•  13 Mar 2025
  •  ദീപം 58
  •  നാളം 2
കുടുംബവിളക്ക്‌

വിളക്ക്

    കുടുംബം ക്രിസ്തുസാന്നിധ്യം ഓര്‍മിപ്പിക്കുന്ന ഒരു കെടാവിളക്കാണെന്ന അടിസ്ഥാനബോധ്യം നമ്മുടെ കുടുംബാംഗങ്ങള്‍ക്കുണ്ടാകണം. വിളക്കുകളാകാനുള്ള വിളിയാണ് ക്രിസ്തീയകുടുംബങ്ങള്‍ക്കുള്ളത്. കുടുംബം കല്‍വിളക്കാണ്; അത് ഉടഞ്ഞുപോകാന്‍ പാടില്ല. വിശ്വാസം അതിലുള്ള എണ്ണയാണ്; അത് ഉറഞ്ഞുപോകാന്‍ ഇടയാകരുത്. കുടുംബാംഗങ്ങള്‍ അതിലെ നെയ്ത്തിരികളാണ്; അവര്‍ തെളിക്കപ്പെടാന്‍ തന്റേടമുള്ളവരായിരിക്കണം. ക്രിസ്തു തിരിനാളമാണ്; അവനെ അണയാതെ കാക്കണം. വിശുദ്ധി അതിന്റെ വെളിച്ചമാണ്; അത് കുടുംബത്തിലാകെ നിറയണം.  അപ്പോള്‍ പീഠത്തിന്മേല്‍ കൊളുത്തിവയ്ക്കപ്പെട്ട ദീപംപോലെ ഓരോ ക്രൈസ്തവകുടുംബവും ഇരവുപകല്‍ വ്യത്യാസമെന്യേ ജ്വലിച്ചുനില്ക്കും. ഈശോയുള്ളിടത്ത് ഇരുളുണ്ടാവില്ല. വൈദ്യുതവിളക്കുകള്‍ കെട്ടുപോയാലും ഭവനമാകുന്ന വിളക്ക് കത്തിനില്ക്കുകതന്നെ വേണം. പാരിടത്തില്‍ പെരുകിവരുന്ന അവിശ്വാസത്തിന്റെയും അജ്ഞതയുടെയും അഹന്തയുടെയും അപരാധത്തിന്റെയും അന്ധകാരം അകറ്റാന്‍, മാതൃകാജീവിതം നയിക്കുന്ന കുടുംബദീപങ്ങള്‍ക്കുമാത്രമേ കഴിയൂ. കുടുംബാംഗങ്ങളുടെ ധാര്‍മികവും ബലിഷ്ഠവുമായ ബോധ്യങ്ങളും ദൈവികവും മാനുഷികവുമായ മൂല്യങ്ങളും അവയെക്കുറിച്ചുള്ള വിചാരങ്ങളും വീണ്ടുവിചാരങ്ങളുമാണ് കുടുംബങ്ങളെ കനകദീപങ്ങളാക്കുന്നത്. തങ്ങളുടെ കുടുംബവിളക്കിനെ കൂടുതല്‍ പ്രഭാപൂരിതമാക്കാന്‍ കുടുംബാംഗങ്ങള്‍ ഒരുപോലെ പ്രയത്‌നിക്കണം. പരിശുദ്ധിയുടെ വെട്ടം കൂട്ടുന്നതിനായിരിക്കട്ടെ കുടുംബങ്ങള്‍ക്കു പരസ്പരമുള്ള മത്സരം. വിളക്കിന് ഇളക്കമുണ്ടായാല്‍ അതിലുള്ളതെല്ലാം നിലംപതിക്കും. ഏതൊരു വെല്ലുവിളിയിലും വേദനയിലും വ്യാധിയിലും വല്ലായ്മയിലും നിലയുറപ്പിച്ചുനില്‍ക്കാന്‍ കുടുംബവിളക്കിനു കഴിയണം. കുടുംബദീപം ഒരിക്കലും കരിന്തിരി കത്താന്‍ ഇടവരുത്തരുത്. നാളിതുവരെയുള്ള വിശ്വാസയാത്രയില്‍ നമ്മുടെ കുടുംബം വിശ്വവെളിച്ചമായ ക്രിസ്തുവിനെ വഹിക്കുന്ന ഒരു വിളക്കായിട്ടുണ്ടോ എന്നതായിരിക്കണം അടിസ്ഥാനപരമായ ചോദ്യം. ആയിട്ടുണ്ടെങ്കില്‍ അതിനെ പ്രോജ്ജ്വലിപ്പിക്കാന്‍ പരിശ്രമിക്കുക. ഇല്ലെങ്കില്‍ വിളക്കാക്കി മാറ്റാന്‍ ഇന്നുമുതലെങ്കിലും ഉത്സാഹപൂര്‍വം ഉദ്യമിക്കുക. ദൈവം ഇന്നും ലോകത്തെ സ്‌നേഹിക്കുന്നു എന്ന സത്യത്തിന്റെ പ്രകാശസാക്ഷ്യങ്ങളായി ക്രൈസ്തവകുടുംബങ്ങള്‍ വിളങ്ങട്ടെ. കുടുംബമാകുന്ന തങ്കവിളക്കിന്റെ തിളക്കം തലമുറകളിലൂടെ കൈമാറപ്പെട്ട് കാലങ്ങളെ അതിജീവിക്കട്ടെ. 'കുടുംബവിളക്ക്' എന്ന വിചാരപരമ്പരയിലെ 'ദൈവം' മുതല്‍ 'അയല്ക്കാര്‍' വരെയുള്ള കഴിഞ്ഞ 49 ശീര്‍ഷകങ്ങളിലായി വായിച്ചു ധ്യാനിച്ചവയൊക്കെയും പത്തുപ്രമാണങ്ങളുടെ സംഗ്രഹമായ 'ദൈവത്തോടും അയല്ക്കാരോടുമുള്ള സ്‌നേഹം' എന്ന സര്‍വോത്കൃഷ്ടമായ പുണ്യത്തില്‍ വളരാനും അതുവഴിയായി തങ്ങളുടെ കുടുംബത്തെ ഒരു ദീപമായി രൂപാന്തരപ്പെടുത്താനും ആരെയെങ്കിലുമൊക്കെ അല്പമെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ എളിയതൂലികയ്ക്കു കര്‍മസാഫല്യം! 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)