വിശുദ്ധ നാടുകളിലേക്കുള്ള തീര്‍ഥാടനയാത്രകള്‍ സാധാരണ ജോര്‍ദ്ദാന്‍വഴിയാണ് ഇസ്രായേലില്‍ എത്തുന്നത്. എന്നാല്‍, ചിലപ്പോള്‍ ആ യാത്രകള്‍ തിരിച്ചുപുറപ്പെടുന്നത് ഈജിപ്തിലെ അലക്‌സാണ്ട്രിയ വഴിയാണ്. മഹാനായ അലക്‌സാണ്ടര്‍ ബി.സി. 331 ല്‍ സ്ഥാപിച്ച നഗരമാണ് പിന്നീട് ആയിരം കൊല്ലം ഈജിപ്റ്റിന്റെ തലസ്ഥാനമായിരുന്നത്. മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തു നൈല്‍നദിയുടെ ഡല്‍റ്റയില്‍ സ്ഥിതിചെയ്യുന്ന നഗരം മെഡിറ്ററേനിയന്റെ മുത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രീക്കുകാരനായ അലക്‌സാണ്ടറുടെ പ്രധാന ആര്‍ക്കിടെക്ട് ആയിരുന്ന ഡിനോക്രാറ്റസ് ആണ് നഗരത്തിന്റെ പ്രധാന ശില്പി. അദ്ദേഹം അലക്‌സാണ്ടറുടെ സാങ്കേതികോപദേഷ്ടാവുംകൂടിയായിരുന്നു. അലക്‌സാണ്ടറെ സംസ്‌കരിച്ച സ്ഥലമെന്ന പ്രത്യേകതയും അലക്‌സാണ്ട്രിയായ്ക്കുണ്ട്.
പിന്നീട്, ടോളമി ഒന്നാമന്‍ നഗരത്തെ ഈജിപ്തിന്റെ തലസ്ഥാനവും ടോളമിവംശത്തിന്റെ ആസ്ഥാനവുമായി മാറ്റി. അലക്‌സാണ്ട്രിയ പിന്നീട് മെഡിറ്ററേനിയന്‍തീരത്തെ സില്‍ക്ക് റൂട്ടിലുള്ള ഒരു പ്രധാന കണ്ണിയായി മാറി. അതു ലോകത്തിലെതന്നെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും വ്യാപാരത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായി മാറി. ഈജിപ്തിന്റെയും മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെയും കിഴക്കന്‍ യൂറോപ്പിന്റെയും വ്യാപാരങ്ങള്‍ നിയന്ത്രിച്ചിരുന്നത് അലക്‌സാണ്ട്രിയയാണ്. അന്ന് അലക്‌സാണ്ട്രിയയെ വെല്ലാന്‍ റോം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
റോമാക്കാരുടെ ആക്രമണത്തിനുശേഷം കുറെനാള്‍ അത് ഒരു ക്രിസ്ത്യന്‍ കേന്ദ്രവുംകൂടിയായിരുന്നു. 640 എ.ഡി. യിലെ അറബികളുടെ വരവോടുകൂടിയാണ് ക്രിസ്തുമതത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടത്. എങ്കിലും കെയ്‌റോയിലും അലക്‌സാണ്ട്രിയയിലും ഇപ്പോഴും ഒരു ചെറിയ ക്രൈസ്തവസമൂഹത്തെ കാണാന്‍ സാധിക്കും. അറബികളുടെ ആക്രമണകാലം വരെ അലക്‌സാണ്ട്രിയ ഈജിപ്റ്റിന്റെ തലസ്ഥാനമായിത്തുടര്‍ന്നു. പിന്നീടു തലസ്ഥാനം കെയ്‌റോ ആയി.
ഇന്ത്യയില്‍നിന്നും മറ്റുമുള്ള സുഗന്ധദ്രവ്യങ്ങള്‍ എത്തിയിരുന്നത് ഇവിടെയാണ്. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലേക്കും മറ്റും ആഫ്രിക്ക ചുറ്റി മറ്റൊരു വഴി കണ്ടെത്തുന്നതുവരെ ആ സ്ഥലത്തിന്റെ പ്രാധാന്യം നിലനിന്നു. ഹീബ്രു ബൈബിള്‍ ഗ്രീക്കിലേക്ക് ആദ്യമായി തര്‍ജമ ചെയ്യപ്പെട്ടത് ഇവിടെവച്ചാണ്.
