സംസ്ഥാനത്തു ത്രിതലപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയാക്കി പുതിയ സാരഥികള്‍ പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഒരുങ്ങുകയാണല്ലോ. ഇത്തരുണത്തില്‍ വിസ്മരിക്കരുതാത്ത ഒരു കാര്യം, സ്വന്തം കക്ഷിയുടെയും മുന്നണിയുടെയും മഹിമ പറഞ്ഞ് വോട്ടു തേടിയ പല 'മഹാന്മാരും' ജനത്തെ വിഡ്ഢികളാക്കിക്കൊണ്ട് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കളംമാറിച്ചവിട്ടുന്ന ലജ്ജാകരമായ നാടകീയസംഭവങ്ങള്‍ക്കാണ് ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും സാക്ഷരകേരളം സാക്ഷ്യംവഹിച്ചത് എന്നതാണ്. പാര്‍ട്ടിടിക്കറ്റില്‍ ജയിച്ച മുഴുവന്‍ അംഗങ്ങളും കൂറുമാറി വോട്ടു ചെയ്തതുമുതല്‍ ഉറപ്പിച്ച ഭരണം അബദ്ധവോട്ടില്‍ നഷ്ടപ്പെട്ടതുവരെയുള്ള സംഭവബഹുലമായ നാടകങ്ങള്‍!
തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്ടിക്കറ്റില്‍ വിജയിച്ച 8 അംഗങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവച്ച്, ബിജെപിയിലെ 4 അംഗങ്ങളോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റായി തിരഞ്ഞെടുത്തതാണ് പ്രധാന നാടകം. 24 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 8, സിപിഎമ്മിന് 10, ബിജെപിക്ക് 4 എന്നിങ്ങനെ കക്ഷിനില നിലനില്‌ക്കെ, ജയിച്ച രണ്ടു കോണ്‍ഗ്രസ് വിമതരില്‍ ഒരാളെ അടര്‍ത്തിമാറ്റുകയായിരുന്നു. കോണ്‍ഗ്രസ് വിമതരായി ജയിച്ചവരിലൊരാളെ പ്രസിഡന്റാക്കി ഭരണം പിടിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നതിനിടെയാണു മറ്റേ വിമതയെ പ്രസിഡന്റാക്കി കോണ്‍ഗ്രസംഗങ്ങള്‍ ബദല്‍നീക്കം നടത്തിയത്. പത്തുപേരെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്തില്‍നിന്നു പുറത്താക്കിയെന്നും കൂറുമാറ്റത്തിനു നിയമനടപടിയെടുക്കുമെന്നും ഡിസിസി വ്യക്തമാക്കി.
പാലക്കാട് അഗളി പഞ്ചായത്തിലും ആലപ്പുഴ പുളിങ്കുന്നിലും കോണ്‍ഗ്രസംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായപ്പോള്‍, യുഡിഎഫ് സ്വതന്ത്രന്‍ എല്‍ഡിഎഫ് പിന്തുണയില്‍ പാലാ കരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായതാണ് മറ്റൊരു നാടകം. യുഡിഎഫിലെ കേരളാകോണ്‍ഗ്രസംഗത്തിന്റെ പിന്തുണയോടെ കോട്ടയം മൂന്നിലവ് പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചതും, ഇരുമുന്നണികള്‍ക്കും 7 സീറ്റു വീതമുള്ള വടക്കാഞ്ചേരി ബ്ലോക്കുപഞ്ചായത്തില്‍ ലീഗ്‌സ്വതന്ത്രനായി വിജയിച്ച സ്ഥാനാര്‍ഥിയുടെ വോട്ടില്‍ ഭരണം എല്‍ഡിഎഫിനു ലഭിച്ചതും മോശമല്ലാത്ത 'കോമഡി'കളാണ്. എന്‍ഡിഎ യെ പുറത്തുനിര്‍ത്താന്‍ പത്തനംതിട്ടജില്ലയിലെ അയിരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റുസ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രന് വോട്ടു നല്‍കിയതാണ് മറ്റൊരു 'ചരിത്ര'നാടകം. തിരുവനന്തപുരത്ത് കല്ലിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും പിന്തുണച്ചതോടെ സ്വതന്ത്രന്‍ പ്രസിഡന്റായി. ഇതെല്ലാമാലോചിക്കുമ്പോള്‍ എന്തുകക്ഷി? എന്തു മുന്നണി? എന്ന് ആരും ചോദിച്ചുപോകും.
