ബ്രിട്ടീഷ് പുരാവസ്തുഗവേഷകനും ഈജിപ്‌റ്റോളജിസ്റ്റുമായിരുന്ന ഹോവാര്‍ഡ് കാര്‍ട്ടറാണ് തൂത്തന്‍ഖാമനെ ലോകപ്രശസ്ത ഫറവോയും ചരിത്രപുരുഷനുമാക്കിത്തീര്‍ന്നത്. കാര്‍ട്ടറുടെ പ്രതിഭ കണ്ടെത്തിയ പിതാവ് ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹത്തിനുവേണ്ട പ്രോത്സാഹനങ്ങള്‍ നല്കിയിരുന്നു. ബാല്യകാലംമുതലേ പുരാവസ്തുഗവേഷണത്തിലും ഈജിപ്റ്റിനെപ്പറ്റിയുള്ള പഠനങ്ങളിലും വ്യാപൃതനായിരുന്ന കാര്‍ട്ടര്‍ 1899 ല്‍ത്തന്നെ ഈജിപ്റ്റിലെ ലക്‌സറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ പതിനേഴാമത്തെ വയസ്സില്‍ അദ്ദേഹം ഈജിപ്റ്റിലെത്തിയിരുന്നു. പിന്നീടദ്ദേഹം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഈജിപ്ഷ്യന്‍ ആന്റിക്യുറ്റീസ് സര്‍വ്വീസ് ആയിത്തീര്‍ന്നു.
ഇതിനിടെ കാര്‍ണവോണിലെ പ്രഭുവായിരുന്ന ജോര്‍ജ് ഹെര്‍ബര്‍ട്ട് കാര്‍ട്ടര്‍ക്കു പിന്തുണയും സംരക്ഷകനുമായി എത്തി. അദ്ദേഹവും ഇത്തരത്തിലുള്ള പര്യവേക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈജിപ്റ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ശ്രമകരവും നിസ്തന്ദ്രവുമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കാര്‍ട്ടര്‍, ലക്‌സറിനടുത്തുള്ള രാജാക്കന്മാരുടെ താഴ്‌വരയില്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയത്. പിന്നീട് ഒരു വര്‍ഷംകൂടി കഴിഞ്ഞാണ് ഏറ്റവുമുള്ളിലുള്ള ഫറവോന്റെ മമ്മിയുള്‍പ്പെടുന്ന അവിശ്വസനീയലോകം അദ്ദേഹത്തിനു നേരിട്ടു കാണുവാന്‍ സാധിച്ചത്.
മറ്റൊരു പര്യവേക്ഷകന്‍ ശവകുടീരത്തിനടുത്ത് എത്തുകയും തൂത്തന്‍ഖാമന്റെ പേരുവരെ കൊത്തിയിട്ടുള്ള ചില വസ്തുക്കള്‍ കാണുകയും ചെയ്തിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് യഥാര്‍ത്ഥസ്ഥാനം കണ്ടെത്തുവാനായില്ല. മൂവായിരത്തിലേറെ വര്‍ഷങ്ങള്‍ നീണ്ടുപോയ ഇടവേളയില്‍ മണ്ണിടിഞ്ഞ് ആ പ്രദേശം മൊത്തം ഭൂമിക്കടിയില്‍ പോയിരുന്നു. അതിനു മുകളില്‍ ജോലിക്കാര്‍ അവരുടെ വീടുകള്‍ വച്ചിരുന്നു. ഒരു ദിവസം യാദൃച്ഛികമായി താഴേക്കു നീളുന്ന ഒരു നട അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. അവിടെനിന്നു മണ്ണുമാറ്റിയപ്പോഴാണ് ശവക്കല്ലറയിലേക്കുള്ള വഴിതുറന്നത്.
