നഷ്ടങ്ങളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങളുടെ കയ്പറിയാത്ത കുടുംബമുണ്ടാകില്ല. താങ്ങാനാവുന്നവയും അല്ലാത്തവയുമായ പല കൈവിട്ടുപോകലുകളുടെയും കണ്ണീര്‍ക്കുറിപ്പുകള്‍ കുടുംബപുസ്തകത്തില്‍ കണ്ടേക്കാം. നസ്രത്തിലെ തിരുക്കുടുംബംപോലും പുത്രനഷ്ടത്തിന്റെ വേദന ഏതാനും ദിവസത്തേക്ക് അനുഭവിച്ചതാണ്. നഷ്ടങ്ങള്‍ നമ്മുടെ കണ്ണു കലക്കും, മനസ്സു മരവിപ്പിക്കും. പക്ഷേ, അവയില്ലാതെയുള്ള ജീവിതവും അസാധ്യമാണ്. ഇത്തരമൊരു അവസ്ഥയില്‍ നാം അറിഞ്ഞോ അല്ലാതെയോ നമുക്കു ഭവിക്കുന്ന നഷ്ടങ്ങളെ യാഥാര്‍ഥ്യബോധത്തോടെ അംഗീകരിക്കുകമാത്രമേ നിവൃത്തിയുള്ളൂ. അങ്ങനെയാവുമ്പോള്‍, അവയെ സ്വീകരിക്കുന്ന രീതി ഏറെ നിര്‍ണായകമാണ്. വന്നുപോയ നഷ്ടങ്ങളുടെ പേരില്‍ ജീവിതം മുഴുവന്‍ നശിച്ചു എന്നു കരുതുന്നവര്‍ക്കു ശിഷ്ടകാലം കെട്ടുപോയ ഒരു വിളക്കുമാത്രമായിരിക്കും. എന്നാല്‍, നഷ്ടങ്ങളെ തിരിച്ചറിവുകളുടെ താളുകളാക്കി വായിച്ചെടുക്കുന്നവര്‍ക്ക് പ്രത്യാശയുടെ പുലര്‍വെട്ടത്തിലേക്കു മിഴികളെറിയാനാവും. ആത്മാഭിമാനത്തിനും കുടുംബത്തിന്റെ സല്‍പ്പേരിനുമൊക്കെ നഷ്ടങ്ങള്‍ മങ്ങലേല്പിച്ചെന്നുവരാം. അങ്ങനെയുള്ള അവസരങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു നില്‌ക്കേണ്ടത് അനിവാര്യമാണ്.
വന്നുപോയ ഒരു നഷ്ടത്തിന്റെയും പേരില്‍ ഭവനാംഗങ്ങള്‍ ഒരാളും ഒറ്റപ്പെടാന്‍ ഇടയാകരുത്. നഷ്ടങ്ങള്‍ നല്കുന്ന നൊമ്പരങ്ങളിലും ദൈവം ഇച്ഛിക്കുന്ന ചില ഉപരിനന്മകള്‍ ദര്‍ശിക്കാന്‍ സാധിക്കുമ്പോള്‍ നിരാശയും കണ്ണീരുമൊക്കെ താനേ വറ്റിപ്പോകും. അപ്പോള്‍ ചില നഷ്ടങ്ങള്‍ നന്നായിരുന്നു എന്നും തോന്നാം. കുന്നിനൊരു കുഴിയും പ്രദോഷത്തിനൊരു പ്രഭാതവും പ്രകൃതി കല്പിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ നീലക്കാറു മാറി നേട്ടങ്ങളുടെ നീലമാനം തെളിയും എന്ന ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോകുന്ന കുടുംബങ്ങളില്‍ ആനന്ദത്തിന്റെ അശ്രുമഴ തോരാതെ പെയ്യുമെന്നത് അച്ചട്ടാണ്. നഷ്ടങ്ങളെ കഷ്ടങ്ങളായി കാണാതെ ഇഷ്ടപ്പെടാനുള്ള കരുത്തു കാട്ടുന്നവര്‍ക്ക് അവയോരോന്നും നല്കുന്ന പാഠങ്ങളില്‍നിന്ന് ഊര്‍ജം ആര്‍ജിച്ചുകൊണ്ട് ധീരമായ ചുവടുകള്‍ വയ്ക്കാന്‍ അനായാസം സാധിക്കും. അങ്ങനെയുള്ളവര്‍ക്കുമാത്രമേ നഷ്ടങ്ങളെ തോല്പിക്കാനാവൂ. വീണ്ടുകിട്ടാനാവാത്തവിധം ഒന്നും കൈവിട്ടുപോകുന്നില്ലെന്നും തിരികെവരാനാവാത്തവിധം ആരും അകന്നുപോകുന്നില്ലെന്നുമുള്ള സുവിശേഷങ്ങളിലെ ചില കഥാപാത്രങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ ക്രൈസ്തവകുടുംബങ്ങള്‍ക്ക് അനുനിമിഷം പ്രചോദനമേകട്ടെ.