ചരിത്രത്തിലെ രാജകീയമുഹൂര്‍ത്തങ്ങളുടെയും നാടകീയനിമിഷങ്ങളുടെയും ചൈതന്യവത്തും സജീവവുമായ സൗന്ദര്യസങ്കല്പങ്ങളുടെയും റാണിയായിരുന്നു ക്ലിയോപാട്ര. എന്നാല്‍, അവര്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളെപ്പറ്റിയോ അവരെ സംസ്‌കരിക്കുന്ന സ്ഥലത്തെപ്പറ്റിയോ തെളിവുകള്‍ നല്കുന്ന യാതൊന്നും അവശേഷിക്കുന്നില്ല. എല്ലായിടത്തും നിറഞ്ഞുനില്ക്കുമ്പോഴും അവരെ ഒരിടത്തും കാണാനാവുന്നില്ല. ജീവിച്ചിരുന്നപ്പോള്‍ അവരെ പുല്കിനിന്നിരുന്ന നിഗൂഢതയും മാസ്മരികസൗന്ദര്യസങ്കല്പങ്ങളും മരണത്തിനു നൂറ്റാണ്ടുകള്‍ക്കുശേഷവും നിലനില്ക്കുന്നു. അന്വേഷണങ്ങളും ഗവേഷണങ്ങളും തുടരുന്നു.
അലക്‌സാണ്ട്രിയായിലെ ആന്റിറോഡോ ദ്വീപിലാണ് നൂറോളം മുറികളുള്ള അവരുടെ ഈജിപ്ഷ്യന്‍ കൊട്ടാരം നിലനിന്നിരുന്നത്. ബി.സി. 25 മുതല്‍ 19 വരെ ഈജിപ്തിലുണ്ടായിരുന്ന ഗ്രീക്ക് ഭൂഗോളശാസ്ത്രജ്ഞന്മാര്‍ ക്ലിയോപാട്രയുടെ അത്യാഡംബരകൊട്ടാരത്തെപ്പറ്റിയും കല്ലുപാകിയ 150 അടിയോളം വീതിയുള്ള തെരുവുകളെപ്പറ്റിയും അവിടെയുണ്ടായിരുന്ന സ്ഫിങ്ക്‌സ് പ്രതിമകളെപ്പറ്റിയും വശ്യതയാര്‍ന്ന കടലിന്റെ സാമീപ്യത്തെപ്പറ്റിയും എഴുതിയിട്ടുണ്ട്. ക്ലിയോപാട്രയുടെ ആത്മഹത്യയ്ക്കുശേഷം കൊട്ടാരവും അനുബന്ധനിര്‍മിതികളും ഉപേക്ഷിക്കപ്പെടുകയായിരുന്നു. എ.ഡി. 365 ലെ വന്‍ഭൂമികുലുക്കവും തുടര്‍ന്നുണ്ടായ സുനാമികളും കൊട്ടാരത്തെ 10 മീറ്റര്‍ സമുദ്രത്തിനടിയിലാക്കുകയായിരുന്നു.
