സീസര്‍ റോമിലേക്കു പോയി കുറെ നാളുകള്‍ക്കുശേഷം അദ്ദേഹത്തോടു കൂടിച്ചേരുന്നതിനായി ക്ലിയോപാട്ര റോമിലേക്കു യാത്ര തിരിച്ചു. സീസറിന്റെ പുത്രനോടൊപ്പം റോമിലെത്തിയ ക്ലിയോപാട്രയ്ക്ക് ആകാശംവരെ ഉയര്‍ന്നുനില്ക്കുന്ന സ്വപ്നങ്ങളുണ്ടായിരുന്നു. തന്റെ പുത്രന്‍ ഒരുകാലത്തു റോമിന്റെ സിംഹാസനത്തിലിരിക്കുന്നത് അവര്‍ മനസ്സില്‍ കണ്ടിരിക്കാം.
റോമിന്റെ സുവര്‍ണകാലഘട്ടമായിരുന്നു അത്. ലോകം മുഴുവന്‍ റോമിലേക്കു നോക്കിയിരുന്നു. അതുകൊണ്ടാണ് 'എല്ലാ റോഡുകളും റോമിലേക്ക് എത്തുന്നു' എന്ന ചൊല്ലുണ്ടായത്. റോമിന്റെ പ്രൗഢഗംഭീരമായ ശൈലിയില്‍ ക്ലിയോപാട്ര അവിടെ സ്വീകരിക്കപ്പെട്ടു. 1963 ല്‍ പുറത്തിറങ്ങിയ എലിസബത്ത് ടെയിലറും റിച്ചാര്‍ഡ് ബര്‍ട്ടനും ചേര്‍ന്ന് അഭിനയിച്ച, 'ക്ലിയോപാട്ര' എന്ന വിശ്വോത്തരചലച്ചിത്രം കണ്ടാല്‍ ഇതിനെപ്പറ്റി ഏകദേശം രൂപം കിട്ടും. ക്ലിയോപാട്രയുടെ റോം പ്രവേശനം കണ്ണഞ്ചിപ്പിക്കുന്ന സിനിമാസ്റ്റൈലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ലോകത്തില്‍ ഇതുവരെ സെല്ലുലോയിഡില്‍ നിര്‍മ്മിച്ചതില്‍, ഏറ്റവും കൂടുതല്‍ പണം ചെലവായ രംഗം ഇതാണെന്നു പറയുന്നു. അന്ന് 44 മില്യന്‍ ഡോളര്‍ ചെലവായ ചിത്രത്തില്‍ എലിസബത്ത് ടെയിലറുടെ വസ്ത്രങ്ങള്‍ക്കു മാത്രം ചെലവായതു രണ്ടു ലക്ഷം ഡോളറാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി നിര്‍മിച്ച ചിത്രവും അതായിരുന്നു.
റോമില്‍ തനിക്കുകിട്ടിയ കൊട്ടാരത്തില്‍ പ്രതാപൈശ്വര്യങ്ങളോടെ ക്ലിയോപാട്ര കഴിഞ്ഞു. റോമിലായിരുന്നപ്പോള്‍ അവര്‍ പല കാര്യങ്ങളിലും സീസറിനെ സഹായിച്ചിരുന്നു. അധിവര്‍ഷ (ലീപ്ഇയര്‍)ത്തോടുകൂടിയ ജൂലിയന്‍ കലണ്ടര്‍ അന്നാണ് ഉണ്ടാക്കുന്നത്. റോമിന്റെ ടൗണ്‍പ്ലാനിംഗിലും ശുദ്ധജലവിതരണത്തിലും സീസര്‍ അവരുടെ ഉപദേശം തേടി. ക്ലിയോപാട്ര റോമിലെ ഫാഷന്‍ ഐക്കണായിക്കഴിഞ്ഞിരുന്നു. റോമിലെ പ്രൗഢ വനിതകള്‍ കൂടുതലായി അവരുടെ വസ്ത്രാലങ്കാരരീതികളും കേശാലങ്കാരവും അനുകരിച്ചുതുടങ്ങി. അവര്‍തന്നെ ഉണ്ടാക്കിയെടുത്ത ഒരു ദേവതാതുല്യമായ പരിവേഷം അവര്‍ക്കുണ്ടായിരുന്നു. ഇന്നും ലോകത്തിലെ ഫാഷന്‍കേന്ദ്രങ്ങളില്‍ ക്ലിയോപാട്ര സ്റ്റൈല്‍ സജീവമാണ്; ആ പേരും.