ഏറ്റവുമുള്ളിലെ അറയില്‍ ഒന്നിനുള്ളില്‍ ഒന്നായി മൂന്നു ശവപേടകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവുമുള്ളിലെ സ്വര്‍ണ്ണംകൊണ്ടുള്ള ശവപ്പെട്ടിയിലാണ് തൂത്തന്‍ഖാമന്റെ മൃതശരീരം മമ്മിയാക്കി വച്ചിരുന്നത്. ഇവയെല്ലാംകൂടി ശിലാനിര്‍മ്മിതമായ ശവപ്പെട്ടിയിലാണ് വച്ചിരുന്നത്. തനി സ്വര്‍ണ്ണത്തിലുള്ള ഉള്ളിലെ പെട്ടിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഫറവോയുടെ തലയും തോളുകളും മൂടിനില്ക്കത്തക്കവണ്ണം സ്വര്‍ണ്ണത്തില്‍ത്തന്നെ അതുല്യമായ കലാമേന്മയോടുകൂടി നിര്‍മ്മിച്ചിരുന്ന മാസ്‌കും വച്ചിരുന്നു. ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍വച്ച് ഏറ്റവും പ്രസിദ്ധമായ കലാരൂപമാണ് ഈ മാസ്‌ക്.
ശവപേടകങ്ങള്‍ വച്ചിരുന്ന ഉള്ളിലെ മുറി മനോഹരമായി പെയിന്റു ചെയ്തിരുന്നു. യുവാവായ ഫറവോയുടെ ജീവിതകാലത്തു സംഭവിച്ചതും മരണാനന്തരജീവിതത്തില്‍ സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങളാണ് ഇങ്ങനെ ചിത്രീകരിച്ചിരുന്നത്. ഉള്ളിലെ അറയില്‍ 5398 വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നത് കണ്ടെത്തുവാന്‍ കഴിഞ്ഞു. അതില്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ശവപ്പെട്ടിയും മാസ്‌കും 41 ജോടി ചെരിപ്പുകളും സ്വര്‍ണ്ണാഭരണങ്ങളും കുതിരവണ്ടിയുടെയും ബോട്ടിന്റെയും മോഡലുകളും അനേകജോടി വസ്ത്രങ്ങളും അടിവസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഭക്ഷണസാധനങ്ങളും ഉണ്ടായിരുന്നു. അതോടൊപ്പം കലാമേന്മയേറിയ ദന്തനിര്‍മ്മിതമായ ഒരു ചെറിയ പെട്ടിയും ഉണ്ടായിരുന്നു. ഇതില്‍ തൂത്തന്‍ഖാമന്‍ സുന്ദരിയായ രാജ്ഞിയുടെകൂടെ വടിപിടിച്ചു കൊണ്ടു നില്ക്കുന്ന രൂപം കൊത്തിപ്പിടിപ്പിച്ചിരുന്നു. പിന്നീടു കണ്ടെത്തിയതുപോലെ അദ്ദേഹത്തിന്റെ കാലിന്റെ പാദത്തിന് വൈകല്യമുണ്ടായിരുന്നു. അദ്ദേഹത്തിനു നടക്കാന്‍ എന്നും വടിയുടെ ആവശ്യം ഉണ്ടായിരുന്നിരിക്കാം. ഇതുകൊണ്ടാവാം അനേകം ഊന്നുവടികളും മമ്മിയോടൊപ്പം സൂക്ഷിച്ചിരുന്നത്. ഫറവോന് മരണാനന്തരജീവിതത്തില്‍ക്കൂടി ആവശ്യമായി വരുന്നതെന്നു തോന്നുന്ന വസ്തുക്കളാണ് ഇങ്ങനെ മമ്മിയോടൊപ്പം സൂക്ഷിച്ചുവച്ചിരുന്നത്.
