നെപ്പോളിയന്റെ ഈജിപ്റ്റ് ആക്രമണകാലത്ത് നൈല്‍ ഡെല്‍റ്റായിലെ മെംഭിസില്‍ 1799 ജൂലൈ 15 ന് ഒരു ഫ്രഞ്ച് പട്ടാള ക്കാരനു കിട്ടിയതാണ് പിന്നീട് ലോകപ്രസിദ്ധമായ റോസറ്റാ സ്റ്റോണ്‍. റാഷിദ് അഥവാ റോസറ്റാ എന്ന ഗ്രാമത്തില്‍നിന്നു കിട്ടിയതുകൊണ്ടാണ് അതു റോസറ്റാ സ്റ്റോണ്‍ എന്നറിയപ്പെട്ടത്. ഇത് ബ്രിട്ടീഷുകാര്‍ ഒരു ഉടമ്പടിപ്രകാരം കൈവശപ്പെടുത്തി ഇംഗ്ലണ്ടില്‍ എത്തിച്ചു. അത് ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലെ ഈജിപ്ഷ്യന്‍ പിക്ചര്‍ ഗാലറിയിലെ ഏറ്റവും വിലയുള്ള വസ്തുവാണ്.
ഹൈറോഗ്ലിഫ്‌സ്
ഈജിപ്റ്റുകാര്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ഹൈറോഗ്ലിഫ്‌സ്. ചിത്രങ്ങള്‍ വസ്തുവിനെയോ ആശയത്തെയോ പ്രതിനിധീകരിച്ചിരുന്നു. പക്ഷേ, ഈ ലിപി വായിക്കുവാന്‍ അറിയാവുന്നവര്‍ ആധുനികകാലത്ത് ആരും ഉണ്ടായിരുന്നില്ല.
റോസറ്റാ സ്റ്റോണ്‍
45''ഃ28.5''ഃ11'' എന്നീ അളവിലുള്ള കട്ടിയുള്ള ഒരു കല്‍പ്പലകയായിരുന്നു റോസറ്റാ സ്റ്റോണ്‍. 196 ബിസിയിലെ ഈജിപ്റ്റിന്റെ ഭരണാധികാരിയിരുന്ന ടോളമി അഞ്ചാമന്റെ ഒരു രാജകീയശാസനമായിരുന്നു ഇതില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ ഡിക്രി രണ്ടു പ്രാവശ്യം ഈജിപ്ഷ്യന്‍ഭാഷയിലും ഒരു തവണ പുരാതനഗ്രീക്കിലും രേഖപ്പെടുത്തിയിരുന്നു. കല്ലില്‍ പൊഴിച്ചെഴുതിയിരുന്നതുകൊണ്ടും ഈജിപ്റ്റിന്റെ നല്ല ചൂടുള്ള കാലാവസ്ഥയാലും അക്ഷരങ്ങള്‍ക്കോ കല്ലിനോ കേടു സംഭവിച്ചിരുന്നില്ല.
ഇതില്‍ ഹൈറോഗ്ലിഫ്‌സ് ലിപിയില്‍ എഴുതിയിരുന്നത് പുരോഹിതര്‍ക്കു വായിച്ചുമനസ്സിലാക്കുവാനും ഡിമോട്ടിക് ലിപിയിലുള്ളതു സാധാരണജനങ്ങള്‍ക്കും പ്രാചീന ഗ്രീക്ക് ലിപിയിലുള്ളത് ഭരണകര്‍ത്താക്കള്‍ക്കുവേണ്ടിയുമായിരുന്നു. അന്നത്തെ ഭരണകര്‍ത്താക്കള്‍ ഗ്രീസില്‍നിന്നുള്ള ടോളമിവംശത്തില്‍പ്പെട്ടവരായിരുന്നു.