ഇതിനിടെ, സീസര്‍ ലോകം കണ്ട ഏറ്റവും വലിയ ഒരു ചതിയുടെയും വഞ്ചനയുടെ ചുഴിയില്‍ വീഴുകയായിരുന്നു അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കളായിരുന്ന ബ്രൂട്ടസും കാഷ്യസുംകൂടി സീസറിനെ കൊല ചെയ്തു. അദ്ദേഹത്തിന്റെ മരുമകനും വളര്‍ത്തുപുത്രനുമായ ഒക്‌ടോവിയന്‍ മാര്‍ക്ക് ആന്റണിയുടെ സഹായത്തോടെ പകരം വീട്ടി, ശത്രുക്കളെ നശിപ്പിച്ച് ഭരണത്തിന്റെ സിരാകേന്ദ്രത്തിലെത്തി. റോമന്‍ രാഷ്ട്രീയത്തിലും തന്റെ സാമ്രാജ്യസ്വപ്നങ്ങളിലും ഒറ്റപ്പെട്ട് നിസ്സഹായയും നിരാശ്രയയുമായി ക്ലിയോപാട്ര ഈജിപ്തിലേക്കു തിരിച്ചുപോന്നു.
റോമിന്റെ ഭരണം ഒക്‌ടോവിയനും മാര്‍ക്ക് ആന്റണിയും ലെപ്പിഡസും ചേര്‍ന്ന രണ്ടാമത്തെ മൂവര്‍സംഘത്തില്‍ (ട്രൈം വിറേറ്റ്) പൂര്‍ണമായി നിക്ഷിപ്തമായി. ഈജിപ്ത് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍പ്രദേശങ്ങളുടെമേല്‍ അധികാരമുണ്ടായിരുന്ന മാര്‍ക്ക് ആന്റണി കാര്‍ത്തേജ് ആക്രമിക്കുകയെന്ന ലക്ഷ്യവുമായി ഈജിപ്തിലേക്കു വന്നു. ക്ലിയോപാട്ര തന്റെ വശീകരണശക്തികൊണ്ട് മാര്‍ക്ക് ആന്റണിയെ പാട്ടിലാക്കി. ഗ്രീക്കുചരിത്രകാരനായ പ്ലൂറ്റാര്‍ക്ക്, സ്വപ്നസമാനമായ ഒരു കപ്പലില്‍ ഐസിസ് ദേവതയെപ്പോലെ അണിഞ്ഞൊരുങ്ങിയ ക്ലിയോപാട്ര ആന്റണിയെ എതിരേല്‍ക്കുന്ന രംഗം വിവരിക്കുന്നുണ്ട്. വെള്ളികൊണ്ടുള്ള തുഴകള്‍ അലകളെ തലോടുന്ന കപ്പലില്‍ സംഗീതജ്ഞരും നര്‍ത്തകരും ക്ലിയോപാട്രയ്ക്ക് അകമ്പടി സേവിച്ചു. കപ്പലിന്റെ ഇരുവശങ്ങളിലെ കുഴലുകളില്‍ക്കൂടി സുഗന്ധദ്രവ്യങ്ങളുടെ പരിമളം ഒഴുകിവന്നിരുന്നു.
ഗ്രീക്ക്പുരാണകഥകളെ വെല്ലുന്ന ഒരു പ്രണയകഥയില്‍ മാര്‍ക്ക് ആന്റണിയും ക്ലിയോപാട്രയും പാത്രങ്ങളായി. ഈജിപ്ഷ്യന്‍ ദേവതയായിരുന്ന ഐസിസിനോടു ക്ലിയോപാട്ര ആരംഭംമുതല്‍ തന്നെത്തന്നെ താരതമ്യപ്പെടുത്തിയിരുന്നു. രൂപത്തിലും ഭാവത്തിലും അങ്ങനെ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാനും ശ്രദ്ധിച്ചിരുന്നു. അവരുടെ വീക്ഷണത്തില്‍ മാര്‍ക്ക് ആന്റണി ഐസിസിന്റെ ഭര്‍ത്താവായിരുന്ന ഒസിറിസ് ദേവനായിരുന്നു. അങ്ങനെ വിഖ്യാതപ്രണയജോടികളായി അവര്‍ ഒരുമിച്ചുകഴിഞ്ഞുവന്നു. അവര്‍ക്കു മൂന്നു കുട്ടികളുമുണ്ടായി.
റോമില്‍ മാര്‍ക്ക് ആന്റണിക്കെതിരേയുള്ള വികാരം ഉയരുകയായിരുന്നു. റോമിന്റെ താത്പര്യങ്ങള്‍ അയാള്‍ ക്ലിയോപാട്രയ്ക്കുവേണ്ടി ബലികഴിക്കുന്നതായി ആരോപിക്കപ്പെട്ടു. ഒക്‌ടോവിയന്റെ സഹോദരിയെയാണ് മാര്‍ക്ക് ആന്റണി ആദ്യം വിവാഹം കഴിച്ചിരുന്നത്. നേരത്തേതന്നെ, ക്ലിയോപാട്ര ജൂലിയസ് സീസറിനെ വശീകരിച്ചെടുത്തതാണ് എന്നു റോമില്‍ സംസാരമുണ്ടായിരുന്നു. അപ്പോഴേക്കും ഒക്‌ടോവിയന്‍ ആന്റണിയില്‍നിന്നു വളരെ അകന്നിരുന്നു. ഒക്‌ടോവിയന്റെ പ്രേരണയോടുകൂടി സെനറ്റ് ഈജിപ്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചു.
