•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഈശോ F r o m t h e B i b l e

നഗ്നത

ദാസന്റെ വേഷം ധരിച്ചു വിവസ്ത്രരെ ഉടുപ്പിക്കാന്‍ വന്നവന്റെ ദിവ്യവസ്ത്രം പകയുടെ ദാഹം പൂണ്ട വൈരികള്‍ നിര്‍ദയം ഉരിഞ്ഞെടുത്തു. മനുഷ്യനു ചെയ്യാവുന്ന മ്ലേച്ഛതയുടെ മൂര്‍ധന്യഭാവം! ഭിക്ഷുവിന്റെപോലും ഭാണ്ഡത്തില്‍ ഒന്നിലധികം ഉടുപ്പുകളുണ്ടായിരുന്ന ഭൂമിയില്‍ സര്‍വതിന്റെയും ഉടയോനായവനു താന്‍ തറയ്ക്കപ്പെടാന്‍ പോകുന്ന തടിക്കുരിശിനു ചാരെ ഒരു വേള ഉടുവസ്ത്രമില്ലാതെ നില്‌ക്കേണ്ടിവന്നു. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിലൊന്നായ വസ്ത്രംപോലും ആ ദുഷ്ടഹൃദയര്‍ അവനു നിഷേധിച്ചു. അവനെ ഉടുപ്പിക്കാന്‍ അവിടെ ആരുമില്ലായിരുന്നു. എന്നാല്‍, ഉരിഞ്ഞുമാറ്റപ്പെട്ട അവന്റെ വസ്ത്രങ്ങള്‍ വീതംവയ്ക്കാനും പുറങ്കുപ്പായത്തിനുവേണ്ടി കുറിയിടാനും കൂടുതല്‍ പേരുണ്ടായിരുന്നു. അവന്‍ നഗ്നനാക്കപ്പെട്ടത് നമ്മെ ഉടുപ്പിക്കാന്‍വേണ്ടിയായിരുന്നു. അന്ത്യഭോജനമായി തന്റെ മെയ്‌നിണങ്ങള്‍ പകുത്തുകൊടുത്തവന്‍ അന്ത്യശ്വാസത്തിനുമുമ്പ് തന്റെ വസ്ത്രങ്ങളും ഭാഗിച്ചെടുക്കാനായി വിട്ടുനല്കി. തന്റെ നഗ്നതയാല്‍ അവന്‍ നരകുലത്തിന്റെ നാണം മറച്ചു. അതേ, ലൗകികമായ ഒന്നിനോടും അവന് ആര്‍ത്തിയും അഭിനിവേശവും ഇല്ലായിരുന്നു. നശ്വരമായ സകലതില്‍നിന്നും വിരക്തിയുടെ ഒരു കല്ലേറകലം അവന്‍ കാത്തുസൂക്ഷിച്ചിരുന്നു. വാരിക്കൂട്ടുന്നതിലല്ല, വീതിച്ചുകൊടുക്കുന്നതിലായിരുന്നു അവന്റെ തൃപ്തി മുഴുവന്‍.
വസ്ത്രം മനുഷ്യന്റെ അടിസ്ഥാനാവകാശങ്ങളില്‍ ഒന്നാണ്. അത് ഒരു വ്യക്തിയുടെ അഭിമാനം, അധികാരം, അന്തസ്സ് എന്നിവയുടെ അടയാളംകൂടിയാണ്. ഒരാളുടെ വസ്ത്രം ഉരിഞ്ഞുമാറ്റുക എന്നു പറയുമ്പോള്‍ ഇവയ്‌ക്കൊക്കെ ഭംഗം വരുത്തുക എന്നുകൂടി വിവക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ ആര്‍ക്കെങ്കിലുമൊക്കെ അര്‍ഹമായ അവകാശങ്ങള്‍ നാം നിഷേധിച്ചപ്പോഴും, ആരുടെയെങ്കിലും അന്തസ്സിനും അഭിമാനത്തിനും കളങ്കമേല്പിച്ചപ്പോഴുമൊക്കെ അവരെ നാം വിവസ്ത്രരാക്കുകയാണു ചെയ്തത്. അത്തരം പ്രവൃത്തികള്‍ മേലില്‍ നമുക്ക് അന്യമായിരിക്കട്ടെ. ആരുടെയും മാനക്ഷയത്തിനു ഹേതുവാകാതിരിക്കാം. നമ്മുടേതല്ലാത്തതിനുവേണ്ടി നറുക്കിടാതിരിക്കാം. അതൊക്കെ ദൗര്‍ഭാഗ്യങ്ങളേ സമ്മാനിക്കൂ. ഒപ്പം, അമിതമായ വസ്ത്രഭ്രമം ഉണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ ധൈര്യപ്പെടുക. കാലിത്തൊഴുത്തുമുതല്‍ കല്ലറവരെ കേവലം കച്ചത്തുണ്ടുകൊണ്ടു തൃപ്തിപ്പെട്ടവനെയാണ് നാം അനുഗമിക്കുന്നതെന്നു മറക്കരുത്. വേഷഭൂഷാദികളില്‍ ആസക്തിയുള്ളവര്‍ക്കു അല്പവസ്ത്രധാരിയായവന്റെ അനുയാത്രികരാകാന്‍ കഴിയില്ല. വസ്ത്രത്തോടുള്ള ആസക്തിയും അതിനായുള്ള അമിതച്ചെലവും നമുക്കു ചേര്‍ന്നതല്ല. ആവശ്യത്തിലധികം ഉണ്ടായിട്ടും മതിവരാതെ ജീവിക്കുമ്പോള്‍ ഉടുതുണിക്കു മറുതുണിയില്ലാത്തവരുടെയുംകൂടി ലോകമാണിതെന്നും, കൈവശമുള്ള രണ്ടാമത്തെ അങ്കി ഒന്നുമില്ലാത്ത ഒരാളുടെ അവകാശമാണെന്നും ഓര്‍ക്കുന്നതു നന്ന്. പാടവരമ്പത്തെ പുല്ലിനെയും, പുഴയോരത്തെ  പൂമരത്തെയും, കുന്നിനെയും, കുരുവിയെയുംവരെ പുതപ്പിക്കുന്നവനെ, കുപ്പായം ചോദിക്കുന്നവര്‍ക്കു മേലങ്കികൂടി കൊടുക്കാന്‍ പഠിപ്പിച്ചവനെ അല്പംകൂടി ആത്മാര്‍ഥതയോടെ അനുധാവനം ചെയ്യാന്‍ നമുക്കു കഴിയണം.

 

Login log record inserted successfully!