ഹൈറോഗ്ലിഫ്‌സ് ലിപികള്‍ ചിത്രങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതായിരുന്നു. ഇതു വലത്തുനിന്ന് ഇടത്തോട്ടാണ് എഴുതിയിരുന്നത്. ചിത്രങ്ങള്‍ വാക്കുകളെയോ വസ്തുവിനെയോ, ആശയങ്ങളെയോ ഒരു ശബ്ദത്തെയോ പ്രതിനിധീകരിച്ചിരുന്നു.
തന്നിരിക്കുന്ന ചാര്‍ട്ടു നോക്കുക. 'മ' എന്നത് പ്രതിനിധീകരിക്കുന്നത് ഒരു 'കഴുകനും' 'സ' ഒരു 'കുട്ടയും' ആണ്. ഇതനുസരിച്ച് പുരാതന ഈജിപ്ഷ്യന്‍ ഭാഷയില്‍ നിങ്ങളുടെ പേരെഴുതിനോക്കുക. രസകരമായ ഒരനുഭവമായിരിക്കും.
ഫ്രാന്‍കോയസ്
ചാംബോളിയന്‍ (1780-1832)
നെപ്പോളിയന്റെ അധിനിവേശകാലത്തു ലഭ്യമായ റോസറ്റാ സ്റ്റോണിലെ ഭാഷയുടെ രഹസ്യം കണ്ടെത്തുവാന്‍ യൂറോപ്യന്‍ ഭാഷാവിദഗ്ധര്‍ കഠിനപരിശ്രമമാരംഭിച്ചു. ബ്രിട്ടീഷുകാരനായ തോമസ് യംഗും ഫ്രഞ്ചുകാരനായ ഫ്രാന്‍കോയസ് ചാംബോളിയനും തമ്മില്‍ ഈ കാര്യത്തില്‍ വലിയ മത്സരമുണ്ടായിരുന്നു. സത്യത്തില്‍ യംഗ് ആദ്യംതന്നെ റോസറ്റാ സ്റ്റോണിനെപ്പറ്റി ഒരു വലിയ പഠനം നടത്തിയിരുന്നു. അടുത്തകാലത്ത് ബിബിസി യംഗിന്റെ റോളിനെ വീണ്ടും എടുത്തുപറഞ്ഞിരുന്നു. പക്ഷേ, റോസറ്റാ സ്റ്റോണിലെ ഡിക്രി സമ്പൂര്‍ണമായി മനസ്സിലാക്കി ആ ലിപിയെ പരിവര്‍ത്തനം ചെയ്തത് 1802 ല്‍ ഫ്രഞ്ചുകാരനായ ചാംബോളിയനാണ്. ഈ കണ്ടുപിടിത്തംവഴി ഈജിപ്റ്റിലെ ക്ഷേത്രങ്ങളിലും ഭിത്തികളിലും പാത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള നൂറുകണക്കിനു കാര്യങ്ങള്‍ മനസ്സിലാക്കുവാനും പൂര്‍ണമായും നഷ്ടപ്പെട്ടുപോയിരുന്ന ആ സംസ്‌കാരത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്പു കൊടുക്കുവാനും കഴിഞ്ഞു. ഈജിപ്‌റ്റോളജിയുടെ വളര്‍ച്ചയോടുകൂടി ഈജിപ്റ്റിന്റെ സാംസ്‌കാരികപൈതൃകം മനസ്സിലാക്കുവാന്‍ പണ്ഡിതര്‍ക്കു കഴിഞ്ഞു.
