക്കാം. കരയുന്നവരെ ആശ്വസിപ്പിക്കാന്‍കൂടിയാണ് ദൈവം നമുക്കു നാവു നല്കിയിരിക്കുന്നത്. നമ്മുടെ നൊമ്പരങ്ങളുടെ നുകം മാത്രം തോളിലേന്തുമ്പോള്‍ അവയ്ക്കു ഭാരമേറും. അവയ്‌ക്കൊപ്പം മറ്റുള്ളവരുടെയും കൂടെയുണ്ടെങ്കില്‍ ആ നുകം മധുരമുള്ളതായി മാറും. ചുറ്റുമുള്ളവരുടെ മുറിവുകളെയും മനോദുഃഖങ്ങളെയും കാണാനുള്ള കാഴ്ചശേഷി നമുക്കുണ്ടാകട്ടെ. നമ്മുടെ കര്‍മങ്ങള്‍ക്കും കഥനങ്ങള്‍ക്കും സാമീപ്യത്തിനുമൊക്കെ സാന്ത്വനത്തിന്റെ സുഖം സമ്മാനിക്കാന്‍ സാധിച്ചാല്‍ അതൊരു വലിയ സുകൃതമായിരിക്കും. അനര്‍ഥങ്ങള്‍ നമ്മെ ഗ്രസിക്കുമ്പോള്‍ മറ്റുള്ളവരുടെമേല്‍ ശാപവാക്കുകളും പഴികളും ചുമത്താതെ പ്രത്യാശയോടെ അവയെ നേരിട്ടുകൊണ്ട് നമ്മോടു സഹതപിക്കുന്നവര്‍ക്കും നമ്മെ പരിചരിക്കുന്നവര്‍ക്കും ആശ്വാസമേകാനാണു ശ്രദ്ധിക്കേണ്ടത്. അപരന്റെ കവിള്‍ത്തടം തുടയ്ക്കാനുള്ള കര്‍ത്താവിന്റെ കൈത്തൂവാലകളായി മാറിക്കൊണ്ട് പൂഴിയിലെ പുണ്യങ്ങളായി ജീവിക്കാന്‍ നമുക്കു സാധിക്കണം.