•  21 Nov 2024
  •  ദീപം 57
  •  നാളം 37
ഈശോ F r o m t h e B i b l e

മഹിതോത്ഥാനം

ല്ലറയുടെ കവാടവും കടന്ന് കൈയും വീശി അവന്‍ നടന്നുനീങ്ങി. മൂന്നുനാള്‍മുമ്പ് അവനെ മരക്കുരിശില്‍ തൂക്കിക്കൊന്ന്, അടക്കിയ ഒട്ടുമിക്കവരും ആ കുടീരം എല്ലാറ്റിന്റെയും ഒടുക്കമാണെന്നു കരുതിയിരുന്നു. കരങ്ങള്‍ കെട്ടിയും കരണത്തടിച്ചും മുള്‍ക്കിരീടമണിയിച്ചും മുഖത്തുതുപ്പിയും കൂകിവിളിച്ചും കൈകാലുകള്‍ തുളച്ചും, കുന്തത്താല്‍ കുത്തിയുമൊക്കെ മോഷ്ടാക്കളുടെമധ്യേ തങ്ങള്‍ ക്രൂരമായി ക്രൂശിലേറ്റിയവന്റെ കഥ ആ കല്ലറയ്ക്കുള്ളിലെ കുറച്ചു കച്ചച്ചുരുളുകള്‍ക്കുള്ളില്‍ കഴിഞ്ഞുവെന്നവര്‍ കണക്കുകൂട്ടിയിരുന്നു. പക്ഷേ, മൂന്നാംപക്കം മരണമയക്കത്തില്‍നിന്ന് അവന്‍ മെല്ലെ മിഴിതിരുമ്മി യുണര്‍ന്നു. മനുഷ്യപുത്രന്റെ മഹത്ത്വീകരണമായിരുന്നു പുനരുത്ഥാനപ്പുലരിയില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. ഇഹത്തില്‍ ഇമ്മാനുവേലായി അവതരിച്ചതിനും, കഠിനപീഡകളുടെ കയ്പുനീരു കുടിച്ചതിനും പാരിന്റെ പാപഭാരം പരാതികൂടാതെ പേറിയതിനും അവനിക്കും അംബരത്തിനും നടുവില്‍ക്കിടന്ന് ആത്മാവിനെ തനിക്കു സമര്‍പ്പിച്ചതിനുമൊക്കെ പ്രതിസമ്മാനമായി തന്റെ അരുമസുതനെ ദൈവം ഉയിര്‍പ്പിച്ചു. മുള്‍മുടിയിരുന്ന മൂര്‍ധാവില്‍ മഹത്ത്വത്തിന്റെ മരതകകിരീടവും തുളയ്ക്കപ്പെട്ട കരങ്ങളില്‍ തൂവെള്ളക്കൊടിയുമായി അവന്‍ ഉയിര്‍ത്തെഴുന്നേറ്റു.
മണ്ണില്‍ കഴിഞ്ഞ കാലമത്രയും ഒരു മനുഷ്യനു കഴിയുന്നതിലധികം കഷ്ടതകള്‍ അവന്‍ സഹിച്ചു. കാലിത്തൊഴുത്തില്‍ കണ്ണുതുറന്നപ്പോള്‍മുതല്‍ കാല്‍വരിയില്‍ കരളുതുറന്നപ്പോള്‍വരെ തിക്താനുഭവങ്ങളുടെ തീക്കനലുകളാണ് അവന്‍ തിന്നിരുന്നത്. പീഡകളുടെ പുസ്തകത്താളുകള്‍ മുഴുവന്‍ അവനു മനഃപാഠമായിരുന്നു. അതുകൊണ്ടാണ് പീഡാസഹനമരണങ്ങളിലൂടെ തന്റെ മനുഷ്യപ്രകൃതിയുടെ തികവിലെത്തിയ ആ മനുഷ്യപുത്രനെ തിരുവുത്ഥാനത്തിന്റെ മുഹൂര്‍ത്തത്തില്‍ നീതിസ്വരൂപനായ ദൈവം മഹത്ത്വത്തിന്റെ ഒളിമങ്ങാത്ത മേലങ്കി അണിയിച്ചതും. ശാപചിഹ്നമായിരുന്ന കുരിശിന്റെ കുഴിയില്‍നിന്ന് ശൂന്യമായ ശവകുടീരത്തിലേക്കുള്ള ദൂരമാണു സഹനങ്ങളില്‍നിന്നു സമാധാനത്തിലേക്കും നരകഗര്‍ത്തത്തില്‍നിന്നു നാകഭാഗ്യത്തിലേക്കുമുള്ളത്. ജനിമൃതികള്‍ക്കിടയിലെ ജീവിതനാളുകളില്‍ ദൈവവിചാരത്തോടെ സഹനങ്ങളെ സ്വീകരിച്ചാല്‍ കാലക്രമേണ അവയോരോന്നും കണക്കെഴാത്ത കൃപകള്‍ക്കു കാരണമാകുമെന്ന ബോധ്യം നമുക്കുണ്ടാകണം. ജീവിതത്തിലെ ശ്യാമദുഃഖവെള്ളികളില്‍നിന്നും പ്രകാശപൂരിതമായ ഉത്ഥാനഞായറുകളിലേക്കു പ്രത്യാശയുടെ ഒരു കല്ലേറു ദൂരമേയുള്ളൂ. ക്രിസ്തുതന്നെയാണ് ആ ദൂരം. കാരണം, അവനാണു മഹത്ത്വത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ. അവിടെ നമ്മുടെയൊക്കെ വിശ്വാസത്തിന്റെ പാറപ്പുറത്ത് സമാധാനത്തിന്റെ സമ്മാനവുമായി ഉത്ഥിതന്‍ ഉണര്‍ന്നിരിപ്പുണ്ട്. അഴലുകളുടെ ആഴങ്ങളില്‍നിന്നു മോചനത്തിന്റെ മുകള്‍പ്പരപ്പിലേക്ക് ഒരു കാത്തുനില്പുണ്ടിവിടെ. വേദനകളുടെയും വിലാപങ്ങളുടെയും കാലങ്ങളില്‍ കരഞ്ഞപേക്ഷിച്ചാല്‍മാത്രം മതി. വിളിപ്പാടകലെ വിലാപ്പുറത്തെ മുറിവുണങ്ങിയവന്‍ മുഖാഭിമുഖമിരിപ്പുണ്ട്. അടികളേറ്റ ആ ആട്ടിടയനെ അനുഗമിക്കുന്നവരും ചോരചിന്തിയ ആ ചെമ്മരിയാടി നെ നെഞ്ചോടു ചേര്‍ക്കേണ്ടവരും കുരിശില്‍ തൂങ്ങിയ കാവല്‍ക്കാരനെ കൂട്ടുപിടിക്കേണ്ടവരുമായ നാമും മഹത്ത്വത്തിലേക്കുതന്നെയാണ് വിളിക്കപ്പെട്ടിരിക്കുന്നത്. കദനങ്ങളും കഷ്ടതകളുമൊക്കെ കലങ്ങിത്തെളിയുമെന്നുള്ള ശുഭപ്രതീക്ഷയോടെ അനുദിനജീവിതത്തിലെ ഞെരുക്കങ്ങളില്‍ തളരാതെ നീങ്ങാം. സങ്കടങ്ങളും സഹനങ്ങളും സഹചാരികളായിരിക്കും. എന്നാല്‍, അവയെക്കാള്‍ വലിയവയെ അതിജീവിച്ചവന്‍ സഹയാത്രികനായുണ്ട് എന്നതാണ് നമ്മുടെ സമാശ്വാസം. മൃതിക്കുപോലും ഇനി നമ്മുടെ മേല്‍ അന്തിമവിജയമുണ്ടാവില്ല. കാരണം, കര്‍ത്താവിന്റെ കല്ലറയുടെ മൂടി മാറ്റപ്പെട്ടപ്പോള്‍ മരണനാഗത്തിന്റെ വായാണു മൂടപ്പെട്ടത്. സത്യനായകനെയും അവന്റെ സുവിശേഷത്തെയുംപ്രതിയുള്ള നമ്മുടെ സഹനങ്ങളുടെ മഹത്ത്വീകരണത്തെക്കുറിച്ചുള്ള പ്രത്യാശയുടെ കൈത്തിരിയും കൊളുത്തിപ്പിടിച്ച്, കര്‍ത്തൃവചസ്സുകള്‍ കരളിലെ കല്ലെഴുത്താക്കിക്കൊണ്ട്, വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും വഴിയിലൂടെ അനുദിനം മുന്നേറാനുള്ള വരം ഉത്ഥിതന്‍ നമുക്കു നല്കുമാറാകട്ടെ. വിശ്വത്തെ മുഴുവന്‍ വിസ്മയിപ്പിച്ചുകൊണ്ട് ഇന്നും കത്തിനില്ക്കുന്ന ക്രിസ്തു എന്ന കെടാവിളക്ക് കാലാന്ത്യത്തോളം ഓരോ ക്രിസ്ത്യാനിയുടെയും വീടിന്റെ നാഥന്‍തന്നെയായിരിക്കും.        
      (അവസാനിച്ചു)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)