•  25 Apr 2024
  •  ദീപം 57
  •  നാളം 7
ചരിത്രവും സംസ്‌കാരവും

മണ്ണുകൊണ്ടൊരു മഹാനിര്‍മിതി

ഈജിപ്തിലെ അസ്വാന്‍ ഡാം എട്ടാമത്തെ അദ്ഭുതം?


1970-മാണ്ടോടുകൂടി ഈജിപ്തിന്റെ വ്യാവസായിക, കാര്‍ഷികസാംസ്‌കാരികമേഖലകളില്‍ പുത്തനുണര്‍വും ശക്തിയും പകര്‍ന്നതും ലോകത്തിലെ, മണ്ണുകൊണ്ടുണ്ടാക്കിയതില്‍ ഏറ്റവും വലുതുമായ അണക്കെട്ടാണ് അസ്വാന്‍ഹൈ ഡാം. പദ്ധതിക്കു സാമ്പത്തികസാങ്കേതികസഹായം നല്കിയ സോവിയറ്റ് യൂണിയന്റെ നേതാവ് ക്രൂഷ്‌ചേവാണ് ഇതിനെ ലോകത്തിലെ എട്ടാമത്തെ അദ്ഭുതമെന്നു വിളിച്ചത്.
തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍നിന്ന് 860 കി.മീറ്ററോളം അകലെക്കിടക്കുന്ന അസ്വാന്‍ എന്ന പട്ടണത്തിനടുത്താണ് നൈലിനു കുറുകെയുള്ള ഈ വന്‍ അണക്കെട്ട്. അസ്വാന്‍ ഈജിപ്തിന്റെ പുരാതന അതിര്‍ത്തിയായിരുന്നു. കെയ്‌റോയില്‍നിന്ന് അസ്വാനിലേക്ക് ഏകദേശം 860 കി.മീ. ദൂരമുണ്ട്. അസ്വാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും അസ്വാന്‍ യൂണിവേഴ്‌സിറ്റിയുടെ കേന്ദ്രവും അസ്വാനിലാണ്.
6650 കി.മീ. നീളമുള്ള നൈല്‍, ബറൂണ്ടിയും കോംഗോയും കെനിയയും എത്യോപ്യയും സുഡാനുമുള്‍പ്പെടെ പത്തു രാജ്യങ്ങളിലൂടെ ഒഴുകിയാണ് ഈജിപ്തിലെത്തുന്നത്.  ഈജിപ്തിന്റെ ഭാഗധേയങ്ങളെ കുറച്ചൊന്നുമല്ല നൈല്‍ സ്വാധീനിച്ചിരിക്കുന്നത്. നൈലിലെ വെള്ളപ്പൊക്കമാണ് തീരങ്ങളെ, പ്രത്യേകിച്ചു നൈല്‍ ഡെല്‍റ്റയെ സമ്പല്‍സമൃദ്ധമാക്കിക്കൊണ്ടിരുന്നത്. പക്ഷേ, പലപ്പോഴും കാലംതെറ്റിയുള്ള നദിയുടെ പ്രതിഭാസങ്ങളും കടന്നുകയറ്റങ്ങളും ജീവിതം ദുഷ്‌കരമാക്കിക്കൊണ്ടിരുന്നു. 1902 ല്‍ ബ്രിട്ടീഷ് സഹായത്തോടെ നിര്‍മിച്ച പഴയ ഡാമിന് ലോകത്തിലെ ഏറ്റവും വലിയ നദിയുടെ അഭൗമികശക്തിക്കു നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
രാജഭരണം തൂത്തെറിഞ്ഞ 1952 ലെ വിപ്ലവത്തിനുശേഷം രാജ്യത്തിന്റെ മുഖ്യസ്വപ്നങ്ങളില്‍ ഒന്നായി പ്രസിഡന്റ് നാസര്‍ അണക്കെട്ടിനെ കണ്ടിരുന്നു. 1956 ല്‍ അദ്ദേഹം ഈജിപ്ഷ്യന്‍ പ്രസിഡന്റായി. 1960 ല്‍ പണിയാരംഭിച്ചു. 1970-ാമാണ്ടോടുകൂടി പൂര്‍ത്തീകരിച്ചു. അണക്കെട്ടിനു സാമ്പത്തികസഹായം നല്കാമെന്ന് ഏറ്റിരുന്ന ബ്രിട്ടനും അമേരിക്കയും പിന്‍വാങ്ങിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ ഈജിപ്തിന്റെ രക്ഷയ്‌ക്കെത്തി. 