•  2 May 2024
  •  ദീപം 57
  •  നാളം 8
ചരിത്രവും സംസ്‌കാരവും

സ്വര്‍ണ്ണപേടകത്തിലെ രാജകുമാരന്‍

ലോകത്തില്‍ ഏറ്റവും പ്രഗല്ഭനായ ഫറവോ തൂത്തന്‍ഖാമന്‍ അല്ല. എന്നാല്‍, പ്രശസ്തിയുടെ കാര്യത്തില്‍ അദ്ദേഹത്തെ വെല്ലുന്ന ഫറവോമാര്‍ ചുരുങ്ങും. അതും ബാല്യത്തില്‍ രാജ്യഭാരമേറ്റ്  കൗമാരത്തില്‍ ലോകത്തോടു വിടചൊല്ലിയ ഒരു രാജകുമാരനായി. എട്ടാമത്തെ വയസ്സില്‍ ഫറവോയുടെ സ്വര്‍ണ്ണസിംഹാസനത്തിലിരുന്ന അദ്ദേഹം പത്തുവര്‍ഷം മാത്രം രാജ്യം ഭരിച്ച്  ബി.സി. 1424 ല്‍ ലോകം വിട്ടുപിരിഞ്ഞു. സമകാലീനരെപ്പോലെയോ ചില പൂര്‍വ്വികരെപ്പോലെയോ അദ്ദേഹം ആകാശത്തെ ചുംബിച്ചു നില്ക്കുന്ന ക്ഷേത്രഗോപുരങ്ങളോ സമുച്ചയങ്ങളോ കരിങ്കല്ലിലെ ഇതിഹാസങ്ങളോ സൃഷ്ടിച്ചില്ല. എന്നിട്ടും പ്രാചീന ഈജിപ്തിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിയായി അദ്ദേഹവും അദ്ദേഹത്തോടൊപ്പം കണ്ടെടുത്ത വസ്തുക്കളും നിലനില്ക്കുന്നു.
നമ്മുടെയൊക്കെ കുട്ടിക്കാലസ്വപ്നങ്ങളിലും കഥകളിലും നിറഞ്ഞുനിന്ന ഒരു രാജ്യമാണ് ഈജിപ്റ്റ്. പഴയനിയമത്തിലെ പുറപ്പാടിന്റെ പുസ്തകത്തില്‍ ഒരു ഫറവോയുടെ കീഴില്‍ പീഡിപ്പിക്കപ്പെട്ടതിനുശേഷം കാനാന്‍ദേശത്തേക്കു മോശയുടെ നേതൃത്വത്തില്‍ മടങ്ങുന്ന ഇസ്രായേല്‍ ജനതയുടെ കഥയുണ്ട്. പത്തു കല്പനകള്‍ എന്ന സെസില്‍ ബി ഡെ മിലിയുടെ വിശ്വവിഖ്യാത ചലച്ചിത്രം ഈ കാര്യങ്ങള്‍ ഗാംഭീര്യത്തോടും വര്‍ണശബളിമയോടുംകൂടി സെല്ലുലോയ്ഡില്‍ പറഞ്ഞിട്ടുണ്ട്.
ഞാന്‍ ഈജിപ്റ്റ് സന്ദര്‍ശിച്ചപ്പോള്‍ അത്യാവേശത്തോടെ എത്തിച്ചേര്‍ന്ന ഒരു സ്ഥലമാണ് കെയ്‌റോയിലുള്ള കെയ്‌റോ മ്യൂസിയം. അറുപതടിയില്‍ കൂടുതല്‍ പൊക്കമുള്ള ഒറ്റക്കല്‍ സ്തംഭങ്ങളും റാസെസ് രണ്ടാമന്റെ കൂറ്റന്‍പ്രതിമയും കവാടത്തില്‍ സ്വാഗതമോതുന്ന ഈ സ്ഥലം ഈജിപ്‌റ്റോളജിയില്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. രണ്ടു നിലകളിലായി നൂറു മുറികളില്‍ ശേഖരിച്ചുവച്ചിരിക്കുന്നത്  അമ്പരപ്പിക്കുന്നതും ആവേശം പിടിപ്പിക്കുന്നതുമായ ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെ സാക്ഷ്യപത്രമാണ്.  പിരമിഡുകളില്‍നിന്നു കിട്ടിയിട്ടുള്ളതും കാര്‍നാക്ക്, ലക്‌സര്‍ മുതലായ പ്രാചീനക്ഷേത്രങ്ങളില്‍നിന്നും ശേഖരിച്ചിട്ടുള്ളവയുമായ പ്രതിമകളും ചിത്രങ്ങളും ആഭരണങ്ങളും സാമൂഹികജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന വിശേഷവസ്തുക്കളുമുണ്ട്. ഇവയില്‍  സവിശേഷശ്രദ്ധ നേടുന്നത് തൂത്തന്‍ഖാമന്റെ സ്വര്‍ണപേടകവും അദ്ദേഹത്തെ ധരിപ്പിച്ചിരുന്ന തനിസ്വര്‍ണ്ണത്തിലുള്ള അതിമനോഹരമായ മാസ്‌കുമാണ്. റാംസെസ് രണ്ടാമന്റേതുള്‍പ്പെടെയുള്ള ഇരുപതോളം മമ്മികളും അവിടെ സൂക്ഷിച്ചിട്ടുണ്ട്. കെയ്‌റോ മ്യൂസിയത്തില്‍ കയറിയാല്‍ നമ്മള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുള്ള ഒരു ലോകത്തിലേക്ക് അറിയാതെ എത്തിച്ചേര്‍ന്നതുപോലെ തോന്നും. 