1925 ലെ ഒരു ഒക്‌ടോബര്‍ 25 ന് സീലു ചെയ്തുവച്ചിരുന്ന ഉള്ളിലെ അറയിലേക്ക് ഒരു സുഷിരത്തില്‍ക്കൂടി നോക്കിനിന്നിരുന്ന കാര്‍ട്ടറോട് മറ്റുള്ളവര്‍ എന്തെങ്കിലും കാണുവാന്‍ സാധിക്കുന്നുണ്ടോയെന്നു ചോദിച്ചു. അന്ന് കാര്‍ട്ടര്‍ പറഞ്ഞു: 'അദ്ഭുതകരമായ സംഗതികള്‍. ആയിരക്കണക്കിനു നിധികള്‍ കല്ലറയ്ക്കുള്ളില്‍' എന്ന്. 3300 വര്‍ഷംമുമ്പ് ഭൂമിക്കുള്ളില്‍ അടക്കം ചെയ്ത തൂത്തന്‍ഖാമന്റെ മമ്മിയും അതോടൊപ്പമുണ്ടായിരുന്നു. അമൂല്യനിധികളും വസ്തുക്കളും 20-ാം നൂറ്റാണ്ടിനുവേണ്ടി കാര്‍ട്ടര്‍ ആദ്യമായി കാണുകയായിരുന്നു. പിന്നീട് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കാര്‍ണവോണിലെ പ്രഭുവും മറ്റു വിദഗ്ധരായ സഹപ്രവര്‍ത്തകരും അദ്ഭുതലോകത്തിനു സാക്ഷ്യം വഹിച്ചു.
കാര്‍ട്ടറുടെ ഈ കണ്ടുപിടിത്തം ഈജിപ്‌റ്റോളജിയില്‍ ഒരു വിജ്ഞാനവിസ്‌ഫോടനത്തിനു വഴിതുറന്നു. ലോകമെമ്പാടും ഈജിപ്ഷ്യന്‍സംസ്‌കാരത്തെപ്പറ്റിയും ഫറവോമാരുടെ ഐതിഹാസികജീവിതത്തെപ്പറ്റിയും ആവേശമാര്‍ന്ന പഠനങ്ങള്‍ ആരംഭിച്ചു. ഈജിപ്തിന്റെ സംസ്‌കാരവും ജീവിതശൈലിയും ആധുനികലോകത്തിന്റെ ജീവിതത്തെയും ഫാഷനെയും സ്വാധീനിച്ചുതുടങ്ങി. മ്യൂസിയങ്ങളില്‍ ഈജിപ്തിനുവേണ്ടിത്തന്നെയുള്ള സ്ഥലങ്ങള്‍ മാറ്റിവച്ചു. ഈജിപ്‌റ്റോളജി പല യൂണിവേഴ്‌സിറ്റികളിലെയും പഠനത്തിനും ഗവേഷണത്തിനുമുള്ള വേദിയായി.
ഫറവോയുടെ ശാപം
തുത്തന്‍ഖാമന്റെ ശവക്കല്ലറയും മമ്മിയും കണ്ടെത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പര്യവേക്ഷണത്തിനു പിന്തുണയും സാമ്പത്തികസഹായവും നല്കിവന്ന കാര്‍ണവോണ്‍ പ്രഭു മരിച്ചു. അതുപോലെ പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും പേര്‍കൂടി അവിശ്വസനീയമായ സാഹചര്യത്തില്‍ മരിച്ചു. ഇതു മരിച്ചുപോയ ഫറവോയുടെ ശാപംകൊണ്ടാണെന്ന് ഇന്നും പല ഈജിപ്തുകാരും വിശ്വസിക്കുന്നുണ്ട്. ഇതിനെ തൂത്തന്‍ഖാമന്റെ ശാപം എന്നു വിളിക്കാറുണ്ട്. പക്ഷേ, ഇതിന് ശാസ്ത്രീയ അടിത്തറയില്ല. കാര്‍ണവോണ്‍ പ്രഭു നേരത്തേ തന്നെ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളായിരുന്നു. ഒരുപക്ഷേ, കല്ലറയില്‍ അടക്കപ്പെട്ടിരുന്ന ബാക്ടീരിയകള്‍ മരണകാരമായിരിക്കാം.