ആക്ടിയം യുദ്ധം
ഗ്രീസിലെ ആക്ടിയം എന്ന സ്ഥലത്തുവച്ച് ഒക്‌ടോവിയന്‍, മാര്‍ക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സംയുക്തസൈന്യത്തോട് ഒരു നാവികയുദ്ധത്തില്‍ ഏറ്റുമുട്ടി. ക്ലിയോപാട്രതന്നെ നയിച്ചിരുന്ന കപ്പല്‍വ്യൂഹമുണ്ടായിരുന്ന യുദ്ധത്തില്‍ ഒക്‌ടോവിയന്‍ എതിരാളികളെ പൂര്‍ണമായി പരാജയപ്പെടുത്തി. ഈജിപ്തിലേക്കു തിരിച്ചെത്തിയ മാര്‍ക്ക് ആന്റണി, ക്ലിയോപാട്ര മരിച്ചുവെന്നോര്‍ത്ത് തെറ്റിദ്ധരിച്ച് ആത്മഹത്യ ചെയ്തു. പിന്നീടു ക്ലിയോപാട്ര ഒരു സര്‍പ്പത്തിനെക്കൊണ്ട് കടിപ്പിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പറയപ്പെടുന്നത്. പക്ഷേ, അവരെ എംബാം ചെയ്ത് ഒരുമിച്ചു സംസ്‌കരിക്കുവാന്‍ ഒക്‌ടോവിയന്‍ അനുവദിച്ചു. പക്ഷേ, ഇതുവരെയുള്ള ഗവേഷണങ്ങള്‍ക്കൊന്നും ലോകത്തിലെ പുകള്‍പെറ്റ ആ പ്രണയജോടികളുടെ അന്തിമവിശ്രമസ്ഥലം കണ്ടെത്താനായിട്ടില്ല. അവരുടെ അനശ്വരപ്രേമത്തിന് മേല്‍ച്ചാര്‍ത്തു നല്കി ഷേക്‌സ്പിയര്‍ എഴുതി: 'നോ ഗ്രേവ് അപ്ഓണ്‍ ദ എര്‍ത്ത് ഷാല്‍ ക്ലിപ് ഇന്‍ ഇറ്റ് എ പെയര്‍ സോ ഫെയിമസ്.' ലോകത്തിലെ ഒരു ശവകുടീരത്തിലും ഇത്രയും പ്രസിദ്ധരായ ഒരു പ്രണയജോടി ശയിക്കുന്നുണ്ടാവില്ല. ക്ലിയോപാട്രയ്ക്കു സീസറിലുണ്ടായിരുന്ന പുത്രനും കൊല്ലപ്പെട്ടു.
ഒരു മാസ്മരികവ്യക്തിത്വത്തിനുടമയായിരുന്ന ക്ലിയോപാട്ര ഒരിക്കലും വിവാദങ്ങള്‍ക്ക് അതീതയായിരുന്നില്ല. നിലനില്പിനുവേണ്ടി തന്റെ സൗന്ദര്യവും തന്ത്രജ്ഞതയും ബുദ്ധിശക്തിയും മാറി മാറി ഉപയോഗിക്കുവാന്‍ അവര്‍ക്കു കഴിയുമായിരുന്നു. ആദ്യം പിതാവിന്റെ പിന്തുണയോടുകൂടിയും പിന്നീടു റോമിന്റെ പിന്‍ബലം ഉറപ്പിച്ചും അവര്‍ ഈജിപ്ത് ഭരിച്ചു. ഭരണത്തിലും ഫാഷനിലും ഭാഷാപ്രയോഗത്തിലും വിവിധ വിഷയങ്ങളിലും യുദ്ധതന്ത്രങ്ങളിലും അവര്‍ക്കുണ്ടായിരുന്ന പ്രാവീണ്യവും ആര്‍ക്കും പെട്ടെന്ന് നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല. കുലീനപാരമ്പര്യവും ആരെയും കീഴ്‌പ്പെടുത്തുന്ന വശ്യതയാര്‍ന്ന വ്യക്തിവിലാസവും ശക്തിയും പ്രാബല്യവും ഉണ്ടായിരുന്നുവെങ്കിലും ജീവിതം അവരെ സംബന്ധിച്ച് ദുഃഖപര്യവസായിയായ ഒരു നാടകമായിരുന്നു. ഒരുപക്ഷേ, അവരുടെ അടങ്ങാത്ത മോഹങ്ങളും ആഗ്രഹങ്ങളും അവരുടെ പതനത്തിനു പിമ്പിലുണ്ടായിരുന്നു. എങ്കിലും, ലോകചരിത്രത്തില്‍ എന്നും പ്രഭ ചൊരിയുന്ന ഒരു വെള്ളിനക്ഷത്രമായും മനുഷ്യമനസ്സുകളില്‍ ഉണങ്ങാത്ത ഒരു കണ്ണീര്‍ത്തുള്ളിയായും അവര്‍ നിലനില്ക്കും, ലോകാവസാനംവരെ.
(തുടരും)