5000 വര്‍ഷത്തെ മാനവചരിത്രത്തിന്റെ പ്രകാശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ നമുക്കവിടെ കാണുവാന്‍ കഴിയും. ഞാന്‍ പിന്നീട് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചെന്നപ്പോള്‍ അവിടെ ഒരു പ്രദര്‍ശനഗരിയില്‍ തൂത്തന്‍ഖാമന്റെ ശവകുടീരത്തില്‍നിന്നു കിട്ടിയ പുരാതനവസ്തുക്കളുടെ ശേഖരം വീണ്ടും കാണുകയുണ്ടായി. ബ്രിട്ടീഷ് മ്യൂസിയത്തിലും പാരീസിലെ ലുമറേ മ്യൂസിയത്തിലും ഈജിപ്റ്റിനു വേണ്ടി ഓരോ ഹാളുകള്‍ മാറ്റിവച്ചിട്ടുണ്ട്. അവിടെയൊക്കെ  ഈജിപ്റ്റില്‍നിന്നു കൊണ്ടുവന്ന പുരാവസ്തുക്കള്‍ കാണാം.
തൂത്തന്‍ഖാമനെ ഏറ്റം പ്രശസ്തനാക്കിയത് സ്വര്‍ണ്ണപേടകത്തില്‍  സൂക്ഷിച്ചിരുന്ന മമ്മിയാക്കിയ അദ്ദേഹത്തിന്റെ ശവശരീരവും അതില്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്ന 10.23 കിലോ തൂക്കംവരുന്ന മുഖാവരണവുമായിരുന്നു. ഹോവാര്‍ഡ് കാര്‍ട്ടര്‍ എന്ന ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനാണ് ഈ ഫറവോയുടെ സംസ്‌കാരസ്ഥലം കണ്ടെത്തിയത്. ഈജിപ്റ്റിലെ പല ഉന്നതരെയും രാജകുടുംബാംഗങ്ങളെയും സംസ്‌കരിച്ചിരുന്ന രാജാക്കന്മാരുടെ താഴ്‌വര എന്ന സ്ഥലത്തായിരുന്നു ഇത്. മാസ്‌കും പേടകവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മനോഹരമായി പെയിന്റു ചെയ്തിരുന്ന ഉള്ളിലെ ഒരു മുറിക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
3300 വര്‍ഷത്തെ ഉറക്കത്തിനുശേഷം തൂത്തന്‍ഖാമന്‍ പുറംലോകത്തേക്കു വന്നത് ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ വെളിച്ചത്തില്‍ കുളിച്ചുനിന്നിരുന്ന 20-ാം നൂറ്റാണ്ടിലേക്കാണ്. 1922 ല്‍ കാര്‍ട്ടര്‍ ശവക്കല്ലറ കണ്ടെത്തിയെങ്കിലും  സീലുചെയ്തിരുന്ന ഉള്ളിലെ അറ തുറന്ന് തൂത്തന്‍ഖാമന്റെ മമ്മിയും അതോടൊപ്പം ഉണ്ടായിരുന്ന അയ്യായിരത്തിലേറെ വസ്തുക്കളും കണ്ടു ബോധ്യപ്പെട്ടത് 1925 ഒക്‌ടോബര്‍ 25 നായിരുന്നു. ഈജിപ്റ്റില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നുമുള്ള വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഈ കണ്ടുപിടിത്തം രേഖപ്പെടുത്തിയിട്ടുള്ളത്. മാസ്‌കും വസ്തുക്കളും കെയ്‌റോ മ്യൂസിയത്തിലേക്കു മാറ്റിയെങ്കിലും തൂത്തന്‍ഖാമന്റെ മമ്മി ഇപ്പോഴും ലക്‌സറിനടുത്തുള്ള രാജാക്കന്മാരുടെ താഴ്‌വരയിലാണ്.
