മാലിന്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങള്‍ കുടുംബങ്ങളിലുണ്ടാവണം. വീട്ടിലും പരിസരങ്ങളിലുമൊക്കെ നാനാവിധത്തിലുള്ള മാലിന്യങ്ങളുണ്ടാവുക സാധാരണമാണ്. പാഴ്‌വസ്തുക്കളും ഉച്ഛിഷ്ടങ്ങളും മറ്റും അവിടെയുമിവിടെയും വലിച്ചെറിയാതിരിക്കാന്‍ എല്ലാവരുമൊന്നുപോലെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. വീട്ടുവളര്‍പ്പില്‍ത്തന്നെ മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയോ അതിനു സൗകര്യമില്ലാത്തവര്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഇതരമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുകയോ വേണം. വീട്ടിലെ മാലിന്യങ്ങള്‍ അടുത്ത പറമ്പിലോ തോട്ടിലോ നദിയിലോ നടപ്പാതയിലോ ഒക്കെ നിക്ഷേപിക്കുക എന്ന തികച്ചും സംസ്‌കാരരഹിതമായ ശൈലി നാം ഉപേക്ഷിച്ചേ തീരൂ.
മാലിന്യങ്ങള്‍ പല രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നതുകൊണ്ടുതന്നെ അവയെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കടമ വളരെ വലുതാണ്. ഓര്‍ക്കണം, തെരുവുനായ്ക്കളുടെ എണ്ണവും അവയുടെ ആക്രമണങ്ങളും പ്രതിദിനം വര്‍ധിക്കുന്നതിന്റെ മൂലകാരണം പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മനുഷ്യര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ്. തെരുവ് വെടിപ്പുള്ളതാണെങ്കില്‍ തെരുവുനായ്ക്കളും അവയുടെ ശല്യങ്ങളും കുറയും. നാടും നഗരവും ആറും ആഴിയും പുഴയും വഴിയും വായുവും വെള്ളവും ഇന്ന് ഒരുപോലെ മലിനമാണ്. മനുഷ്യന്റെ 'വലിച്ചെറിയല്‍വ്യാധി' മണ്ണിനെ മാലിന്യമിശ്രിതമാക്കുന്നു. മൂക്കുപൊത്താതെ നടക്കാന്‍ പറ്റുന്ന ഇടങ്ങള്‍ ഇന്നു വിരളം.
ഓര്‍ക്കാം, മണ്ണിനെയും മാനത്തെയും മലിനമാക്കുന്ന വസ്തുക്കളുടെ ഉപയോഗം ക്രമേണ കുറയ്ക്കാനുള്ള ആദ്യചുവടുകള്‍ വീട്ടുമുറ്റത്തുനിന്ന് ആരംഭിക്കാം. വീടിന്റെ അകവും പുറവും ചുറ്റുപാടും കൂടുതല്‍ വെടിപ്പുള്ളതായി സൂക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ പരസ്പരം മത്സരിക്കണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടിലെ ശുചീകരണകര്‍മങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത് ഉത്തമമാണ്. ഒപ്പം, മനസ്സിനെയും ആത്മാവിനെയും കളങ്കപ്പെടുത്തുന്ന പാപമാലിന്യങ്ങളില്‍നിന്നു വിമുക്തരാകാം. നമ്മുടെ വീട്ടിലെ പാഴ്‌വസ്തുക്കള്‍ക്ക് നാംമാത്രമാണ് ഉത്തരവാദികള്‍. നാട് മലിനമായി നാറുന്നതിനു നമ്മുടെ വീട് കാരണമാകരുത് എന്നു നാം നിര്‍ബന്ധം പിടിച്ചാല്‍മാത്രമേ ശുചിത്വസുന്ദരമായ ലോകം പടുത്തുയര്‍ത്താന്‍ പറ്റൂ. മാലിന്യമുക്തഭവനമാണ് മാലിന്യമുക്തഭുവനം.