കാര്‍ട്ടര്‍ 1932 വരെ ഈജിപ്റ്റില്‍ തന്റെ പഠനങ്ങളും പര്യവേക്ഷണങ്ങളും തുടര്‍ന്നു. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ പ്രിയവിഷയങ്ങള്‍ പഠിച്ചും പഠിപ്പിച്ചും ജീവിതത്തില്‍ ഏകനായി ജീവിച്ചു. തന്റെ അനുഭവങ്ങളും കണ്ടെത്തലുകളും ആധാരമാക്കി അദ്ദേഹം അനേകം ഗ്രന്ഥങ്ങളും രചിക്കുകയുണ്ടായി. കാര്‍ട്ടര്‍ തന്റെ സംഭാവനകളിലൂടെ ഈജിപ്‌റ്റോളജിക്ക് വില തീരാത്തതും എക്കാലത്തും നിലനില്ക്കുന്നതുമായ സംഭാവനകള്‍ നല്കി. അതോടൊപ്പം ചരിത്രത്തിന്റെ നിഗൂഢതയില്‍ ആണ്ടുകിടന്നിരുന്ന ഈജിപ്റ്റിന്റെ മഹത്തായ സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കുമുള്ള സുവര്‍ണവാതില്‍ തുറക്കുകകൂടി ചെയ്തു.
തൂത്തന്‍ഖാമന്റെ
സ്വര്‍ണ്ണമാസ്‌ക്
തൂത്തന്‍ഖാമന്റെ കല്ലറയില്‍നിന്നു ലഭിച്ച വിലയേറിയതും കലാവൈശിഷ്ട്യമുള്ളതും പിന്നീടു ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തവുമായ വസ്തുവാണ് ഈ സ്വര്‍ണ്ണമാസ്‌ക്. ഇതിപ്പോള്‍ കെയ്‌റോയിലെ കെയ്‌റോ മ്യൂസിയത്തില്‍ സ്വര്‍ണ്ണശവപ്പെട്ടിയോടും മറ്റനവധി അമൂല്യശേഖരങ്ങളോടുംകൂടി സൂക്ഷിച്ചിട്ടുണ്ട്. ലോകമെമ്പാടുംനിന്നുവരുന്ന ലക്ഷക്കണക്കിന് സന്ദര്‍ശകരെ ഏറ്റവും കൂടുതലായി ആകര്‍ഷിക്കുന്ന ഒന്നുകൂടിയാണിത്.
ആചാരപ്രകാരം മമ്മിയാക്കി സ്വര്‍ണ്ണപേടകത്തിലാക്കിയിരിക്കുന്ന തുത്തന്‍ഖാമന്റെ ശരീരത്തിനുള്ളില്‍ ചാര്‍ത്തിയിരുന്നതായിരുന്നു സ്വര്‍ണ്ണമാസ്‌ക്. കാര്‍ട്ടറുടെ രാജാക്കന്മാരുടെ താഴ്‌വരയിലെ കണ്ടെത്തലുകളോടുകൂടിയാണ് മാസ്‌ക് ഭുവനപ്രസിദ്ധമായത്. എംബാം ചെയ്ത് ലിനലിലും ബാന്‍ഡേജിലും പൊതിഞ്ഞിരുന്ന ശരീരം വച്ചിരുന്ന ഏറ്റവുമുള്ളിലെ ശവപ്പെട്ടിമേല്‍ തോളും ശിരസ്സും മൂടുന്ന വിധത്തിലായിരുന്നു മാസ്‌ക് വച്ചിരുന്നത്. 10.23 കിലോ സ്വര്‍ണ്ണംകൊണ്ടും ഗ്ലാസ് ഫെയിസ്റ്റുകൊണ്ടും ഉണ്ടാക്കിയിരുന്നതും വിലയേറിയ കല്ലുകള്‍ പതിച്ചിരുന്നതും അതിസൗന്ദര്യമുള്ളതുമാണ് ഈ മാസ്‌ക്. ബി.സി. 1323 ലാണ് ഇതു നിര്‍മ്മിച്ചത്. ഈജിപ്റ്റുകാരുടെ പ്രാമാണിക ആദ്ധ്യാത്മികഗ്രന്ഥമായിരുന്ന ബുക്ക് ഓഫ് ഡെഡില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഹൈറോ ഗ്ലിഫെസില്‍ മാസ്‌കിന്റെ തോള്‍ഭാഗത്ത് പൊഴിച്ചെഴുതിയിട്ടുണ്ട്.
