•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം വലിയൊരു പ്രകാശം കണ്ടു!

    മനുഷ്യരാശിയുടെ സങ്കടങ്ങളുടെ നെരിപ്പോടില്‍ മഞ്ഞു പെയ്യിച്ച രാത്രിയാണ് ക്രിസ്മസ്. സ്വര്‍ഗത്തെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവരാന്‍ പ്രാപ്തനായ ഒരു ശിശു ബേത്‌ലഹേമില്‍ മേരിയുടെ മടിയില്‍ കുളിരണിഞ്ഞുകിടക്കുന്നതു കണ്ട് മാലാഖമാര്‍ മതിമറന്നു പാടി: ''അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം! ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം!'' മാലാഖമാര്‍ ഈ ഗീതം പാടുമ്പോള്‍ യൂദയായിലെ മലഞ്ചെരുവുകളില്‍ ഏശയ്യായുടെ പ്രവചനം മാറ്റൊലിയാകുന്നുണ്ടായിരുന്നു: ''വളഞ്ഞ വഴികള്‍ നേരേയാക്കപ്പെടും. ദുര്‍ഘടമായ വഴികള്‍ സമമാക്കപ്പെടും. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും!'' മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞതുപോലെ നിസ്സഹായരുടെ കരിന്തിരി കത്തിയ സ്വപ്‌നങ്ങളുടെമേല്‍ താരകം തെളിഞ്ഞ രാത്രിയാണ് ക്രിസ്മസ്. അടിമകളുടെയും ഉടമകളുടെയും മക്കളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തിയ രാത്രി! ആളുകള്‍ അവരുടെ തൊലിയുടെ നിറംകൊണ്ടല്ലാതെ സ്വഭാവത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി വിലയിരുത്തപ്പെടാന്‍ പോകുന്നുവെന്നു വിളംബരം ചെയ്യപ്പെട്ട രാത്രി! മനുഷ്യരാശി കേട്ട മംഗളവാര്‍ത്ത അതായിരുന്നു; ഇതാ ഇനിമേല്‍ വേര്‍തിരിവുകളില്ലാത്ത ലോകം ഉണ്ടാകാന്‍ പോകുന്നു; മനുഷ്യകുലത്തിന്റെ ചരിത്രം രണ്ടായി വിഭജിക്കപ്പെടുന്നു. മിശിഹായുടെ ജനനത്തോളം ലോകത്തെ സ്വാധീനിച്ച ഒരു സംഭവവുമില്ല. ക്രിസ്മസ് ദിനം നല്‍കുന്ന സന്ദേശം അത്രമാത്രം അതുല്യവും അദ്ഭുതാവഹവുമായതിനാലാണ് വിഖ്യാത എഴുത്തുകാരന്‍ ചാള്‍സ് ഡിക്കന്‍സ് പറഞ്ഞത്: ''വര്‍ഷം മുഴുവന്‍ നിത്യഹരിതഓര്‍മയായി മനസ്സില്‍ നിലനില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ദിനം  ക്രിസ്മസ്ദിനമാണ്.''
നിത്യഹരിതമായ ക്രിസ്മസ്ഓര്‍മകള്‍
   ''ലോകം മുഴുവന്‍ സ്‌നേഹത്തിന്റെ ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്ന കാലം'' എന്ന് സുപ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരന്‍ ഹാമില്‍ട്ടണ്‍ റൈറ്റ് മാബി പറഞ്ഞ ക്രിസ്മസ്‌കാലം കുഞ്ഞുങ്ങളുടെ മനസ്സില്‍ നിറയ്ക്കുന്ന ആഹ്ലാദത്തിന് അതിരില്ല. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അങ്ങനെയൊരു കാലം ഓര്‍ത്തുപോവുകയാണ്. ഓര്‍മകള്‍ ഞണ്ടുകളെപ്പോലെ പിറകോട്ടുപോവുകയാണ്. നാല്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള  ഒരു ക്രിസ്മസ് രാവാണ്. ഇരുട്ടുകൂടുന്തോറും തണുപ്പും കൂടിവരുന്നു. പുല്‍ക്കൂട് ഉണ്ടാക്കുന്ന പിള്ളേര്‍ ശരിക്കും വിറയ്ക്കുന്നുണ്ട്. 'എന്തെങ്കിലും തലേല്‍ ഇട്ടോണ്ടിരിക്കെടാ മക്കളേ' എന്നു വല്യമ്മച്ചി വിളിച്ചുപറയുന്നു. എല്ലാവരും തിരക്കിലാണ്. തിരക്കു തുടങ്ങിയിട്ട് സത്യത്തില്‍ ഒരാഴ്ചയോളമായി. ചാക്കു നിറയെ ഉണ്ണീശോപ്പുല്ല് നിറച്ചുവച്ചിരിക്കുന്നു. റെഡിമെയ്ഡ് ക്രിബുകള്‍ കിട്ടാനില്ലാത്ത കാലം. 