തൂത്തന്‍ഖാമന്റെ വംശപാരമ്പര്യം
മൂന്നായി തിരിച്ചിട്ടുള്ള ഫറവോമാരുടെ സുദീര്‍ഘകാലഘട്ടത്തില്‍ അവസാനം വരുന്ന ന്യൂകിംഗ്ഡത്തില്‍ 18-ാമത്തെ വംശാവലിയിലെ 13-ാമത്തെ ഫറവോയായിരുന്നു തൂത്തന്‍ഖാമന്‍. 1341 ബിസി യില്‍ ജനിച്ച അദ്ദേഹം പത്തുവര്‍ഷത്തെ ഭരണത്തിനുശേഷം 1324 ബിസിയില്‍ മരണമടഞ്ഞു. മരണകാരണം പൂര്‍ണമായും വ്യക്തമല്ല. രോഗംമൂലമോ അപകടം മൂലമോ ശത്രുക്കള്‍മൂലമോ മരണം എന്ന് ഇന്നും  തെളിയിക്കപ്പെട്ടിട്ടില്ല.
അക്കനേറ്റന്‍ എന്ന പ്രഗല്ഭനായ ഫറവോയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ കാലത്ത് ഖജനാവുകള്‍ സ്വര്‍ണവും രത്‌നവുംകൊണ്ടും കളപ്പുരകള്‍ ധാന്യങ്ങള്‍കൊണ്ടും നിറഞ്ഞുകവിഞ്ഞിരുന്നു. വിദേശരാജ്യങ്ങളില്‍നിന്നും, കോളനികളില്‍നിന്നു കപ്പമായും വ്യാപാരത്തിലൂടെയും ധനം ഈജിപ്റ്റിലേക്ക് ഒഴുകിയിരുന്നു.
അക്കനേറ്റന്‍
അക്കനേറ്റന്‍ (പിതാവ്) അമര്‍നാ എന്ന സ്ഥലത്ത് സമാലംകൃതമായ ഒരു തലസ്ഥാനനഗരം പണിത് അവിടെ തന്റെ സുന്ദരിയും പ്രഗല്ഭയും മഹാറാണിയുമായ നെഫെര്‍റ്റിറ്റിയോടൊപ്പം താമസിച്ചു. മറ്റു ദൈവങ്ങളെയെല്ലാം മാറ്റിനിര്‍ത്തി തന്നെത്തന്നെ ദൈവതുല്യനായി കണക്കാക്കി ജീവിച്ചു. അന്ന് മതപരമായി വളരെ പ്രാധാന്യമുള്ള തലസ്ഥാനഗരിയാണ് തെബീസില്‍നിന്നു അമര്‍നായിലേക്കു മാറ്റിയത്. 
നെഫെര്‍റ്റിറ്റി 
അക്കനേറ്റന്റെ രാജ്ഞിമാരില്‍ മഹാറാണിയും സുന്ദരിയും  പ്രഗല്ഭയുമായിരുന്നു നെഫെര്‍റ്റിറ്റി. അവരുടെ ഒരു അര്‍ദ്ധകായപ്രതിമ ഈജിപ്റ്റില്‍നിന്നു കിട്ടിയത് ജര്‍മ്മനിയിലെ ബര്‍ലിനിലുള്ള ന്യൂയെസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നിര്‍മ്മാണവൈഭവംകൊണ്ടും കലാമേന്മ കൊണ്ടും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതും ഏറ്റവും കൂടുതല്‍ കോപ്പികള്‍ ഉണ്ടായിട്ടുള്ളതും ഈ അര്‍ദ്ധകായപ്രതിമയുടേതാണ്. ഈ മനോഹരശില്പം ഉണ്ടാക്കിയത് കൊട്ടാരശില്പിയായ തുതുമോസാണ്. 1350 ബിസിയിലാണ് ഇതു നിര്‍മ്മിക്കപ്പെട്ടത് എന്നു കണക്കാക്കപ്പെടുന്നു. 1912 ല്‍ ശില്പിയുടെ വര്‍ക്ക്‌ഷോപ് പേരോടുകൂടി പുരാവസ്തുഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. ഇന്നു  ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിയാണ് നെഫെര്‍റ്റിറ്റി. ഈ വാക്കിന്റെ അര്‍ത്ഥം 'ഏറ്റവും മനോഹരിയായ സ്ത്രീ വന്നുചേര്‍ന്നിരിക്കുന്നു' എന്നാണ്. വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ആദ്ധ്യാത്മികരംഗം ഉള്‍പ്പെടെ എല്ലായിടത്തും ഭര്‍ത്താവിന്റെ വലംകൈയായിരുന്നു.

 

Login log record inserted successfully!