ക്ഷേത്രങ്ങള്‍ ഒരു ജനതയുടെ ആത്മാവിഷ്‌കാരത്തിന്റെയും ആത്മപ്രകാശനത്തിന്റെയും പ്രതിഫലനമാണ്. ആകാശത്തിലേക്കു തലയുയര്‍ത്തിനില്ക്കുന്ന, തമിഴ്‌നാട്ടിലെ മധുര, തഞ്ചാവൂര്‍ മുതലായ സ്ഥലങ്ങളിലെ ക്ഷേത്രങ്ങള്‍ തമിഴ്ജനതയുടെ അടങ്ങാത്ത വംശബോധത്തിന്റെയും ആര്‍ക്കും അടിയറവയ്ക്കാത്ത അഭിമാനബോധത്തിന്റെയും ആവിഷ്‌കാരങ്ങളാണ്. ഈജിപ്തിലെ ക്ഷേത്രങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ""Temples were considered to be architectural expressions of the universe and the process of creation itself.'' സൃഷ്ടിയുടെയും പ്രപഞ്ചത്തിന്റെയും ശില്പകലയില്‍ക്കൂടിയുള്ള പ്രകാശനമായി ക്ഷേത്രങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നു. ഈജിപ്തില്‍ ഫറവോ ദൈവമായിരുന്നു. പുരോഹിതരും ഫറവോയും മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിരുന്നുള്ളൂ. വേറൊരു വിധത്തില്‍, സൃഷ്ടിയും പ്രപഞ്ചവും ദൈവവും അവര്‍ക്ക് ഒന്നായിരുന്നു.
ഭൂമിക്കടിയില്‍ പൂര്‍ണമായി മറഞ്ഞുപോകേണ്ടിയിരുന്ന ഒരു വലിയ ക്ഷേത്രമായിരുന്നു അബുസിംബല്‍. നൈല്‍നദിയിലെ പ്രസിദ്ധമായ അസ്വാന്‍ അണക്കെട്ടുമൂലം ഉണ്ടായ നാസര്‍ തടാകത്തില്‍ ക്ഷേത്രം പൂര്‍ണ്ണമായും മുങ്ങിപ്പോകുമായിരുന്നു. റാംസെസ് പണികഴിപ്പിച്ച ഇവിടത്തെ രണ്ടു ക്ഷേത്രങ്ങളുടെ ക്രോക്ക് ടെമ്പിള്‍സ് സമുച്ചയമാണിത്. ഒന്നിനു മുന്‍പില്‍ 66 അടി വീതം ഉയരമുള്ള ഇരിക്കുന്ന രൂപത്തിലുള്ള അദ്ദേഹത്തിന്റെ നാലു കരിങ്കല്‍ പ്രതിമകള്‍ പാറയില്‍ കൊത്തിവച്ചിരിക്കുന്നു. മറ്റു ക്ഷേത്രങ്ങളുടെ നിര്‍മ്മാണശൈലിതന്നെ നമുക്ക് ഇവിടെയും കാണുവാന്‍ കഴിയും. യുനെസ്‌കോയുടെ നേതൃത്വത്തില്‍ അന്‍പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ച് 1964 - 68 വരെ നീണ്ട ഒരു ഭീമന്‍ പദ്ധതിയിലൂടെ ഒരു ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ മിഷന്‍ ക്ഷേത്രങ്ങളെ വെട്ടിയെടുത്ത് 215 അടി ഉയര്‍ത്തി സ്ഥാപിച്ചു. ക്ഷേത്രങ്ങളെ ആയിരക്കണക്കിനു ചെറുകഷണങ്ങളാക്കി മുറിച്ചുമാറ്റി സ്ഥാപിക്കുകയായിരുന്നു. എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും ശില്പകലാവിദഗ്ധരും ഉള്‍പ്പെടുന്ന 1700 ആളുകള്‍ ചേര്‍ന്ന് നാലു വര്‍ഷംകൊണ്ട് അസാധ്യമായ ഈ ജോലി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. പ്രവര്‍ത്തനത്തിനു മൊത്തം 36 മില്യണ്‍ ഡോളര്‍ ചെലവായി. മറ്റൊരു ചെറുക്ഷേത്രം അമേരിക്കയ്ക്ക് കെന്നഡിയുടെ കാലത്ത് പാരിതോഷികമായി കിട്ടുകയും അതുകൊണ്ടുവന്ന് ന്യൂയോര്‍ക്കിലെ സിംസോണിയന്‍ മ്യൂസിയത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ഒരു അമേരിക്കന്‍ പര്യടനത്തിനിടയില്‍ ഇതു കാണുവാന്‍ എനിക്കവസരം ലഭിച്ചു.
