ആള്‍ക്കൂട്ടങ്ങളും അലമുറകളും ഇല്ലാതെയുള്ള ഒരു കബറടക്കം. അന്നേവരെ ഉപയോഗിക്കപ്പെടാത്തതും, ഒരകന്ന ശിഷ്യനും ധനികനുമായിരുന്ന അരിമത്തിയാക്കാരനൊരുവന്റെ ഔദാര്യവുമായ ഒരു കല്ലറയില്‍ അവര്‍ അവനെ അടക്കി. സ്‌നേഹസംസ്‌കാരത്തിന്റെ സന്ദേശവുമായി വന്നവന്‍ വിദ്വേഷസംസ്‌കാരത്തിന്റെ വാഴ്ചക്കാലത്ത് സംഹരിക്കപ്പെട്ടു; സംസ്‌കരിക്കപ്പെട്ടു. കാറ്റിനെയും കടലിനെയും അടക്കിയവന്‍ കേവലമൊരു കച്ചത്തുണിയാല്‍ പൊതിയപ്പെട്ട് അടക്കപ്പെട്ടു. ആരും ഇരിക്കാത്ത കഴുതപ്പുറത്തേറിയവനെ ആരും കിടക്കാത്ത കല്ലറയില്‍ അവര്‍ മറവു ചെയ്തു. അതിന്റെ കവാടം മൂടാന്‍ വലിയ ഒരു കല്ലും വയ്ക്കപ്പെട്ടു. പക്ഷേ, മരണത്തെ തോല്പിച്ചവനെ മണ്ണോടുചേര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സ്‌നേഹസാഗരമായ അവനെ ഭൂമിയാകുന്ന കുടത്തിന് അധികനേരം ഉള്‍ക്കൊള്ളാനുമായില്ല.
കര്‍ത്താവിന്റെ കബറടക്കം നമ്മുടെ വിശ്വാസജീവിതത്തിലെ ചില അടക്കങ്ങളുടെ അനിവാര്യതയെക്കുറിച്ചു നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ചില കുഴിച്ചുമൂടലുകള്‍ ഒഴിച്ചുകൂടാനാവാത്തവയാണ്. ഇന്ദ്രിയനിഗ്രഹംതന്നെയാണ് ഇവിടെ വിവക്ഷിക്കപ്പെടുക. താപസരുടെ വ്രതങ്ങളില്‍ ഒന്നാണത്. പഞ്ചേന്ദ്രിയങ്ങള്‍ക്കു പരിധികള്‍ നിശ്ചയിക്കാന്‍ നാം നിശ്ചയമായും പഠിക്കണം. അരുതാത്തവയില്‍നിന്നൊക്കെ അവയെ അകറ്റിനിര്‍ത്തണം. തെറ്റായ വഴികളിലേക്കു തുറക്കുന്ന അവയുടെ കവാടങ്ങള്‍ കല്ലുകൊണ്ടു മൂടുകതന്നെ വേണം. ഇന്ദ്രിയനിഗ്രഹത്തിന്റെ നിമിഷങ്ങളില്‍ നാം ആത്മീയതയില്‍ ആഴപ്പെടുകയാണു ചെയ്യുന്നത്. അശ്ലീലമായവയെല്ലാം ആത്മാവിനും മനസ്സിനും ശരീരത്തിനും ഒരുപോലെ അനാരോഗ്യകരമാണ്. നവമാധ്യമങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ വിളമ്പിവയ്ക്കന്നവയില്‍നിന്നു നന്മയ്ക്കുപകരിക്കുന്നവയെമാത്രം തിരഞ്ഞെടുക്കുക. അല്ലാത്തവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തിരസ്‌കരിക്കുക. അല്ലെങ്കില്‍ അവയൊക്കെ നമ്മിലെ ആത്മീയതയെ പടിപടിയായി നിഗ്രഹിക്കും. മാമ്മോദീസായില്‍ ക്രിസ്തുവിനോടുകൂടെ സംസ്‌കരിക്കപ്പെട്ടവരാണ് നാം. നമ്മിലെ അരുതാത്തവയൊടൊപ്പം നാമും അടക്കപ്പെടുകയായിരുന്നു. അവയൊന്നും വീണ്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകരുത്. കര്‍ത്താവിന്റേതുപോലെ നിഷ്‌കളങ്കമായിരിക്കട്ടെ നമ്മുടെ ഇന്ദ്രിയമോരോന്നും. സംസ്‌കരിക്കപ്പെട്ടവനെ നമസ്‌കരിക്കാം. മനസ്സില്‍ ഒരു മാലിന്യസംസ്‌കരണം നടത്താന്‍ നോമ്പിന്റെ നാളുകളില്‍ പ്രയത്‌നിക്കാം. എന്നെങ്കിലുമൊരിക്കല്‍ നമ്മുടെ മൃതസംസ്‌കാരവേളയില്‍ പുതച്ചുകിടക്കാന്‍ സുകൃതങ്ങളുടെ സുഗന്ധമുള്ള ഒരു വെണ്‍കച്ച ജീവിതനാളുകളില്‍ നന്മയുടെ നൂലിഴകളാല്‍ നെയ്‌തെടുക്കാം.