കാല്‍വരിയുടെ നിറുകയില്‍ ഒരു ക്രൂശീകരണംകൂടി. മണ്ണിന്റെ മാറില്‍ മരക്കുരിശാകുന്ന മരണക്കിടക്കയില്‍ നിരാലംബനും നിപതിതനും പരാജിതനുമായി അവന്‍ കിടന്നു. നിര്‍ദോഷിയായിരുന്നിട്ടും നികൃഷ്ടജീവിയെപ്പോലെയാണ് അന്തിമനിമിഷങ്ങളില്‍ അവന്‍ ഗണിക്കപ്പെട്ടത്. തടിക്കുരിശില്‍ തറയ്ക്കപ്പെടാനായി തന്റെ പാണീപാദങ്ങള്‍ അവന്‍ നീട്ടിക്കൊടുത്തു. ചുടുചോരയില്‍ കുതിര്‍ന്ന അവന്റെ കൈകാലുകളിലൂടെ ആണികള്‍ ആഴ്ന്നിറങ്ങി. പാപത്തിന്റെ പര്യായമായ കുരിശുമരത്തില്‍ പുണ്യത്തിന്റെ പര്യായമായവനെ അവര്‍ തറച്ചുവച്ചു. കൂട്ടിനു രണ്ടു കുറ്റവാളികളെയും. പക്ഷേ, തുളച്ചുകയറിയ ആണികള്‍ക്കൊന്നും അവനെ തളച്ചിടാന്‍ കഴിഞ്ഞില്ല. കാരണം, കുരിശിന്റെ അഗ്രങ്ങളും കടന്നുപോകുന്നതായിരുന്നു മനുഷ്യനോടുള്ള അവന്റെ കാരുണ്യം.
കുത്തിനാട്ടപ്പെട്ട കുരിശില്‍ മന്നിനും മാനത്തിനുംമധ്യേ എങ്ങുമില്ലായ്മയില്‍ അവന്‍ തൂങ്ങിനിന്നു. കൂട്ടംവിട്ടവയെയും കുഴിയില്‍വീണവയെയുമൊക്കെ കോരിയെടുക്കാന്‍ വന്നവനു പാരിതോഷികം കിട്ടിയത് കഴുമരവും തലയ്ക്കുമീതെ നാലക്ഷരങ്ങളില്‍ ഒതുങ്ങിയ ഒരു പ്രശംസാപത്രവും. സ്ലീവായുടെ സീമകള്‍ക്കപ്പുറത്തേക്ക് തന്റെ തൃക്കൈകാലുകള്‍ നീട്ടാന്‍ തക്കവിധം പുത്രനായ ദൈവം പാരിനെ അത്രയധികം സ്‌നേഹിച്ചു. ജീവിതത്തില്‍ ക്രൂശിലേറ്റപ്പെടുന്ന അനുഭവങ്ങള്‍ നമുക്കുമുണ്ടാകാം. ആരൊക്കെയോ അകാരണമായി അടിച്ചിറക്കിയ ചില ആണിപ്പഴുതുകള്‍ ഇന്നും വിങ്ങലുകളായി അവശേഷിക്കുന്നുണ്ടാകാം. ആലോചിക്കുകപോലും ചെയ്യാത്ത അകൃത്യങ്ങള്‍ക്കു നാം ഉത്തരവാദി കളാക്കപ്പെട്ട സന്ദര്‍ഭങ്ങള്‍, ക്രൂശിതന്റേതിനെക്കാള്‍ കൂടുതല്‍ മുറിവുകള്‍ മനസ്സിനേറ്റ സാഹചര്യങ്ങള്‍, മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്കു മൗനസമ്മതം മൂളാന്‍ നിര്‍ബന്ധിക്കപ്പെട്ട നിമിഷങ്ങള്‍ എന്നിങ്ങനെ നിസ്സഹായതയില്‍ നാം നില്‌ക്കേണ്ടിവന്ന അവസ്ഥകള്‍. ഓര്‍ക്കണം, നമ്മുടെ പരാതികള്‍ പറയാന്‍ നമുക്കുമുന്നില്‍ ഒരു ക്രൂശിതനെങ്കിലുമില്ലേ? അവന്റെ മുമ്പില്‍ ആരുമില്ലായിരുന്നു. നാം പേറുന്ന കുരിശുകളെ പരിഹരിക്കാന്‍ നമുക്കൊരു ക്രൂശിക്കപ്പെട്ടവനുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം.
ജീവിതത്തില്‍ പ്രത്യാശയുണ്ടെങ്കില്‍ അനര്‍ഥങ്ങളെന്നു നമുക്കു തോന്നുന്നവയുടെയൊക്കെ അന്തരാര്‍ഥങ്ങള്‍ ക്രൂശിതന്റെ മുഖത്തുനിന്നു വായിച്ചെടുക്കാനാകും. കുരിശ്, വരയ്ക്കാനും വരിക്കാനും കൂടിയുള്ളതാണ്. കുരിശുകള്‍ എപ്പോഴും കൂടെക്കാണും. ക്രൂശിതനെ കൂട്ടുപിടിച്ചെങ്കിലേ കിട്ടൂ. കള്ളന്റെ കുരിശില്‍ പരാതിയും, പരിഹാസവും മാത്രമേ കാണൂ. കര്‍ത്താവിന്റെ കുരിശില്‍ പാപപ്പൊറുതിയും പരിരക്ഷയും. ഒപ്പം, ആരെയും ക്രൂശിലേറ്റാതിരിക്കാം. തല ചായ്ക്കാന്‍ ഇടമില്ലാതെ കിടന്നവന്റെ അനുയായികളായ നമുക്കു വിലയേറിയ വീടുകളോടുള്ള അമിതഭ്രമവും തന്മൂലമുണ്ടാകുന്ന മത്സരവുമൊക്കെ ആത്മശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. പാര്‍പ്പിടത്തിന്റെ പേരില്‍ സമ്പത്ത് കുഴിച്ചുമൂടാതിരിക്കാം. കിടപ്പാടം ആര്‍ഭാടമാക്കാതിരിക്കാം. ക്രൂശിതനെ നോക്കി ദിവസവും കുറച്ചുസമയമെങ്കിലും ഇരിക്കാം. ഒന്നുമില്ലാത്ത അവന് ഒത്തിരി കാര്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കാനുണ്ടാകും. ക്രൂശിതരൂപം ഒരു അലങ്കാരമല്ല, ജീവിതത്തിന്റെ ആധാരമാണ്. ക്രൂശിക്കപ്പെട്ടവനെ കഴുത്തിലണിയുമ്പോള്‍ ഭയക്കണം. അവനൊരു ബാധ്യതയും വെല്ലുവിളിയുമാണ്.