ഈന്തിലയും ഉണ്ണീശോപ്പുല്ലും തെരുവക്കോലും ചേര്‍ത്താണ് പുല്‍ക്കൂടു കെട്ടുന്നത്.
   കപ്പക്കോലും വാരിക്കമ്പും എല്ലാംകൂടിച്ചേര്‍ന്ന് പുല്‍ക്കൂടു കെട്ടിത്തീരുംവരെ ആരും ഉറങ്ങില്ല.
പല ടീമായി തിരിഞ്ഞാണ് പണികള്‍ നടത്തുന്നത്. നക്ഷത്രംവേണം. കറന്റുണ്ടെങ്കിലും വര്‍ണക്കടലാസുകള്‍ ഒട്ടിച്ച് നക്ഷത്രവിളക്കുണ്ടാക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. വാരിക്കമ്പോ മുളയോ വളച്ച് നക്ഷത്രവിളക്കുണ്ടാക്കും. എന്നിട്ട് അതില്‍ മറിഞ്ഞുവീഴാതെ വിളക്കു കത്തിച്ചുവച്ചിട്ട് വലിയ തോട്ടിയില്‍ ഉയര്‍ത്തി തെങ്ങിന്റെ മണ്ടയില്‍ വയ്ക്കും. ആകാശത്തെ തൊട്ട് ഏതു വീട്ടിലെ നക്ഷത്രമാണിരിക്കുന്നതെന്നറിയാന്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്കു കൗതുകമായിരുന്നു. കൊച്ചുപിള്ളേരും മുതിര്‍ന്ന പുരുഷന്മാരുമടങ്ങുന്ന സംഘം പുല്‍ക്കൂടുപണിയില്‍ വ്യാപൃതരാകുമ്പോള്‍ സ്ത്രീകളുടെ സംഘം ക്രിസ്മസ് വിഭവങ്ങളുടെ തകൃതിയായ ഒരുക്കത്തിലാണ്. എല്ലാ പ്രവൃത്തിയിലും സന്തോഷവും ആഹ്ലാദവും നിറഞ്ഞുനിന്നിരുന്നു. കട്ടന്‍കാപ്പിയും ചെറുകടിപലഹാരങ്ങളും പുല്‍ക്കൂടുപണിസ്ഥലത്തേക്കു തുടരെ എത്തുമായിരുന്നു. അതിനിടയില്‍ കൊച്ചുപിള്ളേരോടുള്ള അമ്മമാരുടെ ചോദ്യമുണ്ട്: ''ഉണ്ണീശോ ഇതുവരെയും പിറക്കാറായില്ലേ?''