അവശേഷിക്കുന്ന
തെളിവുകള്‍
ജര്‍മനിയിലെ ആള്‍ടെസ് മ്യൂസിയത്തില്‍ ഇപ്പോഴുള്ള ഒരു അര്‍ദ്ധകായപ്രതിമയാണ് അവരെപ്പറ്റി നേരിട്ടു സൂചന നല്കുന്ന ചരിത്രാവശിഷ്ടം. ബി.സി. 46 നും 44 നും ഇടയ്ക്കു ക്ലിയോപാട്രയുടെ റോം സന്ദര്‍ശനത്തിനിടയില്‍ നിര്‍മിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. അത് തലയില്‍ ഡയഡം (രാജകീയചിഹ്നമായി രാജാക്കന്മാരും രാജ്ഞിമാരും തലയില്‍ അണിഞ്ഞിരുന്ന രത്‌നാലംകൃതമായ കിരീടം / ഹെഡ്ബാന്‍ഡ്) ധരിച്ചിരുന്ന രീതിയിലാണ് ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഈജിപ്തിലുള്ള ഡെന്‍ദ്രെ ക്ഷേത്രഭിത്തിയില്‍ കല്ലില്‍ പൊഴിച്ചുണ്ടാക്കിയിരിക്കുന്ന ഒരു ചിഹ്നമാണ് മറ്റൊന്ന്. ക്ലിയോപാട്ര, സീസറിലുണ്ടായ പുത്രന്‍ സിസേറിയനോടു ചേര്‍ന്നു ക്ഷേത്രത്തില്‍ കാഴ്ചയര്‍പ്പിക്കുന്നതാണ് ഈ കല്ലിലെ ചിത്രം. നാണയങ്ങളില്‍ മുദ്രണം ചെയ്തിട്ടുള്ള അവരുടെ മുഖം വ്യക്തമായി കാണാന്‍ സാധിക്കും. ബാക്കിയുള്ളതു സാഹിത്യത്തിലും കലയിലും നിറഞ്ഞുനില്ക്കുന്ന വിവരണങ്ങളാണ്.
ബി.സി. 1213 ല്‍ മരിച്ച റംസെസ് രണ്ടാമന്റെയും ബി.സി. 1324 ല്‍ മരിച്ച തൂത്തന്‍ഖാമന്റെയുംമറ്റും മമ്മിയാക്കിയ ശരീരങ്ങളും ബന്ധപ്പെട്ട നൂറുകണക്കിനു വസ്തുക്കളും ഇന്നും കേടുകൂടാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ലിയോപാട്ര മാത്രം ഏകയായി കാലത്തിന്റെ കരിമ്പടക്കെട്ടിനു പിന്നില്‍ നമ്മില്‍നിന്നു പൂര്‍ണമായി മറഞ്ഞുനില്ക്കുന്നു. എംബാം ചെയ്ത ക്ലിയോപാട്രയുടെയും മാര്‍ക്ക്ആന്റണിയുടെ ശവശരീരങ്ങള്‍ ഒരുമിച്ചു സംസ്‌കരിക്കപ്പെട്ടിരിക്കുന്നതായാണ് വിശ്വസിക്കുന്നത്.
ക്ലിയോപാട്രയുടെയും
മാര്‍ക്ക് ആന്റണിയുടെയും അന്തിമവിശ്രമസ്ഥലം തേടി
സമുദ്രജലത്തിനു താഴെയുള്ള കാര്യങ്ങളെപ്പറ്റി പഠിക്കുന്ന ചരിത്രാന്വേഷകനായിരുന്ന ഫ്രഞ്ചുകാരനായിരുന്നു ഫ്രാങ്ക് ഗോഡിയോ. അദ്ദേഹം അലക്‌സാണ്ട്രിയയുടെ തീരത്തിനടുത്തുള്ള കടലില്‍ പത്തുമീറ്ററോളം ആഴത്തില്‍ ക്ലിയോപാട്രയുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. 90 മീറ്ററോളം നീളം വരുന്ന തറയും അതുപോലെ വലിയ തൂണുകളും പ്രതിമകളും, നാണയങ്ങളും അവയില്‍പ്പെടും. പക്ഷേ, അവിടെയൊന്നും അവരുടെ ശവകുടീരം കണ്ടെത്താനായില്ല. അവിടെ ഇപ്പോള്‍ വെള്ളത്തിനടിയില്‍ ഒരു അണ്ടര്‍ഗ്രൗണ്ട് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് പ്ലാന്‍ ചെയ്തുവരുന്നു.
