•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഈശോ F r o m t h e B i b l e

താങ്ങ്

ബലര്‍ക്കു താങ്ങായി വന്നവന്‍ കുരിശിന്റെ കനത്താല്‍ താഴെവീഴാതിരിക്കാനുള്ള ഒരു സാധാരണക്കാരനായ വഴിപോക്കന്റെ കൈത്താങ്ങ്. ശിലപോലും അലിഞ്ഞുപോകുന്ന ദുഃഖക്കയത്തില്‍ അവന്റെ ശിരസ്സിന്റെ ഭാരമല്പം കുറയ്ക്കാനെന്നവണ്ണം ശിഷ്യന്‍പോലുമല്ലായിരുന്ന ഒരു ശിമയോനെ ദൈവം നിയമിച്ചിരുന്നു. രക്ഷകന്‍ പേറിയത് മനുഷ്യരാശിയുടെ പാപമാണെന്നും, തന്മൂലം മനുഷ്യര്‍തന്നെയാണ് അവനെ താങ്ങേണ്ടതെന്നുമുള്ള ഭാരപ്പെടുത്തുന്ന ഒരോര്‍മപ്പെടുത്തല്‍. പടയാളികളുടെ നിര്‍ബന്ധംമൂലമാണെങ്കിലും അവന്‍ അതു ചെയ്തു. തന്റെ യാത്രയുടെ ബാക്കിദൂരം നസ്രായനെ തുണയ്ക്കാനുള്ള അവസരം അവനു ലഭിച്ചു. വഴിയില്‍ വീണുകിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു അതെന്നും, അതുമൂലം തന്റെ പേരും പ്രവൃത്തിയും ഒരുനാള്‍  വേദഗ്രന്ഥത്തില്‍ വിലിഖിതമാകുമെന്നും  അയാള്‍ അറിഞ്ഞിരുന്നോ? എവിടെയെങ്കിലും, എപ്പോഴെങ്കിലും ചില ശിമയോന്മാരെ തളരുമ്പോള്‍ താങ്ങായും കാലിടറുമ്പോള്‍ കൈവടിയായും നമുക്കുവേണ്ടി കര്‍ത്താവ് അയയ്ക്കുന്നുണ്ട്. പരിചിതരും അപരിചതരും വഴിയാത്രികര്‍പോലും ചിലപ്പോള്‍ ആശ്വാസമായേക്കാം. ഏതായാലും, ആ സഹായം രക്ഷകന്‍ നിരസിച്ചില്ല. സന്തോഷത്തോടെ സ്വീകരിച്ചു. തന്മൂലം ആ പിതാവിന്റെ മാത്രമല്ല, അവന്റെ പുത്രന്മാരുടെ പേരുകള്‍കൂടി രക്ഷാകരചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടു.
മറ്റുള്ളവരുടെ വേദനകളില്‍ ആരും നിര്‍ബന്ധിച്ചില്ലെങ്കിലും, ശിമയോനാകാനുള്ള വിളി നമുക്കുണ്ട്. ആ കിറേനക്കാരനെപ്പോലെ കുറേയെങ്കിലും പരസഹായികളാകാന്‍ നമുക്കു കഴിയുന്നുണ്ടോ? അവശരെ തുണയ്ക്കാന്‍ നമ്മുടെ കരങ്ങള്‍ കുറുകിപ്പോകരുത്. അശരണരില്‍ സ്വന്തം മുഖം കാണുമ്പോള്‍ മാത്രമേ അവര്‍ക്കു ശരണമേകാന്‍ നമുക്കു മനസ്സുണ്ടാകൂ. നമ്മുടേതായ ജീവിതസാഹചര്യങ്ങളില്‍ സാധ്യമായ സഹായങ്ങള്‍ ചുറ്റുമുള്ളവര്‍ക്കു ചെയ്തുകൊടുക്കാം. സല്‍പ്രവൃത്തികള്‍ ചെയ്യാന്‍ ആരുടെയും നിര്‍ബന്ധത്തിനു നോക്കിനില്‌ക്കേണ്ട കാര്യമില്ല. നമ്മുടെ കടമയാണത്. ആര്‍ക്കും ഭാരമാകാതെ, ആരുടെയെങ്കിലുമൊക്കെ ചുമടുതാങ്ങികളായി മാറാം. ആയുസ്സ് അര്‍ഥപൂര്‍ണമാകുന്നത് അപ്പോഴാണ്. തങ്ങളുടെ ആപത്തുകളില്‍ അല്പം സഹായത്തിനായി വിളിക്കാന്‍ നമ്മുടെ പേര് ഓര്‍ക്കുന്നവരായി ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍ നാമും ശിമയോന്റെ വഴിയിലാണ്. പരസഹായത്തിനു കിട്ടുന്ന അവസരങ്ങളെ പാഴാക്കാതിരിക്കാം. അന്യരുടെ ആവശ്യങ്ങളറിഞ്ഞ് നാം അവരെ ശുശ്രൂഷിക്കുമ്പോള്‍ അവരുടെ കടപ്പാടിന്റെ കണക്കുപുസ്തകത്തില്‍ നമ്മുടെ പേരുകളും കുറിക്കപ്പെടും. പാരില്‍ പരസഹായത്തിന്റെ പര്യായങ്ങളായി ജീവിക്കാം. ഒപ്പം, വാഴ്‌വിലെ കൊച്ചുജീവിതം കടലോളം കടപ്പാടിന്റെ കണക്കുപുസ്തകമാണെന്നു വിസ്മരിക്കരുത്. ആരുടെയും സേവനത്തെ നിസ്സാരമായി കാണാതിരിക്കാം. സാന്ത്വനം സമ്മാനിക്കുന്നവരോടും, തെറ്റുകള്‍ തിരുത്തിത്തരുന്നവരോടും, വീഴ്ചകളില്‍ വീണ്ടെടുക്കുന്നവരോടും, മുറിവുകളില്‍ മരുന്നേകുന്നവരോടുമൊക്കെയുള്ള നമ്മുടെ കടപ്പാടിന്റെ കണക്കുകള്‍ കണക്കറ്റവയാണ്.

 

Login log record inserted successfully!