മൊബൈല്‍ഫോണില്ലാത്ത കാലം. കൂട്ടുകാരുടെ പുല്‍ക്കൂടു തീര്‍ന്നോ എന്നറിയാന്‍ ഇടയ്ക്ക് അയല്‍പക്കത്തേക്ക്  ഒരോട്ടമുണ്ട്. ഇതിനിടയില്‍ മനസ്സിനുള്ളില്‍ സിസ്റ്റേഴ്‌സ് പറഞ്ഞുപഠിപ്പിച്ചിരുന്ന കാര്യവും എല്ലാവരും ഓര്‍ത്തിരുന്നു: ''ഉണ്ണീശോയ്ക്ക് സുകൃതജപം കൊണ്ടുള്ള പിള്ളക്കച്ച ഒരുക്കണം.'' അതു ചെയ്തില്ലെങ്കില്‍ സത്യമായും ഈശോ പിറക്കില്ല എന്നു തോന്നിക്കുമാറ് എത്ര ആവേശത്തോടെയാണ് സിസ്റ്റേഴ്‌സ് അതു പറഞ്ഞിരുന്നത്! ക്രിസ്മസിനു പള്ളിയില്‍ പോകുംമുമ്പ് ആളോഹരി നൂറു സുകൃതജപമെങ്കിലും വച്ച് എല്ലാവരും ചൊല്ലിത്തീര്‍ത്തിരുന്നു. പുല്‍ക്കൂടുപണി കഴിഞ്ഞ് ഉറങ്ങാതെ പാതിരാക്കുര്‍ബാനയ്ക്കുംകൂടി പള്ളിയില്‍ കേക്കുംമുറിച്ച്, തിരിച്ചുവരുമ്പോള്‍ വരുന്ന വഴികളിലെ പുല്‍ക്കൂടുകള്‍ എല്ലാം കണ്ട് കമന്റു പറഞ്ഞുപോകുന്ന അള്‍ത്താരബാലന്മാരുടെ സംഘം നാല്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗ്രാമീണചുറ്റുപാടുകളില്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നതിന്റെ ആത്മാര്‍ഥതയെക്കുറിച്ചു നമുക്കു പറഞ്ഞുതരുന്നുണ്ട്.
ആത്മീയസങ്കല്പങ്ങളെ മാറ്റിയെഴുതിയ തിരുപ്പിറവി
ക്രിസ്മസിനെക്കുറിച്ചുള്ള ഗതകാലസ്മരണകളെ വിട്ട് എങ്ങനെയാണ് രക്ഷകന്റെ അവതാരം നാം ജീവിക്കുന്ന കാലത്തെ രൂപപ്പെടുത്തിയതെന്നു നമുക്കു പരിശോധിക്കാം. എങ്ങനെയാണ് കാലിത്തൊഴുത്തില്‍ പിറന്ന മിശിഹാ  സകല മനുഷ്യരുടെയും രക്ഷകനായത്? എങ്ങനെയാണ് അവിടുന്ന് അന്നു നിലവിലിരുന്ന ആത്മീയചിന്താധാരകളെ  തിരുത്തിയത്? സുവിശേഷത്തിന്റെ ആദ്യതാളുകള്‍തന്നെ ഇതിനുത്തരം നല്‍കുന്നുണ്ട്. പുതിയനിയമം ദാരിദ്ര്യത്തിന്റെ അടയാളമായ പുല്‍ക്കൂട്ടിലാണ് തുടങ്ങുന്നത്. എന്നാല്‍, പഴയനിയമമാകട്ടെ സൗഭാഗ്യത്തിന്റെ ഈറ്റില്ലമായ പറുദീസയിലാണു തുടങ്ങിയത്. ഇതാണ് ആദ്യത്തെ തിരുത്ത്. നിസ്സഹായന്റെയും നിരാലംബന്റെയുമിടയിലും ദൈവമുണ്ട് എന്നതാണ് ആ തിരുത്ത്. ടാഗോറിന്റെ ഗീതാഞ്ജലിയിലെ വാക്കുകളോര്‍ക്കുന്നു: ''കരിനിലമുഴുമാ കര്‍ഷകനോടും, വര്‍ഷം മുഴുവന്‍ വഴിനന്നാക്കാന്‍, പെരിയ കരിങ്കല്‍പ്പാത നുറുക്കിനുറുക്കിയൊരുക്കും പണിയാളരോടും, ചേര്‍ന്നമരുന്നൂ ദൈവം മണ്ണാര്‍ന്നിരുകൈകളിലും.'' ഈ പാഠം നെഞ്ചിലേറ്റിയാണ് ക്രൈസ്തവസഭ സര്‍വരാലും അവഗണിക്കപ്പെട്ടിരുന്ന, ജാതിചിന്തയുടെയും വര്‍ണവെറിയുടെയും ഭര്‍ത്സനം ഏറ്റുവാങ്ങിയിരുന്ന എണ്ണിയാലൊടുങ്ങാത്ത ആലംബഹീനര്‍ക്ക് അഭയമായി മാറിയത്.