ഇന്നത്തെ അലക്‌സാണ്ട്രിയയുടെ ജനസംഖ്യ ഏകദേശം 52 ലക്ഷമാണ്. നല്ലൊരു ടൂറിസ്റ്റുകേന്ദ്രവും വ്യാപാരകേന്ദ്രവുമാണിത്. ഈജിപ്‌റ്റോളജിയോടു ബന്ധപ്പെട്ട പല ഗവേഷണങ്ങളും നടക്കുന്ന സ്ഥലമാണ്. ഒരു തുറമുഖനഗരംകൂടിയാണ് അലക്‌സാണ്ട്രിയ.
അലക്‌സാണ്ട്രിയയിലെ
ലൈറ്റ് ഹൗസ്
അലക്‌സാണ്ട്രിയയിലെ ഫറോസ് ദ്വീപിലാണ് പ്രാചീനലോകാദ്ഭുതങ്ങളില്‍ ഒന്നായ ലൈറ്റ് ഹൗസ് നിലയുറപ്പിച്ചിരുന്നത്. വെള്ള മാര്‍ബിളില്‍ ആകാശത്തേക്കു തലയുയര്‍ത്തി നിന്നിരുന്ന ലൈറ്റ് ഹൗസ് ടോളമി രണ്ടാമന്റെ കാലത്താണ് നിര്‍മിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തും ഗ്രീക്ക് ആര്‍ക്കിടെക്ടും എന്‍ജിനീയറുമായിരുന്ന സോസാട്രസ് ഓഫ് സ്‌നിഡസ് ആണ് ഇതിന്റെ പ്ലാനും ഡിസൈനും നല്കിയത്. അലക്‌സാണ്ട്രിയ തുറമുഖത്തേക്കു വരുന്ന കപ്പലുകള്‍ക്കും വഴികാട്ടിയായിരുന്നു ഈ പ്രകാശത്തിന്റെ ഗോപുരം. 400 അടി ഉയരത്തിലുള്ള ലൈറ്റ്ഹൗസിന്റെ മുകളിലുള്ള നിലയില്‍നിന്ന് ഉയര്‍ന്നിരുന്ന അഗ്നിജ്വാലകള്‍ ചുറ്റുംവച്ചിരുന്ന ബ്രോണ്‍സ് (ഓട്) കണ്ണാടികളില്‍ തട്ടി 50 മൈല്‍വരെ അകലത്തിലേക്കു പ്രൊജക്ടു ചെയ്യപ്പെട്ടിരുന്നു. ഈ വെങ്കലക്കണ്ണാടികള്‍ ഗ്രീക്കു ഗണിതശാസ്ത്രപണ്ഡിതനും ശാസ്ത്രജ്ഞനും എന്‍ജിനീയറുമായിരുന്ന ആര്‍ക്കമെഡീസാണു നിര്‍മിച്ചതെന്നും പറയപ്പെടുന്നു. പകല്‍സമയത്ത് ഏറ്റവും മുകളിലുള്ള സൂയസ് പ്രതിമയ്ക്കു ചുറ്റും ഉയര്‍ന്നിരുന്ന പുകച്ചുരുളുകള്‍ ഒരു മുന്നറിയിപ്പായി കാണപ്പെട്ടിരുന്നു.
വന്‍കരയില്‍നിന്നു ഫറോസ് ദ്വീപിലേക്ക് ഒരു വന്‍കപ്പല്‍പ്പാത അലക്‌സാണ്ടറുടെ കാലത്ത് നിര്‍മിക്കപ്പെട്ടിരുന്നു. ഫറോസ് എന്ന വാക്കിന്റെ അര്‍ഥം ലൈറ്റ് ഹൗസ് എന്നാണ്. 1375 ലെ ഒരു വന്‍ഭൂമികുലുക്കം ഈ പ്രകാശഗോപുരത്തെ തകര്‍ത്തെറിഞ്ഞുകളഞ്ഞു. പിന്നീടുണ്ടായ ഭൂമികുലുക്കങ്ങളും സുനാമികളും ലൈറ്റ് ഹൗസിനെയും ചുറ്റുപാടുകളെയും പൂര്‍ണമായി കടലിനടിയിലാക്കിക്കളഞ്ഞു.