ഈജിപ്റ്റിന്റെ മഹത്തായ ഭാഷയും സംസ്‌കാരവും ലോകത്തിനു നഷ്ടമായ കഥ
ബി.സി. 30 ല്‍ ക്ലിയോപാട്രയുടെ ഭരണത്തോടുകൂടി ഈജിപ്റ്റിലെ ഫറവോമാരുടെ ഭരണം അവസാനിച്ചു. അതോടുകൂടി ഈജിപ്റ്റ് റോമന്‍ഭരണത്തിനു കീഴിലായി. റോമന്‍ ചക്രവര്‍ത്തി തിയോഡോഷ്യസ് ഒന്നാമന്‍ ഈജിപ്റ്റിലെ മതങ്ങളെയും ദൈവങ്ങളെയും നിയമവിരുദ്ധമാക്കുകയും വിശ്വോത്തരക്ഷേത്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്തുമതം അലക്‌സാണ്ട്രിയയില്‍ എത്തിയിരുന്നു. ക്ഷേത്രാചാരങ്ങളും പുരാതനഈജിപ്ഷ്യന്‍ ഭാഷയും എഴുത്തും വിസ്മരിക്കപ്പെട്ടു. ഹൈറോഗ്ലിഫ്‌സ് ലിപി വായിക്കുവാന്‍ കഴിഞ്ഞിരുന്ന പുരോഹിതരും മരിച്ചു. എ.ഡി. 539-ാമാണ്ടോടുകൂടി അറബികള്‍ ഈജിപ്തു കീഴടക്കുകയും അതിനെ ഒരു മുസ്ലീംരാജ്യമാക്കുകയും ചെയ്തു. അങ്ങനെ 3000 വര്‍ഷം പഴക്കമുള്ള ഒരു സംസ്‌കാരവും മതവും ക്ഷേത്രാചാരങ്ങളും ലോകത്തിനു നഷ്ടപ്പെട്ടു. പിന്നീട് 1500 വര്‍ഷത്തേക്ക് ഈജിപ്റ്റ് വിസ്മരിക്കപ്പെട്ടു.
പാപ്പിറസ്
സ്‌ക്രൈബുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എഴുത്തുകാര്‍ക്കു മാത്രമേ ഈജിപ്റ്റില്‍ ഔദ്യോഗികവിദ്യാഭ്യാസം കിട്ടിയിരുന്നുള്ളൂ. അവര്‍ക്കു മാത്രമാണ് എഴുതാനും വായിക്കാനും സാധിച്ചിരുന്നത്. എല്ലാം റിക്കാര്‍ഡു ചെയ്തിരുന്നതും ഫറവോമാര്‍ക്കുവേണ്ടി എഴുത്തുകള്‍ തയ്യാറാക്കിയിരുന്നതും അവരായിരുന്നു. പാപ്പിറസ് എന്ന ഒരുതരം കടലസാണ് എഴുതാനുപയോഗിച്ചിരുന്നത്. നൈല്‍നദീതീരത്തു വളര്‍ന്നിരുന്ന ഈറ്റപോലുള്ള പാപ്പിറസ് ചെടിയുടെ തണ്ടുകള്‍ അരച്ചുണക്കി ഷീറ്റുകളായി ഉപയോഗിച്ചിരുന്നു. പേപ്പര്‍ എന്ന വാക്ക് പാപ്പിറസില്‍നിന്നാണ് വന്നിട്ടുള്ളത്. കെയ്‌റോയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പാപ്പിറസ് ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. പാപ്പിറസില്‍ എഴുതിയ രേഖകളും വരച്ച ചിത്രങ്ങളും പിരമിഡുകളില്‍നിന്നും മറ്റും കിട്ടിയിരുന്നു.
ഇങ്ങനെ വിസ്മൃതിയിലാണ്ടുപോയ ഒരു അതുല്യസംസ്‌കാരത്തിന് ജീവന്‍വച്ചത് റോസറ്റാസ്റ്റോണിന്റെ കണ്ടുപിടിത്തവും തുടര്‍ന്ന് ഈജിപ്റ്റിലുണ്ടായ പഠനങ്ങളുമാണ്. അങ്ങനെ പ്രാചീന ഈജിപ്റ്റിന്റെ മഹത്ത്വം ലോകം അംഗീകരിക്കുകയും ഈജിപ്റ്റ് ലോകത്തിലെ വലിയ ഒരു പഠനമേഖലയും ഗവേഷണസ്ഥലവും ടൂറിസ്റ്റുകേന്ദ്രവും ആകുകയും ചെയ്തു.