മിശിഹായുടെ ആഗമനത്തെ അകക്കണ്ണുകൊണ്ടു ദര്‍ശിച്ച് ഏശയ്യാദീര്‍ഘദര്‍ശി പ്രവചിച്ചത് 'അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം വലിയൊരു പ്രകാശം കണ്ടു; മരണത്തിന്റെ നിഴലിലും താഴ്‌വരയിലും കഴിഞ്ഞിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു' എന്നാണ്. ആരാണ് അന്ധകാരത്തിലും മരണത്തിന്റെ താഴ്‌വരയിലും കഴിഞ്ഞിരുന്നവര്‍? അവര്‍ ദരിദ്രരും രോഗികളും പാപികളുമായിരുന്നു. അതെല്ലാം ദൈവശാപംമൂലം സംഭവിച്ചതായാണ് ആളുകള്‍ കരുതിയിരുന്നത്. അതുകൊണ്ടാണ് അന്ധനായ മനുഷ്യനോട് 'തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നോ?' എന്ന് നിയമജ്ഞര്‍ ചോദിക്കുന്നത്. മാതൃഭൂമി ചാനല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച ഒരു ഡോക്കുമെന്ററി ഓര്‍ക്കുകയാണ്. നായ്ക്കളോടു ബഹളംവച്ച്  ചവറ്റുകൂനയില്‍ ഭക്ഷണം ചികയുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സുനില്‍ എന്ന ക്രൈസ്തവമിഷനറി  തയ്യാറാകുമ്പോള്‍ ആദ്യം അവര്‍ എതിര്‍ക്കുകയാണ്: ''ഞങ്ങളുടെ ജാതി ഒരു ദേവിയുടെ ശാപം കിട്ടിയവരാണ്. ഞങ്ങള്‍ ഇങ്ങനെ ജീവിക്കേണ്ടവരാണ്.'' ഇത്തരം സാമൂഹികചിന്താധാരകളെയാണ് ക്രിസ്മസും പുല്‍ക്കൂടും തിരുത്തുന്നത്. ദരിദ്രനെ ദൈവത്തിന്റെ മടിയിലിരുത്തി അവിടുന്ന് ധനവാന്റെയും ലാസറിന്റെയും കഥ പറഞ്ഞു. ഒടുവില്‍ അതുല്യമായ ഒരു പ്രസ്താവനയും: ''ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത്!''
   പാപത്തോടൊപ്പം പാപിയെയും ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു പഴയകാലത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍, ഈശോ പാപത്തെ ഉന്മൂലനം ചെയ്യാനും പാപിയെ വീണ്ടെടുക്കാനും പറഞ്ഞു. 'നീതിമാനെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്' എന്നു പറഞ്ഞു. 'ഇവന്‍ ഒരു പാപിയുടെ ആതിഥ്യം സ്വീകരിക്കുന്നല്ലോ?' എന്ന് സക്കേവൂസിനെ ചൂണ്ടി ഫരിസേയര്‍ മിശിഹായെ വിമര്‍ശിച്ചപ്പോള്‍ 'ഇവനും അബ്രാഹത്തിന്റെ മകനാണ്' എന്ന ശക്തമായ പ്രസ്താവനയുടെ പരിചയൊരുക്കി അയാളെ മാനസാന്തരത്തിലൂടെ വീണ്ടെടുത്തു. ലോകത്തിന്റെ ശിക്ഷാനിയമതത്ത്വങ്ങള്‍ തകിടംമറിക്കപ്പെട്ടു. ഹമുറാബിയുടെയും (ആനുപാതികമല്ലാത്ത ശിക്ഷാനിയമം) മോസസിന്റെയും (കണ്ണിനു പകരം കണ്ണ് എന്ന ശിക്ഷാനിയമം) ശിക്ഷാനിയമങ്ങള്‍ പഴങ്കഥയായി. ധൂര്‍ത്തപുത്രനെ വീണ്ടെടുക്കുന്ന റിഫോര്‍മേറ്റീവ് തിയറി നീതിന്യായക്കോടതികളുടെ ശിക്ഷാവിധികള്‍ക്കടിസ്ഥാനമായി.
