•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

പാര്‍ശ്വഭേദനം

ടയാളിയൊരുവന്റെ പൈശാചികപകപോക്കലോ കുന്തമുനയുടെ മൂര്‍ച്ച കാണാനുള്ള കൊതിയോ അതോ ക്രൂശിതന്റെ മരണം സ്ഥിരീകരിക്കാനുള്ള പരിശോധനയോ?  എന്തായാലും, അവന്റെ പാര്‍ശ്വം പിളര്‍ക്കപ്പെട്ടു. മനുഷ്യന്റെ മൃഗീയതയുടെ വേല്‍മുന അവന്റെ മൃതമേനിയില്‍ തുളച്ചുകയറി. കടലോളം കനിവും കരുതലും തുളുമ്പിനിന്ന ആ ഹൃദയകുംഭത്തില്‍നിന്ന് മനുഷ്യമക്കളുടെ ദേഹീദേഹങ്ങളെ വിശുദ്ധീകരിക്കുന്നതിനുള്ള രുധിരതീര്‍ഥങ്ങള്‍ ഊറിയിറങ്ങി. അവസാനത്തുള്ളിച്ചോരയും നീരും മണ്ണിന്റെ മാറിലേക്ക് അവന്‍ ചിന്തി. മിച്ചംവയ്ക്കാന്‍ അവന് ഒന്നും വേണ്ട. അവന്റെ മാറു മുറിയപ്പെട്ടത്  നമ്മുടെ മനോമുറിവുകള്‍ ഉണങ്ങാനാണ്. അവയ്ക്കുള്ള മരുന്നും ലേപനവുമായാണ് തന്റെ വിലാവിലെ ശോണിതവും വെള്ളവും അവന്‍ കനിഞ്ഞരുളിയത്. മിടിപ്പുകള്‍ ഒടുങ്ങിയ തന്റെ ഹൃത്തടത്തിനുള്ളിലും നമ്മുടെ സൗഖ്യത്തിനുള്ള അമൂല്യ ഔഷധക്കൂട്ടുകള്‍ ദയാമയനായ ആ ദിവ്യഭിഷഗ്വരന്‍ കരുതിവച്ചിരുന്നു. കേവലം ഹൃദയഭേദനംകൊണ്ടു തീരുന്നവയല്ല അവനു നമ്മോടുള്ള വാത്സല്യത്തുടിപ്പുകള്‍.
ഹൃദയഭേദകങ്ങളായ ചില അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കാം. ചിരിച്ചുകൊണ്ടു ചങ്കു തുരന്നവര്‍, കര്‍മങ്ങളും കദനങ്ങളുംകൊണ്ട് ആഴമുള്ള ആന്തരികനൊമ്പരങ്ങള്‍ നല്കിയവര്‍, ദുരിതകാലങ്ങളില്‍ ദുഷ്ടതകള്‍കൊണ്ട് വേദന വര്‍ധിപ്പിച്ചവര്‍ തുടങ്ങി ചിലരുടെയെങ്കിലുമൊക്കെ പെരുമാറ്റങ്ങളും മനോഭാവങ്ങളും ഒരു കുന്താഗ്രം കണക്കെ ഉള്ളില്‍ തുളഞ്ഞിരിപ്പുണ്ടാവാം. മനംമുറിക്കുന്ന അത്തരം അനുഭവങ്ങളെ ചങ്കുതകര്‍ന്ന സൗഖ്യദായകനു സമര്‍പ്പിക്കാം. തകര്‍ക്കപ്പെട്ട ഹൃദയമുള്ളവനേ ഉള്ളു തകര്‍ന്നവരുടെ അവസ്ഥ മനസ്സിലാകൂ. ചങ്കിലെ ചോരയാല്‍ വീണ്ടെടുക്കപ്പെട്ടവരാണ് നാം എന്ന സത്യം വിസ്മരിച്ചു ജീവിക്കരുത്. നമ്മുടെ നാഥന്‍ നമുക്കു കല്പിച്ചിട്ടുള്ള വില എത്രയോ വലുതാണ്! തുറക്കപ്പെട്ട തിരുവിലാവിനെ ആരാധിക്കുന്ന നാം അതിനുള്ളിലെ ഇന്നും നിലയ്ക്കാത്ത സ്‌നേഹസ്പന്ദനങ്ങള്‍ സ്വന്തമാക്കാന്‍ ബാധ്യസ്ഥരാണ്. ഒപ്പം, ആരുടെയും ഹൃദയം നാം മൂലം മുറിയപ്പെടാതെ ശ്രദ്ധിക്കാം. നര്‍മത്തിനായിട്ടുപോലും ആരെയും വേദനിപ്പിക്കാതിരിക്കാം. അകൃത്യങ്ങളാല്‍ ദൈവഹൃദയത്തെ വേദനിപ്പിക്കാതിരിക്കാം. അതിന് ആദ്യം നമ്മുടെ ഹൃത്തടങ്ങള്‍ വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഹൃദയശൂന്യരുടെ മധ്യത്തില്‍ സഹൃദയരാകാം. നമുക്കുവേണ്ടിമാത്രം മിടിക്കുന്ന ഹൃദയം ജന്മനാ നല്കപ്പെടുന്ന ഒന്നാണ്. എന്നാല്‍, മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടി തുടിക്കുന്ന ഹൃദയം നാം നേടിയെടുക്കേണ്ട ഒന്നാണ്. അപരര്‍ക്ക് ഉള്‍ക്ഷതങ്ങളുണ്ടാക്കാന്‍ നാം കൈയില്‍ കാച്ചിമിനുക്കി കരുതിയിട്ടുള്ള ആയുധങ്ങളെ ദൂരെയെറിയാന്‍ നോമ്പിന്റെ നാളുകളില്‍ നമുക്കു കഴിയട്ടെ. ഹൃദയഭേദകമല്ല, ഹൃദയസ്പര്‍ശിയായിരിക്കണം ക്രിസ്ത്യാനികളായ നമ്മുടെ വാക്കും പ്രവൃത്തിയും. പരിശുദ്ധനായവന്റെ പിളര്‍ക്കപ്പെട്ട പാര്‍ശ്വമാകണം പുണ്യജീവിതത്തിനുള്ള നമ്മുടെ പാഠപുസ്തകം.

 

Login log record inserted successfully!