അനശ്വരനായ റാംസെസിന് രാജകീയസ്വീകരണം
1881 ല്‍ രാജാക്കന്മാരുടെ താഴ്‌വരയില്‍നിന്നു കണ്ടെടുത്ത റാംസെസിന്റെ മമ്മി കെയ്‌റോ മ്യൂസിയത്തിലേക്കു കൊണ്ടുവരുകയായിരുന്നു. അതു പിന്നീട് ഫ്രഞ്ച് ഡോക്ടറായ മൗറീസ് ബുക്കയിലി വിശദമായി പരിശോധിക്കുകയുണ്ടായി. 5 അടി 7 ഇഞ്ച് പൊക്കമുള്ളതും ഏതാനും പല്ലുകള്‍ നഷ്ടപ്പെട്ടതും ആര്‍ത്രൈറ്റിസ് രോഗം പിടിപെട്ടിരുന്നതുമായ ഒരാളിന്റെ ശവശരീരമാണിതെന്നു കണ്ടെത്തി. ഫ്രഞ്ചു പ്രസിഡന്റുതന്നെ മമ്മി പാരീസിലേക്കു കൊണ്ടുവന്ന് വേണ്ട 'ട്രീറ്റ്‌മെന്റ്' കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വിമാനയാത്ര നടത്തുന്ന ആദ്യത്തെ ഫറവോയെന്ന പേരും റാംസെസിനു കിട്ടി. റാംസെസിന്റെ മമ്മിക്ക് ഒരു രാഷ്ട്രത്തലവനു നല്കുന്നതുപോലുള്ള സമ്പൂര്‍ണ്ണസൈനികബഹുമതികളോടുകൂടിയ സ്വീകരണമാണ് പാരീസ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. മൃതദേഹം രണ്ടാമതും പോസ്റ്റുമോര്‍ട്ടം ചെയ്ത് വേണ്ട 'ചികിത്സകള്‍' നടത്തി കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്കുതന്നെ കൊണ്ടുപോയി.
കലയും സംസ്‌കാരവും
പല ചരിത്രകാരന്മാരും റാംസെസിന്റെ ഭരണകാലം കലയുടെയും സംസ്‌കാരത്തിന്റെയും സുവര്‍ണകാലഘട്ടമായി കണക്കാക്കിവരുന്നു. അദ്ദേഹം നിര്‍മ്മിച്ച നൂറുകണക്കിന് വന്‍ക്ഷേത്രങ്ങളും ശവക്കല്ലറസമുച്ചയങ്ങളും സ്മാരകങ്ങളും ഇത് എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യയും സുന്ദരിയും മഹാറാണിയുമായിരുന്ന തെഫെര്‍തരിയുടെ സമലംകൃതമായ ശവകുടീരവും ചുറ്റുപാടുകളും മറ്റൊരു കലോപാസനയാണ്. ഇതിന്റെ മൂല്യം മനസ്സിലാക്കി ലോസ്ആഞ്ചലസിലെ ഗെറ്റി മ്യൂസിയം ഇതു പുനരുദ്ധരിച്ചു. യുവതിയായിരുന്നപ്പോള്‍ മരണമടഞ്ഞ ആ രാജ്ഞിയോടു ഫറവോയ്ക്ക് അതിരറ്റ സ്‌നേഹമുണ്ടായിരുന്നു. ശവകുടീരത്തിലും അനുബന്ധകെട്ടിടങ്ങളിലും ഭിത്തികളിലും ഉണ്ടായിരുന്നത് അതിമനോഹര പെയിന്റിംഗുകളായിരുന്നു. നേരത്തേ സൂചിപ്പിച്ചിരുന്നതുപോലെ രാജ്യമെമ്പാടും പണിതുയര്‍ത്തിയ കെട്ടിടങ്ങളിലും ക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ തലസ്ഥാനനഗരിയിലും ഫറവോന്റെ നേട്ടങ്ങളും സവിശേഷനേട്ടങ്ങളും മഹത്ത്വങ്ങളും കല്ലില്‍ ആഴത്തില്‍ പൊഴിച്ചെഴുതിയിരുന്നു. എല്ലാ നിര്‍മ്മിതികളും ഇവയുടെ അസാമാന്യമായ വലുപ്പവും പ്രൗഢഗാംഭീര്യവും ലാളിത്യവും ഗുണമേന്മയുംകൊണ്ട് ശ്രദ്ധേയമായിരുന്നു.
