ലഹരിവസ്തുക്കളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും ആത്മീയവുമായ ആരോഗ്യത്തിനു ലഹരി ദോഷംതന്നെയാണ്. മദ്യം, മയക്കുമരുന്ന്, പുകയില മുതലായ ലഹരിയുത്പന്നങ്ങള്‍ മനുഷ്യന്റെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും അധമമായ ഒരു തലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകും. ലഹരിക്കടിമയായ ഒരംഗം മതി കുടുംബത്തില്‍ കദനവും കണ്ണീരുമുണ്ടാക്കാന്‍. ഒന്നിച്ചിരുന്നു കുടിക്കുന്ന കുടുംബാംഗങ്ങളും മദ്യവില്പനശാലയിലേക്കു കെട്ടിയോളെയും കുട്ടികളെയുംവരെ കൂട്ടിനുകൊണ്ടുപോകുന്നവരുമൊക്കെ ജീവിതത്തില്‍ അധഃപതനത്തിന്റെ അഞ്ചാമത്തെ ദിക്കിലേക്കുള്ള യാത്രയിലാണെന്നു തിരിച്ചറിഞ്ഞാല്‍ നന്ന്.
ലഹരി കുടുംബത്തിന്റെ അസ്തിവാരം തോണ്ടുമെന്നതില്‍ തര്‍ക്കംവേണ്ടാ. ലഹരി ഒരിക്കലും ഒരു ഹരമാകരുത്. ലഹരി ലഹളയുണ്ടാക്കും. ഒന്നും നേടാനല്ല; മറിച്ച്, പലതും നഷ്ടപ്പെടാനേ ലഹരിക്കൂട്ടുകെട്ട് ഇടയാക്കൂ. ക്രൈസ്തവകുടുംബം 'കുപ്പിക്കൂട്ടായ്മ'യുടെ കൂടാരമാകരുത്. മദ്യപിക്കുന്ന മാതാപിതാക്കളും മക്കളും കുടുംബത്തിന്റെ മൗനനൊമ്പരങ്ങളാണ്. ഒരുക്കപ്പെടുന്ന വിരുന്നുകളില്‍ ലഹരി ഒരിക്കലും ഒരു വിഭവമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കുഞ്ഞിന്റെ ജന്മദിനവും ഒരാളുടെ മരണദിനവും ഒരേപോലെ മദ്യദിനമാക്കി മാറ്റുന്നത് എത്രയോ മ്ലേച്ഛകരമാണ്.
മദ്യം ഉപേക്ഷിക്കാം. മന്ദതയും മയക്കവുമല്ല; പിന്നെയോ, ഉണര്‍വും ഉന്മേഷവുമാണ് ക്രൈസ്തകുടുംബങ്ങള്‍ക്ക് അത്യാവശ്യം. അതിന് സാക്ഷാല്‍ 'ദൈവാത്മാവാകുന്ന ലഹരി' കുടുംബമാകുന്ന കുടത്തില്‍ നിത്യം നുരഞ്ഞുപൊന്തണം. 'കുപ്പി കുഴിയാണ്' എന്ന് മിഴിയടച്ച് ഉരുവിടാന്‍ കഴിയുന്നവര്‍ക്ക് ഇതില്‍ വീഴാതിരിക്കാനും കഴിയും. 'ആൗ്യ ലഹരി'യില്‍നിന്നു 'ആ്യല ലഹരി' യിലേക്കുള്ള ദൂരം കുടുംബത്തിന്റെ രക്ഷയിലേക്കുള്ള ദൂരമാണ്. ലഹരിസേവ 'ആരോഗ്യത്തിനു ഹാനികരം' എന്ന മുന്നറിയിപ്പ് ലഹരിപദാര്‍ഥങ്ങളുടെമേല്‍തന്നെ എഴുതി ഒട്ടിച്ചിട്ടുണ്ടല്ലോ.