•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

മൃതി

ലമുകളില്‍ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാന്‍ വന്നവന്‍ തന്റെ ദൗത്യം പരിപൂര്‍ണമാക്കി. കിളികള്‍ക്കു കൂടുകളും, നരികള്‍ക്കു മാളങ്ങളുമുള്ള ഭൂമിയില്‍ തല ചായ്ക്കാന്‍ തനിക്കു സ്ഥലമില്ലെന്ന് അവന്‍ പറഞ്ഞത് എത്രയോ പരമാര്‍ഥം. സകലതിനും തന്റെ ഇടനെഞ്ചിനുള്ളില്‍ ഇടംകൊടുത്തവനു ശിരസ്സു ചെരിച്ചു മരിക്കാന്‍ ശൂന്യാന്തരീക്ഷം മാത്രം. സ്വയം ശൂന്യവത്കരിച്ചു വന്നവന് അതുതന്നെ അധികമല്ലേ? അവന്‍ മരിച്ചു എന്നതിനേക്കാള്‍ മിഴികളടച്ചു എന്നതാണു കൂടുതല്‍ ശുഭദായകമായ വായന. വീണ്ടും ചിമ്മിത്തുറക്കാന്‍വേണ്ടി അവന്‍ മിഴികള്‍ പൂട്ടി. അവന്റെ മൃതി ഒരു അന്ത്യമായിരുന്നില്ല; മറിച്ച്, പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനിന്നുകൊണ്ടുള്ള തന്റെ നവീകരണയജ്ഞത്തിന്റെ ആരംഭമായിരുന്നു. അവന്‍ തല ചായ്ച്ചത് നമുക്ക് സ്വാഭിമാനം തലയുയര്‍ത്തി നടക്കാന്‍വേണ്ടിയാണ്. നിരപരാധിയായിരുന്നിട്ടും അവന്‍ കുരിശുമരത്തില്‍ തൂങ്ങിയത് നാം പാപത്തിന്റെ കഴുമരത്തില്‍ കിടക്കാതിരിക്കാനായിരുന്നു. അവന്റെ അവസാനശ്വാസം നമുക്കു അനശ്വരശ്വാസമായ പരിശുദ്ധ റൂഹായെ നല്കുന്നതിനുവേണ്ടിയായിരുന്നു. അവന്‍ സ്വയം ഇല്ലാതായിത്തീര്‍ന്നത് നമുക്ക് എല്ലാമായിത്തീരാനാണ്. ആകയാല്‍, എല്ലാ അര്‍ഥത്തിലും വിശ്വാസികളായ നമുക്ക് ദുഃഖവെള്ളി സൗഖ്യവെള്ളിയാണ്.

പാപത്തെ സംബന്ധിച്ചുള്ളതായിരുന്നു അവന്റെ മരണം. നാമും പാപത്തിനു പ്രതിനിമിഷം മരിക്കേണ്ടതുണ്ട്. വിശുദ്ധിയിലേക്കു ശിഖരങ്ങള്‍ വീശിനില്ക്കുന്ന വൃക്ഷമാകാന്‍ അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍, മരിച്ചിട്ടില്ലെങ്കിലും പാപത്തില്‍ പലവുരി മരിക്കുന്നവരല്ലേ നാമും? ഓര്‍ക്കണം, പാപാവസ്ഥ ആത്മാവിന്റെ മരണാവസ്ഥതന്നെയാണ്. ആകയാല്‍ തിന്മകളില്‍നിന്നകന്നിരിക്കാം. മനുഷ്യജന്മത്തിന്റെ മറുപുറമാണ് മരണം. അതുകൊണ്ടുതന്നെ മരണത്തിന്റെ മണമുള്ളവരാണ് മനുഷ്യര്‍. നമുക്കും ഒരു ശാരീരികമൃത്യുവുണ്ടെന്നു മറക്കാതിരിക്കാം. കാറ്റൂതിക്കെടുത്തിയ നെയ്ത്തിരിനാളംപോലെ പൊടുന്നനേ നാമില്ലാതാകുന്ന നിമിഷം. എന്നാല്‍, ഉത്ഥിതനെ ഉദ്‌ഘോഷിക്കുന്നവരായ നാം വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ മരണത്തെ പരലോകത്തിലേക്കുള്ള പിറവിയായി കാണാനും കാംക്ഷിക്കാനും അതിനുവേണ്ടി ഒരുങ്ങാനും കടമയുള്ളവരാണ്. നമുക്കു 'ഉലമവേ' എന്നാല്‍ 'ഉീൃാമിര്യ ഋഃുലരശേിഴ അാമ്വശിഴഹ്യ ഠലിലേറ ഒലമ്‌ലി' (വിസ്മയനീയമായി കൂടാരങ്ങള്‍ കെട്ടിയിട്ടുള്ള സ്വര്‍ഗത്തെ പ്രതീക്ഷിച്ചുകൊണ്ടുള്ള മയക്കം) ആയി മാറുന്നതും അതുകൊണ്ടുതന്നെ. നന്നായി ചരിക്കാനായാല്‍ നന്നായി മരിക്കാനാവും. മൃതിയെ സമാപനമല്ല, സമര്‍പ്പണമാക്കാം. നമ്മുടെ ചരമദിനത്തെ ജന്മദിനമാക്കാം. ഒപ്പം, മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനുംവേണ്ടി നാമും ചില ശൂന്യവത്കരണങ്ങള്‍ക്കു സന്നദ്ധരാകണം. നാമാകുന്ന വിത്തുകള്‍ അഴിയുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി മാറി ജീവിതം സാര്‍ഥമാകുകയുള്ളൂ എന്ന അവബോധത്തില്‍ അനുക്ഷണം ആഴപ്പെടാം.

Login log record inserted successfully!