മെഡിക്കല്‍കോളജധ്യാപകര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളോടു സര്‍ക്കാര്‍ അനുകൂലനിലപാടു സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ചു സമരം തുടങ്ങിയിരിക്കുന്നു. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെജിഎംസിടിഎ) ആഹ്വാനപ്രകാരം ആരംഭിച്ചിരിക്കുന്ന ഈ സമരം സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പണിമുടക്കുന്ന ഒ.പി. ദിവസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെയും പി.ജി. ഡോക്ടര്‍മാരുടെയും സേവനം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അതിനാല്‍ അത്യാവശ്യചികിത്സ ആവശ്യമുള്ളവര്‍മാത്രം ഒ.പി.യിലെത്തിയാല്‍ മതിയെന്നുമാണ് സംഘടനയുടെ നിര്‍ദേശം. ഇതിനുശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ഒക്‌ടോബര്‍ 28, നവംബര്‍ 5, 13, 21, 29 തീയതികളിലും ഒ.പി. ബഹിഷ്‌കരണം തുടരുമത്രേ. സംസ്ഥാനത്തെ മെഡിക്കല്‍കോളജുകളില്‍ ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിനു രോഗികളെ സാരമായി ബാധിച്ചിരിക്കുന്ന ഈ പണിമുടക്ക് എത്രയുംവേഗം അവസാനിപ്പിക്കുന്നതിന് അനുകൂലമായ സമീപനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കാം.
സെപ്റ്റംബര്‍ 26 നു തുടങ്ങിയ സമരപരമ്പരകളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഒ.പി. ബഹിഷ്‌കരണം. മെഡിക്കല്‍, ഡെന്റല്‍, പാരാമെഡിക്കല്‍ കോഴ്‌സുകളുടെ തിയറിക്ലാസ്സുകളില്‍നിന്നു വിട്ടുനിന്നും തെരുവില്‍ പ്രതിഷേധിച്ചും സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും ഗവണ്‍മെന്റ് അനുഭാവപൂര്‍ണമായ നിലപാടു സ്വീകരിക്കാത്തതുകൊണ്ടാണ് ഒ.പി. ബഹിഷ്‌കരണത്തിലേക്കു കടക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായതെന്നാണ് അവര്‍ പറയുന്നത്. നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നല്‍കുക, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിനാനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക, പുതിയ മെഡിക്കല്‍ കോളജുകളില്‍ താത്കാലികപുനര്‍വിന്യാസത്തിനുവേണ്ടി ഡോക്ടര്‍മാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും രോഗികളോടും ബന്ധപ്പെട്ടുനില്ക്കുന്നതാണെന്ന വസ്തുത സര്‍ക്കാര്‍ മറന്നുകൂടാ.
ഇതൊക്കെയാണെങ്കിലും പൊതുജനാരോഗ്യരംഗത്തെ അവശ്യസര്‍വീസ് എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ രോഗികളെ വലച്ചുകൊണ്ട് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതു ശരിയോ എന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തില്‍ നിലനില്ക്കുന്നുണ്ട്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പണിമുടക്കിനു മറുപടിയായി 2010 ഡിസംബറില്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍, ഒരു സാഹചര്യത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കരുതെന്നും അതു രോഗീപരിചരണത്തെ ഗുരുതരമായ അപകടത്തിലാക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ, ഡോക്ടര്‍മാരുടെ നിരവധി പണിമുടക്കുകള്‍ പിന്നെയും നടന്നു. 2012 ജൂണില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ രാജ്യവ്യാപകമായ പണിമുടക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയ ഒന്നായിരുന്നു.
