വസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. വസ്ത്രം ഒരു മറമാത്രമാണ് എന്നതാണ് ഒന്നാം പാഠം. അഴകുകൂട്ടാനും പത്രാസു കാട്ടാനുമൊക്കെയുള്ള ഉപാധിയായി മനുഷ്യര്‍ പിന്നീടാണ് അതിനെ കണ്ടുതുടങ്ങിയത്. വസ്ത്രം വേണ്ടെന്നു വയ്ക്കാനാവില്ല. പക്ഷേ, അതിനോടുള്ള ആസക്തിയും അതിനായുള്ള അമിതച്ചെലവും വേണ്ടെന്നു വയ്ക്കാനാവും, ആവണം. നാലുപേരുള്ള കുടുംബത്തില്‍ നാല്പതുപേര്‍ക്കുള്ള വസ്ത്രങ്ങള്‍ അനാവശ്യംതന്നെയാണ്. അനാവശ്യമായി വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുള്ള വീറും വാശിയും മാത്സര്യവും മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. ധരിച്ചുമാറ്റേണ്ട വസ്ത്രത്തിനുവേണ്ടിയുള്ള ധനധൂര്‍ത്ത് കുടുംബത്തില്‍ സൈ്വരക്കേടുണ്ടാക്കും. 'ഒന്നുമങ്ങോട്ട് മേച്ചാകുന്നില്ല' എന്നതിന്റെ പേരില്‍ പെട്ടിയിലെ വിലപ്പിടിപ്പുള്ള പുത്തനുടുപ്പുകള്‍ ഓരോന്നായി ചുരുട്ടിക്കൂട്ടുമ്പോള്‍ ഉടുതുണിക്കു മറുതുണിയില്ലാത്തവരുമുള്ള സമൂഹത്തിന്റെ ഭാഗമാണ് നാമെന്നു മറക്കരുത്.
വസ്ത്രധാരണത്തിലെ അച്ചടക്കവും വൃത്തിയും പ്രധാനപ്പെട്ട കാര്യങ്ങളാണ്. മാന്യമായ വസ്ത്രധാരണം മോടി കൂട്ടും. കുലീനമായി വസ്ത്രം ധരിക്കുന്നവര്‍ക്ക് അധികം സൗന്ദര്യവര്‍ധകവസ്തുക്കളുടെ ആവശ്യമില്ല. ഒത്തിരിയില്ലെങ്കിലും ഉള്ളവ വെടിപ്പായി സൂക്ഷിക്കണം. ഉടുവസ്ത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ മുറികളിലെല്ലാം നിരത്തിയിടുന്ന പ്രാകൃതസ്വഭാവം അവസാനിപ്പിക്കണം. സാധിക്കുന്നവരെല്ലാം തങ്ങളുടെ വസ്ത്രങ്ങള്‍ സ്വന്തമായി കഴുകി ഉപയോഗിക്കണം. ഉടുത്തിരുന്ന വിഴുപ്പുകള്‍ അമ്മ എന്ന 'അലക്കുയന്ത്ര'ത്തിലേക്കു വലിച്ചെറിയുക എന്ന 'ശേലില്ലാശീലം' കുടുംബാംഗങ്ങള്‍ പൂര്‍ണമായും മാറ്റണം.
വിപണിയില്‍ മാറിമാറി വരുന്ന ഫാഷന്‍ ഡിസൈനുകളെല്ലാം നമുക്ക് ഇണങ്ങുന്നവയായിരിക്കണമെന്നില്ല. നോക്കുന്നവര്‍ പെട്ടെന്നു ശ്രദ്ധിക്കുന്ന തരത്തിലുള്ള കോപ്രായങ്ങള്‍ വസ്ത്രധാരണത്തില്‍ ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെ അനുയോജ്യവും അന്തസ്സുള്ളതുമായ വസ്ത്രധാരണമാണ് അഭികാമ്യം. ആകര്‍ഷണീയങ്ങളായ കളറും സ്റ്റൈലും ട്രെന്‍ഡും മാത്രം നോക്കി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ന്യൂജെന്‍ തലമുറ അവയിലൊക്കെ പതിപ്പിച്ചിരിക്കുന്ന കുറിപ്പുകളിലും ചിത്രങ്ങളിലും മറഞ്ഞിരിക്കുന്ന പൈശാചികചതിക്കെണികളെ തിരിച്ചറിയാതെപോകരുത്. ഇക്കാര്യങ്ങളിലെല്ലാം മാതാപിതാക്കളും മക്കളും പരസ്പരം മാതൃകകളാവണം.
ഓര്‍ക്കണം, അണിയുന്ന വസ്ത്രമല്ല നമ്മുടെ വ്യക്തിത്വത്തിന്റെ അഴക്; മറിച്ച്, വ്യക്തിത്വമാണ് അണിയുന്ന വസ്ത്രത്തിന്റെ അഴകും അഴുക്കും. അനുദിനം വിശുദ്ധിയുടെ വെള്ളവസ്ത്രം ധരിക്കുന്നതില്‍ ഭവനാംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധയുള്ളവരായിരിക്കട്ടെ.
'വസ്ത്രമോടിയില്‍ അഹങ്കരിക്കരുത്' (പ്രഭാ. 11:4). 'വസ്ത്രത്തെക്കാള്‍ ശരീരം ശ്രേഷ്ഠമല്ലേ?' (മത്താ. 6:25).