ഈജിപ്തിലെ അവസാനത്തെ ഫറവോയും ലോകം കണ്ട ഏറ്റവും പ്രശസ്തരായ സ്ത്രീകളില്‍ ഒരുവളുമായിരുന്നു ക്ലിയോപാട്ര. വ്യക്തിപരിവേഷത്തിന്റെയും ബുദ്ധിശക്തിയുടെയും ഭരണനൈപുണ്യത്തിന്റെയും വശ്യതയാണ് അവരുടെ പ്രത്യേകത. ചൈതന്യരഥത്തിലേറി സഞ്ചരിക്കുകയും അന്നത്തെ ലോകചരിത്രത്തെ സ്വാധീനിക്കുകയും ചെയ്തു. ബി.സി. 51 മുതല്‍ ബി.സി. 30 വരെ ഈജിപ്തിലെ ഭരണാധിപതിയായിരുന്ന അവര്‍ വെറും പതിനെട്ടു വയസ്സുള്ളപ്പോഴാണ് സഹോദരനോടൊപ്പം ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചുതുടങ്ങിയത്. പിന്നീട് രണ്ടു റോമന്‍ ജനറല്‍മാരെ തന്റെ മാസ്മരികശക്തിക്കു കീഴില്‍ കൊണ്ടുവന്നു. ഒരു റോമന്‍ ഭരണാധിപതിയുടെ ക്രോധത്തിനുമുമ്പില്‍ സിംഹാസനവും ചെങ്കോലും നഷ്ടപ്പെട്ട് ജീവിതത്തിനു തന്നെ തിരശീലയിട്ടു. റോമാസാമ്രാജ്യത്തിന്റെ ഒരു കാലഘട്ടത്തിലെ ചരിത്രം അവരുമായി ബന്ധപ്പെട്ടുനിന്നു.
ഇന്നും പത്രമാസികകളിലും മാധ്യമങ്ങളിലും ക്ലിയോപാട്ര എന്ന പേരു കാണുമ്പോള്‍ ആളുകള്‍ ജിജ്ഞാസയുടെയും കൗതുകത്തിന്റെയും കണ്ണുകള്‍ തുറക്കുന്നു. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ഉത്പന്നങ്ങള്‍ക്കു നല്കിയിട്ടുള്ള പേരാണ് ക്ലിയോപാട്ര. ശൂന്യാകാശത്തു ഭ്രമണം ചെയ്യുന്ന നക്ഷത്രംപോലുള്ള ഒരു ഛിന്നഗ്രഹത്തിന്റെ പേര് അസ്‌ട്രോയിഡ് ക്ലിയോപാട്ര 216 എന്നാണ്. ആധുനികഗൃഹോപകരണങ്ങളുടെയും സൗന്ദര്യപോഷകവസ്തുക്കളുടെയും ലഹരിസാധനങ്ങളുടെയും വന്‍ഹോട്ടലുകളുടെയും കാസിനോകളുടെയും വര്‍ണശബളമായ വസ്ത്രങ്ങളുടെയും വാഹനങ്ങളുടെയും ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന പേര് 39 ാം വയസ്സില്‍ ദാരുണസാഹചര്യത്തില്‍ ലോകത്തോടു വിട പറഞ്ഞ ഈ രാജകുമാരിയുടേതാണ്. അമേരിക്കന്‍ എഴുത്തുകാരനായ ഹാരോള്‍ഡ് ബ്‌ളൂം അവരെ ലോകത്തിലെ ആദ്യത്തെ സെലിബ്രിറ്റി അഥവാ മെഗാസ്റ്റാര്‍ എന്നാണു വിളിക്കുന്നത്.
69 ബി.സി. യില്‍ അലക്‌സാണ്ട്രിയായിലെ ടോളമി പന്ത്രണ്ടാമന്റെ മകളായി ക്ലിയോപാട്ര ജനിച്ചു. ക്ലിയോപാട്ര എന്ന വാക്കിന്റെ അര്‍ത്ഥം ഗ്രീക്കുഭാഷയില്‍ 'തന്റെ പിതാവിന്റെ മഹത്ത്വം' എന്നും 'തിയാഫിലോപേറ്റര്‍' എന്നാല്‍ തന്റെ പിതാവിനെ സ്‌നേഹിക്കുന്ന ദേവത എന്നുമാണ്. മഹനായ അലക്‌സാണ്ടറുടെ ജനറല്‍മാരില്‍ ഒരാളായിരുന്ന ഗ്രീസിലെ ടോളമി ക സോര്‍ട്ടര്‍ സ്ഥാപിച്ച രാജവംശം ആയിരുന്നു അവരുടേത്.