1.12 ബില്യന്‍ ഡോളര്‍ വെറും രണ്ടു ശതമാനം പലിശയ്ക്ക് അവര്‍ വാഗ്ദാനം ചെയ്തു. (പക്ഷേ, ഇതിനു പകരം കുറഞ്ഞ വിലയ്ക്ക് ഈജിപ്തിന്റെ ഗോതമ്പ് റഷ്യ വാങ്ങിക്കൂട്ടി എന്നും ആരോപണമുണ്ട്). 1956 ല്‍ ത്തന്നെ നാസര്‍ സൂയസ് കനാല്‍ ദേശസാത്കരിച്ചിരുന്നു.
കരിങ്കല്ലും കളിമണ്ണും ചേര്‍ത്തുണ്ടാക്കിയ ഭീമന്‍ അണക്കെട്ട് ഡിസൈന്‍ ചെയ്തത് സോവിയറ്റ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനുവേണ്ടി അവരുടെ എന്‍ജിനീയര്‍മാരാണ്. സോവിയറ്റ് എന്‍ജിനീയര്‍മാരോടൊപ്പം 25000 വരുന്ന ഈജിപ്ഷ്യന്‍ എന്‍ജിനീയര്‍മാരും സാങ്കേതികവിദഗ്ധരും നിര്‍മ്മാണരംഗത്തുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നാണിത്. അണക്കെട്ടിന് 13000 അടി നീളവും ചുവട്ടില്‍ 3220 അടി വീതിയും മുകള്‍ഭാഗത്ത് 130 അടി വീതിയുമുണ്ട്. അണക്കെട്ടിന്റെ പൊക്കം 364 അടിയാണ്. ഇതുകൊണ്ടുണ്ടായ  തടാകത്തിന്  550 കി.മീ. നീളവും 35 കി.മീ. വീതിയും 430 അടി താഴ്ചയും (ശരാശരി താഴ്ച 83 അടി) 5220 ച. കി.മീ. ഉപരിതലവിസ്തീര്‍ണവുമുണ്ട്. ഇതു ലോകത്തില്‍ മനുഷ്യനിര്‍മിതമായ  ഏറ്റവും വലിയ തടാകങ്ങളിലൊന്നാണ്. അറബ് ദേശീയതയുടെ പ്രതീകമായ നാസറിന്റെ പേരാണ് തടാകത്തിനു നല്കിയത്. 132 ക്യുബിക് കിലോമീറ്ററോളം ജലം തടാകത്തില്‍ സംഭരിച്ചുനിര്‍ത്തിയിട്ടുണ്ട്.
2015 ല്‍ നാസയുടെ ശൂന്യാകാശപേടകത്തില്‍നിന്ന് അമേരിക്കന്‍ ശൂന്യാകാശസഞ്ചാരികള്‍ അസ്വാന്‍ അണക്കെട്ടിന്റെയും നാസര്‍ തടാകത്തിന്റെയും മിഴിവാര്‍ന്നതും സൂക്ഷ്മവുമായ ഫോട്ടോകള്‍ നിക്കോണ്‍ ഡി4 ക്യാമറയുപയോഗിച്ചു പകര്‍ത്തിയിട്ടുണ്ട്. ഈജിപ്തിന് മൊത്തം ആവശ്യമുള്ള വൈദ്യുതിയുടെ പകുതി ഇവിടെ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോ ഇലക്ട്രിക്‌പ്രോജക്ട് ഉത്പാദിക്കുന്നു. ഭീമാകാരന്മാരായ സോവിയറ്റ് ടര്‍ബൈനുകള്‍ ഒരു വര്‍ഷം പത്തു ബില്യന്‍ കിലോവാട്ട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു പത്തുലക്ഷം കളര്‍ടെലിവിഷനുകള്‍ 20 വര്‍ഷത്തേക്കു പ്രവര്‍ത്തിക്കാന്‍ വേണ്ട വൈദ്യുതിയാണ്. (ഒരു കിലോവാട്ട് 3.6 മില്യന്‍ ജൂള്‍സിനു തുല്യമാണ്)
