കൗമാരത്തില്‍ ജീവിതത്തിനു തിരശീല വീണ ഒരു ഫറവോയുടെ കഥ
എട്ടാമത്തെ വയസ്സില്‍ ലോക ത്തില്‍ ഏറ്റവും മഹിമയേറിയ സിംഹാസനത്തില്‍ ആരൂഢനായ തൂത്തന്‍ഖാമനെയാണ് ലോകം കാണുന്നത്. പിതാവിന്റെ മരണശേഷം ഹ്രസ്വകാലത്തേക്ക് ഒരു രാജ്ഞി യോ ഭരണാധിപനോ സിംഹാസനം അലങ്കരിച്ചിരുന്നിരിക്കാം. വളരെ ചെറുപ്പത്തില്‍ അധികാരത്തില്‍ എത്തിയതുകൊണ്ട് അദ്ദേഹം തീര്‍ച്ചയായും ശക്തരായ ഉപദേശകരാല്‍ വലയം ചെയ്യപ്പെട്ടിരിക്കാം. അദ്ദേഹത്തിന്റെ കരങ്ങളെ നിയന്ത്രിച്ചിരുന്ന ബലിഷ്ഠഹസ്തങ്ങള്‍ കര്‍ട്ടനു പിന്നില്‍ ഉണ്ടായിരിക്കാം. അദ്ദേഹത്തിന്റെ പിതാവ് അക്കനേറ്റന്റെ വിപ്ലവകരമായ മതപരിഷ്‌കാരങ്ങള്‍ക്കു യാഥാസ്ഥിതികവിഭാഗത്തിനു കടുത്ത എതിര്‍പ്പുണ്ടായിരിക്കാം. അതുകൊണ്ട് തൂത്തന്‍ഖാമന്‍ പിതാവിന്റെ നടപടികളെ തിരുത്തി കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചു. അമനായില്‍നിന്നു തലസ്ഥാനം മതപരമായ പ്രാധാന്യമുള്ള തെബിസിലേക്കു തിരികെക്കൊണ്ടുവന്നു. അടഞ്ഞുകിടന്നിരുന്ന ക്ഷേത്രവാതിലുകള്‍ തുറന്നു. മന്ത്രധ്വനികളും പെരുമ്പറകളും വീണ്ടും ക്ഷേത്രങ്ങളില്‍ മുഴങ്ങി. ക്ഷേത്രാചാരങ്ങളും ചടങ്ങുകളും പ്രദക്ഷിണങ്ങളും വീണ്ടുമാരംഭിച്ചു. പഴയ ദേവന്മാരില്‍ പ്രമുഖനായ അമന്‍ വീണ്ടും തിരിച്ചുവന്നു. സിറിയയിലേക്കു സൈന്യത്തെ അയച്ചതും ക്ഷേത്രങ്ങളുടെ സംരക്ഷണജോലികള്‍ ചെയ്തതും പഴയ മതാചാരങ്ങള്‍ തിരികെക്കൊണ്ടുവന്നതും ഒഴികെ കുമാരനായ ഈ ഫറവോ മറ്റൊന്നും കാര്യമായി ചെയ്തില്ല.
പിന്നീടു നാം കാണുന്നത് രോഗമോ അപകടമോ നിമിത്തം മരണമടയുന്ന ഫറവോയെയാണ്. രാജാക്കന്മാരുടെ താഴ്‌വരയില്‍ അധികമാരും അറിയാതെ പ്രായേണ ചെറിയ ഒരു ശവകുടീരത്തില്‍ അദ്ദേഹത്തിന്റെ മമ്മിയാക്കിയ ഭൗതികശരീരം സംസ്‌കരിക്കപ്പെട്ടു. അതിനുമുകളില്‍ പിരമിഡോ, സ്മാരകമോ ഉയര്‍ന്നില്ല. പെട്ടെന്നുള്ള മരണംമൂലം ശവസംസ്‌കാരത്തോടനുബന്ധിച്ചുള്ള കാര്യങ്ങളും വലിയ ആര്‍ഭാടമില്ലാതെയാണ് നടത്തപ്പെട്ടത്. എംബാമിംഗും മമ്മിയാക്കലും ശരിയായ രീതിയിലല്ല നടത്തിയത് എന്നു കരുതാവുന്നതാണ്. ഇതുമൂലം ശരീരത്തിനു കേടുസംഭവിച്ചിരുന്നു. നൂറുവര്‍ഷംകൊണ്ട് തൂത്തന്‍ഖാമനെ അടക്കം ചെയ്ത സ്ഥലംപോലും വിസ്മരിക്കപ്പെട്ടു. പിതാവിന്റെ പേരിലുണ്ടായ പാഷണ്ഡതമൂലം അദ്ദേഹം രാജാക്കന്മാരുടെ ലിസ്റ്റില്‍നിന്നു പുറത്തായി, ഇങ്ങനെയുള്ള ലിസ്റ്റുകള്‍ ക്ഷേത്രഭിത്തികളിലും പാപ്പിറസിലും രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഈ അവഗണന ഉര്‍വ്വശീശാപം ഉപകാരം എന്നതുപോലെയായി. ആരുംതന്നെ അറിയപ്പെടാതിരുന്നതുകൊണ്ട് ഭാഗികമായി മാത്രമേ ശവക്കല്ലറ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടുള്ളൂ. ശവകുടീരവും അനുബന്ധവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടു. പിന്നീട് സമസ്തലോകത്തിന്റെയും ഭാവനയുണര്‍ത്തി ആ ശവകുടീരം ഈജിപ്‌റ്റോളജിക്ക് പുത്തനുണര്‍വ്വും താത്പര്യവും ഉണ്ടാക്കി നൂതനാദ്ധ്യായങ്ങള്‍ രചിച്ചു.
