ഒരു കൊഴിയലും ഒരു വിടരലും. കള്ളികള്‍ വരച്ച് കലണ്ടറില്‍ അടയാളപ്പെടുത്തിയ ഒരു നിശ്ചിതകാലത്തിന്റെ അവസാനം. അതേപോലെ കള്ളികളില്‍ ഒതുക്കപ്പെട്ട ഒരു കാലത്തിന്റെ തുടക്കം. മുന്നും പിന്നുമായി എത്രയോ നേരത്തിനിടയ്ക്കുനിന്ന് നാം വേലികെട്ടിയെടുത്തു കുറിച്ചു സൂചിപ്പിക്കുന്ന കുറച്ചുകാലം. നാമൊരുക്കിയ കലണ്ടറിന്റെ അവസാനതാള്‍ മറിയുംവരെയെങ്കിലും ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലാത്ത നമ്മള്‍ ഇന്നുവരെ തുടര്‍ന്നു എന്നേ അര്‍ത്ഥമുള്ളൂ. ഒരു പുതുവര്‍ഷം പിറക്കുകയാണ്. എല്ലാത്തരം നിരാശാഭരിതമായ ചിന്തകളെയും മാറ്റിവച്ച് അവികലമായൊരു ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പദ്ധതികളും ഉദ്‌ഘോഷിക്കേണ്ടതിനു പകരം ഇങ്ങനെയൊരു ചിന്തയാണോ തുടക്കത്തില്‍ അവതരിപ്പിക്കേണ്ടതെന്ന ചിന്തയുണ്ടാവാം. സത്യത്തില്‍നിന്നാണ് തുടങ്ങേണ്ടതെങ്കില്‍ ഇങ്ങനെയേ തുടങ്ങാനാവൂ.
ഇങ്ങനെ തുടങ്ങിയാലും എങ്ങനെ തുടങ്ങിയാലും ആഘോഷങ്ങളുടെ അയാഥാര്‍ഥ്യങ്ങളിലും ആഡംബരങ്ങളുടെ അതിപ്രസരത്തിലും മതിമറന്നുപോവുന്ന ഓരോ മനുഷ്യനും അവന്റെ ചിന്തകളില്‍നിന്നു വിട്ടുപോകാന്‍ പാടില്ലാത്ത യാഥാര്‍ഥ്യമാണിത്. അതുകൊണ്ടുതന്നെ സത്യത്തിന്റെ ഈ തറയില്‍ കാലുറപ്പിച്ചുനിന്നുകൊണ്ടുവേണം പുതിയ സ്വപ്നങ്ങളും പുതിയ പദ്ധതികളും ആലോചിക്കാനും ആസൂത്രണം ചെയ്യാനും നടപ്പില്‍ വരുത്താനും എന്നതുകൊണ്ട് ഓര്‍മിപ്പിച്ചു എന്നുമാത്രം.
കലണ്ടറില്‍ ഒരക്കം മാറുമ്പോഴേക്കും ആ മാറ്റംപോലെ സത്വരപരിവര്‍ത്തനോന്മുഖമല്ല ജീവിതം. ഇന്നലെവരെയുണ്ടായ ജീവിതത്തില്‍നിന്ന്; കലണ്ടറിന്റെ ഒരു താള്‍ തിരിച്ചിടുന്നപോലെ അനായാസം മാറ്റിത്തീര്‍ക്കാവുന്ന ഒന്നല്ല നാളത്തെ തുടര്‍ച്ചകള്‍. ഒരു പുതുവര്‍ഷാരംഭത്തില്‍ പറയാന്‍ കൊള്ളാവുന്ന വര്‍ത്തമാനങ്ങളാണോ ഇതൊക്കെയെന്നു തോന്നാം. ആണ് എന്നാണ് എന്റെ പക്ഷം. കാരണം, അര്‍ത്ഥവത്തായി ജീവിക്കുക എന്നതിന് കയ്‌പേറിയ, നെറ്റിചുളിക്കാവുന്ന യാഥാര്‍ഥ്യത്തെ നേരിടേണ്ടതും അഭിമുഖീകരിക്കേണ്ടതുമുണ്ട്. കേവലമായ; നാളെ എല്ലാം നന്നായിക്കോളും എന്ന അടിസ്ഥാനരഹിതമായ ആശ്വാസങ്ങളിലും വിശ്വാസങ്ങളിലും ഒരു നല്ല നാളെയും പിറന്നിട്ടില്ല, അതിന് അതികഠിനവും കയ്‌പേറിയതുമായ തീരുമാനങ്ങളും ഉപേക്ഷിക്കലും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമാണ്.