ശാസ്ത്രത്തിലും കലകളിലും ക്ലിയോപാട്ര പ്രാവീണ്യം നേടിയിരുന്നു. തത്ത്വചിന്തയിലും പ്രസംഗകലയിലും അവര്‍ അഗ്രഗണ്യയായിരുന്നു. പണ്ഡിതസദസ്സുകളില്‍ പങ്കെടുക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
ബഹുമുഖപ്രതിഭ
ക്ലിയോപാട്ര സമര്‍ത്ഥയായ ഭരണാധികാരിയായിരുന്നു. രണ്ടു സഹോദരങ്ങളോടും പുത്രനോടുമൊപ്പം രാജ്യം ഭരിച്ചു. രാജ്യം ക്ഷാമം നേരിട്ട ദുരന്തത്തിന്റെയും വരള്‍ച്ചയുടെയും നാളുകളായിരുന്നു ആദ്യം അവരെ എതിരേറ്റത്. ടൗണ്‍പ്ലാനിംഗിലും ജലസേചനകാര്യങ്ങളിലും അവര്‍ ശ്രദ്ധ ചെലുത്തി. ഈജിപ്ഷ്യന്‍ ഭാഷ പഠിക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത ഗ്രീസില്‍നിന്നുള്ള ഏക ഭരണാധികാരിയായിരുന്നു അവര്‍. ഈജിപ്തിന്റെ സംസ്‌കാരംതന്നെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
ശരീരസൗന്ദര്യത്തെക്കാള്‍ മാസ്മരികശക്തിയുള്ള വ്യക്തിപ്രഭാവം അവരെ വിഭിന്നയാക്കി. ഒരു സംഗീതോപകരണത്തില്‍നിന്നു വരുന്നതുപോലുള്ള അവരുടെ ശബ്ദവും ആരെയും ആകര്‍ഷിച്ചു തന്നിലേക്കടുപ്പിക്കുന്ന ഒരു വ്യക്തിയാക്കി അവരെ മാറ്റി. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന പ്ലൂറ്റാര്‍ച്ച് അവരുടെ ശബ്ദത്തെ വിശേഷിപ്പിക്കുന്നത് തേനൂറുന്ന ശബ്ദം എന്നും, സംഭാഷണം അനേകം തന്ത്രികളില്‍നിന്നു പുറപ്പെടുന്ന സംഗീതോപകരണത്തിന്റെതും എന്നുമാണ്.
റോമന്‍കാലഘട്ടത്തിലെ സമലംകൃതമായ ഒരു വ്യക്തിത്വം അവരെ ചൂഴ്ന്നുനിന്നു. പാലില്‍ ഒലിവ് ഓയില്‍ ചേര്‍ത്തു കുളിച്ചിരുന്ന അവര്‍ ലോകത്തിലെ ഏറ്റവും വില കൂടിയ പരിമളദ്രവ്യം ഉപയോഗിച്ചിരുന്നു. അലക്‌സാണ്ട്രിയായിലെ അത്യാഡംബരക്കൊട്ടാരത്തില്‍ ദേവതതുല്യമായി അവര്‍ ജീവിച്ചു. അന്നത്തെ ലോകാദ്ഭുതങ്ങളില്‍ ഒന്നായിരുന്ന ലൈറ്റ് ഹൗസ് നിലനിന്നിരുന്ന അലക്‌സാണ്ട്രിയായിലെ ആന്റിറോഡോസ് ദ്വീപിലായിരുന്നു കൊട്ടാരം നിലനിന്നിരുന്നത്. കൊട്ടാരത്തില്‍ 100 മുറികളുണ്ടായിരുന്നു. ക്ലിയോപാട്രയുടേതെന്നു വിശ്വസിക്കുന്ന വസ്ത്രധാരണശൈലി ഇന്നും ലോകത്തെ ആകര്‍ഷിക്കുന്നു.
ആ കാലഘട്ടത്തിലെ ലാറ്റിന്‍ കവിതകളിലും ഗ്രീക്കുസാഹിത്യത്തിലും അവര്‍ പരാമര്‍ശിക്കപ്പെടുന്നു. ആധുനികകാലത്തെ അനേകം പുസ്തകങ്ങളിലും ബാലെകളിലും നാല്പത്തിയഞ്ചോളം ഓപ്പറകളിലും പ്രമുഖ താരങ്ങളഭിനയിച്ച ചലച്ചിത്രങ്ങളിലും അവര്‍ നായികാസ്ഥാനത്തു നില്ക്കുന്നു.