കാത്‌ലീന്‍ മാര്‍ട്ടിനെസ്
19 വയസ്സുള്ള കാത്‌ലീന്‍ മാര്‍ട്ടിനെസ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡോമിന്‍ഗോയിലെ യൂണിവേഴ്‌സിറ്റിയില്‍ പുരാവസ്തുശാസ്ത്രം പഠിപ്പിക്കുകയായിരുന്നു. 2004 ല്‍ കാത്‌ലീനുണ്ടായ ഒരു ഉള്‍വിളിയെത്തുടര്‍ന്ന് അവര്‍ ക്ലിയോപാട്രയുടെ ശവകുടീരം തേടി ഈജിപ്തിലേക്കു പുറപ്പെട്ടു. ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പില്‍ നിന്നു വളരെ ബുദ്ധിമുട്ടി ഗവേഷണത്തിനുള്ള അനുവാദം വാങ്ങി പ്രവര്‍ത്തനമാരംഭിച്ചു.
അലക്‌സാണ്ട്രിയായില്‍നിന്ന് 28 മൈല്‍ അകലെ സമുദ്രതീരപട്ടണമായ ടാപ്പോസിറിസ് മാഗ്നാ ക്ഷേത്രത്തിനടുത്തായിരിക്കും ക്ലിയോപാട്ര, മാര്‍ക്ക് ആന്റണിയോടു ചേര്‍ന്ന് സംസ്‌കരിക്കപ്പെട്ടത് എന്നുള്ള ഒരു പുതിയ തിയറി മാര്‍ട്ടിനെസ് മുന്നോട്ടുവച്ചു. ഈ പേരിന്റെ അര്‍ത്ഥം 'റ്റൂം ഓഫ് ഒസിറിസ്' (ഒസിറിസ് ദേവന്റെ കല്ലറ) എന്നാണ്. കഴിഞ്ഞ 15 വര്‍ഷമായി കാത്‌ലീന്റെ നേതൃത്വത്തിലുള്ള ടീം ഇവിടെ ക്ലിയോപാട്രയുടെ ശവകുടീരം തേടി ഖനനവും പര്യവേക്ഷണവും നടത്തുന്നുണ്ട്. 2000 ല്‍ അവര്‍ കണ്ടെത്തിയ ഒരു ശവകുടീരത്തില്‍ ക്ലിയോപാട്രയുടെ പേരു രേഖപ്പെടുത്തിയിട്ടുള്ള 200 നാണയങ്ങളും അവരുടെ പിതാമഹന്റെ പ്രതിമയും രണ്ട് ഉന്നതോദ്യോഗസ്ഥരുടെ മമ്മികളും ഉണ്ടായിരുന്നു.
കാത്‌ലീന്‍ മാര്‍ട്ടിനെസിന്റെ നിഗമനങ്ങള്‍ക്കു ചില അടിസ്ഥാനങ്ങളുണ്ടായിരുന്നു. ഐസിസ് മാതൃത്വത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും മാന്ത്രികശക്തിയുടെയും ദേവതയായിരുന്നു. ക്ലിയോപാട്ര തന്നെത്തന്നെ എപ്പോഴും ഐസിസുമായി താരതമ്യപ്പെടുത്തുകയും അവരുടെ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഐസിസിന്റെ ഭര്‍ത്താവായിരുന്ന ഒസിറിസ്‌ദേവന്റെ സ്ഥാനത്തു ക്ലിയോപാട്ര തന്റെ കാമുകനായിരുന്ന മാര്‍ക്ക് ആന്റണിയെ പ്രതിഷ്ഠിച്ചു. മരണാനന്തരം ജീവിതത്തില്‍ ആന്റണിയോടൊപ്പം ഒരു നിത്യഹരിതജീവിതം നയിക്കാമെന്ന് സ്വപ്നം കാണുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഒസിറിസിനോടോ ഐസിസിനോടോ ബന്ധമുള്ള, ടാപ്പോസിറിസ് ക്ഷേത്രത്തിലോ പരിസരത്തോ രഹസ്യമായി അവര്‍ സംസ്‌കരിക്കപ്പെട്ടിരിക്കാമെന്ന് കാത്‌ലീന്‍ വിശ്വസിച്ചു. ഏകദേശം 21 സംസ്‌കാരസ്ഥലങ്ങള്‍ പഠിച്ചതിനുശേഷമാണ് കാത്‌ലീന്‍ മാഗ്നായില്‍ എത്തിയത്.
