ലാറ്റിനമേരിക്കയുടെ അതിര്‍ത്തിരാജ്യമായ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍നിന്ന് പത്രോസിന്റെ സിംഹാസനത്തിലേക്ക് 2013 മാര്‍ച്ച് 13 ന് കര്‍ത്താവിന്റെ കരുണയാല്‍ തിരഞ്ഞെടുക്കപ്പെട്ട് ഒരു വ്യാഴവട്ടക്കാലം തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കി 2025 ഏപ്രില്‍ 21 ന് കര്‍ത്താവിന്റെ ഉയിര്‍പ്പുതിരുനാളിന്റെ പിറ്റേന്ന് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദീപ്തസ്മരണയ്ക്കുമുമ്പില്‍ ഞങ്ങള്‍ ശിരസ്സു നമിക്കുന്നു. പിതാവേ, സമാധാനത്തോടെ പോവുക...
കര്‍ദിനാള്‍ ഹോര്‍ഗെ മാരിയോ ബര്‍ഗോളിയോ ആഗോള കത്തോലിക്കാസഭയുടെ 266-ാമത് മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്തപ്പോള്‍ രണ്ടു കാര്യങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു - മാര്‍പാപ്പയുടെ പേരും ആപ്തവാക്യവും. ചരിത്രത്തിലാദ്യമായി ഫ്രാന്‍സിസ് എന്ന നാമം ഒരു മാര്‍പാപ്പാ സ്വീകരിച്ചിരിക്കുന്നു. ''കരുണയാല്‍ തിരഞ്ഞെടുക്കപ്പെട്ടു''എന്ന തന്റെ മെത്രാന്‍ശൂശ്രൂഷയിലെ ആപ്തവാക്യംതന്നെ മാര്‍പാപ്പാ തുടരുന്നു. പതിമ്മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, 'രണ്ടാംക്രിസ്തു' എന്നു വിളിക്കപ്പെട്ട, സഭയുടെ നവീകരണത്തിലെ അനശ്വരനാമമായ 'ഫ്രാന്‍സിസ്' ഒരു ഉത്തരവാദിത്വമാണ്. കാരണം, സഭയെ പുതുക്കിപ്പണിയുന്നവന്റെ പേരാണത്. ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളായ മാര്‍പാപ്പാമാര്‍പോലും ഏറ്റെടുക്കാത്ത ഒരു വെല്ലുവിളി ഈശോസഭാംഗമായ കര്‍ദിനാള്‍ ബര്‍ഗോളിയോ സ്വീകരിച്ചു. സ്വീകരിച്ച നാമത്തെ അന്വര്‍ഥമാക്കിക്കൊണ്ട് അജപാലനശൈലിയാല്‍ നവീകരണത്തിന്റെ നവ്യാനുഭവം ഫ്രാന്‍സിസ് മാര്‍പാപ്പാ സഭയ്ക്കും ലോകത്തിനും വെളിപ്പെടുത്തി.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ, മത്തായിയെ വിളിക്കുന്ന ഭാഗത്തിന്
( മത്താ. 9: 9-13), വിശുദ്ധ ബീഡ് നല്‍കിയ സുവിശേഷവ്യാഖ്യാനത്തില്‍നിന്നു ചൈതന്യമുള്‍ക്കൊണ്ടു സ്വീകരിച്ച 'കരുണയാല്‍ തിരഞ്ഞെടുക്കപ്പെട്ടു' എന്ന ആപ്തവാക്യത്തിന് അടിവരയിടുന്ന ജീവിതശൈലിയും നിലപാടുകളുകളാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ തന്റെ അജപാലനകാലയളവിലുടനീളം സ്വീകരിച്ചത്. ലോകശ്രദ്ധ ആകര്‍ഷിച്ച നാമത്തെയും ആപ്തവാക്യത്തെയും തന്റെ പ്രബോധനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും പൂര്‍ണമായി പൂര്‍ത്തീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പാ ലോകത്തിന് ഒരു വിളിയും വെല്ലുവിളിയുമായിരുന്നു.
ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷനെന്നതിനൊപ്പം വത്തിക്കാന്റെ ഭരണാധികാരികൂടിയായ അദ്ദേഹം തന്റെ സ്ഥാനത്തിനു ചേരുന്ന നിലപാടുകള്‍ എന്നും സ്വീകരിച്ചു. സഭയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കു നാന്ദി കുറിച്ചപ്പോള്‍ അതു ലോകമനസ്സാക്ഷിയായി, സമാധാനത്തിന്റെയും നിരായുധീകരണത്തിന്റെയും നിലയ്ക്കാത്ത നാദമായി മുഴങ്ങിനിന്നു. ഉയിര്‍പ്പുതിരുനാള്‍ദിനത്തിലെ തന്റെ അവസാനസന്ദേശത്തിലും മരണമല്ല, ഉയിര്‍പ്പാണ് ജീവിതത്തിന്റെ അനശ്വരതയെന്ന ഓര്‍മപ്പെടുത്തലോടൊപ്പം മനുഷ്യജീവിതത്തില്‍ ഒഴിവാക്കേണ്ട സംഘര്‍ഷങ്ങളെക്കുറിച്ചും അവസാനിപ്പിക്കേണ്ട യുദ്ധങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മാനുഷികതയുടെ തത്ത്വങ്ങളെക്കുറിച്ചുമാണ് മാര്‍പാപ്പാ പറഞ്ഞവസാനിപ്പിച്ചത്.
എണ്ണം പറഞ്ഞ നാലു ചാക്രികലേഖനങ്ങളും, ആധുനികലോകം കാലോചിതമായി സ്വീകരിക്കേണ്ട സഭയുടെ നിലപാടുകളെ വ്യക്തമാക്കുന്നവയായിരുന്നു. പ്രഥമ ചാക്രികലേഖനമായ ലൂമന്‍ ഫിദേയി (വിശ്വാസത്തിന്റെ വെളിച്ചം) വിശ്വാസത്തെക്കുറിച്ചും ദൈവബന്ധത്തെക്കുറിച്ചും പരാമര്‍ശിച്ചപ്പോള്‍, പൊതുഭവനമായ പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ചും പാരിസ്ഥിതികബന്ധത്തെക്കുറിച്ചുമാണ് ലൗദാത്തോ സി
(അങ്ങേക്കു സ്തുതി) വിളിച്ചുപറഞ്ഞത്. ഫ്രത്തേല്ലി തൂത്തിയില്‍ (നാം സോദരര്‍) സാഹോദര്യത്തെയും സാമൂഹികസൗഹൃദത്തെയുംകുറിച്ചു പ്രതിപാദിച്ചപ്പോള്‍, മുറിവേല്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചും ഈശോയുടെ ദൈവികമാനുഷികസ്‌നേഹത്തെക്കുറിച്ചുമാണ് അവസാനചാക്രികലേഖനമായ ദി ലെക്‌സിത് നോസില്‍ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) പാപ്പാ ഉദ്‌ബോധിപ്പിച്ചത്. ദൈവം-മനുഷ്യര്‍-പരിസ്ഥിതി-സ്‌നേഹം എന്നിവയെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന ബന്ധത്തിന്റെ മാന്ത്രികതയാണ് നാലു ചാക്രികലേഖനങ്ങളിലൂടെ നെയ്‌തെടുത്തത്.
സ്വന്തം പേരും വാക്കും പ്രവൃത്തിയും സമരസപ്പെടുത്തിയ രസതന്ത്രജ്ഞന്‍ കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പാ അനശ്വരനാകട്ടെ. ആത്മീയാധികാരത്തിന്റെ ഭൗതികാടയാളമായ അദ്ദേഹത്തിന്റെ പ്രബോധനങ്ങളും പ്രവൃത്തികളും ആചരണങ്ങളിലൊതുങ്ങാതെ അനുകരണത്തിന്റെ മാതൃകകളാകട്ടെ.