പറഞ്ഞുവന്നത് പുതുവര്‍ഷാരംഭത്തില്‍ അര്‍ത്ഥവത്തായ ജീവിതപരിവര്‍ത്തനത്തിന് ആരംഭം കുറിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഗൗരവപൂര്‍ണമായ ഒരു മനസ്സിലാക്കലോടെ വേണം എന്ന് ഓര്‍മിപ്പിക്കാനാണ്. നല്ല കുടിയന്‍ തന്റെ അഭ്യുദയകാംക്ഷികളുടെ - ഭാര്യയായാലും മക്കളായാലും പുരോഹിതരായാലും മാതാപിതാക്കളായാലും - തലയില്‍ കൈവച്ച് നാളെ മുതല്‍ കുടിക്കില്ലെന്നു സത്യം ചെയ്യുകയും നാളേക്കുപോലും ആ സത്യം നടപ്പില്‍ വരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നപോലത്തെ ആഗ്രഹപ്രകടനംകൊണ്ട് ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല. എന്റെ യാഥാര്‍ത്ഥ്യം ഇതാണെന്നും ലോകഗതി ഇന്നതാണെന്നും വസ്തുനിഷ്ഠമായ ഒരു മനസ്സിലാക്കല്‍ ആദ്യംതന്നെ രൂപപ്പെടുത്തുകയും അതിനനുസരിച്ച് നാളെകള്‍ ഡിസൈന്‍ ചെയ്യുകയും വേണം.
സത്യത്തില്‍ ചിട്ടപ്പടി ഒരു പട്ടിക നിര്‍ദേശിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. കാരണം, ഓരോരുത്തര്‍ക്കും വേണ്ടത് ഓരോ തരത്തിലുള്ള ചിട്ടപ്പെടലുകളാണ്. അതിന് ആദ്യം വേണ്ടത് അവനവന്‍ അവനവനെ മനസ്സിലാക്കുക എന്നതാണ്. അല്ലെങ്കില്‍ ഓരോരുത്തരും അടുത്തറിയാവുന്നവരുടെ ആരോഗ്യപരമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക എന്നതാണ്.
ഏതു സാഹചര്യത്തിലും അമൂല്യമായ ചില മൂല്യങ്ങളുണ്ട്. ജീവിതമൂല്യങ്ങള്‍ എന്നു വിവക്ഷിക്കുന്ന എന്തിനെയും നിസ്സാരതയോടെയോ പുച്ഛത്തോടെയോ നോക്കിക്കാണാനാണ് പുതിയ കാലത്തിനു താത്പര്യം ഏറെയും; വിശേഷിച്ച് യൗവനകാലത്തില്‍. എത്രയൊക്കെപ്പറഞ്ഞാലൂം ജീവിതത്തിന്റെ മധ്യാഹ്നത്തിലോ സായാഹ്നത്തിലോ ജീവിതങ്ങളെക്കുറിച്ചു കിട്ടുന്ന അവബോധം യൗവനത്തില്‍ ഉണ്ടാവാന്‍ അത്രകണ്ടു തരമില്ല. അപ്പോള്‍ അത്തരം ഘടകങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവസമ്പത്തിന്റെ സാക്ഷ്യങ്ങളെ വിമര്‍ശനബുദ്ധ്യാ എങ്കിലും സമീപിക്കാനുള്ള ക്ഷമ നമ്മള്‍ കാണിക്കേണ്ടതാണ്.
കാലം ഒരുപാട് മാറി. എല്ലാം രംഗവും പുതുമയും വേഗവും കൈയടക്കി. യാഥാര്‍ത്ഥ്യം എന്നത് തമാശയായി. യാഥാര്‍ഥ്യത്തെ വെല്ലുന്ന അയാഥാര്‍ഥ്യങ്ങളെ സൃഷ്ടിക്കാവുന്ന നിര്‍മിതബുദ്ധിയുടെ കാലമായി. അതുകൊണ്ടുതന്നെയാണ് ഒരു പുതുവത്സരം പിറക്കുന്വോള്‍, ഒന്നാം തീയതി മുതല്‍ നാം ആരംഭിക്കേണ്ട അറിവുനേടലിനെക്കുറിച്ചോ ഭാഷാശാസ്ത്ര-സാമ്പത്തികരംഗത്തു നേടേണ്ട കുതിച്ചുചാട്ടത്തെക്കുറിച്ചോ ഒന്നും പറയേണ്ടതില്ലെന്നു തീരുമാനിക്കുന്നത്.