മരണശേഷം ആത്മാവിന് ശരീരത്തെ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഈ മാസ്‌ക് ധരിപ്പിച്ചിരുന്നത് എന്നായിരുന്നു വിശ്വാസം. പൈശാചികബന്ധനത്തില്‍നിന്നുള്ള മോചനത്തിനും ഇതുപകരിക്കുമെന്ന് പുരാതന ഈജിപ്റ്റുകാര്‍ കരുതിയിരുന്നു. ഇത് അക്കനേറ്റന്റെ (പിതാവ്) സുന്ദരിയും പ്രതാപശാലിയും മഹാറാണിയുമായിരുന്ന ഭാര്യ നെഫെര്‍റ്റെനിക്കുവേണ്ടി ഉണ്ടാക്കിയതാണ് എന്നും കരുതുന്നു. കാരണം, അവരുടെ പേര് മാസ്‌കിന്റെ ഉള്‍വശത്ത് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. മാസ്‌ക് തൂത്തന്‍ഖാമന്റെ ആയിരുന്നുവെങ്കിലും അതിന് ഒസിറിസ് ദേവനോടു രൂപസാദൃശ്യമുണ്ടായിരുന്നു. ഒസിറിസ് മരണത്തിന്റെയും നിത്യജീവനിലേക്കുള്ള ഉയിര്‍പ്പിന്റെയും ദൈവമായിരുന്നു; അതുപോലെ കൃഷിയുടെ ഫലസമൃദ്ധിയുടെയും. ഫറവോമാര്‍ ജീവിതകാലത്തു കൃത്രിമത്താടി ധരിക്കുമായിരുന്നു. അതുകൊണ്ട് സ്വര്‍ണ്ണമാസ്‌കില്‍ രണ്ടു കിലോ തൂക്കമുള്ള ഒരു സ്വര്‍ണ്ണത്താടിയും ഘടിപ്പിച്ചിരുന്നു. ഇത് ഒരിക്കല്‍ അടര്‍ന്നുവീഴുകയും പിന്നീട് ഈജിപ്ഷ്യന്‍-ജര്‍മ്മന്‍വിദഗ്ധര്‍ അതു പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു.
ഞാന്‍ ഈജിപ്ഷ്യന്‍ മ്യൂസിയം സന്ദര്‍ശിച്ച അവസരത്തില്‍ അവിടെ സൂക്ഷിച്ചിരുന്ന മാസ്‌കും തുത്തന്‍ഖാമന്റെ ശവകുടീരത്തില്‍നിന്നു കിട്ടിയതുള്‍പ്പെടെയുള്ള ആയിരക്കണക്കിന് വസ്തുക്കളും കാണുകയുണ്ടായി.
പക്ഷേ, തുത്തന്‍ഖാമന്റെ മമ്മി അന്നും ലക്‌സറിനടുത്തുള്ള രാജാക്കന്മാരുടെ താഴ്‌വരയില്‍ത്തന്നെയായിരുന്നു. ഇന്ന് കെയ്‌റോ മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഈ മാസ്‌കാണ്. ഒരുപക്ഷേ, തൂത്തന്‍ഖാമനെ ഭുവനപ്രസിദ്ധനാക്കിയത് തന്റെ മമ്മിയെക്കാള്‍ മമ്മിയെ അലങ്കരിച്ചിരുന്ന ഈ മാസ്‌കായിരിക്കാം. കാരണം, ഇതു ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയ കലാരൂപമാണ്. കാര്‍ട്ടറുടെ കണ്ടുപിടിത്തത്തോടുകൂടി തൂത്തന്‍ഖാമനും അദ്ദേഹത്തോടു ബന്ധപ്പെട്ട കാര്യങ്ങളും ചരിത്രത്തിന്റെ വിലയേറിയ അധ്യായങ്ങളായി. അത് ഒരു കാല്പനികകഥപോലെ സുന്ദരമായി ഇന്നും നിലനില്ക്കുന്നു; ഈജിപ്റ്റ് ചരിത്രത്തിനു നല്കിയ വിലയേറിയ കൈയൊപ്പുമായി.