മരക്കുരിശില്നിന്നും ഉച്ചസ്ഥായിയില്‍ ഒരു നിലവിളി. പൂഴിയിലൂടെ നടന്ന കാലമത്രയും പിതാവിനെക്കുറിച്ച് വാചാലനായിരുന്ന പുത്രനു തന്റെ അവസാനശ്വാത്തിലും വരണ്ട നാവിനാല്‍ വിളിക്കാന്‍ അവന്റെ നാമം മാത്രം. മരണസമയത്തും അവന്റെ ചിന്തകള്‍ ഉയര്‍ന്നത് സ്വര്‍ഗത്തിലേക്കും സ്വപിതാവിങ്കലേക്കും. ഒന്നും ഉപേക്ഷിച്ചുപോകുന്നതിലുള്ള വിഷമംകൊണ്ടല്ല, അപ്പനാല്‍ ഉപേക്ഷിക്കപ്പെട്ടെന്ന തോന്നല്‍ മൂലമാണ് അവന്‍ നിലവിളിച്ചത്. യോര്‍ദ്ദാനു മീതെയും താബോര്‍ മുകളിലുമൊക്കെ തനിക്കായി തുറക്കപ്പെട്ട സ്വര്‍ഗവും സാക്ഷ്യപ്പെടുത്തിയ താതന്റെ സ്വരവും തടിക്കുരിശില്‍ തൂങ്ങുന്ന തന്റെ തലയ്ക്കുമീതെ ഒരു മാത്ര അവന്‍ ആഗ്രഹിച്ചെങ്കിലും ഇല്ലാതെപോയപ്പോള്‍ ഹൃദയം നുറുങ്ങി. തന്റെ അറുംനിസ്സഹായതയുടെ നടുവില്‍ക്കിടന്നുകൊണ്ടു മനുഷ്യനായ അവന്‍ അപ്രകാരം ചോദിച്ചെങ്കിലും, ദൈവമായ അവന്‍ അതിനുള്ള ഉത്തരത്തിനായി കാത്തുകിടന്നില്ല. തന്നെ പരിത്യജിച്ചവനെന്നു കരുതിയവന്റെ കരങ്ങളില്‍ത്തന്നെ അവന്‍ സ്വന്തം ആത്മാവിനെ സമര്‍പ്പിച്ചു. ദൈവത്തോടുള്ള നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുവാക്കു കിട്ടണമെന്നില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. അല്ലെങ്കില്‍ത്തന്നെ, അവിടുത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നമുക്കെന്ത് അര്‍ഹത?
ജീവിതത്തില്‍ ശരണമില്ലായ്മയുടെ ശരശയ്യയില്‍ കിടന്ന് അലറിക്കരഞ്ഞ അവസരങ്ങള്‍ നമുക്കുണ്ടാവാം. ചുമക്കാനാവാത്ത ചുമടുകള്‍, സഹിക്കാനാവാത്ത സഹനങ്ങള്‍, അംഗീകരിക്കാനാവാത്ത അത്യാഹിതങ്ങള്‍, നികത്താനാവാത്ത നഷ്ടങ്ങള്‍ എന്നിങ്ങനെ നമ്മുടെ അബലതയുടെ ചില അങ്ങേയറ്റങ്ങളില്‍ നിന്നുകൊണ്ടു ദൈവത്തിനുനേരേ വിരല്‍ ചൂണ്ടാന്‍ ചിലപ്പോള്‍ നാമും മുതിര്‍ന്നിട്ടുണ്ടാവാം, അപ്പോഴൊക്കെ കുരിശിലെ ക്രിസ്തുവിനെപ്പോലെ സകലവും ദൈവത്തിന് അടിയറവു വയ്ക്കാന്‍ നമുക്കു സാധിച്ചോ, മേലില്‍ സാധിക്കുമോ? ശ്രവിക്കപ്പെടാതെ പോകുന്ന പ്രാര്‍ഥനകളും, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളും,കരിയാതെ നില്ക്കുന്ന മാനസികമുറിവുകളും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമൊക്കെ നമ്മുടെ ജീവിതത്തില്‍ കണ്ടേക്കാം. അവയൊന്നും നമ്മുടെ നിരാശയ്ക്കു നിദാനമാകരുത്. ദൈവം കൈവിട്ടു എന്നു തോന്നുന്ന സന്ദര്‍ഭങ്ങള്‍ അവിടുത്തെ കൈവിടാനുള്ളവയല്ല, കൂടുതല്‍ മുറുകെപ്പിടിക്കാനുള്ളവയാണ്. അപ്പോഴാണ് നമ്മുടെ വിശ്വാസത്തിനു വേരുകളും, പ്രത്യാശയ്ക്കു പക്ഷങ്ങളും, സ്‌നേഹത്തിനു മൊട്ടുകളും മുളയ്ക്കുന്നത്. ദൈവത്തിന്റെ മൊഴിയുംമൗനവും ഒരുപോലെ നമുക്കായുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമാണെന്നു മറക്കരുത്. ഉത്തരങ്ങളെക്കാള്‍ ഉപരിയായി ഉച്ചിക്കുമീതെ അവനുണ്ടെന്നുള്ള ഉറപ്പാണ് ഏതൊരു അവശതയിലും നമുക്ക് ഊര്‍ജ്ജം പകരേണ്ടത്. അതിനു വ്യവസ്ഥകളില്ലാത്ത വിശ്വാസം ആവശ്യമാണ്. എങ്കിലേ നമ്മുടെ പ്രലാപങ്ങള്‍ പ്രകീര്‍ത്തനങ്ങളായും, സങ്കടങ്ങള്‍ സങ്കീര്‍ത്തനങ്ങളായും, അനര്‍ഥങ്ങള്‍ അനുഗ്രഹങ്ങളായുമൊക്കെ മാറുകയുള്ളൂ. ഒപ്പം, നാമാല്‍ ഉപേക്ഷിക്കപ്പെട്ട ദുരനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം. നമ്മുടേതായ ജീവിതസാഹചര്യങ്ങളില്‍ ചിലരെയൊക്കെ ദൈവം നമ്മുടെ ചിറകിന്‍കീഴില്‍ ചേര്‍ത്തുവച്ചിട്ടുണ്ട്. അവരുടെ നിലവിളികളെ നിസ്സാരങ്ങളാക്കരുത്. അഭയമാകുമ്പോഴേ നാം അനുഗ്രഹമാകൂ.