    ദൈവം, ഭയപ്പെടുത്തുന്ന വിധിയാളനാണ് എന്നതായിരുന്നു മറ്റൊരു ആത്മീയവിചാരം. അതിനാല്‍ ദൈവത്തെ സമീപിക്കാന്‍ മനുഷ്യനു ഭയമായിരുന്നു. വാഗ്ദാനപേടകത്തെ മനസ്സറിയാതെ തൊട്ടവര്‍പോലും ദൈവകോപത്തിനിരയായി കൊല്ലപ്പെട്ടു. സംഹാരകന്മാരാകുന്ന ദൈവാവതാരങ്ങളെക്കുറിച്ച് എല്ലാ മതങ്ങളും പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് 'ഇതാ, സകല ജനത്തിനുംവേണ്ടി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു' എന്നു മാലാഖമാര്‍ ലോകത്തെ അറിയിച്ചത്. ദൈവം സംഹാരകനല്ല, രക്ഷകനാണ് എന്നു ക്രിസ്മസ് ലോകത്തെ പഠിപ്പിച്ചു. അന്നുമുതല്‍ ലോകം കേട്ട ഏറ്റവും മനോഹരമായ പദം 'രക്ഷകന്‍' എന്ന പദമായി മാറി. ദൈവം 'ഇമ്മാനുവേലാ'ണെന്ന് ക്രിസ്മസ് ലോകത്തോടു പറയുന്നു. ദൈവം സ്‌നേഹിതനാണെന്നും ദൈവത്തിന്റെ പക്കല്‍ അപ്പന്റെപക്കല്‍ ചെല്ലുന്ന സ്വാതന്ത്ര്യത്തോടെ ചെല്ലാമെന്നും അന്നുമുതല്‍ ലോകമറിഞ്ഞു. മനുഷ്യകുലത്തിന്റെ സര്‍വദൈവവിചാരങ്ങളെയും ആത്മീയസങ്കല്പങ്ങളെയും ക്രിസ്മസ് തിരുത്തിയെഴുതി.
ക്രിസ്തുകേന്ദ്രീകൃതമാകുന്ന മനുഷ്യചരിത്രം
ലോകത്തിലെ  160 രാജ്യങ്ങള്‍ ആഘോഷിക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്. എന്നാല്‍, ആഘോഷമെന്നതിലുപരി ഈശോമിശിഹായുടെ ജനനം മനുഷ്യചരിത്രത്തിന്റെയും പുരോഗമനചിന്തകളുടെയും അടിസ്ഥാനശിലയായി മാറി എന്നതാണ് ഭൗതികലോകത്തെ ക്രിസ്മസിന്റെ അതുല്യതയും അനന്യതയും. ക്രിസ്തുവിനു മുമ്പും ക്രിസ്തുവര്‍ഷത്തിലും എന്ന ചരിത്രവിഭജനം മാത്രമല്ല, ലോകമാസകലം  പിന്തുടരുന്ന (ഇറാന്‍പോലെയുള്ള ചില രാജ്യങ്ങളിലൊഴികെ) മഹാനായ ഗ്രിഗറി പാപ്പാ തയ്യാറാക്കിയ ഗ്രിഗോറിയന്‍ കലണ്ടറും ക്രിസ്തുവിന്റെ ജനനത്തെ ആധാരമാക്കി ഒരുക്കപ്പെട്ടതാണ് എന്നതാണു വസ്തുത.
പ്രത്യക്ഷാര്‍ഥത്തില്‍ നാം എന്തുതന്നെ പറഞ്ഞാലും അതിന്റെ പരോക്ഷാര്‍ഥത്തില്‍ ക്രിസ്തുവിനെക്കൂടാതെ ലോകത്തിനു മുമ്പോട്ടുചരിക്കുക സാധ്യമല്ല. അതുകൊണ്ടാണ് ലോകംകണ്ട ഏറ്റവും മഹാനായ നോവലിസ്റ്റ് ഡോസ്റ്റോവ്‌സ്‌കി പറഞ്ഞത്: ''ക്രിസ്തുവിനെ നിരാകരിക്കുന്നവര്‍ക്കുപോലും ക്രിസ്തുവിന്റെ ധാര്‍മികപ്രബോധനങ്ങളിലൂടെയല്ലാതെ മുമ്പോട്ടുപോവുക സാധ്യമല്ല. കാരണം, മനുഷ്യന് ഇന്നുവരെ ഇതിനേക്കാള്‍ മഹത്തരമായതൊന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.'' ക്രിസ്തുവിനെക്കാള്‍ സുന്ദരവും പൂര്‍ണവും ആഴമേറിയതുമായ മറ്റൊന്നില്ല എന്നുപറഞ്ഞ അദ്ദേഹം സത്യം ക്രിസ്തുവിനു വെളിയിലാണ് എന്ന് ആര്‍ക്കെങ്കിലും സമര്‍ഥിക്കാനായാല്‍ ഞാന്‍ സത്യത്തെക്കാള്‍ ക്രിസ്തുവിനൊപ്പം നില്‍ക്കാനാകും ഇഷ്ടപ്പെടുക എന്നുവരെ പറഞ്ഞുകളഞ്ഞു. മനുഷ്യന്റെ മാനവികസങ്കല്പങ്ങളെ മറ്റാരും ഇത്രമാത്രം സ്വാധീനിച്ചിട്ടില്ല. അതുകൊണ്ടാണ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞത്: ''ക്രിസ്തുവില്‍ ജീവിക്കുക. മനുഷ്യന് മനുഷ്യനാകാന്‍ മറ്റൊരു വഴിയുമില്ല!''