അതെല്ലാം ഒരു മധ്യവയസ്‌കനോ വൃദ്ധനോ പുരോഹിതനോ പറയാനും ധരിപ്പിക്കാനും കഴിയുന്നതിനുമപ്പുറം പുതിയ തലമുറയ്ക്ക് അറിയാം. അറിയാം എന്നത് കേവലസങ്കല്പമല്ല; അത് അറിയാം എന്നുതന്നെയാണ്.
നമുക്കു പറയാനുള്ളതും പങ്കുവയ്ക്കാനുള്ളതും ജീവിതമൂല്യത്തെക്കുറിച്ചുതന്നെയാണ്. മനുഷ്യചേതനയില്‍നിന്നു രൂപം കൊണ്ട നിര്‍മിതബുദ്ധിക്കു ജീവിതമൂല്യങ്ങളില്ല, മാനുഷികമൂല്യങ്ങള്‍ക്കു വിരുദ്ധമായി അതുപയോഗിക്കാതിരിക്കാന്‍ ഉപദേശിക്കേണ്ടതും ഉപാസിക്കേണ്ടതും ജീവിതമൂല്യങ്ങളെയും ജീവിതദര്‍ശനങ്ങളെയുംകുറിച്ചുമാണ്.
നാളെ വിടരുന്ന പുതുപുലരിയില്‍ നല്ല മനുഷ്യനാവാണ് നമ്മള്‍ പ്രേരിപ്പിക്കപ്പെടേണ്ടതും പ്രതിജ്ഞയെടുക്കേണ്ടതും. ഏതു ശാസ്ത്രശാഖയും വളര്‍ന്നു; വളര്‍ന്നുകൊണ്ടിരിക്കുന്നു. വളര്‍ന്നുവലുതായ വൈദ്യശാസ്ത്രംകൊണ്ട് അവയവങ്ങളെ അപഹരിക്കാതിരിക്കാന്‍ നാം പഠിക്കണം. ആഹാരം ആഘോഷമാക്കുമ്പോള്‍ ആശിക്കാന്‍ ആസ്തിയില്ലാത്തവനെക്കുറിച്ച് ഓര്‍ക്കാന്‍ പഠിക്കണം. നിര്‍മിതബുദ്ധികൊണ്ട് നവലോകം സൃഷ്ടിക്കുമ്പോള്‍ ഈ ഭൂമിയിലുള്ള വേരുകള്‍ അറ്റുപോകാതെ നോക്കണം. അതിന്റെ വഴികളില്‍ ആരും അപമാനിക്കപ്പെടാതിരിക്കാനും ആത്മഹത്യ ചെയ്യാതിരിക്കാനും ശ്രദ്ധ വയ്ക്കണം. പുതിയ ചിറകുവിരിച്ച് പുതിയ ആകാശങ്ങളിലേക്കു പറക്കുമ്പോള്‍ ഈ കൂട്ടിലേക്കു തിരിച്ചുവരാനുള്ള വഴി ഗൂഗിള്‍മാപ്പില്‍ തിരയേണ്ടതല്ലെന്നോര്‍ക്കണം. ലഹരി നല്‍കുന്ന വിഭ്രാത്മകമായ ലോകം നമുക്കു സമ്മാനിക്കുന്നത് ഒറ്റപ്പെട്ട അന്ധകാരജടിലമായ തുരുത്തുകളാണെന്നു നാം തിരിച്ചറിയണം. അങ്ങനെയങ്ങനെ ജീവിതത്തിന്റെ പാഠങ്ങളാണ് ഈ പുതുവര്‍ഷാരംഭത്തില്‍ ഓര്‍മിപ്പിക്കാനുള്ളത്.