സഹസ്രാബ്ദങ്ങളായി വരണ്ടുകിടന്നിരുന്ന മരുഭൂമിയുടെ ദാഹം തീര്‍ക്കാന്‍ അണക്കെട്ടിനു കഴിഞ്ഞു. സഹാറമരുഭൂമിയില്‍നിന്ന് ഒരു ലക്ഷം ഏക്കര്‍ കൃഷിക്കുവേണ്ടി വീണ്ടെടുത്തു. ദാഹിച്ചുനിന്നിരുന്ന മണല്‍ക്കൂനകളും ഒട്ടകങ്ങള്‍ ഓടിയിരുന്ന മണല്‍നിറഞ്ഞ സമതലങ്ങളും നൈലിന്റെ ജലത്തില്‍ കുതിര്‍ന്ന് നവജീവന്‍ ഉള്‍ക്കൊണ്ടു.
ചരിത്രത്തിലാദ്യമായി അനേകം ഗ്രാമങ്ങളും പട്ടണങ്ങളും വൈദ്യുതിയുടെ വെളിച്ചത്തില്‍ മിഴിതുറന്നു. വെള്ളപ്പൊക്കം നിയന്ത്രിക്കുകയും വിശാലമായ ഭൂപ്രദേശങ്ങളില്‍ ജലസേചനം സാധ്യമാക്കുകയും ചെയ്തു. നാസര്‍ ലെയിക്കില്‍ മത്സ്യങ്ങള്‍ നൃത്തമാടി. കാര്‍ഷികമേഖല ഉണര്‍ന്നു. വ്യവസായങ്ങള്‍ വളരുകയും പുഷ്ടിപ്പെടുകയും ചെയ്തു. ഈജിപ്തിന് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ദാനം ചെയ്യാന്‍ അസ്വാന്‍ ഹൈഡാമിനു കഴിഞ്ഞു. എന്നാല്‍, നൈല്‍താഴ്‌വരയില്‍ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം വരുന്ന നബിയന്‍സ് അവിടെനിന്നു മാറേണ്ടിവന്നു. വെള്ളപ്പൊക്കം കുറഞ്ഞത് നൈല്‍തീരങ്ങളില്‍, പ്രത്യേകിച്ചു കെയ്‌റോ മുതല്‍ മെഡിറ്ററേനിയന്‍ കടല്‍വരെയുള്ള ഡെല്‍റ്റയുടെ ഫലപുഷ്ടി കുറച്ചു.
ഇതൊക്കെയാണെങ്കിലും പിരമിഡുപോലെ ഈജിപ്തിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ് അസ്വാന്‍ഹൈ ഡാം. ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകള്‍ അസ്വാനിലെത്തി അടുത്തുള്ള കാര്‍നാക് ലക്‌സര്‍, അബു സിംബല്‍ മുതലായ പ്രാചീനവും ലോകപ്രസിദ്ധങ്ങളുമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു.
അറബ്‌ലോകം കണ്ട ഏറ്റവും ശക്തനും പ്രതിഭാശാലിയും ഈജിപ്തിന്റെ രക്ഷകനുമായിരുന്നു നാസര്‍. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്ന വന്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ്  52-ാമത്തെ വയസ്സില്‍ 1970 ല്‍ അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. ചേരിചേരാരാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിനോടും മാര്‍ഷല്‍ ടിറ്റോയോടുമൊത്തു പ്രവര്‍ത്തിച്ച നയതന്ത്രജ്ഞനും യഥാര്‍ത്ഥ സോഷ്യലിസ്റ്റുമായിരുന്ന നാസറിന്റെ ഓര്‍മകള്‍ ഇന്നും ഈജിപ്തിന്റെ ചക്രവാളത്തില്‍ മായാതെ നില്ക്കുന്നു.
(തുടരും)

 

Login log record inserted successfully!