2024 ഒക്‌ടോബറിലെ ടൈംമാഗസിന്റെ 'ജീസസ്' എന്ന പ്രത്യേകപതിപ്പില്‍ ഡേവിഡ് വാന്‍ബീമ എന്ന എഴുത്തുകാരന്‍ പറയുന്നത്, മധ്യകാലഘട്ടത്തില്‍ ആരെങ്കിലും സ്ത്രീപക്ഷപാതിയായി സംസാരിച്ചാല്‍, ആരെങ്കിലും നിസ്സഹായന്റെ പക്ഷംചേര്‍ന്നുപറഞ്ഞാല്‍ അദ്ഭുതാദരങ്ങളോടെ ചുറ്റുമുള്ളവര്‍ 'അതു ക്രിസ്തുവാണ്, അയാള്‍ ക്രിസ്തുവിനെപ്പോലെ സംസാരിക്കുന്നു' എന്നു പറയുമായിരുന്നത്രേ! മാനവികമായ എല്ലാ ചിന്താധാരകളുടെയും മൂലക്കല്ല് ക്രിസ്തുവാണെന്നാണ് ഡേവിഡ് വാന്‍ബീമ പറഞ്ഞുവയ്ക്കുന്നത്. പുല്‍ക്കൂട്ടില്‍ ജ്ഞാനികളായ രാജാക്കന്മാരും സാധാരണക്കാരായ ആട്ടിടയരുമുണ്ട്. ജാതി, നിറം, ലിംഗഭേദം, വര്‍ഗം എന്നിവ പരിഗണിക്കാതെ  എല്ലാ മനുഷ്യരും തുല്യരാണ് എന്ന അതിമഹത്തായ മാനവതത്ത്വം വിപ്ലവകാരികളും ചിന്തകരും എഴുത്തുകാരും സ്വാംശീകരിച്ചത് പൂല്‍ക്കൂട്ടില്‍നിന്നാണ്. യൂറോപ്പിലെയും ലോകമെമ്പാടുമുള്ള വിദ്യാഭ്യാസം, ആതുരസേവനം, കല, തത്ത്വചിന്ത, ലോകോത്തരചിത്രങ്ങള്‍, ശില്പങ്ങള്‍, സംഗീതം (ഉദാ.ഡാവിഞ്ചിയുടെ ചിത്രങ്ങള്‍, മൈക്കാലാഞ്ചലോയുടെ ശില്പങ്ങള്‍, നോട്രെഡാം കത്തീദ്രല്‍, സിസ്റ്റൈന്‍ ചാപ്പല്‍ മുതലായവ.) എന്നിവയുടെ വളര്‍ച്ചയ്ക്ക്, മനുഷ്യനന്മയിലധിഷ്ഠിതമായ ലോകവികാസത്തിന് ഈശോമിശിഹായുടെ ജനനമാണ് ഏറ്റവും പ്രധാന കാരണമായത്. അതുകൊണ്ടാണ്  ഇതെല്ലാമടങ്ങുന്ന  ക്രൈസ്തവസംസ്‌കാരത്തെ ആദരവോടെ ലോകം കണ്ടത്. ഏറ്റവും വലിയ നിരീശ്വരവാദി റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകളോടെ അവസാനിപ്പിക്കാം: ''ഈ കാലം നേരിടുന്ന വലിയ വെല്ലുവിളി ക്രൈസ്തവസംസ്‌കാരത്തിന്റെ തകര്‍ച്ചയാണ്.''

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)