ഏതായാലും, തദ്ദേശസ്ഥാപനങ്ങളില്‍ വിപ്പു ലംഘിച്ചവര്‍ക്കും കൂറുമാറിയവര്‍ക്കുമെതിരേ ശക്തമായ നടപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നതു ശുഭോദര്‍ക്കമായ കാര്യമാണ്. സിപിഎം, ബിജെപി, എസ്ഡിപിഐ എന്നീ കക്ഷികളുമായി ഒരുതരത്തിലും സഖ്യം പാടില്ലെന്ന പ്രഖ്യാപിതനിലപാടിനെതിരായി അട്ടിമറി നടത്തിയത് കടുത്ത സംഘടനാവിരുദ്ധപ്രവര്‍ത്തനമായി വിലയിരുത്തിയാണു നടപടി. അതിനുമുമ്പേ തിരുവനന്തപുരം നാവായിക്കുളത്തും പാലക്കാട് അഗളിയിലും തൃശൂര്‍ വടക്കാഞ്ചേരിയിലും കൂറുമാറ്റം വഴി പദവി നേടിയവര്‍, തൊട്ടുപിന്നാലേ രാജിവച്ചുകഴിഞ്ഞു.
ഈ മലക്കംമറിച്ചിലുകള്‍ക്കെല്ലാമിടയിലും മുന്നണികള്‍ സ്വീകരിച്ച ഒരു നല്ല മാതൃക, സ്ത്രീകളെയും പട്ടികവിഭാഗങ്ങളെയും അവര്‍ക്കു സംവരണം ചെയ്തിരിക്കുന്ന സ്ഥാനങ്ങള്‍ക്കപ്പുറം പൊതുവിഭാഗത്തിലും നിയോഗിച്ചതാണ്. ജനറല്‍ വനിതാവിഭാഗത്തിനു സംവരണം ചെയ്ത മലപ്പുറം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുസ്ഥാനം മുസ്ലിംലീഗ് നല്കിയത് എസ്‌സി വനിതാസംവരണവാര്‍ഡില്‍ ജയിച്ച എ.പി. സ്മിജിക്കാണ്. വിവിധ ജില്ലകളില്‍ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തു തലങ്ങളിലും മുന്നണിഭേദമില്ലാതെ സമാനമാതൃകകളുണ്ട്.
എങ്കിലും, ഈ ഉദാരതാനയം അധ്യക്ഷതിരഞ്ഞെടുപ്പില്‍ ഒതുക്കാതെ ഭരണരംഗത്തുകൂടി പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഓരോ മെമ്പറും കക്ഷികളും മുന്നണികളും തങ്ങളുടെ അന്തസ്സുയര്‍ത്തുന്നത്. തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും തങ്ങളുടെ 'അഭ്യര്‍ഥന'യില്‍ പറയുന്നത്, 'ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ജാതിമതകക്ഷിരാഷ്ട്രീയഭേദമെന്യേ നിങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഒപ്പമുണ്ടായിരിക്കും' എന്നാണല്ലോ. പക്ഷേ, പലപ്പോഴും കാണുന്നത്, തങ്ങളുടെ പാര്‍ശ്വവര്‍ത്തികള്‍ക്കും വാലാട്ടികള്‍ക്കും ഇറാന്‍മൂളികള്‍ക്കും ഒത്താശ പകരുന്ന 'മെമ്പര്‍മാരെ'യാണ്. ആ സ്ഥിതിക്കു മാറ്റമുണ്ടാകാത്തിടത്തോളം കാലം പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ പതിവുപോലെ മെമ്പര്‍മാരുടെ വീട്ടുമുറ്റത്തെയും അടുക്കളയിലെയും 'പഞ്ചായത്തി'ലൊതുങ്ങും. അതുണ്ടാകാതിരിക്കട്ടെ. പ്രിയപ്പെട്ട മെമ്പര്‍മാരോടു പറയാനുള്ളത് ഇതു മാത്രമാണ്: നിങ്ങള്‍ കക്ഷിമാറിയാലും മുന്നണി മാറിയാലും വോട്ടു ചെയ്ത ജനങ്ങള്‍ക്കു നല്കിയ വാക്കു മാറരുത്.
ചീഫ് എഡിറ്റര്‍