ഡോക്ടര്‍മാര്‍ പണിമുടക്കുന്നതിന്റെ സാധാരണകാരണങ്ങള്‍ ശമ്പളം, കരാര്‍ബന്ധങ്ങള്‍, ജോലിസാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണെന്നതു വസ്തുതയാണ്. അതുകൊണ്ടുതന്നെ പണിമുടക്ക് അധാര്‍മികമാണെന്നു കരുതുന്നവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം, ഡോക്ടര്‍മാര്‍ക്ക് ഇതിനകംതന്നെ അമിതവേതനം ലഭിക്കുന്നില്ലേയെന്നാണ്. ഡോക്ടര്‍മാര്‍ യഥാര്‍ഥത്തില്‍ പണത്തിനുവേണ്ടിയല്ല; രോഗികളെ പരിചരിക്കുന്നതിനാവണം ശ്രദ്ധാലുക്കളാകേണ്ടത്; അവര്‍ക്കു പണിമുടക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ അത് ഒഴിവാക്കാവുന്ന മരണങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണമാകും എന്നിങ്ങനെ പോകുന്നു അവരുടെ വാദങ്ങള്‍. എന്നാല്‍, ഡോക്ടര്‍മാരുടെ പണിമുടക്ക് എല്ലായ്‌പോഴും അധാര്‍മികമാണോ? ചില സാഹചര്യങ്ങളില്‍ അതു സ്വീകരിക്കപ്പെടാവുന്നവതല്ലേ? എന്നു ചോദിക്കുന്നവരും സമൂഹത്തില്‍ വിരളമല്ല. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളില്‍ അധ്യാപകനും പൊതുജനാരോഗ്യവിദഗ്ധനുമായ ഡോ. വി. രാമന്‍കുട്ടി ചോദിക്കുന്നത്, ശമ്പളപരിഷ്‌കരണത്തിലും അതിന്റെ കുടിശ്ശിക അനുവദിക്കുന്നതിലും അവസാനപരിഗണന മതിയോ ഡോക്ടര്‍മാര്‍ക്ക് എന്നാണ്. മറ്റെല്ലാ തൊഴില്‍വിഭാഗങ്ങളെയും പരിഗണിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ ജീവന്‍ സംരക്ഷിക്കുന്നവരെ ഒഴിവാക്കുന്നതു ശരിയല്ലെന്നദ്ദേഹം വാദിക്കുന്നു.
ഇതിനിടെയാണു കുടിശ്ശിക തീര്‍ക്കുന്നതിനു സര്‍ക്കാരില്‍നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെ സ്റ്റോക്ക് തിരിച്ചെടുക്കാനുള്ള വിതരണക്കാരുടെ നീക്കം പുറത്തുവന്നിരിക്കുന്നത്.
കൂനിന്മേല്‍ കുരുവെന്നപോലെ ഉരുണ്ടുകൂടിയിരിക്കുന്ന ഈ പുതിയ പ്രതിസന്ധി ഹൃദയശസ്ത്രക്രിയയ്ക്കടക്കം സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു സര്‍ജിക്കല്‍ ഉപകരണങ്ങള്‍ തിരിച്ചെടുത്തുതുടങ്ങിയെങ്കിലും തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ഉപകരണങ്ങളെടുക്കാന്‍ വിതരണക്കാരെ അനുവദിച്ചില്ലെന്നാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
കുടിശ്ശിക കിട്ടാത്തതിനാല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ക്കു നല്കാന്‍ പണമില്ലെന്നും കൂടുതല്‍ സ്റ്റോക്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ആരോഗ്യവകുപ്പിനുള്ള കത്തില്‍ വിതരണക്കാരുടെ സംഘടന (സിഡിഎം ഐഡി) നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ പശ്ചാത്തലത്തില്‍, ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം തേടിച്ചെല്ലുമ്പോള്‍ ചൂണ്ടുവിരല്‍ നീളുന്നതു സര്‍ക്കാരിന്റെ നേര്‍ക്കുതന്നെയാണ്. ആരോഗ്യരംഗത്ത് ഏറെ നാളായി തുടരുന്ന കെടുകാര്യസ്ഥതയ്ക്ക് മറ്റാരെയും പഴിചാരിയിട്ടു കാര്യമില്ല. ഡോക്ടര്‍മാരുടെ സമരത്തിലും വിതരണക്കാരുടെ ആവശ്യത്തിലും ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിച്ചുകഴിയുന്ന അനേകായിരങ്ങളോടു ചെയ്യുന്ന വലിയ ക്രൂരതയായിരിക്കുമത്.
ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