1996 ല്‍ ഫ്രഞ്ചുഗവേഷകര്‍ ലൈറ്റ് ഹൗസിലുണ്ടായിരുന്ന പ്രതിമകളും മറ്റും വീണ്ടെടുക്കുകയുണ്ടായി. അന്നത്തെ കാലത്ത് അതിന്റെ ചെലവ് 800 താലന്ത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു മോഡേണ്‍ ലൈറ്റ് ഹൗസ് പണിതുയര്‍ത്താനുള്ള ശ്രമത്തിലാണ് അലക്‌സാണ്ട്രിയ.
അലക്‌സാണ്ട്രിയയിലെ
ലോകപ്രശസ്ത ലൈബ്രറി
മ്യൂസെ ദേവതയുടെ പേരില്‍ ടോളമി ഒന്നാമന്‍ സ്ഥാപിച്ച മൗസിയോന്‍ എന്ന റിസേര്‍ച്ച് സ്ഥാപനത്തിന്റെ ഭാഗമായിട്ടായിരുന്നു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. മെഡിറ്ററേനിയന്റെ സാംസ്‌കാരികതലസ്ഥാനമായിരുന്ന അലക്‌സാണ്ട്രിയയിലെ ലൈബ്രറി അന്ന് ഭുവനപ്രസിദ്ധമായിരുന്നു. അരിസ്റ്റോട്ടിലിന്റെയും ഹോമര്‍, പ്ലേറ്റോ എന്നിവരുടെയുമുള്‍പ്പെടെ ഗ്രീക്കു ഗ്രന്ഥങ്ങളുടെ ഒരു വന്‍ശേഖരം അവിടെയുണ്ടായിരുന്നു. ഇവ പാപ്പിറസ് ചുരുളുകളായിട്ടാണ് സൂക്ഷിച്ചിരുന്നത്. ഒരവസരത്തില്‍ അലക്‌സാണ്ട്രിയ ലൈബ്രറിയില്‍ 40000 മുതല്‍ 400000 വരെ പാപ്പിറസ് ചുരുളുകള്‍ ഉണ്ടായിരുന്നു. അറിവിന്റെയും പഠനത്തിന്റെയും കേന്ദ്രമായ ഇവിടെ നൂറോളം പണ്ഡിതര്‍ സ്ഥിരമായി പ്രവര്‍ത്തിച്ചിരുന്നു. അതില്‍ മഹാന്മാരായ ചിന്തകരും കലാകാരന്മാരും സംഗീതജ്ഞന്മാരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നു. വിശ്വപ്രസിദ്ധരായ ഹെറോഡോട്ടസ്, പ്ലേറ്റോ മുതലായവര്‍ ഗ്രീസില്‍നിന്നു വിജ്ഞാനസമ്പാദനത്തിനായി അവിടെ എത്തിയിരുന്നു. എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള പുസ്തകങ്ങള്‍ ശേഖരിച്ച് എത്തിക്കുവാന്‍ ഒരു ക്രമീകരണമുണ്ടായിരുന്നു.
പ്ലേറ്റോ ഏഥന്‍സില്‍ സ്ഥാപിച്ച അക്കാദമി ആയിരുന്നു ലോകത്തിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റി. അതു കഴിഞ്ഞാല്‍ അന്നത്തെ ലോകത്തില്‍ എടുത്തുകാണിക്കാവുന്ന ഒരു ആധികാരികപഠനകേന്ദ്രമായിരുന്നു ഈ ലൈബ്രറി. അലക്‌സാണ്ടറുടെ അറിവിനോടുള്ള അടങ്ങാത്ത ദാഹവും അഭിവാഞ്ഛയുമാണ് ടോളമിക്ക് ഇങ്ങനെയൊരു പഠനകേന്ദ്രം തുടങ്ങാന്‍ പ്രചോദനം നല്കിയതെന്ന് ന്യായമായി ഊഹിക്കാം. ലൈബ്രറി കോംപ്ലക്‌സിനു രൂപംകൊടുത്തിരുന്നത് അരിസ്റ്റോട്ടിലിന്റെ ഏഥന്‍സിലെ ലിസിയം എന്ന വിശ്വോത്തര പഠനകേന്ദ്രത്തിന്റെ മാതൃകയിലായിരുന്നു.
(തുടരും)