കാത്‌ലീന്‍ മാര്‍ട്ടിനെസിന്റെ മറ്റൊരു കണ്ടെത്തലായിരുന്നു ചരിത്രം ക്ലിയോപാട്രയോടു ക്രൂരത കാട്ടിയെന്നത്. ഇതു പ്രധാനമായും റോമന്‍ പ്രചാരണം മൂലമാണെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. ക്ലിയോപാട്രയുടെ മരണശേഷം അവരെ നിഷ്‌കരുണം വിസ്മരിക്കുകയും അവള്‍ക്കെതിരായുള്ള പ്രചാരണങ്ങള്‍ ശക്തമാക്കുകയും ചെയ്തു. ജൂലിയസ് സീസറിനുശേഷം മാര്‍ക്ക് ആന്റണിയെയും തന്റെ സ്വാധീനവലയത്തിലെത്തിച്ച ഒരു സ്ത്രീയായാണ് അവര്‍ ചിത്രീകരിക്കപ്പെട്ടത്. തന്റെ വശീകരണശക്തിയും കുടിലതന്ത്രങ്ങളുംകൊണ്ട് വിഘടിച്ചുനിന്ന റോമിന്റെ ഘടകങ്ങളെ തമ്മിലടിപ്പിച്ചു റോമിനെ ദുര്‍ബലമാക്കി ഈജിപ്തിനെ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ സാമ്രാജ്യശക്തിയായി വളര്‍ത്തുവാന്‍ അവര്‍ പരിശ്രമിച്ചതായി റോം കരുതിയിരിക്കാം. അതുകൊണ്ടാവാം ചരിത്രസ്മാരകങ്ങളിലും ക്ഷേത്രഭിത്തികളിലുംനിന്ന് അവര്‍ അപ്രത്യക്ഷയായത്.
20 വര്‍ഷമായി തുടരുന്ന കാത്‌ലീന്‍ മുതലുള്ളവരുടെ അന്വേഷണങ്ങള്‍ കാര്യമായി ഒരിടത്തും എത്തിയിട്ടില്ല. അവര്‍ നിത്യവിശ്രമം കൊള്ളുന്ന കല്ലറയുടെ വാതില്‍ക്കല്‍ ആരും ഇതുവരെ മുട്ടിവിളിച്ചിട്ടില്ല. ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ, ലോകത്തിലെ ഏറ്റവും പ്രശസ്തരായ പ്രണയജോടികളുടെ കല്ലറ ഒരു ദിവസം കണ്ടെത്തിയെന്നിരിക്കാം. എങ്കില്‍, അത് 3200 വര്‍ഷം പഴക്കമുണ്ടായിരുന്ന തൂത്തന്‍ഖാമന്റെ മമ്മിയും കല്ലറയും ഹോവാര്‍ഡ് കണ്ടെത്തിയതുപോലുള്ള ഒരു അദ്ഭുതസംഭവമായിരിക്കും. അതുവരെ ഐതിഹ്യങ്ങളുടെയും അവിശ്വസനീയകഥകളുടെയും ലോകത്തിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന രൂപമായി അവര്‍ നിലനില്ക്കും. ചരിത്രത്തിലും സാഹിത്യത്തിലും തത്ത്വചിന്തയിലും രാഷ്ട്രമീമാംസയിലും ആര്‍ക്കും പിടികിട്ടാതെ, എന്നാല്‍, ആര്‍ക്കും മറയ്ക്കാനോ മറക്കാനോ കഴിയാതെ ക്ലിയോപാട്ര ഉണ്ടായിരിക്കും, ഒരു അനശ്വരസത്യവും സ്വപ്നവുമായി.
(അവസാനിച്ചു)