ഈജിപ്തിലെ സിംഹാസനത്തില്‍ പിടിമുറുക്കാന്‍ അവര്‍ക്കു കഴിഞ്ഞത് ജൂലിയസ് സീസറിന്റെ പിന്‍ബലംകൊണ്ടാണ്. സീസര്‍ ക്ലിയോപാട്രയോടൊത്ത് ഈജിപ്തില്‍ ഒരുമിച്ചുകഴിയുകയും അവര്‍ക്കു സിസേറിയന്‍ എന്ന ഒരു പുത്രനുണ്ടാവുകയും ചെയ്തു. ടോളമി-12 ടോളമി-14 എന്നീ രണ്ടു സഹോദരങ്ങള്‍ അവരോടൊപ്പം സിംഹാസനം പങ്കിട്ടിരുന്നു. പക്ഷേ, അവരുടെ രണ്ടുപേരുടെയും അകാലമരണത്തില്‍ ക്ലിയോപാട്രയ്ക്കു പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
സീസറിന്റെ ഹൃദയത്തില്‍ സ്ഥാനം നേടിയ ക്ലിയോപാട്ര സീസറിന്റെ തണലില്‍ രാജ്ഞിയായി ഈജിപ്റ്റ് ഭരിച്ചു. സീസര്‍ ഒരിക്കലും അവരെ വിവാഹം കഴിച്ചിരുന്നില്ല. അതു റോമന്‍ പാരമ്പര്യത്തിന് എതിരായിരുന്നു.
ജൂലിയസ് സീസര്‍
ബി.സി. 100 ല്‍ റോമില്‍ ജനിച്ച സീസര്‍ റോം കണ്ട ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിയായിരുന്നു. ഒരു അതുല്യവ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. ആഭ്യന്തരകലാപങ്ങളൊതുക്കി യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള ഐതിഹാസികങ്ങളായ പടയോട്ടങ്ങളിലും ആക്രമണങ്ങളിലുംകൂടി റോമിന്റെ അതിര്‍ത്തികള്‍ തിരുത്തിക്കുറിച്ച് റോമിനെ ശക്തമായ ഒരു സാമ്രാജ്യമാക്കുന്നതിനുള്ള ബലവത്തായ അടിത്തറയിട്ടു. ഒരു റിപ്പബ്ലിക്കായിരുന്ന റോം ഒരു സാമ്രാജ്യത്തിലേക്കും ചക്രവര്‍ത്തിഭരണത്തിലേക്കും നീങ്ങുകയായിരുന്നു. നല്ല വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും നയജ്ഞനും ധീരയോദ്ധാവും ഭരണകര്‍ത്താവുമായിരുന്ന അദ്ദേഹത്തിന്റെ കാലത്ത് റോമാനഗരം സാമ്രാജ്യത്തിന്റെ ശക്തമായ തലസ്ഥാനമായി മാറി. അധിവര്‍ഷത്തോടുകൂടിയ ഇപ്പോഴത്തെ കലണ്ടര്‍ ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ജൂലൈ എന്ന മാസത്തിന്റെ പേരിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നത് ജൂലിയസ് സീസറിനോടാണ്. രാജ്യം ശക്തമായ ഭരണത്തിന്‍കീഴില്‍ സമൃദ്ധിയോടും പെരുമയോടുംകൂടി നിലനിന്നു. സീസര്‍ ഈജിപ്തില്‍നിന്നു റോമിലേക്കു മടങ്ങി രാജ്യകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. റോമിനുവേണ്ടി വന്‍വിജയങ്ങളുടെ ജൈത്രയാത്ര സീസര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കേ, മറുവശത്ത് അദ്ദേഹത്തിനെതിരേ അസൂയയുടെയും എതിര്‍പ്പിന്റെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടുകയായിരുന്നു. ഒരു സ്വേച്ഛാധിപതിയിലേക്കുള്ള സീസറിന്റെ യാത്രയ്ക്കു തടസ്സമിടണമെന്ന് റോമന്‍ സെനറ്റില്‍ത്തന്നെ പലര്‍ക്കും തോന്നിത്തുടങ്ങിയിരുന്നു.