വിവേകത്തെക്കുറിച്ചും വീണ്ടുവിചാരത്തെക്കുറിച്ചും പേര്‍ത്തും പേര്‍ത്തും പറയാനല്ലാതെ എന്താണ് ഇത്തരം ദിനങ്ങളിലൊക്കെ ഓര്‍മിപ്പിക്കാനുള്ളത്! വിരല്‍ത്തുമ്പില്‍ വിസ്മയലോകം തുറക്കുന്ന ഇക്കാലത്ത് എന്തറിവുകളാണ് വേറെ പറയേണ്ടതും പകരേണ്ടതും? പുതിയ കാലത്ത് ഇല്ലാതെ പോകുന്നതിനെക്കുറിച്ച് ഓര്‍ക്കാനും നഷ്ടപ്പെട്ടുപോകുന്നതിനെ കരുതിവയ്ക്കാനുമാണ് പ്രതിജ്ഞയെടുക്കേണ്ടത്. പുതുവര്‍ഷത്തോടൊപ്പം ചേര്‍ത്തുപറയുന്നതാണ് ക്രിസ്മസ്. മലയാളമാസമനുസരിച്ച് പുതുവര്‍ഷം ചിങ്ങമാണ്. ക്രിസ്മസിലെ ക്രിസ്തുവും ഓണത്തിലെ മഹാബലിയും അതതു പുതുവര്‍ഷത്തിലേക്കുള്ള പാഠങ്ങളാണ്. രണ്ടും സ്വയംസമ്മാനമായി സമര്‍പ്പിക്കപ്പെട്ട രണ്ടു വ്യക്തിത്വങ്ങള്‍. പുതിയ കാലത്ത് ഉണ്ടാവാതെപോകുന്ന മാതൃകാപരമായ രണ്ടു സ്വഭാവഘടകങ്ങള്‍. ഒന്ന് അനാഥര്‍ക്കും അശരണര്‍ക്കും നിസ്സഹായര്‍ക്കുംവേണ്ടി സമര്‍പ്പിക്കപ്പെട്ട ജന്മം. മറ്റേത് പറഞ്ഞ വാക്കുപാലിക്കാന്‍വേണ്ടി സ്വയം സമര്‍പ്പിച്ച ജന്മം. രണ്ടും ജീവിതത്തിന്റെ രണ്ടുമൂല്യങ്ങള്‍. രണ്ടുപേരും സാമാന്യമായി പൊതുവായി കണ്ടത്; പുലരാന്‍ ആഗ്രഹിച്ചത് തങ്ങള്‍ പേറുന്ന മൂല്യങ്ങളാണ്. അതുകൊണ്ട് അവര്‍ കടന്നുപോയി. അവര്‍ ബാക്കിവച്ച മൂല്യങ്ങള്‍ അതത് പുതുവര്‍ഷത്തിന്റെ ഭാഗമായി ഓര്‍മിപ്പിക്കപ്പെടുന്നു.
ജീവിതത്തിലെ ഏതു തുറയിലുള്ള നേട്ടങ്ങളും അര്‍ത്ഥവത്തായി അനുഭവിക്കണമെങ്കില്‍, അതു മനുഷ്യന്‍ സൃഷ്ടിക്കുന്നതാണെന്നതുകൊണ്ടുതന്നെ, മാനുഷികമൂല്യങ്ങളെ മുന്‍നിര്‍ത്തി ഉപയോഗിക്കപ്പെടുന്നതാവണം. മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും കാമുകീകാമുകന്മാരെയും ഗുരുസ്ഥാനീയരെയും ഒന്നും മനസ്സിലാക്കേണ്ടത് സാങ്കേതികമായല്ല; വൈകാരികമായിക്കൂടിയാവണം. അടുത്ത തലമുറയെ സൃഷ്ടിക്കുന്ന ദൈവികകര്‍മത്തിന്റെ കാര്യകര്‍ത്താക്കള്‍ മാത്രമല്ല, മനുഷ്യനു മാതാപിതാക്കള്‍. അങ്ങനെ ഓരോ ബന്ധങ്ങളും.
കഴിയുമെങ്കില്‍, പുതുവര്‍ഷത്തില്‍ നാം എടുക്കേണ്ട പ്രതിജ്ഞ മേല്പറഞ്ഞതിന്റെ ആകെത്തുകയാവണം. അങ്ങനെയായാല്‍ നേരായ ചിന്തയുണ്ടാവും. സ്വസ്ഥതയുണ്ടാവും. ശാന്തമായ മനസ്സും തെളിഞ്ഞ ബുദ്ധിയുമുണ്ടാവും. ആ തെളിമയിലേക്ക് നമ്മുടെ അറിവിന്റെയും കര്‍മത്തിന്റെയും ഇഷ്ടപ്പെട്ട മണ്ഡലങ്ങളിലേക്കു നമുക്കു പ്രേവശിക്കാം. അപ്പോള്‍ നമുക്കും നമ്മുടെ ആശയങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ശക്തിയും ചൈതന്യവുമുണ്ടാവും. വ്യക്തിക്കുമാത്രമല്ല, സമഷ്ടിക്കും അത് അദൃശ്യമായ ശക്തിയും കാന്തിയും സമ്മാനിക്കും.
രാജീവ് എസ്. അങ്ങാടിക്കല്‍