എംബാമിംഗ്
ഫറവോമാരുടെയും ഉന്നതരുടെയും ശരീരത്തിലെ ആന്തരാവയവങ്ങള്‍ എടുത്തുമാറ്റി എംബാം ചെയ്തു മമ്മിയാക്കി സൂക്ഷിക്കുകയെന്നുള്ളത് പുരാതന ഈജിപ്തിലെ സമ്പ്രദായമായിരുന്നു. മരണം ആകസ്മികമായിരുന്നതുകൊണ്ട് തൂത്തന്‍ഖാമന്റെ ശരീരത്തിന്റെ എംബാമിംഗും മമ്മിയാക്കലും വേഗത്തില്‍ ചെയ്യേണ്ടിവന്നിരിക്കാം. ഇതിനുപയോഗിച്ച രാസവസ്തുക്കളുടെ ആധിക്യം ശരീരത്തില്‍ വളരെ ജീര്‍ണ്ണത വരുത്തിയിരുന്നു. അതുകൊണ്ട് ആദ്യകാലപരിശോധനകള്‍ ബുദ്ധിമുട്ടായിരുന്നു. ശരീരത്തില്‍ പല പാളികളായി ചുറ്റിയിരുന്ന ലിനന്‍തുണികള്‍ ഓയിലില്‍ മുങ്ങിയിരുന്നു. ഏതാണെങ്കിലും മമ്മിയാക്കുന്ന പ്രക്രിയയിലെ ശാസ്ത്രസാങ്കേതികവിദ്യകള്‍ ഇന്നും ലോകത്തിനു പൂര്‍ണമായി മനസ്സിലായിട്ടില്ല.
തൂത്തന്‍ഖാമന്റെ കുടുംബം: ആധുനികപരിശോധനഫലങ്ങള്‍
ആദ്യകാലങ്ങളില്‍ മൃതദേഹങ്ങള്‍ കീറിമുറിച്ചു പരിശോധന നടത്തിക്കൊണ്ടിരുന്ന രീതി മമ്മിക്കുള്ളിലെ ശവശരീരങ്ങള്‍ക്കു കേടുവരുത്തിയിരുന്നു. തൂത്തന്‍ഖാമന്റെ കുടുംബത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് മാതാപിതാക്കള്‍, ഭാര്യ, സന്താനങ്ങള്‍ ഇവരെ സംബന്ധിച്ച് പതിറ്റാണ്ടുകള്‍ നീണ്ട പരിശോധനഫലങ്ങളും പഠനങ്ങളും കണ്ടെത്തലുകളും നടന്നു.
എക്‌സ്‌റേയും, സി.റ്റി. സ്‌കാന്‍, ഡിഎന്‍എ ടെസ്റ്റുപോലുള്ള മാര്‍ഗ്ഗങ്ങള്‍ പ്രചാരത്തിലായതുമുതല്‍ മൃതദേഹങ്ങള്‍ക്കു യാതൊരു പരിക്കുമേല്ക്കാതെ മമ്മികളില്‍ പരിശോധന നടത്താമെന്നായി. 2001 മുതല്‍ നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ പിന്തുണയും സഹകരണവും ഈജിപ്തിലെ പൗരാണികപര്യവേക്ഷങ്ങള്‍ക്കുണ്ടായിരുന്നു. 2005 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനും അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരും ചേര്‍ന്നു പത്തോളം മമ്മികളില്‍ നടത്തിയ ഡിഎന്‍എ പരിശോധനകളും, സി.റ്റി. സ്‌കാനിംഗുകളും, തൂത്തന്‍ഖാമന്റെ കുടുംബത്തെ സംബന്ധിച്ച് ഒരു ഏകദേശചിത്രം നമുക്കു നല്കുകയുണ്ടായി.
അതിലെ കണ്ടെത്തലുകള്‍ ഇങ്ങനെയായിരുന്നു: തൂത്തന്‍ഖാമന്റെ സ്വര്‍ണ്ണപേടകത്തില്‍ കണ്ടെത്തിയ അല്പം കേടുവന്ന മമ്മിയാക്കിയ ശവശരീരം അദ്ദേഹത്തിന്റെതന്നെ ആയിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ പിതാവിന്റെയും ഭാര്യയുടെയും, ജനനത്തോടുകൂടി മരണമടഞ്ഞ രണ്ടു കുട്ടികളുടെയും മമ്മികള്‍ സംശയാതീതമായി സ്ഥിരീകരിക്കുവാന്‍ സാധിച്ചിട്ടില്ല. ഗവേഷകര്‍ കണ്ടെത്തിയ യംഗര്‍ലേഡി എന്നു പേരിട്ട മമ്മി അദ്ദേഹത്തിന്റെ ഭാര്യയുടെയും എല്‍ഡര്‍ ലേഡി മാതാവിന്റെതുമാണെന്നു കരുതുന്നു.
തൂത്തന്‍ഖാമന്‍ മക്കളെ അവശേഷിപ്പിക്കാതെ മരിച്ചതുകൊണ്ടും മറ്റൊരും രാജവംശത്തില്‍ അര്‍ഹരായി ഇല്ലാതിരുന്നതുകൊണ്ടും ആ രാജകുടുംബം അതോടുകൂടി അവസാനിക്കുകയായിരുന്നു. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ നടന്ന വിവാഹത്തിലുള്ള സന്താനമായിരുന്നതുകൊണ്ടായിരിക്കാം അദ്ദേഹം കാലിനും മറ്റും വൈകല്യമുള്ളവനായി ജനിച്ചതും സന്താനഭാഗ്യമില്ലാതെ ലോകത്തോടു വിടപറയേണ്ടിവന്നതുമെന്നും കരുതുന്നുവരുണ്ട്.