ഷെല്ലി കണ്ട റാംസെസ്
പ്രസിദ്ധ ആംഗ്ലേയ കവി ഷെല്ലി റാംസെസിനെപ്പറ്റി എഴുതിയ കവിതയാണ് ഒസിമാന്‍ഡിയാസ്. ഒസിമാന്‍ഡിയാസ് എന്നത് റാംസെസ് രണ്ടാമന്റെ ഗ്രീക്കിലുള്ള പേരാണ്. പുരാതനതലസ്ഥാനമായിരുന്ന മെംഫിസില്‍ ഇപ്പോഴും തകര്‍ന്നുകിടക്കുന്ന 17 മീ. നീളവും 1000 ടണ്‍ ഭാരവുമുണ്ടായിരുന്ന റാംസെസിന്റെ ഒരു കൂറ്റന്‍ പ്രതിമയാണ് ഷെല്ലിക്ക് ഇങ്ങനെയൊരു കവിതയെഴുതുവാന്‍ പ്രചോദനം നല്കിയതെന്നു കരുതുന്നു. ആരും അമര്‍ത്ത്യരല്ല, സര്‍വ്വതും ഒരിക്കല്‍ നശിക്കും എന്നുള്ള സാര്‍വ്വലൗകികതത്ത്വമാണ് ഷെല്ലി കവിതയില്‍ക്കൂടി വ്യക്തമാക്കുന്നത്. മറ്റൊരു ഇംഗ്ലീഷ് കവിയായ കോള്‍റിഡ്ജ് കുബ്‌ളാഖാനെപ്പറ്റി അതേ പേരിലെഴുതിയ അനശ്വരകവിതയും ഷെല്ലിയുടെ കവിതയും ഒരുപക്ഷേ, ചരിത്രത്തിലെ കോളോസോസുകളെപ്പറ്റി(ഭീമന്മാര്‍)യുള്ള ആസ്വാദ്യങ്ങളായ അനുസ്മരണങ്ങളായിരിക്കാം.
ഷെല്ലിതന്നെ റാംസെസിനെപ്പറ്റിയുള്ള ഒരു ശിലാലിഖിതം പരാവര്‍ത്തനം ചെയ്തിട്ടുണ്ട്.
"King of kings am I, Ozymandias of anyone would know how great I am and where I lie, let him surpass one of my works’
തന്റെതന്നെ അതുല്യതയും അപ്രമാദിത്വവും തന്റെ സൃഷ്ടികളില്‍ക്കൂടി മനസ്സിലാക്കട്ടെ എന്ന സന്ദേശമാണിതിലുള്ളത്. റാംസെസിനെപ്പറ്റി അനേകം കവിതകളും നോവലുകളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.
മൂവായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം കരിങ്കല്ലില്‍തീര്‍ത്ത ക്ലാസ്സിക്കുകള്‍ ക്ഷേത്രങ്ങളായും ശവകുടീരങ്ങളായും ഒറ്റക്കല്‍ സ്തംഭങ്ങളായും ഇന്നും ഈജിപ്തില്‍ തലയുയര്‍ത്തി നില്ക്കുന്നു. ഇതിലെല്ലാം അദ്ദേഹത്തിന്റെ ചരിത്രവും നേട്ടങ്ങളും രാജ്യത്തിന്റെ പ്രതാെപെശ്വര്യങ്ങളും ഇന്നും കാണാവുന്ന രീതിയില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. താരതമ്യങ്ങളില്ലാതെ ഈജിപ്തിലെ ഫറവോമാര്‍ക്കിടയില്‍ അദ്ദേഹം തലയുയര്‍ത്തി നില്ക്കുന്നു. ചരിത്രത്തിന്റെ ഏറ്റവും വിലയേറിയതും പുരാതനവുമായ ബാക്കിപത്രമായി അദ്ദേഹത്തിന്റെ നിര്‍മ്മിതികള്‍ എന്നും നിലനില്ക്കും. പിന്‍തലമുറക്കാര്‍ അദ്ദേഹത്തെ മഹാനായ പിതാമഹന്‍ എന്നുവിളിച്ചു.